Friday, 5 May 2017

ഓർമ്മ സഞ്ചാരം-സംഗീത് കാരക്കോട്














സംഗീത് കാരക്കോട്



ഓർമ്മ സഞ്ചാരം
യാത്ര പുറപ്പെടുകയാണ്
ഓർമ്മകളുടെ പുറംമ്പോക്കുകളിലേയ്ക്ക്....
തുളവീണ വള്ളി നിക്കർ അന്ന് 
ഫാഷനായിട്ടില്ല....!
ഒറ്റമുറി ഓലകുടിലിലെ അടുപ്പിലേയ്ക്ക്
വിതുമ്പലുകൾ ഊതി
കരിപുരണ്ട കോലമിരിപ്പുണ്ട്...!
കണ്ണീരുപ്പ് ചേർത്ത് വിളമ്പിയ
അത്താഴത്തിൻ്റെ രുചിക്കൂട്ട്
കാലമിത്രയായിട്ടും 
രഹസ്യമാക്കിവെച്ചവൾ......!
നീറി പിടയുന്ന നെഞ്ചിൽ നിന്നും
മനോഹരമായ പുഞ്ചിരി വിരിയിക്കുന്ന
മാന്ത്രികവിദ്യ വശമുള്ളവൾ....!
അവളെ ഞാൻ അമ്മയെന്ന് വിളിക്കും...

കമ്പിളി ഇല്ലാത്ത കർക്കിടകരാവിൽ
രോമാവൃതമായ നെഞ്ചിൻ്റെ ചൂടിൽ
പറ്റി പിടിച്ച് കിടക്കുമ്പോൾ......
കള്ളിൻ്റെ മണമുള്ള താരാട്ടിന് താളമിട്ടത്,
മേൽക്കൂര തുളച്ച് ഓട്ട് പാത്രത്തിലേയ്ക്ക്
ഊർന്നു വീണ മഴത്തുള്ളികൾ.....!
കുഞ്ഞു വിരലുകളെ കൂട്ടിപ്പിടിച്ച്
ലക്ഷ്യത്തിലേയ്ക്ക്  വിരൽചൂണ്ടി കാണിച്ച
കാർക്കശ്യത്തിൽ പൊതിഞ്ഞ
സ്നേഹമാണ് അച്ഛൻ.....!

എനിക്ക് മാത്രമായിരുന്ന 
അമ്മിഞ്ഞപ്പാലിൽ നിന്നും
എന്നെ കുടഞ്ഞെറിഞ്ഞ്,
പിന്നീട് എല്ലാം പങ്കിട്ടെടുക്കലുകളായി
ശീലിച്ചപ്പോൾ ,
വലിയ പങ്ക് ഏട്ടന്
എന്ന് പറഞ്ഞ് വച്ച് നീട്ടിയ
നിഷ്കളങ്കയായ എൻ്റെ  ശത്രുവിനെ
ഞാൻ അനിയത്തി എന്ന് വിളിക്കും....!

സിരകളിൽ നുരഞ്ഞ് പൊങ്ങിയ
വിപ്ലവ ചിന്തകളിൽ തീ പടർന്ന
യൗവ്വനത്തെ
കാന്തം ഘടിപ്പിച്ച കരിമഷി
കണ്ണുകളിലേയ്ക്ക് വലിച്ചടുപ്പിച്ച്
ഹൃദയം കൈവശപ്പെടുത്തിയ
കള്ളിയാണ് എൻ്റെ കാമുകി.....!

വിരഹത്തിൻ്റെ മുൾവേലിയിൽ നിന്ന്
എന്നെ മോചിപ്പിച്ചത് സൗഹൃദങ്ങൾ.....!

ഒടുവിൽ,

പതിനാറിൻ്റെ പരിശുദ്ധി വെച്ച് നീട്ടി.....
കുറുമ്പുകൾ ത്യജിച്ച് എന്നെ 
വരിക്കാൻ കാണിച്ച ധീരയായ
ഇന്ദീവരമിഴി എൻ്റെ നല്ല പാതി.....!

ഓർമ്മകളുടെ പുറംമ്പോക്കിലെ
കാഴ്ചകൾ എന്നും പ്രിയ്യപ്പെട്ടവ തന്നെ....!
സംഗീത് കാരക്കോട്

No comments:

Post a Comment