Friday, 31 March 2017

പുസ്തക പരിചയം-മാജി -കുരുവിള ജോൺ














കുരുവിള ജോൺ 
ക്ലർക്ക്എസ്. എം. എസ്. ജെ. ഹൈസ്കൂൾ
തൈക്കാട്ടുശ്ശേരി. പി. .
ചേർത്തല, ആലപ്പുഴ  ജില്ല.






പുസ്തക പരിചയം-മാജി
മാജി -നോവൽ 
ഹാരിസ്  നെന്മനി
പ്രസാധകർ  : പൂർണ്ണ , കോഴിക്കോട് 
വില : 210/-
(പൂർണ്ണ - ഉറൂബ് നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കൃതി)

എഴുത്തുകാരൻ  :
ഹാരിസ് നെന്മേനി - വയനാട് ജില്ലയിലെ നെന്മേനിയിൽ ജനനം. ചരിത്രത്തിൽ ബിരുദവും, സോഷ്യോളജി, ഗ്രാമവികസനം എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടി.
റവന്യൂ വകുപ്പിൽ ജോലിചെയ്യുന്നു. 
ആകാശവാണിയിൽ  സ്പോർട്സ് കമന്റേറ്ററായും പ്രവർത്തിക്കുന്നു.

പുരസ്കാരങ്ങൾ: 
കുഞ്ഞുണ്ണി മാഷ് സാഹിത്യ അവാർഡ്,  കലാകൗമുദിയുടെ കഥ - പുരസ്കാരം, ശക്തി കഥാ പുരസ്കാരം, പുഴ ഡോട്കോം കഥാ പുരസ്കാരം,  പഴശ്ശി കഥാ പുരസ്കാരം, സമഷ്ടി സാഹിത്യ പുരസ്കാരം  എന്നിവ ലഭിച്ചു. 

ഫോട്ടോ ഷോപ്പ്,  ഹെർബേറിയം എന്നീ ചെറു സിനിമകൾക്ക് കഥയെഴുതി.

ഫോട്ടോ ഷോപ്പും നന്നങ്ങാടിയും, ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങൾ, പൊൻകുഴിക്കാട്ടിലെ വിശേഷങ്ങൾ എന്നിവ കൃതികൾ. 

നോവലിലേക്ക് :

*മാജി* - വെള്ളം എന്നർത്ഥം വരുന്ന ഒരു ദേശത്ത് എത്തിപ്പെടുന്ന തായ് വ എന്ന ചെറുപ്പക്കാരൻ. കലാപത്തിന് സാക്ഷിയാവുകയും, അവിടെ നിന്നും പ്രാണരക്ഷാർത്ഥം ഓടുന്നതിനിടയിൽ മുറിവേറ്റ് ചെന്നെത്തുന്നത് ഒറ്റപ്പെട്ട ഒരു വീട്ടിൽ. ഏകാകിയായ, ബാബ എന്ന് എല്ലാവരും വിളിക്കുന്ന മനുഷ്യന്റെ  സംരക്ഷണയിൽ തായ് വ ആരോഗ്യം വീണ്ടെടുക്കുന്നു.

ഭൂ- ഖനന മാഫിയകളുടെ ചൂഷണത്താൽ അലകും പിടിയും നഷ്ടപ്പെട്ട മാജിയിലെ നീരുറവകളിൽ ധാതു ലവണങ്ങൾ കലർന്ന് ചുവന്ന നിറത്തിലാണ് ജലം ലഭിക്കുന്നത്. അപൂർവ്വം ചൂഷണ വിധേയമല്ലാത്ത , ഹരിതാഭമായ തുരുത്തുകളിൽ മാത്രം ശുദ്ധ ജലം ലഭിക്കും. ഈ ശുദ്ധജലത്തിനുവേണ്ടിയാണ് മാജിയിൽ കലാപങ്ങൾ  നടക്കുന്നത്.

ജീവിതം അലയാനും, ആത്മജ്ഞാനം നേടാനും നീക്കിവച്ച ബാബ, ഇപ്പോൾ ചുവന്ന, ധാതു- ലവണ മിശ്രിത ജലം ശുദ്ധീകരിക്കുന്നതിനുള്ള ഒരു ശുദ്ധീകരണിയുടെ പണിപ്പുരയിലാണ്. തായ് വയും അദ്ദേഹത്തോടൊപ്പം കൂടുന്നു. അവരുടെ ശ്രമം ഫലം കാണുന്നു. തിളയ്ക്കുന്ന സൂര്യപ്രകാശത്താൽ നീരാവിയാകുന്ന   ശുദ്ധ ജലം ശേഖരിക്കുന്ന ശുദ്ധീകരണി അവർ നിർമ്മിക്കുന്നു.

തങ്ങളുടെ കണ്ടപിടുത്തത്തിന് അംഗീകാരം നേടുന്നതിനായ് തായ് വ ഭരണ സിരാകേന്ദ്രത്തിലേക്ക് പുറപ്പെടുന്നു. ചുവപ്പു നാടയുടെയും, സ്വതവേയുള്ള ഭരണകൂട അലസതയുടെയും ഫലമായി കാര്യമായ വിവരങ്ങൾ ലഭിക്കുന്നില്ല.
എന്നാൽ  ഈ നേട്ടത്തിന്റെ ഗുണഫലം മണത്തറിഞ്ഞ കുത്തകകൾ തായ് വ യെ പ്രലോഭിപ്പിക്കുന്നു.
അടുത്ത ശാസ്ത്ര പ്രദർശനത്തിൽ പ്രദർശനാനുമതി നേടി തായ് വ തിരിച്ചെത്തുന്നു.

തന്നെപ്പോലെ  കലാപത്തിനിരയായി മുറിവേറ്റ ഒരു യുവതിയെ തായ് വ ബാബയുടെ അടുത്ത് കാണുന്നു. ക്രമേണ സുഖപ്പെട്ട അവൾ ഇവരുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു.
തായ് വയുടെ മനസ്സിൽ പ്രണയം മൊട്ടിടുന്നു.
എന്നാൽ  ഒരു ദിവസം യുവതി അപ്രത്യക്ഷമാകുന്നു.

ശാസ്ത്ര പ്രദർശനത്തിന് തങ്ങളുടെ ശുദ്ധീകരണിയുമായി എത്തിയ ബാബയും തായ് വയും അമ്പരക്കുന്നു. തങ്ങളുടെ അദ്ധ്വാനഫലം തട്ടിയെടുത്ത് നവീന മാതൃകയിൽ ഒരു ശുദ്ധീകരണിയുമായി കുത്തക കമ്പനിയുടെ പ്രതിനിധിയായി ആ യുവതി നില്ക്കുന്നു. 

തിരിച്ചെത്തിയ ബാബയും തായ് വയും തങ്ങളുടെ സ്വത്തും സമ്പാദ്യവും മുഴുവൻ ശേഖരിച്ച്,  നാടുനീളെ സൗജന്യമായി ജല ശുദ്ധീകരണികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
എന്നാൽ ഭരണകൂട ഭീകരതയും, കുത്തക ജല മുതലാളിമാരും ഇവരെ തടസ്സപ്പെടുത്തുന്നു.

ജല ശുദ്ധീകരണി തട്ടിയെടുത്ത് തങ്ങളെ നിഷ്ക്രിയരാക്കാമെന്നു കരുതിയ മാഫിയയെ മറ്റൊരു നൂതന മാർഗ്ഗത്തിലൂടെ ഇവർ പ്രതിരോധിക്കുന്നു.

ചൂഷണത്തിലൂടെ ഒഴുക്കു നിലച്ച, ഭൂഗർഭത്തിലേക്കാണ്ട നദികളെ തിരിച്ചു പിടിക്കാൻ  ഇവർ ശ്രമിക്കുന്നു....
ആ തിരുമാനത്തിൽ തായ് വയും ബാബയും എത്തുന്നതോടെ നോവൽ  അവസാനിക്കുന്നു. 

കാഴ്ചപ്പാട്

ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ശുദ്ധ ജലത്തിനു വേണ്ടിയായിരിക്കും എന്ന പ്രവചനത്തെ സാധൂകരിക്കുന്ന നോവൽ. 
സാഹിത്യകാരന്മാർ പലപ്പോഴും പ്രവാചകരാകാറുണ്ട്.അത്തരം ഒരു പ്രവചനമാണ് ശ്രീ. ഹാരിസ് നെന്മേനി *മാജി* എന്ന നോവലിലുടെ നടത്തുന്നത്. 
മാജി എന്ന സങ്കല്പ ദേശവും തട്ടകവും ഒരു സങ്കല്പ ഭാഷ വരെ ഹാരിസ് ഇതിൽ  ഒരുക്കി വയ്ക്കുന്നു. 

ആഗോള വത്ക്കരണ നയങ്ങൾ നടപ്പിലാക്കിത്തുടങ്ങിയ 1990 കൾ മുതലാണ് പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം ലഭിച്ചു തുടങ്ങിയത്. ചെറിയ മുതൽ മുടക്കിൽ വൻ ലാഭം കൊയ്യുന്ന ഈ മേഖലയിൽ കുത്തകകൾ വൻ മുതൽ മുടക്കുന്നു. എന്തിന് പുഴകൾ പോലും വിലക്കു വാങ്ങുന്ന ഘട്ടം വരെ എത്തി നില്ക്കുന്നു. (ശ്രീ നാരായന്റെ ഒരു നോവലിൽ പുഴ വിലയ്ക്കു വാങ്ങിയ കുത്തകക്കെതിരേ നടത്തുന്ന പ്രതിരോധം  ചിത്രീകരിച്ചിട്ടുണ്ട്.)

മാജിയിലൂടെ കടന്നു പോകുമ്പോൾ, വർത്തമാനകാല നഗ്ന യാഥാർത്ഥ്യങ്ങളുടെ ഭൂമികയിലാണ് നാം എത്തിപ്പെടുക.കാല്പനികതയുടെ മഞ്ഞു മൂടിയ അവസ്ഥയിലല്ല. നട്ടുച്ചവെയിലിന്റെ തീഷ്ണതയാണ് അനുഭവപ്പെടുക.
കെട്ടകാലത്തിന്റെ വികൃതമുഖം ആവർത്തിച്ചു കാണുമ്പോഴും, പ്രത്യാശയുടെ ബാബമാരും, തായ് വമാരും ഇനിയും നഷ്ടപ്പെടാത്ത, അസ്തമിക്കാത്ത നന്മയുടെ പ്രഭാതകിരണമായി നോവലിൽ ജ്വലിച്ചു നില്ക്കുന്നു. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയമാണ് മാജിയുടെ അന്തർധാര.

തികച്ചും,  ചർച്ചചെയ്യപ്പെടേണ്ട സമകാലിക വിഷയം കൈകാര്യം ചെയ്യുന്ന മനോഹരമായ ഒരു നോവലാണ് *മാജി*




കുരുവിള ജോൺ

വേരുകൾ- മുഹ്സിന.ഒ.എ

മുഹ്സിന..
രണ്ടാം വർഷം ബികോം വിദ്യാർത്ഥി
അൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് 
ആൻഡ് മാനേജ്‌മന്റ്  സ്റ്റഡീസ് 
പെരുമ്പിലാവ് 






വേരുകൾ

വിദ്യ പഠിക്കാൻ സ്കൂ-
ളീ ചെന്നപ്പം.മാഷെ -
ന്നോടു ചോയ്ച്ചു,- ണ്ണിക്കുട്ടാ.....
നിന്റമ്മേടെ പേരന്താ?...
നിന്റച്ഛന്റെ പേരന്താ?....!


കൂടെ ക്കളിക്കണ ചെക്കന്റെ ക-
യ്യീ കടിച്ചപ്പം.ചെക്കന്റെ
ചേച്ചിയെന്നോടു ചോയ്ച്ചു,
നിന്റമ്മേടെ പേരന്താ?..
നിന്റച്ഛന്റെ പേരന്താ?..


അമ്പോറ്റിയെ തൊഴുതു കുറി വര-
ച്ചേന്നപ്പം.പൂജാരിയെ-
ന്നോടു ചോയ്‌ച്ചു,
നിന്റമ്മേടെ പേരന്താ?
നിന്റച്ഛന്റെ പേരന്താ?...


പൂരത്തിനു കൈവിട്ടോടിയെ-
ന്റെമ്മേനെ കാണാണ്ടായപ്പം. ഒരച്ഛാ-
ച്ചെനെന്നോടു ചോയ്ച്ചു ,
നിന്റമ്മേടെ പേരന്താ?
നിന്റച്ഛന്റെ പേരന്താ?...

മൂവാണ്ടൻ മാവിന്റെ മാങ്ങ - 
യ്ക്കു കല്ലറിഞ്ഞപ്പം.വീട്ടുകാ-
രെന്നോടു ചോയ്ച്ചു,
നിന്റമ്മേടെ പേരന്താ?
നിന്റച്ഛന്റെ പേരന്താ?...

കൂട്ടരുമൊത്തു വലിയെറി - 
ഞ്ഞു മീൻ പിടിച്ചപ്പം. മീൻകാ-
രെനെന്നോടു ചോയ്ച്ചു,
നിന്റമ്മേടെ പേരന്താ?
നിന്റച്ഛന്റെ പേരന്താ?..!

പത്തിലു എപ്ളസു വാങ്ങി പാസായപ്പം.കണ്ടവരൊക്കെ-
ചോയ്ച്ചു,
നിന്റമ്മേടെ പേരന്താ?..


കേട്ടു നിന്നു തിരിച്ചു ഞാ-
നൊന്നു ചോയ്ച്ചു ,ഞാന-
ല്ലെ മുന്നിൽ;  അച്ഛന്റെം
അമ്മേടേം പേരന്തിനാ?....

കൂടെ നിന്ന അച്ഛ-
നും അമ്മേം പറഞ്ഞു - ണ്ണിക്കുട്ടാ...
ഉണ്ണിക്കുട്ടനെ ഞാനാക്കിയത്
ഈ വേരുകളാണെന്ന്!!!

മുഹ്സിന..

യുദ്ധചിത്രങ്ങള്‍-സന്തോഷ് മലയാറ്റിൽ













സന്തോഷ് മലയാറ്റിൽ





യുദ്ധചിത്രങ്ങള്‍
മേല്‍ക്കൂരകളില്ലാത്ത
കൊട്ടാരമാണ് 
ഇന്നെന്റെ വീട്..!

ഇരുട്ടില്‍ വെളിച്ചം 
വിതറിയെത്തുന്നത്
നക്ഷത്രങ്ങളല്ല.
നിറതോക്കിലെ
തീപ്പൊരികള്‍..!

ഉമ്മ .
*****
വിമാനത്തിന്റെ 
മുരള്‍ച്ചയോടപ്പം
നിശ്ചലമായിപ്പോയ 
പകുതിയില്‍ അവശേഷിച്ച
ഒരു നിലവിളി...!

ഉപ്പ.
****
ആരോ തൊടുത്തവിട്ട
ഒരസ്ത്രത്തില്‍ 
സ്വാതന്ത്ര്യം  തേടിപ്പോയ
പോരാളി..!

രാജ്യം.
*****
ഓരോ സ്ഫോടനവും
തകര്‍ക്കുന്നത്
ഞങ്ങളുടെ 
നിസ്സഹായതയാണ്.

യുദ്ധം.
******
തിരിച്ചറിവിന്റെ
വിഷമ വൃത്തങ്ങളില്‍
എന്നാണ് നമ്മള്‍
പരസ്പ്പരം
യുദ്ധം ചെയ്യാന്‍ 
തുടങ്ങിയത്...?


ചന്തു 

ഉടൽപ്പൊലി-അനുജി കെ. ഭാസി















അനുജി കെ. ഭാസി




ഉടൽപ്പൊലി

നനഞ്ഞ ചിന്തകൾ
പെറുക്കി വെയ്ക്കണം
നടുത്തളങ്ങളിൽ
നിഴൽപൊലിക്കണം
വിടർന്നുവീണ്ടു മീ
സുഗന്ധമായ് വരും
വഴികളിൽ നിൻറ
പദമലിയണം
ചുവന്നസന്ധ്യയെ
പുണർന്നിറങ്ങുമീ
വിധുരയാമമായെനിക്കുറങ്ങണം
പുലരുവോളവും
മിടിക്കുമീ മനം
ഒരിക്കൽ നീ യൊന്നു

വിളിച്ചുണർത്തണം.

അനുജി കെ. ഭാസി

Wednesday, 29 March 2017

മൂന്നാറിൽ നിന്നും -സതീഷ് ബാലകൃഷ്ണൻ














സതീഷ് ബാലകൃഷ്ണൻ 
തൊടുപുഴ സ്വദേശി 
തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി,
ഗായകൻ ,ഫോട്ടോഗ്രാഫർ.


മൂന്നാറിൽ നിന്നും 

നാല് കുറുങ്കവിതകള്‍-സലാം ഒളവട്ടൂര്‍














സലാം ഒളവട്ടൂര്‍
മലപ്പുറം ഒളവട്ടൂര്‍ സ്വദേശി 
ഒരു പ്രവാസി 
,ജിദ്ദയിൽ ഡ്രൈവറായി വര്‍ക്ക് ചെയ്യുന്നു



നാല് കുറുങ്കവിതകള്‍
1.വിഭാര്യന്‍

ജീവിതകാലം   കലഹിച്ച് ജീവിച്ചിട്ടും 
പേരിന്‍റെ കൂടെയവളെ ചേര്‍ത്ത് 
 വെച്ചിട്ടാണയാളുടെ ഭാര്യ യാത്രയായത് .

2.പെണ്‍കോന്തന്‍

കാന്തനായി വന്നവനും
കോന്തനായി മാറും
കാലപ്പഴക്കം ചെല്ലുമ്പോള്‍.


3.പ്രവാസി പെട്ടി

കണക്ക് കൂട്ടിയെത്ര അടക്കി വെച്ചാലും 
പിന്നെയും ആധി ബാക്കി വെച്ച് 
മനക്കണക്കിലെണ്ണി കെട്ടുന്ന പെട്ടി.

4.കാത്തിരിപ്പ്

കരയിലണയാത്ത നീയിന്നും 
കിനാവിലൊഴുകുന്നുണ്ട് 
മോഹ പക്ഷികളുടെ കൂട്ടമായ് .

സലാം ഒളവട്ടൂര്‍ ,ജിദ്ദ

Tuesday, 28 March 2017

വയനാട്ടിൽ നിന്നും-ലിജി ജെയിംസ്














ലിജി ജെയിംസ്
കാസർകോഡ് സ്വദേശി
ഫോട്ടോഗ്രാഫി ഒരിഷ്ടം




























വയനാട്ടിൽ നിന്നും 

കോവളം - അസ്‌ലം തിരുർ

 അസ്‌ലം തിരുർ


കോവളം

ഹാ..ച്ഛീ..സജദില്‍ മുജീബ്


സജദില്‍ മുജീബ്



ഹാ..ച്ഛീ..
ആകാശോം ഭൂമീം കടലും മുഴ്‌വേനും കവിതായാത്രേ.. പക്ഷേ ഇന്നലൊര് കവി ഗോശ്രീ പാലത്തീ നിന്നോണ്ട് ഒരു കവിത ചൊല്ലി.. ഗോശ്രീതുരുത്ത് കാര് മാത്രം കയ്യടിച്ച്.. അപ്പളാണറിഞ്ഞത് ഓരോരുത്തരും അവരോര്ടെ തുരുത്തിലാത്രേ.. അവരിക്ക് തുമ്മാന്‍ മുട്ടുമ്പൊ ആഞ്ഞ് വലിക്കണ മൂക്കീപ്പൊടിയാത്രേ കവിത..
സജദില്‍ മുജീബ്

Sunday, 26 March 2017

കാർട്ടൂൺ20-മനോജ് മൂക്കൻതോട്ടം

മരുഭൂമിയിലെ കപ്പൽ 

ഒറ്റയാത്തി-ഷാലു ജോമോൻ















ഷാലു ജോമോൻ
കായംകുളം സ്വദേശം.
മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക.
കവിതാ സമാഹാരം- ഉള്ളടരുകളിൽ എഴുതപ്പെട്ടവ.




ഒറ്റയാത്തി

നീ ഇഷ്ടപ്പെടാതെ പോയ
എന്റെ 
പെൺ തത്വത്തിനെ
ഞാൻ ഒറ്റയാത്തി എന്ന്
ഓമന പേരിട്ട് വിളിക്കും.

കൂട്ടത്തിൽപ്പെടാതെ
ഭൂതകാലത്തിന്റെ മണൽക്കുഴികളിലേക്ക്
കുഴിയാനക്കാലുകളിൽ
ഒരു യാത്രക്ക് തുടക്കമിടും.

എന്റെ പരിണാമ ചക്രത്തിന്റെ ജനിതക നിയന്ത്രിതാവ്
അപ്പോഴും നീ തന്നെയായിരിക്കും!

മറന്നു പോയ വേരുകൾ
നീ കുഴിച്ചെടുക്കുമ്പോൾ
ഞാൻ എന്റെ പേര് തിന്ന് തീർക്കും!

നീയെന്റെ പേര് വിളിക്കരുതെന്ന്
പേരില്ലായ്മയുടെ ന്യായം നിരത്തുമ്പോൾ
നീ പുതിയൊരു 
പേര് തേടും.

സമജാതമായതിനെ തിരഞ്ഞ്
ഒരൊറ്റയാത്തി 
അലഞ്ഞു തിരിയും!
ഷാലു ജോമോൻ

കൂട്ട്-സൈനബ് ചാവക്കാട്















സൈനബ് ചാവക്കാട്




കൂട്ട്

അവൾ കൂട്ടുകൂടിയത്
എച്ചിൽ പാത്രങ്ങളോടും
അലക്കു കല്ലിനോടും
മാത്രമായിരുന്നു .

കാറ്റുകൊണ്ടു വരുന്ന
ഗന്ധങ്ങളുടെ അർത്ഥം
കരിയിലകൾക്ക്
പറഞ്ഞു കൊടുക്കും .

കാച്ചിയ എണ്ണ
മുടിയിഴകൾക്ക്
പങ്ക് വെച്ച് ,
കൊന്ത്രപ്പല്ല് മറച്ച്
കണ്ണാടിയോട്
പുഞ്ചിരിക്കും...

സീമന്തരേഖയിലെ സിന്ദൂരവും ,
കിടക്ക വിരിപ്പിൽ
ചിതറിയിട്ട മുല്ലമൊട്ടുകളും
സ്വപ്നം കണ്ടത്
തലയിണ യോട്
മന്ത്രിക്കും ...

അവളിപ്പോൾ
സുഖനിദ്രയിലാണ് .
തെക്കേ പുറത്ത്
അളന്നു നാട്ടിയ
ശിലക്ക് കൂട്ടായി ...
സൈനബ് ചാവക്കാട്