Monday, 8 May 2017
Sunday, 7 May 2017
ഒരു കത്ത്- ശരീഫ മണ്ണിശ്ശേരി
ശരീഫ മണ്ണിശ്ശേരി
അദ്ധ്യാപിക
മലപ്പുറം മൊറയൂർ സ്വദേശി
ഒരു
കത്ത്
മോനെ,
ഇവിടുത്തെ നഴ്‌സിന്റെ സഹായത്തോടെയാണ് ഞാനീ കത്തെഴുതുന്നത്.കൈ വിറച്ചിട്ട് എനിക്കൊരു വരി എഴുതാൻ പറ്റണില്ല.അവൾ പറയുന്നു ഇപ്പൊ ആരും ഇങ്ങനത്തെ കത്ത് അയക്കില്ലെന്ന്.കമ്പ്യൂട്ടറിൽ ആണ് പോലും ഇപ്പൊ എല്ലാം.പണ്ട് അച്ഛന്റെ എഴുത്തിനും നീ മറുപടി അയച്ചിരുന്നില്ല.ഈ കത്ത് നിനക്ക് കിട്ടുമോ എന്തോ.
മോനെ, അഞ്ചു കൊല്ലം മുമ്പ് ഇവിടെ വരുമ്പോൾ തള്ള വിരൽ മാത്രമാണ് വിറച്ചിരുന്നത്. ഇപ്പൊ എഴുന്നേറ്റ് നിക്കാൻ പോലും വയ്യ.നിനക്കിതൊക്കെ കേൾക്കുമ്പോ ദേഷ്യം വരൂന്നറിയാം.പണ്ട് വിരല് വിറക്കണ കാര്യം ഒരു പത്ത് തവണ പറഞ്ഞിട്ടാണല്ലോ പ്രാകിക്കൊണ്ട് നീയും കെട്ട്യോളും എന്നെ ആശൂത്രീല് കൊണ്ടോയത്.അന്നാ ഡോക്ടർ എന്താ നിന്നോട് പറഞ്ഞേ?ഈ അസുഖം മാറില്ലാന്നോ?അതോണ്ടാണോ മോനെ നീയെന്നെ ഇവിടെയാക്കിയത്?ചെറുപ്പത്തിൽ എത്ര തവണയാ നിനക്ക് അബസ്മാരം വന്നിരുന്നത്.കോച്ചി വിറച്ചു നീ വീഴുമ്പോഴൊക്കെ എത്ര തീയാ ഞാനും നിന്റച്ഛനും തിന്നിരുന്നത്.പന്ത്രണ്ടു വയസ്സ് വരെ ഇല്ലാത്ത കാശുണ്ടാക്കി ചികിത്സിച്ചിട്ടാ ആ രോഗഭൂതം നിന്നെ വിട്ടു പോയത്.ഇന്ന് നിന്നെ കാണുന്ന ആരേലും പറയോ പണ്ട് നീ ഇടയ്ക്കിടെ വാടി വീഴുന്ന ഒരു വെറും തയ്യായിരുന്നു എന്ന്?എത്രയായിരുന്നു നിന്റെ മീതെയുള്ള വെയിലുകൾ, കൊടുങ്കാറ്റുകൾ, പേമാരികൾ.. മോനെ, ഓർക്കുമ്പോൾ തന്നെ ഇന്റെ കണ്ണ് നിറയാ..വല്യ വാശീം ദേഷ്യവും ഒക്കെ ആയിരുന്നു നെനക്ക്. എത്ര വട്ടം തല്ലാൻ ഒരുങ്ങിയതാ ഞാൻ.ഒരൂസം കലി കേറി നീയെന്നെ നിലത്തേക്ക് തള്ളിയിടേം ചെയ്തു.എല്ല് പൊട്ടി മൂന്നു മാസാ അന്ന് കിടന്നത്.അപ്പഴൊക്കെ മൂപ്പര് പറയും_സാരല്ല ജാനൂ,ഓനൊരു സൂക്കേടുകാർനല്ലേ, നമ്മക്ക് വേറെ ഒന്നില്ലാലോ.."ഇപ്പൊ തോന്നാ അന്നേ കുറച്ചൊക്കെ തല്ലണായിരുന്നു, ഇന്നീ വിറയ്ക്കുന്ന കൈകൾക്ക് കഴിയാത്തത് അന്നേ ചെയ്യണായിരുന്നു..
ഈ സുമതിക്കുട്ടിയാ ഇന്റെ കൂട്ട്. അവളാ കൈ പിടിച്ച് ഇന്നെ നടത്തിക്കണത്. പണ്ടു നിയ് ഇന്റെ കൈ പിടിച്ച് നടത്തം പഠിച്ച പോലെ..മോനെ, ഞ്ഞി അധിക കാലൊന്നും ഇല്ലാന്നൊരു തോന്നൽ..ഞാൻ മരിച്ചാലും നിയ് വരില്ലാന്നും അറിയാം.നിന്റൊരു ഫോട്ടോ പെട്ടീല്ള്ളത് ഞാൻ ഇടക്കങ്ങനെ നോക്കും.പക്ഷെ കൊറച്ചൂസായി ആ ഫോട്ടോ കാണുമ്പോ നിക്കൊരു പരിചയക്കേട്..വേറെ ആരെയോ നോക്കുമ്പോലെ.. ആ തോന്നല് കൂടിക്കൂടി ഇന്റെ മോനെ ഞാൻ മറന്നു പോവല്ലോന്നു ഓർത്തപ്പോ നിന്നെ പുറത്തെടുക്കാൻ വേണ്ടി ഇന്റെ വയറിലുണ്ടായ മുറിപ്പാട് കൊളുത്തി വലിക്കാ.. സ്വന്തായിരുന്നതൊക്കെ അല്ലാന്നു തോന്നണത് മരണം അടുത്തതോണ്ടാവും..
ഭാവിയിൽ നിന്റെ മകൻ നിന്നെ ഇവിടെത്തന്നെയാണ് അയക്കുന്നതെങ്കിൽ ഈ റൂമിൽ തന്നെ താമസിക്കണേ.. ഉറപ്പായും അപ്പോൾ എന്റെ ശബ്ദം നീ കേൾക്കും..വിറച്ചു വിറച്ചു നടക്കുന്ന എന്റെ കോമാളിരൂപം നിന്റെ കൺ വെട്ടത്ത് തന്നെ കാണും..നിന്റെ അച്ഛൻ ചുമരിൽ ഇരുന്ന് നിന്നോട് ചിരിക്കും.പണ്ടത്തെ നമ്മുടെ ചെറിയ വീടും നിന്റെ കുട്ടിക്കാലവും നിനക്കോർമ വരും.ഇടി വെട്ടി മിന്നൽ തീയെറിഞ്ഞു പേമാരി പെയ്യുമ്പോഴൊക്കെ ഞങ്ങളെ കെട്ടിപ്പിടിച്ചു നീ നിലവിളിച്ചിരുന്ന ചിത്രം നിന്റെ മനസ്സ് വലിച്ചു പുറത്തിടും. മോനെ, ഇതൊരു വെറും മുറിയല്ല അനേകം അമ്മമാരുടെ ഓർമകളുടെ കല്ലറകളാണ്.ഓർമകൾ പ്രേതരൂപികളായി ഇവിടെ ചുറ്റിത്തിരിയുന്നു..
ആയുസ്സുണ്ടെങ്കിലും ഇനി എഴുതലുണ്ടാവില്ല.. കാരണം ഇന്നലെ സുമതി കുറെ പറഞ്ഞിട്ടാ നിന്റെ ഫോട്ടോ എനിക്ക് മനസ്സിലായത്.അത് കളർ അടർന്ന് ചൊറി പിടിച്ച പോലുണ്ട്.ഒട്ടും ഖേദമില്ല ഒന്നിലും,
നിർത്തട്ടെ,
അമ്മ.
ശരീഫ
മണ്ണിശ്ശേരി
എയര്‍ബ്രഷ് ആര്‍ട്ട്-ആര്‍ട്ടിസ്റ്റ് അജയന്‍ മുദ്ര

ആര്‍ട്ടിസ്റ്റ് അജയന്‍ മുദ്ര
പോര്‍ട്രൈറ്റ് &എയര്‍ബ്രഷ് ആര്‍ട്ടിസ്റ്റ്
+918943089196
1988 മുതല്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായി ജോലിചെയ്തുവരുന്നു.
13 വര്‍ഷം മുദ്ര ദി ആര്‍ട്ട് പീപ്പ്ള്‍ എന്ന സ്വന്തം സ്ഥാപനം തൃശ്ശൂരിലെ കോടാലിയില്‍ നടത്തിയിരുന്നു
ഇപ്പോള്‍ 13 വര്‍ഷമായി കുവൈത്തിലും,മസ്കത്തിലുമായി ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ ഇന്‍റീരിയല്‍ ഡിസൈനിംങ്ങും,എയര്‍ബ്രഷ് ആര്‍ട്ടിസ്റ്റുമായുംജോലി ചെയ്യുന്നു.
ഓയിൽ പെയിന്റിങ്ങുകൾ
എയര്‍ബ്രഷ് പെയിന്റിങ്ങുകൾ
തൂതപ്പൂരം-ജബ്ബാർ പെരിന്തൽമണ്ണ
ജബ്ബാർ പെരിന്തൽമണ്ണ
തൂതപ്പൂരം
ചില മണങ്ങളിലൂടെയാണ് ചെറുപ്പത്തിന്റെ ഓർമ്മക്കാലത്തേക്ക് തിരിച്ച് നടക്കാനാവുക..
വേനലവധിയിലെ പുഴപ്പകലുകളും ഒരുപാട് മണങ്ങൾ സമ്മാനിച്ചിരുന്നു...
പുഴയിലേക്ക് നീണ്ട് കിടക്കുന്ന ഇടവഴികളിലെ തണൽമര മണങ്ങൾ...
ഇളകാതൊഴുകുന്ന പുഴയെ നോക്കി നനയാൻ കൊതിച്ച് ഉണങ്ങിക്കിടക്കുന്ന പാറമണം...
വൈവിധ്യങ്ങളോടെ പുഴ മാറിലേക്കെടുത്ത് ചാടി..
കെട്ടിപ്പുണർന്നെഴുന്നേറ്റ്..
ഊർന്നൊലിക്കുന്ന വെള്ളത്തുള്ളികളാൽ കരിമ്പാറയെ നനയിപ്പിക്കുമ്പോഴുള്ള പാറയുടെ ചിരി മണം...
വേനലേലാൽക്കാതെ പുഴപ്പുതപ്പിലൊളിപ്പിച്ച് കുതിർന്ന ഉടൽ മണം...
ആഴത്തിലേക്ക് നീന്തി കൈകാൽ കുഴഞ്ഞ് വെള്ളം കുടിച്ചവനെ രക്ഷപ്പെടുത്തി പുൽപ്പടർപ്പിലേക്കെടുത്ത് കടത്തുമ്പോഴുള്ള പുൽമണം...
അക്കരേക്ക് നീന്തി ചുടു മണൽപ്പുറത്ത് തലകുത്തി നിന്ന്.,
മുടിയിലൊളിപ്പിച്ച പുഴത്തുള്ളിയാൽ മണല് കുതിർക്കുമ്പോൾ മൂക്കിലേക്കടിച്ച് കയറുന്ന മണൽ മണം...
വിരുന്ന് പോകാനൊരു ഇടമില്ലാത്ത സങ്കടം ഞാനീ പുഴമണത്തിലായിരുന്നു തീർത്തിരുന്നത്..
ഉറക്കം കളയുന്ന രാപ്പേടികളെക്കുറിച്ചുള്ള ഓർമ്മകളെപ്പോലും മറന്ന് പുഴയോടൊപ്പമങ്ങനെയൊഴുകി...
അത്ര ചെറുപ്പത്തിലും ഞാനൊറ്റക്ക് പുറത്തേക്ക് കളി നിറച്ച് ചിരി പടർത്തി...
തൂതപ്പുഴ വറ്റാറില്ലായിരുന്നു അന്ന് !
മണൽ പോലും വറ്റിയ പുഴകളിൽ നിന്ന് ഇനി ഞാനെങ്ങനെ എന്റെ മണങ്ങൾ കോർത്തെടുക്കും!?
ഇനി ആ മണക്കാറ്റ് തേടി തൂതപ്പൂരം വരെ ഒന്ന് പോണം...
കാളവേലയുടെ പൂരം കൂടിയായിരുന്നു ഞങ്ങൾക്കത്..
എന്റെ കളിക്കൂട്ട്, കുട്ടന്റെ അച്ഛന്റെ കാളകളുടെ വൈക്കോൽനാര് മുതൽ എനിക്ക് കാണാപ്പാടമായിരുന്നു...
കാളയുടെ കഴുത്തിൽ തൂങ്ങുന്ന ചെറു കണ്ണാടിമാലയിൽ എന്നേയും എന്റെ പിന്നിലുള്ളവരേയും കണ്ട് രസിക്കും....
വല്യേട്ടൻമാരുടെ കള്ളിന്റെ മണവും പെൺവേഷം കെട്ടി നടക്കുന്ന ഏട്ടന്റെ, പുറത്ത് പറയാത്ത എന്തോ വിഷമത്തിന്റെ കണ്ണീരും ഒക്കെ ഒന്ന് കൂടി അറിയണം...
ബാല്യകാലത്തിലേക്കൊന്ന് കൂടി മണം പിടിക്കണം...
ജബ്ബാർ പെരിന്തൽമണ്ണ
Saturday, 6 May 2017
ഭാര്യ -മിഥുൻ വൈശാഖം
മിഥുൻ വൈശാഖം
ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി
ഭാര്യ
കാലത്തെ ഇണീറ്റു മുറിയിലും ഉമ്മറത്തും പരതി നോക്കിയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്...
"അവൾ ഈ വീട്ടിൽ ഇല്ലന്നു"..
അവളെന്നു വെച്ചാൽ എന്റെ ഭാര്യ... ന്റെ പൊണ്ടാട്ടിയെന്നു... വീടിനു ചുറ്റുപാടും ഒന്ന് നോക്കി... ഇനി മുറ്റമടിക്കുകയായിരിക്കും എന്ന് കരുതി... കാലത്തു ഇണീറ്റ് മുറ്റമടികൂന്നശീലം അവൾക്കുണ്ടേ...
ഇല്ല.. ഉറപ്പാണ് ...അവൾ ഈ വീട്ടൽ ഇല്ലന്ന് ഏറെ കുറെ ഉറപ്പായിരുന്നു...
അമ്മയോടൊന്നു ചോദിക്കാം എന്ന് കരുതി... പിന്നൊന്നു മടിച്ചു.. ജീവിതത്തിൽ ഇതുവരെ അടുക്കള കാണാത്ത ഞാൻ ഇപ്പൊ അങ്ങോട്ട് കേറി ചെന്നാൽ അമ്മ എന്ത് കരുതും.... രണ്ടും കല്പിച്ച ഞാൻ അങ്ങോട്ട് പോയി.. കാലെടുത്തു കുത്തുന്നതിനു മുൻബ് ഒരു അറ്റത്തു തേങ്ങ തിരുമിക്കൊണ്ട അമ്മ പറഞ്ഞു...
"പാറു അമ്പലം വരെ പോയി.... മോനെ വെറുതെ ഇവിടെ കിടന്നു തിരയണ്ടാ, നീ വേണമെങ്കിൽ ആ ചായ എടുത്തു കുടി"
അയ്യേ ചമ്മി.. ശരിക്കും ചമ്മി..
അമ്മയൊക്കെ ആളങ്ങു മാറി പോയിരിക്കുന്നു... അമ്മ നിർത്തിയില്ല..
"അതെങ്ങനെ അങ്ങനൊരു ശീലം നിനക്കില്ലലോ..ബാക്കി കേൾക്കാൻ നിൽക്കാതെ ഞാൻ പതിയെ ഇങ്ങു വലിഞ്ഞു....ജോലിക്ക് പോവണം.. അതുകൊണ്ട് പത്രം ഒന്നും വായിക്കാൻ അധിക സമയം കീട്ടാറില്ല... എങ്കിലും പത്രമൊക്കെ ഒന്ന് ഓടിച്ചിട്ട് വായിച്ചിട്ട് കുളിക്കാനായി പോയി...കുളി കാഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും പാറു വന്നു...
"സജിയേട്ടാ" ഒരു വിളി...
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സാക്ഷാൽ ലക്ഷമി ദേവി... ആഹാ.. സത്യത്തിൽ കല്യാണം കഴിഞ്ഞിട്ട് അവളെ ഏറ്റവും സുന്ദരി ആയതു ചിലപ്പോ ഇന്നായിരിക്കും.. സെറ്റുസാരിയൊക്കെ ഉടുത്തു കേരളം തനിമൊയോടെ മുന്നിൽ വന്നു നിക്കുവല്ലേ....
എന്താന്ന് അറിയില്ല.. ഈ സെറ്റുസാരി ഉടുക്കുന്ന പെണ്ണുങ്ങൾക്കൊക്കെ വല്ലാത്തൊരു ചേലാണ് അല്ലെ... അല്ലല്ലോ.. ഞാനും വായി നോക്കാറുണ്ടല്ലോ... എന്തായാലും പാറു പതിവിലും സുന്ദരിയായിരുന്നു.. കൗശലകാരിയാണ് പാറു.. ചിലപ്പോൾ ചെറിയ കാര്യത്തിന് പിണങ്ങും... അധികം താമസിയാതെ ഇണങ്ങും... അനാവശ്യമായ വാശികളൊന്നുമില്ല... ആഡംബരവും ഇല്ല... ഉള്ളതുകൊണ്ട് ഓണം പോലെ അങ്ങ് പൊയ്കൊള്ളൂം...എന്നാലോ പഠിപ്പും ഉണ്ട്.. വിവരോം ഉണ്ട്... ജോലിക്കു ശ്രമിക്കുന്നുമുണ്ട്.. എഴുഅഴകാണു മുഖത്തിന്.. ബാക്കി തൊണ്ണൂറ്റിമൂന്നു അഴകും മനസ്സിനാണു..
"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുവോ സജിയെട്ടാ"
പെട്ടന്നായിരുന്നു ചോദ്യം... ചങ്കിൽ ആദ്യത്തെ മരണമണി മുഴങ്ങി..
"പെട്ടുപോയല്ലോ ഭഗവാനെ
ഇന്നത്തേക്കുള്ളതായ്‌ലോ"
" അറിയില്ലെന്ന് എനിക്ക് അറിയാം... വെറുതെ ചോദിച്ചതാ.. ഇനി അത് പറഞ്ഞു അടികൂടണ്ട,
ഈ ഒഴിയാബാധ വന്നു കൂടെ കേറിയിട് ഇന്ന് 3 വർഷം തികയുന്നു കേട്ടോ... സജിയെട്ടാ"
ചെറിയൊരു അമ്പരപ്പോടെ.. കുറച്ചു കുറ്റബോധത്തോടെ ഞാൻ ചോദിച്ചു..
"ഓഹ് ഇന്നാണല്ലേ ആ ദിവസം"
"അതിനാണോ അമ്പലത്തിലൊക്കെ പോയത്... പിന്നെ എന്നെ എന്തെ വിളിച്ചില്ല"
"എങ്കിൽ പിന്നെ നട അടച്ചാലും പോവേണ്ടി വരില്ലാരുന്നലോ" അതാണ് പാറു.. പരിഭവങ്ങൾ മറച്ചു വെച്ച് കൊണ്ട് കളിയാക്കും..
"മൂന്ന് അല്ലല്ലോ പാറു.. ആറ് വര്ഷം ആയില്ലേ ഈ ഒഴിയാബാധ എന്റെ കൂടെ കൂടിട്ടു"
"ആറോ സജിയെട്ടാ, അതെങ്ങനെ."
പാറു അമ്പരപ്പോടെ ചോദിച്ചു...
" അതെ ആറു.. മൂന്നു വര്ഷം അതിനുമുമ്പ് പ്രേമിച്ചു നടന്നത് മറന്നോ നീ"
"ഓഹ് അപ്പൊ ആറു.. ശരിയാ"
പാറു ഒരു ചിരിയോടെ അത് സമ്മതിച്ചു... എന്തായാലും പുറത്തുകാട്ടാൻ മറച്ചുവെച്ച ആ പരിഭവം അതോടെ പോയി കാണും... അവൾ പതിയെ താഴേക്ക് ഇറങ്ങി നടന്നു ..
അതെ സങ്ങതി ഞങ്ങടെ പ്രേമ വിവാഹം ആയിരുന്നു... എല്ലാരേയും പോലെ കുറച്ചു എതിർപോക്കെ ഉണ്ടായി... ആദ്യം ജാതി ആയിരുന്നു .. പിന്നെ അത് ജോലി ആയി.. ശരിയാണ് പ്രേമിച്ച പെണ്ണിനെ കെട്ടാൻ കുടി ആയിരുന്നു ഈ ജോലി കഷ്ടപ്പെട്ടു നേടിയത്...പാറുവിന്റെ മനസ്സു കരിങ്കല്ല് പോലെ ഉറച്ചതായോണ്ട് പിന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല . അങ്ങ് കെട്ടി.. ആ ഒഴിയാബാധയെ കൂടങ്ങു കൂട്ടി.. തൂങ്ങിചാവാത്ത അമ്മയോടൊപ്പവും ഇറങ്ങി പോവാത്ത അച്ഛനോടൊപ്പവും ഈ വീട്ടിൽ അങ്ങ് ജീവ്‌ച്ചു തുടങ്ങി...
ഘടികാരത്തിൽ ഒൻപതു മണി മുഴങ്ങിയതും സുജിത് ഏട്ടന്റെ കാൾ വരുന്നതും ഒരു പോലെ ആയിരുന്നു.. സുജിത് ഏട്ടൻ എന്ന് വെച്ചാൽ എന്റെ സ്വന്തം ചേട്ടൻ.. പുള്ളി ഗൾഫിലാണ്... നാല് കൊല്ലമായി അവിടെ പോയിട്ട്.. പിന്നീട് വന്നിട്ടില്ല.. അല്ല വരാനും കാത്തിരിക്കാനും പുള്ളിക്ക് ഇപ്പോ ഇവിടാരുമില്ലന്നാണ് പറയുന്നത്...
സിന്ധു ചേച്ചി വീടുവിട്ടു ഇറങ്ങിയതിൽ പിന്നെ ചേട്ടൻ ഗള്ഫിന് പോയതാ... പിന്നിട് വന്നിട്ടില്ല...ഇന്ന് ഇപ്പൊ വെഡിങ് ആനുവേഴ്സറി വിഷ് ചെയ്യാൻ വിളിച്ചതാ..പാറു എന്ന് വെച്ചാൽ ജീവനാണ് ചേട്ടന്.. അനിയത്തിമാർ ആരും ഇല്ലാത്തൊണ്ടാവും..
പതിവ് പോലെ ഒരുപാട് ഒന്നും സംസാരിക്കാതെ ചേട്ടൻ ഫോൺ വെച്ച്..അച്ഛനോടും അമ്മയാടും അധികം സംസാരിക്കാറില്ല... ഒരു വാശി.. അതിനു കാരണവും ഉണ്ട്... ഇമ്മിണി ബല്യാ കാരണം..
സാമൂഹത്തിൽ ജാതി വ്യവസ്ഥ ആഴത്തിൽ സ്വാധിനം ഉറപ്പിച്ചിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ചേട്ടൻ.. വേറൊരു ജാതി പെണ്ണിനെ കെട്ടിയാൽ മല ഇടിഞ്ഞു വീഴും എന്നാണ് അവരുടെയൊക്കെ ഒരു ഇത്...അമ്മ തൂങ്ങി ചാവും അച്ഛൻ വീട് വിട്ടിറങ്ങും അമ്മാവൻ കാശിക്കു പോവും എന്നൊക്കെ പറഞ്ഞു അവരെല്ലാം കുടി പാവത്തെ പേടിപ്പിച്ചു..
അതുകൊണ്ട് പ്രേമിച്ച പെണ്ണിനെ ഉപേക്ഷിച്ചു ... എന്നിട്ട് എങ്ങുന്നോ അവരെല്ലാം കുടി കൊണ്ടുവന്നു ഒരു പെണ്ണിനെ കല്യാണോം കഴിച്ചു ..
സിന്ധു...
എന്നിട്ടോ ഒരു വർഷം കഴിഞ്ഞപ്പോൾ അവർ പിരിഞ്ഞു .. രണ്ടും രണ്ടു വഴിക്കു.. കല്യാണം കഴിഞ്ഞു ഒരു വർഷ കഴിഞ്ഞാലെ നിയമപരമായി പിരിയാൻ കഴിയു എന്നു നിയമം ഉള്ളത് കോണ്ട് മാത്രം അത്രനാൾ ജീവിച്ചു.. അല്ലങ്കിൽ അതിനു മുന്നേ പിരിഞ്ഞേനെ...
ചേട്ടൻ പലപ്പോഴും വിട്ടുവീഴച്ചക്കു തയാറായിരുന്നു.. എന്നാൽ സിന്ധു ചേച്ചി ഒന്നിനും പിടികൊടുക്കില്ല.. അതിനു അവർ ചേട്ടനെ സ്നേഹിച്ചിട്ടു വേണ്ടയോ... ഒരു ജോലിയും ചെയ്യില്ല.. എന്നും വഴക്കും തല്ലുകൂടലും.. എന്നോട് പോലും അധികം മിണ്ടാറില്ല..
ചിലരുടെ ഇഷ്ടങ്ങളുടെ അടിച്ചേല്പിക്കലുകളാണ് മറ്റു ചിലരുടെ ജീവിത തകർച്ചക്ക് കാരണം ..
അത് നഗ്നമായൊരു സത്യമാണ്...അപ്പോഴെല്ലാം ഏറ്റവും കൂടുതൽ പേടിച്ചത് ഞാനാണ്... പാറുവിന്റെ കാര്യത്തിൽ... ചേട്ടനോട് മാത്രം ഞാൻ എല്ലാം പറയുമായിരുന്നു.. അപ്പോഴെല്ലാം ചേട്ടൻ പറയും..
"മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കുമ്പോൾ അല്ല അതിൽ നമ്മുടേതായ തിരുത്തലുകൾ വരുത്തുമ്പോഴാണ് ജീവിതം വേറെ ലെവൽ ആകുന്നതു എന്ന്. നിർഭാഗ്യവശാൽ നിന്റെ ചേട്ടന് ആ ജീവിതം കിട്ടിയില്ല.. നിനക്കും ആ വിധി വരരുത് എന്ന്"
ചേട്ടന്റെ അനുഭവം മുന്നിലുണ്ടായത് കൊണ്ടായിരിക്കും അച്ഛനും അമ്മയ്ക്കും എന്റെ കാര്യത്തിൽ വല്യാ എതിർപൊന്നും ഉണ്ടായില്ല.. അല്ലെങ്കിലും തിരിച്ചറിവുകൾ വളരെ വൈകിയല്ലേ വരൂ..
ഇടതു കൈയ്യിൽ വാച്ചു കെട്ടുന്നതിന് ഇടയിലും എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു...
ചേട്ടൻ.. ഒരുപാട് അനുഭവിച്ചവനാണ്... അവന്റെ ജീവിതം അങ്ങനെ ആയി .. സ്നേഹിച്ച പെണ്ണിന്റെ മുന്നിലും കൂട്ടുകാരുടെ മുന്നിലും ചേട്ടൻ പണത്തിനു വേണ്ടിയും പൊന്നിനു വേണ്ടിയും വഴിമാറി നടക്കുന്നവനായി.. പക്ഷെ ചേട്ടനെ ഞാൻ അറിഞ്ഞത് പോലെ ആരും അറിഞ്ഞിട്ടില്ല. ഒരുപാടു ഒരുപാട് പാവം ആയിരുന്നു ..
പെട്ടന്നാണ് പുറകിലൂടെ പാറുവിന്റെ വരവ്..
" നിങ്ങൾ ഇന്നു പോണില്ലേ മനുഷ്യ"
നിറഞ്ഞൊഴുകുന്ന കണ്ണ് കണ്ട അവൾ ഉടനെ ചോദിച്ചു.. ചേട്ടൻ വിളിച്ചോ എന്ന്.. അവൾക്കു അറിയാം.. ചേട്ടന്റെ കാര്യത്തിലെ എന്റെ കണ്ണുകൾ നിറയാറുള്ളൂ എന്ന്..
"പോട്ടെ സാരമില്ല"
പതിയ അവൾ എന്റെ കണ്ണുകളേ തുടച്ചു മാറ്റി.. ഇതാണ് പാറു.. എന്റെ കണ്ണ് നിറയുമ്പോൾ അവൾ ഓടിയെത്തും... അങ്ങനെയുള്ളവൾ അല്ലെ യഥാർത്ഥത്തിൽ ഭാര്യ...ചേട്ടൻ പറഞ്ഞത് ശരിയാണ്.. ജീവിതത്തിൽ നമ്മുടേതായ ചില തിരുത്തലുകൾ വേണം.. കുറഞ്ഞത് പാറുവിനെ പോലുള്ള തിരുത്തലുകൾ എങ്കിലും...പുറകിൽ നിന്ന് ഒരു വിളി പോലെ അവൾ പറഞ്ഞു..
"കാര്യം ചേട്ടനും അനിയാനുമൊക്കെ.. വൈകിട്ട് വരുമ്പോൾ നമുക്കുള്ള സമ്മാനമായിട്ടെ വരാവു"
നിനക്കു ഞാൻ എന്ത് സമ്മാനം ആണ് വാങ്ങേണ്ടതു.. എന്ത് വാങ്ങിയാൽ മതിയാകും..
അത് പാറുവിനോട് ഉള്ള എന്റെ മനസ്സിന്റെ ചോദ്യം ആയിരുന്നു... പരിഭവങ്ങള്കിടയിൽ വീണുകിട്ടിയ പുഞ്ചിരിയുമായി ഞാൻ നടന്നു..
മിഥുൻ വൈശാഖം
ഈച്ചമ്മാന്‍ എന്ന മരം-സജദില്‍ മുജീബ്
സജദില്‍ മുജീബ്
ഈച്ചമ്മാന്‍
എന്ന മരം
ഈച്ചമ്മാന്‍ ഒരു മരമാണ്.
ഞാന്‍ പറഞ്ഞതല്ല, നാട്ടുകാര് പറേന്നതാണ്...
അവര് പറയുന്നത് കൊമ്പും ചില്ലയുമൊക്കെയുള്ള ആഴത്തില്‍
വേരുകളുള്ള മരമാണ് ഈച്ചമ്മാന്‍ എന്നാ..
ഈച്ചമ്മാന്‍.. എന്തു പേരാല്ലേ..
ഈശ്വരന്‍ ന്നായിരിക്ക്വോ ശരിക്കും പേര്..
ചെലേപ്പ ആയിരിക്കും..
അല്ലാതെ ഇതെന്തൂട്ട് പേര്...?
പ്രഭാതത്തില്‍ നടക്കാനിറങ്ങുന്ന ഈച്ചമ്മാനെ പലപ്പോഴും
ഞാന്‍ കണ്ടിട്ടുണ്ട്. ആന്തേട്ടന്റെ ചായപ്പീട്യേന്ന് പത്രോം വായിച്ച്
ഒരു ചായേം കുടിച്ച് വയല്‍വരമ്പിലൂടെ അമ്മാന്‍ പോണ കാഴ്ച..
ദേ.. ഇപ്പഴും കണ്ണിലുണ്ട്..
'' ഉണ്ണ്യേ.. നിന്‍ക്ക് സ്കോളില്ലേടാ..''
എന്നിട്ട് ഗൗരവത്തില്‍ ഒരു നോട്ടോം..
ഞാന്‍ വീട്ടിലേക്ക് വെച്ച് പിടിക്കും..
ഈശ്വരമ്മാന്‍... ഈച്ചരമ്മാന്‍, ഈച്ചമ്മാന്‍
ഈ വിധമാണ് അമ്മാവന്റെ പരിണാമശ്രേണി..
നാട്ടിലെ എല്ലാ നല്ല കാര്യത്തിനും മുന്‍പന്തിയിലുണ്ടാകും അമ്മാന്‍.
ഈച്ചമ്മാനില്ലാത്ത ഒരു സംഭവം നാട്ടിലില്ല. ചുരുക്കതതില്‍
ഒരു സംഭവം തന്നെയാണ് അമ്മാന്‍..
ഇനിയും ചിലര്‍ക്ക് ഈച്ചയാണമ്മാന്‍..
അവരദ്ദേഹത്തെ പരിഹസിച്ച് വിളിക്കുന്ന പേരാണത്.
എല്ലാ അരുതായ്മകള്‍ക്കെതിരില്‍ ഒന്നാമനായുണ്ടാകും അമ്മാന്‍..
ഷാപ്പ് പൂട്ടിക്കാനായാലും ക്വാറിക്കെതിരിലും മണ്ണ് മാഫിയക്കെതിരിലും
എല്ലാ തിന്മക്കെതിരിലും..
അമ്മാന്‍ ഒന്ന് അവസാനിച്ചെങ്കില്‍ എന്നവര്‍ ആദ്യം മനസിലും
പിന്നെ പിന്നെ മൈക്കിലും പറഞ്ഞുനടക്കുന്നു.
എണ്‍പത് കഴിഞ്ഞിട്ട് അമ്മാന് ഒരു കുലുക്കവുമില്ല..
ഏറ്റവും വലിയ ശത്രു മരുമോന്‍ സുഗുണന്‍ തന്നെ.
അമ്മാനെ കാണുമ്പോഴൊക്കെ സുഗുണേട്ടന്‍ കാര്‍ക്കിച്ച് തുപ്പുന്നത്
ഞാന്‍ കണ്ണോണ്ട് കണ്ടിട്ടുണ്ട്..
അങ്ങനെയിരിക്കേ ഒരു വാര്‍ത്ത...
''ഈച്ചമ്മാന്‍ മരിച്ചു..''
ഗ്രാമം ശോകമൂകമായി..
സുഗുണേട്ടനും മറ്റും ആശ്വാസമായിക്കാണും. അവര് പുറത്ത്
സങ്കടം അഭിനയിച്ചു. ഞങ്ങളെല്ലാരും ഉടുപ്പില്‍ കറുത്ത ബാഡ്ജ് കുത്തി
അമ്മാനെ അവസാനനോക്ക് കാണാന്‍ പോയി..
അന്ന് സ്കൂളവധിയായിരുന്നു. ഗ്രാമത്തില്‍ എല്ലാ കടകളും അടച്ച്
വ്യാപാരികളും അമ്മാന് ആദരം നല്‍കി..
ഈച്ചമ്മാന്‍ അന്ത്യാഭിലാഷം എന്നോണം പറഞ്ഞ കാര്യം
സുധാകരന്‍ മാഷ് ഗ്രാമത്തോട് പറഞ്ഞു.
' എന്നെ കുഴിച്ചിടരുത്..
കത്തിക്കേം അരുത്..
ഉടുതുണി പറിച്ചെറിഞ്ഞ് തേവന്‍കാട്ടിലേക്ക് വലിച്ചെറിയുക...''
ആളുകള്‍ അന്തം വിട്ടു...
സുഗുണേട്ടന്‍ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു.
'ഇയ്യാക്ക് വട്ടായിരുന്നോ ദൈവമേ..'
ആളുകളുടെ രൂക്ഷമായ നോട്ടം കൊണ്ടോ എന്തോ പിന്നയാള്‍
ഒന്നും പറഞ്ഞില്ല..
ഗ്രാമം ഒത്തുകൂടി..
ഈച്ചമ്മാന്റെ അഭിലാഷം നിറവേറ്റാന്‍ തന്നെയുറച്ചു.
ഉടുതുണി പറിച്ചെറിഞ്ഞ് അമ്മാന്റെ ഭൗതികദേഹം
ശവമഞ്ചത്തിലേറ്റി തേവന്‍കാട് ലക്ഷ്യമാക്കി
അവര്‍ ഉറുമ്പുകളെ പോലെ നീങ്ങി.
നാട് തേങ്ങി..
കാട്.. പുലിയും കുറുക്കനും ഒക്കെയുള്ള കൊടുംകാട്..
ശവമഞ്ചത്തില്‍ നിന്നും ഈച്ചമ്മാനെ അവര്‍ കാട്ടിലേക്ക്
വലിച്ചെറിഞ്ഞു. കുറേ നേരം അവരാ കാട്ടില്‍ തന്നെ
എന്തുചെയ്യണമെന്നറിയാതെ നിന്നു.
പിന്നെ ഗ്രാമത്തിലേക്ക് തന്നെ തിരിച്ചു പോന്നു..
പിന്നെയങ്ങോട്ട് അക്രമങ്ങളുടെ വിളയാട്ടമായിരുന്നു..
എല്ലാത്തിനും മുന്നില്‍ സുഗുണന്‍ തന്നെ..
തറവാടയാള്‍ കിട്ടിയ വിലക്ക് ഒരു കോടീശ്വരന് വിറ്റു.
ഗ്രാമത്തിലാദ്യമായ് ഒരു കോടീശശ്വരനെത്തി.
അയാള്‍ ഈച്ചമ്മാന്റെ വീട് അസ്തിവാരം വരെയിളക്കി.
പിന്നെ സ്വപ്നസൗധം പണിയാനൊരുങ്ങി..
ഗ്രാമം വികസനത്തിന്റെ പാതയിലാണെന്ന് സുഗുണന്‍ വീമ്പിളക്കി.
സുധാകരന്‍ മാഷിന്റെ വാക്കുകളെ യൊന്നും വിലവെക്കാതെ
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും മദ്യം പുഴയായൊഴുക്കി..
എന്തു തിന്നണം എന്തുടുക്കണം എന്തു വായിക്കണം എന്നറിക്കുന്ന
വാറോലകളുമായി ആരൊക്കെോ ഗ്രാമത്തില്‍ റോന്തുചുറ്റി.
അയ്യപ്പന്‍ ചേട്ടന്റെ മകള്‍ ചോതിയെ പട്ടാപ്പകല്‍ ഒരു കൂട്ടം പിച്ചിച്ചീന്തി.
ചോദിക്കാന്‍ ചെന്ന അയ്യപ്പേട്ടനെ പെട്രോളൊഴിച്ച് കത്തിച്ചു..
ഇതും കൂടിയായപ്പോള്‍ സഹികെട്ട ജനം തെരുവിലിറങ്ങി.
'നാം സമാധാനകാംക്ഷികളാണ്. ഒരിക്കലും നിയമം കയ്യിലെടുത്തുകൂടാ..
പോലീസും ഭരണകൂടവും നമ്മെ സഹായിക്കുമെന്ന് പ്രത്യാശിക്കാം ''
സുധാകരന്‍ മാഷിന്റെ വാക്കുകള്‍ക്ക് ഗ്രാമം ചെകിടോര്‍ത്തു.
പക്ഷേ ഒന്നും നടന്നില്ല. ഭരണവും പോലീസും കോടിയൂടെ പിന്നിലൊളിച്ചു.
ഗ്രാമം ചരിത്രത്തിലെ പ്രതിസന്ധിഘട്ടം നേരിടുകയാണ്..
ഒന്നും ചെയ്യാനാവാതെ ഗ്രാമം തരിച്ചു നില്‍ക്കുകയാണ്.
ആയുധമെടുത്തവരേയും ഉച്ചത്തില്‍ സംസാരിച്ചവരേയുമെല്ലാം
പോലീസ് പിടികൂടി തുറുങ്കിലടച്ചു. സുധാകരന്‍ മാഷിന്റെ സത്യാഗ്രഹപ്പന്തല്‍
അടിച്ചുതകര്‍ത്തു. മാഷിന്റെ കാലുകള്‍ തല്ലിയൊടിച്ചു..
ഭീതി ഒരു കൊടുംതണുപ്പായി ആഞ്ഞുവീശുകയാണ്..
പിറ്റേന്ന് ഗ്രാമം കണ്ട കാഴ്ച...
ഗ്രാമപാതയുടെ ഒത്ത നടുക്ക് ഒരു മരം...
പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കാഴ്ച കണ്ട് ഗ്രാമം തരിച്ചു നിന്നു.
'' ഈച്ചമ്മാന്‍..''
അവരുടെ ചുണ്ടുകള്‍ മന്ത്രിച്ചു..
പിന്നെയത് ഉച്ചത്തില്‍ മുഴങ്ങി..
ഗ്രാമം മുഴുവനും തെരുവിലിറങ്ങി..
വന്നവര്‍ വന്നവര്‍ പറഞ്ഞ കഥയും അവിശ്വസനീയമായിരുന്നു..
' ഇന്നലെ രാത്രി വീടിന്റെ നടുത്തറ പിളര്‍ന്ന് ഒരു നാമ്പ് പുറത്തു
വന്നിരിക്കുന്നു.. ഈച്ചമ്മാന്‍ ഇവിടുണ്ട്...''
ആവേശത്തോടെ അവര്‍ ഉച്ചത്തില്‍ വിളിച്ചു..
'' ഈച്ചമ്മാന്‍...!! ഈച്ചമ്മാന്‍...!!''
പിന്നെ അവര്‍ കനലെരിയും കണ്ണുകളുമായി...
പതറാത്ത കാല്‍വെയ്പ്പുകളുമായി...
ഒരു സമുദ്രമായി..
സജദില്‍
മുജീബ്
Friday, 5 May 2017
ഓർമ്മ സഞ്ചാരം-സംഗീത് കാരക്കോട്

സംഗീത് കാരക്കോട്
ഓർമ്മ
സഞ്ചാരം
യാത്ര
പുറപ്പെടുകയാണ്
ഓർമ്മകളുടെ
പുറംമ്പോക്കുകളിലേയ്ക്ക്....
തുളവീണ
വള്ളി നിക്കർ അന്ന്
ഫാഷനായിട്ടില്ല....!
ഒറ്റമുറി
ഓലകുടിലിലെ അടുപ്പിലേയ്ക്ക്
വിതുമ്പലുകൾ
ഊതി,
കരിപുരണ്ട
കോലമിരിപ്പുണ്ട്...!
കണ്ണീരുപ്പ്
ചേർത്ത് വിളമ്പിയ
അത്താഴത്തിൻ്റെ
രുചിക്കൂട്ട്
കാലമിത്രയായിട്ടും
രഹസ്യമാക്കിവെച്ചവൾ......!
നീറി
പിടയുന്ന നെഞ്ചിൽ നിന്നും
മനോഹരമായ
പുഞ്ചിരി വിരിയിക്കുന്ന
മാന്ത്രികവിദ്യ
വശമുള്ളവൾ....!
അവളെ
ഞാൻ അമ്മയെന്ന് വിളിക്കും...
കമ്പിളി
ഇല്ലാത്ത കർക്കിടകരാവിൽ
രോമാവൃതമായ
നെഞ്ചിൻ്റെ ചൂടിൽ
പറ്റി
പിടിച്ച് കിടക്കുമ്പോൾ......
കള്ളിൻ്റെ
മണമുള്ള താരാട്ടിന് താളമിട്ടത്,
മേൽക്കൂര
തുളച്ച് ഓട്ട് പാത്രത്തിലേയ്ക്ക്
ഊർന്നു
വീണ മഴത്തുള്ളികൾ.....!
കുഞ്ഞു
വിരലുകളെ കൂട്ടിപ്പിടിച്ച്
ലക്ഷ്യത്തിലേയ്ക്ക്
വിരൽചൂണ്ടി കാണിച്ച
കാർക്കശ്യത്തിൽ
പൊതിഞ്ഞ
സ്നേഹമാണ്
അച്ഛൻ.....!
എനിക്ക്
മാത്രമായിരുന്ന
അമ്മിഞ്ഞപ്പാലിൽ
നിന്നും
എന്നെ
കുടഞ്ഞെറിഞ്ഞ്,
പിന്നീട്
എല്ലാം പങ്കിട്ടെടുക്കലുകളായി
ശീലിച്ചപ്പോൾ
,
വലിയ
പങ്ക് ഏട്ടന്
എന്ന്
പറഞ്ഞ് വച്ച് നീട്ടിയ
നിഷ്കളങ്കയായ
എൻ്റെ ശത്രുവിനെ
ഞാൻ
അനിയത്തി എന്ന് വിളിക്കും....!
സിരകളിൽ
നുരഞ്ഞ് പൊങ്ങിയ
വിപ്ലവ
ചിന്തകളിൽ തീ പടർന്ന
യൗവ്വനത്തെ,
കാന്തം
ഘടിപ്പിച്ച കരിമഷി
കണ്ണുകളിലേയ്ക്ക്
വലിച്ചടുപ്പിച്ച്
ഹൃദയം
കൈവശപ്പെടുത്തിയ
കള്ളിയാണ്
എൻ്റെ കാമുകി.....!
വിരഹത്തിൻ്റെ
മുൾവേലിയിൽ നിന്ന്
എന്നെ
മോചിപ്പിച്ചത് സൗഹൃദങ്ങൾ.....!
ഒടുവിൽ,
പതിനാറിൻ്റെ
പരിശുദ്ധി വെച്ച് നീട്ടി.....
കുറുമ്പുകൾ
ത്യജിച്ച് എന്നെ
വരിക്കാൻ
കാണിച്ച ധീരയായ
ഇന്ദീവരമിഴി
എൻ്റെ നല്ല പാതി.....!
ഓർമ്മകളുടെ
പുറംമ്പോക്കിലെ
കാഴ്ചകൾ
എന്നും പ്രിയ്യപ്പെട്ടവ
തന്നെ....!
സംഗീത്
കാരക്കോട്
Subscribe to:
Posts (Atom)









