Sunday, 30 April 2017

കാർട്ടൂൺ28-മനോജ് മൂക്കൻതോട്ടം


                                                              യാത്രയയപ്പ് 

ബാല്യ വിവാഹം-സുഹ്‌റ പടിപ്പുര














സുഹ്‌റ പടിപ്പുര 



ബാല്യ വിവാഹം

കൈപിടിച്ചേൽപ്പിച്ചപ്പോൾ 
കൈവിട്ടുപോയത്‌ 
എന്റെ ബാല്യമായിരുന്നു.... 
പതിനഞ്ചിനെ പട്ടിൽ -പൊതിഞ്ഞപ്പോൾ
പട്ടടയിലേക്കെടുത്തത് -
എന്റെ മോഹങ്ങളാണ്...... 
മൈലാഞ്ചിച്ചോപ്പിൽമങ്ങിപ്പോയത് 
എന്റെ ഉള്ളിലെ കിനാവുകളാണ്... 
മണിയറയിൽ മരിച്ചു വീണത് 
എന്റെ മനസ്സായിരുന്നു.... 
കണ്ണീരിൽ കുതിർന്ന-
പൊന്നിനോടൊപ്പം 
ഉരുകിപ്പോയത് എന്റെ -
പ്രതീക്ഷകളാണ്.... 
നാലുചുമരുകൾക്കുള്ളിൽ 
കരിപിടിച്ചു കറുത്തുപോയത് 
എന്റെ സ്വപ്നങ്ങളാണ്..... 
ഇപ്പോഴും ഞാൻ ഊതി പുകക്കുന്നത് 
എന്റെ ജീവിതമാണ്... .!!

സുഹ്‌റ പടിപ്പുര 

വേനൽ പൂക്കുമ്പോൾ-ഷിബു നെല്ലായ














ഷിബു നെല്ലായ


വേനൽ പൂക്കുമ്പോൾ
വെയിൽമൂർച്ചയിലും
ഉള്ളം കുളിർപ്പിച്ച്‌
വേനൽപൂക്കുന്നു
കണിക്കൊന്നയുടുത്ത
പുലരിയിൽ,
വർണ്ണങ്ങൾപടർന്ന
സന്ധ്യയിൽ...
വേനൽമഴയിലെ
പുതുമണ്ണിൻ
മദഗന്ധം
മിഴിതുറപ്പിച്ച
രാത്രിലില്ലികളിൽ..
മുല്ലവള്ളിയിൽ
തേന്മാവിൽ..
കാറ്റിൽപടർന്ന
പേരറിയാത്ത
സുഗന്ധഭേദങ്ങളിലൂടെ
ഓർമ്മകളുടെ
തെളിനീരിലേക്ക്‌
ഊളിയിട്ടുയർന്ന
ഉണർവ്വിൽ
മഴയുണങ്ങി
മഞ്ഞുടുത്ത്‌
ജന്മവേഷങ്ങളുടെ
പകർന്നാട്ടങ്ങളിൽ
സ്വപ്നവേഗങ്ങളിൽ
മിന്നിമായാൻ
ഒരുക്കാതൊരുങ്ങിയ
അരങ്ങാണ്‌
ഋതുഭേദങ്ങളെന്ന്
തിരിച്ചറിയുന്നു,
ഒറ്റമരം
തളിർക്കുന്നു...
ഷിബു നെല്ലായ


Black magic- T. S. MUHAMMED SHAHSAD














T. S. MUHAMMED SHAHSAD 
Std XI 
NATIONAL HSS 
IRINJALAKKUDA




Black magic

It is an epic,fearful fight
Between two powers,black and white
With magic power and evils might
Black prevailed,cleaned white Light

Black put on,the white light
With power of evil and white lights might
He ruled the kingdom and showed his might
To those who dare question him and fight

I'm just a human, But I have light
No evil shall escape my sight
In the the brightest day and in the darkest night
Till  my last breath, I will fight

Saturday, 29 April 2017

നിലാ കാഴ്ചകൾ- സൈനബ് ചാവക്കാട്















സൈനബ് ചാവക്കാട്




നിലാ കാഴ്ചകൾ
            (1)
ഇരുട്ട്
വരച്ചിട്ട
കാണാകാഴ്ച്ചകളിലേക്ക്
കണ്ണാഴ്ത്തി
ദൂരങ്ങൾ താണ്ടുന്ന
ഏകാന്തപഥിക ..
           (2)
വ്യഥകൾ മറച്ച
നിന്റെ
നിലാ ചിരിയിലേക്കാണ്
ഞാനെന്റെ മുറിവുകൾ
പകർന്നു നൽകിയത് ....
            (3)
പെയ്തൊഴിയാത്ത
നിലാമഴയിൽ
മനം കുളിർത്തൊരു
ദേശാടനക്കിളി ...
           (4)
കാണാമറയത്തും
ഒറ്റനിലാവിന്റെ
മേൽമുണ്ടുടുത്ത്
നീയും ഞാനും ...
         ( 5 )
അഴിഞ്ഞു വീണ
നിലാ കാർക്കൂന്തലിൽ
കെട്ടുപിണയാനൊരു
 കറുത്തനിഴലാട്ടം ....
           (6)
നിലാവിൻ
മിഴിമുനയിലെ
കാവ്യം
മായ്ചിടുന്നു
പകലെന്നമാന്യൻ.....
സൈനബ് ചാവക്കാട്


ലഹരി- ഫാത്തിമത്തുൽ വഹീദ
















ഫാത്തിമത്തുൽ  വഹീദ 
കാസര്ഗോഡ് 
 


ലഹരി
മടിയേതുമില്ലാതെ നീ കുടിച്ചു 
വറ്റിച്ചതൊക്കെയും 
നിന്റെ ഉറ്റവരുടെ കിനാക്കൾ തന്നെആയിരുന്നില്ലേ ?

നിന്റെ നാസാരന്ദ്രത്തെ 
തൊട്ട് തലോടിയ 
രൂക്ഷ ഗന്ധത്തെ ഇത്രമാത്രം 
ആത്മാവിനോട് ചേർത്തു വെച്ചത് എന്തിനാണ് നീ ??

ലഹരി.. അതിനെ  നീ എത്രത്തോളം സ്നേഹിക്കുന്നുവോ..
നിന്നെ മറ്റുളവർ വെറുക്കുന്നു.. 

ലഹരിയില്ലാതെ ജീവിക്കാൻ 
ആവില്ലെന്ന് നാഴികക്ക് നാല്പതു വട്ടം 
വാചാലൻ ആവുന്നത് എന്തിനാണ് നീ ?

നീ പുറത്തു വിട്ട പുകമറയ്ക്കുള്ളിൽ 
കറുത്തിരുണ്ട അമ്മയുടെ സ്വപ്നങ്ങളെ നീ 
കാണാതെ പോയില്ലേ ?
നീ ചവച്ചു തുപ്പിയതൊക്കെയും 
നിന്റെ ഭാര്യയുടെ കണ്ണുനീരാണ് 

നീ മണത്തെറിഞ്ഞതൊക്കെയെയും 
നിന്റെ മക്കളുടെ വാത്സല്യമാണ് 
നീ തൊട്ട് കൂട്ടിയപ്പോൾ 
ഇല്ലാതാവുന്നത്  നിന്റെ അച്ഛന്റെ കരളാണ്.. 
പിടയുന്നത് പെങ്ങളുടെ ചൻകാണ്... 

ഒടുവിൽ നീ കൈനീട്ടി വാങ്ങിയ രോഗങ്ങളൊക്കെയും 
കുടുംബത്തിന്റെ അസ്തമിച്ച പ്രതീക്ഷകളാണ്... 

എന്നിട്ടും ജീവിതഭാരം കുറക്കാനെന്നു 
പറഞ്ഞു നശിച്ച ലഹരിയെ വീണ്ടും
വീണ്ടും കൂട്ടുപിടിക്കുന്നത് 
എന്തിനാണ് നീ ?
അതിൽ  നിന്നു നിനക്ക് കിട്ടിയതോ
സുഖത്തിനേക്കാൾ ദുഖം മാത്രം... 

നിന്റെ ജീവിതം ലഹരി നുണയുമ്പോൾ 
അപ്പുറത്ത് ഹൃദയ ഭാരവുമായി 
പൊലിഞ്ഞു തീരുന്ന കുറേ ജന്മങ്ങളുണ്ടെന്നു
വിസ്മരിക്കരുത് സഹോദരാ.. 
ഫാത്തിമത്തുൽ  വഹീദ

കവിയും പെണ്ണും..!-രതീഷ് കെ എസ്














രതീഷ് കെ എസ്




കവിയും പെണ്ണും..!

കവി
മണ്ണിനെയെഴുതുമ്പോൾ
പെണ്ണ്
അമരവള്ളികൾക്ക് തടംനനച്ചു.
പെണ്ണരങ്ങുകൾക്കവൻ.  പിന്നണിപാടുമ്പോൾ,
ആണടിവസ്ത്രവും അലക്കുകല്ലും അവൾക്കരികിലായിരുന്നു.
വിശപ്പിന്റെ വിശുദ്ധയുദ്ധമവൻ നയിക്കുമ്പോൾ,
വറ്റിയമുലയിലെ തന്റെ ഇളയകുഞ്ഞിനവൾ താരാട്ടുപാടി.
പ്രാണയത്ത ഉത്തമഗീതങ്ങളാക്കിയപ്പോൾ,
 ചുളിവില്ലാ കിടക്കയിലെ മറ്റേ തലയിണയവൾ ആർത്തിയോടെ പ്രാപിച്ചു.
സമരം അനീതികൾക്കെതിരായനേരം
ന്യായവിലക്കടയിൽ അവൾ
നീണ്ടനിരയുടെ വെയിൽത്തലപ്പിലായിരുന്നു.
ബന്ധങ്ങൾക്ക് വിലയിടുമ്പോൾ,
അവളെഴുത്തുമുറിയിൽ പടർന്ന
ചിതലും ചിലന്തിവലയും തട്ടി.
നിങ്ങൾക്ക് ഒന്നുമറിയില്ല...
കവി 
എഴുത്തിന്റെ വലിയലോകത്താണ്
പെണ്ണ് തന്റെ ചെറിയലോകത്തും...!!

(* എന്റെ പെണ്ണേ നീ ആണെന്റെ ലോകം..)

രതീഷ് കെ എസ്
( ഗുൽമോഹർ 009)

കടുക് പൂക്കൾ ഒറ്റപ്പെടാറുണ്ട്-റഹീം കപ്പോരത്ത്














റഹീം കപ്പോരത്ത്
മലപ്പുറം വെട്ടിച്ചിറ  സ്വദേശി 
യു.ഡി.സി, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് 
വി.എച്ച്.സി കുറ്റിപ്പുറം 




കടുക് പൂക്കൾ ഒറ്റപ്പെടാറുണ്ട്


രണ്ടായിരത്തി പത്ത് ജനുവരിയിലാണ് അവളെ ഞാനാദ്യം കാണുന്നത്. അജ്മീറിലെ ഖാജാ ഗരീബ് നവാസിന്‍റെ മജാറയിലെ പ്രാര്‍ത്ഥനക്ക് ശേഷം താരാഗഡ് മലയിലെ ഹസ്രത്ത് മീരാ സയിദ് ഹുസൈന്‍ അവര്‍കളുടെ മജാറയിലേക്കുള്ള യാത്രയിലായിരുന്നു അത്.തലയെണ്ണം ഇരുപത് രൂപ വെച്ച് ആളെ കയറ്റി പോകുന്ന ടാക്സിയില്‍ ഞാനും എന്‍റെ സുഹൃത്തുക്കളൂം ആദ്യമേ കയറി പുറം കാഴ്ചക്ക് ഏറ്റവും സൗകര്യ പ്രദമായ സ്ഥലം പിടിച്ചിരൂന്നു. അവളും  അവളുടെ അമ്മയും വന്നു  കയറിയതും ഡ്രൈവര്‍ ഇനി പുറപ്പെടാം എന്നര്‍ത്ഥത്തില്‍ നിറഞ്ഞ ചിരിയോടെ ഒരു ധാന്യച്ചാക്കെന്ന പോലെ ഞങ്ങളെ കുത്തി നിറച്ച വണ്ടിയുടെ വാതില്‍ തുന്നി കെട്ടി. 

അവള്‍ എടുപ്പിലും അഴകിലും വണ്ണത്തിലും ഒരു പതിനെട്ട്കാരിയായിരുന്നെങ്കിലും ഒരു പത്ത് വയസ്സുകാരിയുടെ കുട്ടിത്തവും കൗതുകവും ആയിരുന്നു ആ മുഖത്ത് നിറയെ.വിളഞ്ഞു നില്‍ക്കുന്ന ഒരു ഗോതമ്പ് പാടം ‍ പോലെയുള്ള നിറം, പൂത്തു നില്‍ക്കുന്ന ഒരു കടുക് പാടം പോലെയുള്ള മണം എന്നതില്‍ മാത്രം ആ സൗന്ദര്യ വര്‍ണ്ണന ഒതുക്കട്ടേ... വണ്ടി മുന്നോട്ട് നീങ്ങിയതും അവള്‍ ഒരു കൊച്ചു കുട്ടിയെ പോലെ ഉമ്മയോട് ഉറുദുവില്‍ ശാഠ്യം പിടിക്കുന്നതായി തോന്നി. ഒരു നിമിഷം എന്‍റെ കൗതുകം ആ ഉമ്മയുടെ കണ്ണുകളിലേക്ക് വീണപ്പോള്‍ അവര്‍ പറഞ്ഞു അവള്‍ക്ക് വിന്‍ഡോ സീറ്റിലിരിക്കാനുളള വാശിയാണെന്ന്. 

ആരവല്ലിയുടെ വന്യ സൗന്ദര്യവും നിഴലൊളിക്കാന്‍ പോലും ഇടമില്ലാത്ത സ്വര്‍ണ്ണ വെയിലില്‍ സൂഫി മക്ബറകളില്‍ നിന്ന് മക്ബറകളിലേക്ക് പ്രയാണം നടത്തുന്ന ജനുവരിയിലെ ശീതക്കാറ്റും വിന്‍ഡോ സീറ്റിലിരുന്നു നുകര്‍ന്ന് കൊണ്ടിരുന്ന ഞാന്‍ മനമില്ലാ മനമോടെ സീറ്റിന്‍റെ  മദ്ധ്യത്തിലോട്ട്  പിന്‍വാങ്ങി.അവളുടെ കണ്ണുകളിലെ ബാല്യ കൗതുകത്തിന് മുന്നില്‍ ഒരു വലിയ ത്യാഗം ചെയ്ത ആത്മനിര്‍വൃതിയുടെ പുഞ്ചിരി പ്രയാസപ്പെട്ട് മുഖത്ത് വരുത്തി ഉമ്മയോട് ചോദിച്ചു 

എന്താ മോള്‍ടെ  പേര് ? 

അവരുടെ ജപം മുടങ്ങാത്ത ചുണ്ടുകള്‍ക്കീടയിലൂടെ ഊര്‍ന്നു വീണു ''ബാസിമ ഖാത്തും ''


ബാസിമാ .സദാ പുഞ്ചിരിക്കുന്നവള്‍ .... ഇടത്തേ വിന്‍ഡോയില്‍ മടക്കി വെച്ച കൈകളില്‍ മുഖമൂന്നി ആരവല്ലി നിരകളില്‍ ചൂളമടിച്ച് വരുന്ന കാറ്റിലുലയുന്ന തട്ടത്തെ വട്ടമുഖത്തിന്‍ പാതി മൂടി ഇറുക്കിയണച്ച് അവള്‍ അതി വേഗതയിലോടുന്ന വണ്ടിക്കൊപ്പം പറക്കുകയാണെന്ന് തോന്നി.ആകാശത്തിന്‍റെ അതിരുകള്‍  തൊടാന്‍ ഞാണില്‍ നിന്ന് കുതറിയോടാന്‍ ശ്രമിക്കുന്ന പട്ടത്തെ പോലെ അവള്‍ പലപ്പോഴും  പുറത്തേക്ക് പറന്നകലുമോയെന്ന് പോലും തോന്നി. അവളുടെ കൊച്ചു മുഖത്തെ കൗതുകം ഒന്ന് കൊണ്ട് മാത്രം എന്‍റെ കണ്ണുകള്‍ സൈഡ് മിററിലുറച്ചു നിന്നു. 


പരന്ന് കിടക്കുന്ന മരുഭൂമികളില്‍ നാട്ടി വെച്ച മലകള്‍ .ഇടയ്ക്കിടയ്ക്ക് പൂത്തുലഞ്ഞു നില്‍ക്കുന്ന കടുക് പാടങ്ങള്‍ . താരാഗഡ് ചുരം ചൂളമടിച്ചിറങ്ങുന കാറ്റിനെ കീറിമുറിച്ച് അതി വേഗതയില്‍ തുഴയെറിയുന്ന സാഹസിക ഡ്രൈവര്‍. ബാസിമ ഉന്മാദ ലഹരിയില്‍ തന്നെയായിരുന്നു. ശീതക്കാറ്റില്‍ വിണ്ടു പോകുന്ന ചുണ്ടിലേക്ക് ഇടയ്ക്കിടെ എത്തി നോക്കുന്ന നാക്കും , പാതി മൂടിയ മൂക്കിനപ്പുറം കാറ്റിലാടുന്ന മൂക്കുത്തിയും , വിസ്മയങ്ങളുടെ മായാച്ചെപ്പിലേക്ക് അവള്‍ പറന്നിറങ്ങുന്നതുമായ എന്‍റെ കാഴ്ച കൗതുകം സൈഡ് മിററില്‍ തന്നെയുടക്കി നിന്നു. 


താരാഗഡ് മലനിരയിലെ ഉച്ചിയില്‍ പ്രിഥ്വിരാജ് ചൗഹാന്‍റെ കുതിരക്കുളമ്പടി മുഴങ്ങിയ കോട്ടയില്‍ നിന്നും മീരാന്‍ ഒൗലിയയുടെ മക്ബറയില്‍ നിന്നും  അവള്‍ കണ്ട  അത്ഭുതകാഴ്ചകളുടെ മാറ്റൊലി  ആരവല്ലി മലചെഞ്ചെരുവില്‍ ഊഞ്ഞാലാട്ടാന്‍ ശ്രമിക്കുമ്പോള്‍ ബാസിമയെ അവളുടെ അമ്മ ആരും കാണാതെ പിച്ചിയും നുള്ളിയും ശാന്തയാക്കാന്‍ ശ്രമിച്ച് കൊണ്ടേയിരുന്നത് എന്‍റെ മനസ്സിന്‍റെ സൈഡ് മിററില്‍ ഞാന്‍ കണ്ട് കൊണ്ടേയിരുന്നു.   

എപ്പഴോ അത് ശ്രദ്ധിച്ച ഞങ്ങളുടെ കൂട്ടത്തിലെ കുഞ്ഞി ഹൈദ്രു പറഞ്ഞു 


'' ആ കുട്ടിക്ക് നല്ല സുഖല്ല്യാന്നാ തോന്നണ്.. ഖാജയുടെ കറാമത്ത് കൊണ്ട് അതിന്‍റെ അസുഖം മാറട്ടേ '' 

ആമീന്‍ എന്ന് പറയുന്നതിന് മുന്‍പേ അവളുടെ അമ്മ 

'' അബള്‍ക്ക് ഒരു ദെണ്ണം  ഇല്ല '' 

അവര്‍ മലയാളം പഠിച്ചത് ചരലിലെഴുതിയാണോയെന്ന് തോന്നി. അത് കേട്ടതും ആമീന്‍ ചൊല്ലാനുയര്‍ത്തിയ നാക്ക് മടക്കി ഞങ്ങള്‍ നാല് പേരും കല്ല് വീണ കുളത്തിലെ പരല്‍  മീനുകളെ പോലെ നാല് ദിക്കിലേക്കുള്‍വലിഞ്ഞു  പോയി.

ഖാജാ ഗരീബ് നവാസിന്‍റെ മുന്നില്‍ വെച്ച പ്രാര്‍ത്ഥനകള്‍ മീരാന്‍ ഒൗലിയയുടെ ശുപാര്‍ശയും വാങ്ങി ഞങ്ങള്‍ ചുരമിറങ്ങി. എല്ലാരും തളര്‍ന്നിരുന്നു.  വണ്ടിയില്‍ കാറ്റിന്‍ ചൂളമൊഴികെ നിശ്ശബ്ദത. ബാസിമയുടെ മുഖം സൈഡ് മിററില്‍ തന്നെ.  പുഞ്ചിരിക്കുന്ന മുഖവുമായി സീറ്റില്‍  ചാരിയുറങ്ങുന്നു . നിഗൂഡതകള്‍ക്ക് മേല്‍ പത്തി താഴ്ത്തിയുറങ്ങുന്ന ഒരു സര്‍പ്പത്തെ പോലെ..   കാറ്റിലാടുന്ന ഗോതമ്പ് പാടങ്ങള്‍ പോലെ  അലസമായി അനുസരണയില്ലാതെ  ആനന്ദനൃത്തമാടുന്ന അവളുടെ ചെമ്പന്‍ മുടിയും മൂക്കുത്തിയുടെ കിലുക്കവും മാത്രം വണ്ടിയില്‍  നിറഞ്ഞു നിന്നു


പിറ്റേന്ന് പുലര്‍ച്ചെ ഖാജയുടെ കാലടിയില്‍ ഇറക്കി വെച്ച കദനങ്ങളുടെ ഭാണ്ഡക്കെട്ടൂകള്‍ക്ക് പകരം ആത്മീയ നിര്‍വൃതിയുടെ ഭാണ്ഡം മരുസാഗറിന്‍റെ ബര്‍ത്തില്‍ അട്ടിയിട്ട് ഞങ്ങള്‍ നിര്‍വൃതിയോടെ നാട്ടിലേക്ക് മടങ്ങി 

 ഞങ്ങളില്‍ ഒാരോരുത്തര്‍ക്കും ഒാരോ കാരണങ്ങള്‍ ഒത്തു വന്നപ്പോള്‍  അതേ വര്‍ഷം ഡിസംബറില്‍ ഞങ്ങള്‍ വീണ്ടും അജ്മീറിലെത്തി. 

സ്ഥിരം താവളത്തിലെത്തി യാത്രാക്ഷീണം മാറ്റി
,  ഖാജയെ കണ്ട് സലാം പറഞ്ഞ് ഇനിയെന്തെങ്കിലും കഴിക്കാം എന്ന് കരുതി അക്ബര്‍ പള്ളിക്കും ഷാജഹാന്‍ പള്ളിക്കും മദ്ധ്യേയുള്ള പടിഞ്ഞാറന്‍ ഗേറ്റിലൂടെ പുറത്തിറങ്ങി  വേങ്ങരക്കാരന്‍ ഇക്കയുടെ കടയില്‍ കയറി ഭക്ഷണം കഴിച്ച് നഗരത്തിന്‍റെ  അലസക്കാഴ്ചകളിലേക്ക് വെറുതെ നടന്നു.

കഞ്ചാവിന്‍റേയൂം കറുപ്പിന്‍റേയൂം ലഹരി പുകയുന്ന, വ്രണപ്പെട്ട മനസ്സും വ്രണപ്പെട്ട ശരീരങ്ങളും ഭിക്ഷാ പാത്രവുമായി ഇഴയുന്ന , കാശ്മീര്‍ പൂക്കളുടേയും ചന്ദനത്തിന്‍റേയും സുഗന്ധം നുരയുന്ന ഇടുങ്ങിയ തെരുവുകളിലൂടെ വൃത്തിയും വെടിപ്പും നോക്കി ശരീരം വെട്ടിച്ചും കാല്‍ വലിച്ച് വെച്ചും  ചാടിയും നടക്കുന്നതിനിടയിലാണ് ഒരിക്കല്‍ കൂടി ബാസിമയെ കാണുന്നത്.

ദ്രവിച്ച് നിലം പൊത്താറായ നരച്ച ഒരു കെട്ടിടത്തിന്‍റെ കുടുസ്സ് മുറിക്ക് മുന്നിലെ അഴുക്ക് ചാലിലേക്ക് നിരത്തി വെച്ച വാതില്‍ പാളികള്‍ക്ക് മുകളില്‍ കൊച്ച്  കൊച്ച് കണ്ണാടി പാത്രങ്ങളിലായി മോതിരക്കല്ലുകള്‍. മേലേ വലിച്ച് കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ്. അതിന് താഴെ തൂക്കിയിട്ട ദസ്ബി മാലകളും കൊച്ച് കല്ലു മാലകളും. അതിനടിയില്‍ പൈജാമയും കുര്‍ത്തയും അണിഞ്ഞ് ഒരു കാലിന്‍റെ മുട്ട്  മേല്‍പ്പോട്ട് മടക്കിയും മറുകാല്‍ ചമ്രം പടിഞ്ഞും ഒരു ഉറുദു വാരികയില്‍ കണ്ണും നട്ട് അവളിരിക്കുന്നു. ഇനിയും കൊയ്തെടുക്കാത്ത വിളഞ്ഞ് പാകമായ ഒരു ഗോതമ്പ് കതിര്‍ പോലെ നടുവൊടിഞ്ഞ് മുന്നിലേക്കല്‍പ്പം ചാഞ്ഞ് കിടക്കുന്നു. 


ഞാനും കൂട്ടുക്കാരും അവിടെ നിന്നു. കൂടെയുള്ളവരുടെ ഒാര്‍മ്മകളിലേക്ക് ബാസിമയെ തിരുകി കയറ്റാന്‍ താരാഗഡ് ചുരം കയറുന്ന ഒരു വണ്ടിയുടെ കഠിന പ്രയത്നം  എനിക്കും ചെയ്യേണ്ടതായി വന്നു. മോതിരക്കല്ലുകളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളില്‍ വിശ്വസിക്കുന്ന ഹക്കീം ആകാശ നീലിമ നിറത്തിലുള്ള ഒരു കല്ലെടുത്ത് പരിശോധിച്ചപ്പോഴാണ് അവള്‍ ശരിക്കും  മുഖമുയര്‍ത്തി ഞങ്ങളെ നോക്കിയത്.  ബാസിമയുടെ  നിറഞ്ഞ് തുളുമ്പുന്ന പുഞ്ചിരിക്ക് ഒരു  കുറവും ഇല്ല. പക്ഷെ കണ്ണുകളിലെ പഴയ കുട്ടിത്തവും കൗതുകവും അല്പം കുറഞ്ഞതായി തോന്നി. 


ആ പ്രാവശ്യം അജ്മീറില്‍ തങ്ങിയ ആ ആഴ്ചയിലെ മൂന്ന് നാളും മൂന്ന് നേരത്തെ ഭക്ഷണത്തിന് ശേഷവും ഞങ്ങള്‍ ബാസിമയുടെ കടയിലെ നിത്യ സന്ദര്‍ശകരായി. വെറുതെ അവളോട് സംസാരിക്കാനായി മാത്രം ഒാരോ കല്ലിന്‍റെയും ഗുണങ്ങളും വിലയും ചോദിച്ചറിയും. ഹഖീഖത്തും ത്വരീഖത്തും നുജൂദും ഫൈറുസും മര്‍ജാനും കൊണ്ട് വരുന്ന ഭാഗ്യത്തേയും എെശ്യര്യത്തേയും കുറിച്ച് അവള്‍ ആരോ പഠിപ്പിച്ച് വിട്ട തത്തയെ പോലെ  വാചാലയാകും. 


ഞങ്ങളുടെ ഒാട്ട വീണ മുറി ഹിന്ദിയെ ബാസിമ പലപ്പോഴും മലയാളം കൊണ്ട് പ്രതിരോധിക്കാന്‍ ഒരു ശ്രമം നടത്തുമ്പോള്‍ കൂട്ടച്ചിരിയുയരാറുണ്ടായിരുന്നു. കേരളത്തെ കുറിച്ചും മലയാളിയെ കുറിച്ചും പൊന്നാനിയെ കുറിച്ചും ഒാര്‍മ്മകളില്‍ തോട്ടി കെട്ടിയറുത്തെടുത്ത ചില മലയാള പദങ്ങള്‍ കൊണ്ട് മലയാള മണ്ണിന്‍റെ സുഗന്ധം അവള്‍ തേടാന്‍ ശ്രമിക്കുമ്പോള്‍ , പലപ്പോഴും അറബിക്കടലിന്‍റെ തീരത്തിരുന്ന് കടല്‍ക്കാറ്റേറ്റ് അറേബ്യന്‍ അത്തറിന്‍െ സുഗന്ധം തേടാന്‍ ശ്രമിക്കുന്ന കാല്‍പ്പനിക കഥയിലെ ഒരു രാജകുമാരിയെയാണ് ഒാര്‍മ്മിപ്പിച്ചത്.

മോതിരക്കല്ലുകള്‍ക്ക് മേല്‍ സൗഹൃദ സംസാരങ്ങളുടെ  ചിരിമുത്തുകള്‍ പൊഴിയുമ്പോള്‍  അകത്ത് നിന്ന് നീട്ടിയൊരു വിളിയാണ് 

'' ബാസി... ഇദര്‍ ആ '' 

ഒരു ചുണ്ടെലിയെ പോലെ കുടുസ് മാളത്തിലേക്കവള്‍ തലവലിച്ച് മടങ്ങുമ്പോള്‍ ഉമ്മയെത്തും . ചരലില്‍ മുക്കിയെറിയുന്ന  മലയാളത്തില്‍ 
'' എന്താ കാക്കാ ബേണ്ടത് '' എന്ന് ചോദിച്ച് , അത്തര്‍ മണക്കുന്ന വടിവൊത്ത് അലക്കി തേച്ച മലയാളി വസ്ത്ര വിധാനത്തെ അടിമുടിയൊന്ന് അളക്കും. വിലപേശാനും തര്‍ക്കിക്കാനുമുള്ള മലയാളിയുടെ സഹജബോധത്തോടുള്ള പരിഹാസമായാണ് അതെന്ന് തോന്നി പോകും. നിഗൂഡതക്ക് മേല്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു പാമ്പിനെ പോലെ അവര്‍ നില്‍ക്കുമ്പോള്‍ പതുക്കെ ഞങ്ങളും ഉള്‍വലിയും. 


ഒടുവില്‍ തിരിച്ച് പോകുന്നതിന്‍റെ തലേ ദിവസം വൈകീട്ട് അവളുടെ കടയിലെ അവസാന സന്ദര്‍ശത്തിനിടയില്‍ ഞങ്ങളും ഒരുപാട് മോതിരക്കല്ലുകള്‍ വാങ്ങി. പേരറിയുന്നതും അറിയാത്തതുമായ ഭാഗ്യങ്ങളും എെശ്വര്യങ്ങളും ആര്‍ക്കെങ്കിലും എപ്പോഴങ്കിലും കൊണ്ടു വരുമെന്ന പ്രതീക്ഷയുടെ കൊച്ചു കൊച്ചു മുത്തുകള്‍ അവളുടെ ഉള്ളം കയ്യില്‍ എണ്ണി പകര്‍ന്ന് നല്‍കുമ്പോള്‍  , രത്നം കാക്കുന്ന നാഗത്തെ പോലെയുള്ള അവളുടെ കണ്ണുകളായിരുന്നു അതില്‍ ഏറ്റവും തിളങ്ങിയത്‌.  ഭാഗ്യങ്ങളുടെ രത്നങ്ങള്‍ക്ക് മേല്‍ ഇരിക്കുന്നത് നിര്‍ഭാഗ്യങ്ങളുടെ രാജകുമാരിയോ എന്ന എന്‍റെ മനസ്സിലെ  ചിന്തകളോടെ അവളോട് സലാം പറഞ്ഞ് ഖാജയോട് വിടവാങ്ങല്‍ പ്രാര്‍ത്ഥന നടത്താന്‍ മജാറയിലേക്ക് ഞങ്ങള്‍ നടന്ന് നീങ്ങി.



അന്ന് വെള്ളിയാഴ്ച രാവായിരുന്നു. ഖാജയുടെ രാജസദസ്സ് ഏറ്റവും പ്രൗഡഗാംഭീര്യത്തോടെ ഉണര്‍ന്നിരിക്കുന്ന രാവ്. സിന്ധികളും കാശ്മീരികളും പാഴ്സികളും ജൈനരും ഗരീബ് നവാസിന്‍റെ കാല്‍ക്കല്‍ പട്ടും പൂവും കൊണ്ട് മൂടാന്‍ അണമുറിയാതെ ഒഴുകി കൊണ്ടിരുന്നു. ഖവാലികളും മദ്ഹുകളും കൊണ്ട് സംഗീത സാന്ദ്രം... ഭക്തി സാന്ദ്രം.. ആര്‍ത്തനാദങ്ങളും വിലാപങ്ങളും കൊണ്ട് പ്രാണന്‍ പകുത്ത് നല്‍കി മറുപാതി പ്രാണന് വേണ്ടി  കെഞ്ചുന്നവര്‍. വെണ്ണക്കല്ലില്‍ തലതല്ലികരഞ്ഞ് ഖാജയുടെ കാല്‍പ്പാദങ്ങളില്‍ രക്തം കൊണ്ടും കണ്ണീര്‍ കൊണ്ടും പൂജ നടത്തുന്നവര്‍ . കണ്ണ് ചിമ്മി തുടങ്ങിയ നഗരത്തില്‍ ഉണര്‍ന്നിരിക്കുന്നത് ഖാജയും ഭക്തരും മാത്രം.



രാവേറെയായപ്പോള്‍ ഞാനും മജാറയില്‍ നിന്ന് പുറത്തിറങ്ങി. കൂടെയുള്ളവരെല്ലാം കൂട്ടം തെറ്റി പോയിരുന്നു. മഞ്ഞ് വീണ് മരവിച്ച വെണ്ണക്കല്‍ പാളികളിലൂടെ , നേടിയ ആത്മീയ നിര്‍വൃതിയുടെ കരിമ്പടം പുതച്ച് മഖ്ബറയുടെ മുകളിലെ സ്വര്‍ണ്ണ മകുടം ഒരു വട്ടം കൂടി മനം കുളിര്‍ക്കെ കണ്ടാസ്വാദിച്ചു. ചൊല്ലി തീര്‍ത്ത ദിക്റുകളെ സമ്പാദ്യങ്ങളായി ആര്‍ത്തിയോടെ ഈന്തപ്പഴക്കുരുവില്‍ എണ്ണിത്തീര്‍ക്കുന്ന ഖാദിമുകള്‍ , തിളച്ച് മറിയുന്ന ലംഗര്‍ ചെമ്പുകള്‍ കണ്ടങ്ങിനെ സെല്‍ഫി സ്റ്റിക്കുകള്‍ക്കിടയില്‍ ഞാഞ്ഞും കുനിഞ്ഞും നടക്കുന്നതിനിടയിലാണ് പിന്നേയും ഒരിക്കല്‍ കൂടി ബാസിമ കണ്ണില്‍ പെടുന്നത്


പെണ്‍രോദനങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ മജാറയുടെ പടിഞ്ഞാറേ ഭിത്തിക്കിയ്പ്പുറം അവള്‍ പ്രാര്‍ത്ഥനയിലാണ്. ചിരിച്ച മുഖവും വിടര്‍ന്ന കണ്ണുകളും. ഖാജയുടെ കാരുണ്യത്തിനും കടാക്ഷത്തിനുമായി മുഴങ്ങുന്ന പെണ്‍രോദനങ്ങള്‍ക്കിടയില്‍ അവളെ കാണുമ്പോള്‍ മദിച്ചൊഴുകുന്നൊരു പുഴയില്‍ നില തെറ്റാതെ ശാന്തമായി ഒഴുകുന്ന ഒരു കടലാസ് തോണിയെ പോലെ തോന്നി. ഭക്തിയുടെ പാരവശ്യത്തിലവളെത്തുമ്പോള്‍ വില്ലു പോലെ മുന്നോട്ടും പിറകോട്ടും വളയുന്നു. കാറ്റിലാടുന്ന ഒരു മെഴുക് നാളം തിരിയോട് ചേര്‍ന്ന് നില്‍ക്കാന്‍ പാട്പെടും പോലെ. കുറച്ചകലെ മാറി അവളുടെ ഉമ്മ ഷാജഹാന്‍ പള്ളിയുടെ ഭിത്തിയോട് ചാരി ഖുര്‍ആന്‍ പാരായണത്തിലാണ്. ധാരധാരയായി ഒഴുകുന്ന കണ്ണീര്‍ അവരുടെ പാരായണത്തിന് വലിയ തടസ്സമാകുന്നതായി തോന്നി. ഞാനവരുടെ അടുത്തു ചെന്നു . 
വലിയൊരു പരിചയ ബോധം ഉള്ളിലാവാഹിച്ച് പറഞ്ഞു. 

''ഞങ്ങള്‍ നാളെ രാവിലെ മടങ്ങും '' 

'' ഊം ''  ഒരമര്‍ത്തി മൂളല്‍ .

ഒരു ചെറിയ ഇടവേളയിട്ട് 

'' ബാസിമയ്ക്ക് വല്ല അസുഖവും '' എന്‍റെ മനസ്സിലെ മുന്‍വിധി അങ്ങനെ ചോദിക്കാനാണ് തോന്നിപ്പിച്ചത്. 

അവര്‍ ഖുറാനിലെ ഒാതിക്കൊണ്ടിരുന്ന താളില്‍ മുത്തമിട്ട് മടക്കി , കണ്ണീരില്‍ ചാലിച്ച് കുതിര്‍ന്ന സുറുമ കാര്‍മേഘം പടര്‍ത്തിയ  കവിളില്‍ ഖുറാന്‍ മാറി മാറിയണച്ച് മൂടിയ കണ്‍തടം കൊണ്ട് തലോടി. പിന്നെ അഗ്നി പര്‍വതം പിളര്‍ന്ന പോലെ നെഞ്ചില്‍ നിന്നൊരു ചുടുക്കാറ്റുതിര്‍ത്തു. ഡിസംബറിലെ കൊടും തണുപ്പിലും എന്നെ പൊള്ളിക്കാന്‍ മാത്രം ചൂടുണ്ടായിരുന്നു ആ നിശ്വാസത്തിന്.  ഒാര്‍മ്മകളിലേക്ക് അവര്‍ ചുരുണ്ട് കൂടുംതോറും കണ്ണുകള്‍ക്ക് തിളക്കവും കൂടി വന്നു. മങ്ങിത്തുടങ്ങിയ മൈലാഞ്ചി ചുവപ്പിന്‍റെ കയ്യാല്‍ മുഖമൊന്നര്‍ത്തി തുടച്ചപ്പോള്‍  സുറുമയിട്ട കണ്ണുകളില്‍ ഗുല്‍മോഹര്‍ പൂത്തുലഞ്ഞു. പുറത്തേക്കെത്തി നോക്കുന്ന ചുളിവ് വീണ മേനി ഭാഗങ്ങളെല്ലാം പൈജാമയും കുര്‍ത്തയും ഷാളുമെല്ലാം  വലിച്ചൊതുക്കി മറച്ച് ഒരു നീലവിരിജാലകത്തിനപ്പുറത്തെ കഥകളിലേക്കെന്നെ അവര്‍  ആനയിച്ചു.


ഗുല്‍മോഹര്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുല്‍ബര്‍ഗയിലാണ് ഫരീദാ ഖാത്തും പൂത്തത്. മൊഹല്ല പ്രമാണി ഏതോ ഒരു  ഖാനിന്‍റെ അഞ്ച് പെണ്‍പൂക്കളില്‍ ആദ്യം പൂത്തത് അവളായിരുന്നു. അവളുടെ ലോകം വളരെ ചെറുതായിരുന്നു.രാവിലെ  കുതിരപ്പൂട്ടിയ വണ്ടിയില്‍ മൂടുപടമണിഞ്ഞൊരു യാത്ര പിതാവ് കൂടി അംഗമായ ദര്‍ഗാ കമ്മിറ്റി നടത്തുന്ന യതീംഖാനയിലേക്ക്. അനാഥക്കുഞ്ഞുങ്ങള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍.  ഉച്ചയാകുമ്പോഴേക്കും തിരിച്ചെത്തും . കേവലം മൂന്ന് കിലോമീറ്റര്‍ വരുന്നൊരായാത്രയില്‍ അവള്‍ മൂടുപടത്തിലൊളിഞ്ഞ് ആരും കാണാതെ  സ്വാതന്ത്രത്തിന്‍റേയും ആസ്വാദനത്തിന്‍റേയും ശുദ്ധവായു ആവോളം  ശ്വസിക്കുകയും , പിന്നെ ഒട്ടകം വെള്ളമെന്ന പോലെ ശേഖരിക്കുകയും ചെയ്തു പോന്നിരുന്നു.  നിഷേധിക്കപ്പെട്ടതിനേയും അന്യമാക്കപ്പെട്ടതിനേയുമെല്ലാം  ഒരു നീല ജാലക വിരിയ്ക്കിപ്പുറം തനിക്ക് തന്നെ വേണ്ടി പാടാനും മൂളാനും വരയ്ക്കാനും ഒരിത്തിരി ശുദ്ധവായുവിനായി എന്നും അതിയായ ആഗ്രഹത്തോടെ അവള്‍ കുതിര വണ്ടിയില്‍ പോകുമായിരുന്നു. കൊച്ച് ലോകത്തെ വലിയ വലിയ കാര്യങ്ങള്‍ എഴുതിയ കടലാസുകള്‍ക്ക്  നിറം മങ്ങുമ്പോള്‍ ജാലക വിരി മാറ്റി നശിച്ച നഗരത്തിന്‍റെ,  തനിക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്രത്തിന്‍റെ മാറിലേക്ക് പകയോടെ എറിയും. ആ ജാലക വിരിയ്ക്കപ്പുറവും അവള്‍ക്ക് എന്നും  നരകമായിരുന്നു . ഉള്ളിലുള്ള ചേദനകളുടെ തിരിനാളങ്ങളെ കെടുത്തുന്ന നഗരത്തിന്‍റെ ദുഷിച്ച കാറ്റല്ലാതെ ആ നീല വിരിയക്കപ്പുറം നിന്നും ഒരു   നാളും ഒന്നും അവളെ തേടിയെത്തിയിരുന്നില്ല, ഒരു നാള്‍ അപ്പുറത്തെ ചേരിയിലെ പുത്തന്‍ താമസ്സക്കാരനായ  ഹസ്സന്‍ ഭായിയുടെ ടേപ്പ് റെക്കോര്‍ഡറില്‍ നിന്ന് മെഹ്ദി ഹസ്സനും തലത്ത് മഹ്മൂദൂം ഉണരുന്നത് വരെ. 
ഗുല്‍ബര്‍ഗ ദര്‍ഗയ്ക്ക് സമീപം  മോതിരക്കല്ലുകളുകളുടെ ഭാഗ്യം പരീക്ഷിക്കാനെത്തിയ ഒരു കച്ചവടക്കാരനായിരുന്നു പൊന്നാനിക്കാരന്‍ ഹസ്സന്‍ ഭായ്. 

മെഹ്ദിയും മഹ്മൂദും ഉറങ്ങുന്നത് വരെ ഫരീദയും ഹസ്സനും ഉണര്‍ന്നു കൊണ്ടേയിരുന്നൂ. പിന്നീടങ്ങോട്ട് എന്നും  നീലവിരിയിട്ട ജാലകം അവര്‍ക്കായി  തുറന്ന്  തന്നെ കിടന്നു. ഗസലുകള്‍ക്കൊപ്പം കണ്ണുകളില്‍  പ്രണയത്തിന്‍റെ ജുഗല്‍ബന്ദികള്‍ തകര്‍ത്താടി. താരചന്ദ്രന്മാര്‍ നീലപ്പട്ട് വിരിയിച്ച രാവുകളില്‍ മട്ടുപ്പാവുകളില്‍ അവര്‍ സ്വപ്നങ്ങള്‍ കണ്ട്  സമ്മേളിച്ചു. 


ഒരു അസര്‍ നമസ്ക്കാരത്തിനിടയില്‍ ഫരീദ സുജൂദീലേക്ക് തലകറങ്ങി  വീണപ്പോഴാണ് അവളില്‍ ബാസിമ വളര്‍ന്നുവരുന്ന കാര്യം അറിഞ്ഞത് തന്നെ. ഒരു നാള്‍  കുതിരവണ്ടിയില്‍ പോയ അവളെത്തിച്ചേര്‍ന്നത് ഗുല്‍ബര്‍ഗ റെയില്‍വേ സ്റ്റേഷനിലായിരുന്നു. ആകെയുള്ള സമ്പാദ്യമായി ഒരു തോല്‍പ്പെട്ടി നിറയെ മോതിരക്കല്ലുകള്‍ മാറോടണക്കി ഹസ്സന്‍ ഭായ് അവളെ അവിടെ  കാത്തിരുന്നിരുന്നു.  പിന്നെ ഭാഗ്യതാരങ്ങളുടെ കച്ചവടക്കാരായി സൂഫി മക്ബറകളില്‍ നിന്നും മക്ബറകളിലേക്ക് അവര്‍ ജീവിത പ്രയാണം ആരംഭിച്ചു. ഇതിനിടയില്‍ ബാസിമ വന്നു. കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും മനം തുറന്ന് ചിരിക്കാന്‍ അവര്‍ക്ക് ദൈവം നല്‍കിയ ഒരേയൊരു  മുത്ത്.

പക്ഷെ കാലം ചിലത് ചിലര്‍ക്ക് വേണ്ടി  കരുതി വെച്ചിട്ടുണ്ടായിരിക്കും.  ഫരീദയുടെ യൗവനത്തെ കാന്‍സറിന്‍റെ കീടങ്ങള്‍ കരണ്ട് തുടങ്ങിയിരുന്നൂ. ഹസ്സന്‍ ഭായ് അവളെ  ആശുപത്രികളില്‍ നിന്ന് മഖ്ബറകളിലേക്കും മഖ്ബറകളില്‍ നിന്ന് ആശുപത്രികളിലേക്കും തോളിലേറ്റി മുന്നോട്ട്  തന്നെ പോയി കൊണ്ടിരുന്നു. മണിപ്പാല്‍ ആശുപത്രിയിലെ നീണ്ട ചികിത്സയ്ക്ക് ശേഷം ഫരീദ കൈവിട്ട് പോയെന്ന് കരുതിയ ജീവിതത്തെ തിരികെ പിടിച്ച് കരകയറുന്നതിനിടയിലാണ് ഹസ്സന്‍ ഭായ് അവളെ കൈവിട്ട് പോകൂന്നത്. 


ആത്മീയ ലഹരിയ്ക്കായി സൂഫിവര്യന്‍മാരുടെ കാലടികളില്‍ ശരണം തേടിയെത്തി ഭിക്ഷാപാത്രങ്ങളില്‍ വീഴുന്ന തുട്ടുകളിലൂടെ  കഞ്ചാവിന്‍റേയൂം കറുപ്പിന്‍റേയും ലഹരിയില്‍ നിര്‍വൃതിയടയുന്ന ഭക്തരുടെ കൂടി കേന്ദ്രമായ  മക്ബറകളില്‍ ,  മോതിരക്കല്ല് കച്ചവടത്തേക്കാള്‍ ലാഭകരമാണ് കഞ്ചാവ് കച്ചവടമെന്ന്  മനസ്സിലാക്കിയ ഹസ്സന്‍ അതിലേക്ക് തിരിയുകയും പിന്നീട് അതിന് സ്വയം സമര്‍പ്പിച്ച് മാനസിക നില തെറ്റി വീട് വിട്ടിറങ്ങി പോയതാണ്... 


പക്ഷെ ആദ്യമൊന്നും ഫരീദ ഹസ്സന്‍ഭായിയെ പിന്‍തുടരുകയോ അന്വേഷിക്കുകയോ ചെയ്തില്ല. നിര്‍ഭാഗ്യ കല്ലുകളില്‍ പ്രതിക്ഷ വെച്ച് അവള്‍ ബാസിമയെ വളര്‍ത്തി.. തന്‍റെ വിധികളോട് മുഖം തിരിക്കാതെ നേര്‍ക്കുനേര്‍ നിന്ന് പോരാടി.  

പക്ഷെ ബാസിമ വളര്‍ന്നു വലുതാകുന്തോറും,  അടച്ചുറപ്പില്ലാത്ത കൂരയ്ക്ക് പിറകിലെ കരിയിലയനക്കം പോലും ഉറക്കം കെടുത്തി തുടങ്ങിയപ്പോള്‍ ഫരീദയ്ക്ക് ഹസ്സന്‍ ഭായിയെ തേടിയിറങ്ങുകയല്ലാതെ വേറെ വഴിയില്ലാതെ  വന്നു. ഹസ്സന്‍ഭായ്  അജ്മീറില്‍ ഉണ്ടെന്ന ആരോ പറഞ്ഞ കേട്ടറിവിലാണ് ഫരീദ ഒരു വര്‍ഷം മുന്‍പിവിടെയെത്തിയത്.പക്ഷെ ഫലം
 നിരാശമാത്രമായിരുന്നു. ഇവിടെ ആരുടെയെക്കൊയോ സന്മനസ്സിന്‍റെ തണലില്‍ നിര്‍ഭാഗ്യക്കല്ലുകളോട് പൊരുതി ഇന്ന് വരെ അവള്‍ ബാസിമയെ ചിറകിനടിയില്‍ കാത്തുപോന്നു. ദര്‍ഗയില്‍ അന്തിയുറങ്ങിയും ലംഗര്‍ ഖാനയുണ്ടും മജാറയില്‍ നിന്നൊഴുകുന്ന  പൂക്കളുടേയും ചന്ദനത്തിന്‍റേയും സുഗന്ധത്തില്‍ ദുഃഖങ്ങളില്‍ സന്തോഷം പടര്‍ത്തിയും..... 



നൊന്ത് മുറിഞ്ഞു വീണു കൊണ്ടിരുന്ന അവരുടെ വാക്കുകള്‍ എപ്പഴോ തൊണ്ടയടഞ്ഞു നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി. പാതി രാവും പിന്നിട്ടു പോയി. ബാസിമ അവിടെ  തളര്‍ന്നു വീണുറങ്ങിയ വിലാപ കൂട്ടങ്ങള്‍ക്കിടയില്‍  ഒരു പുതപ്പിനുള്ളിലേക്ക് ചുരുണ്ട് വലിഞ്ഞു  മയങ്ങിപ്പോയിരുന്നു. 

ഒരിക്കല്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടേയും മുംമ്താസിന്‍റേയും പ്രിയപ്പെട്ട മകള്‍ ജഹനാര ആഗ്രക്കോട്ടയില്‍ തീപ്പൊള്ളലേറ്റ് കിടന്നപ്പോള്‍ ഖാജയെ സാക്ഷി നിര്‍ത്തി പ്രാര്‍ത്ഥിച്ചതായും ഖാജയുടെ കറാമത്തിനാല്‍ ഗുണപ്പെട്ടപ്പോള്‍ സമര്‍പ്പിക്കപ്പെട്ടതാണ് ഈ വെണ്ണക്കല്‍ പള്ളിയെന്നതും ചരിത്രമാണത്രേ.... കാലങ്ങള്‍ക്കീപ്പുറം ആ പള്ളിയുടെ ചുമര്‍ ചാരിയിതാ മറ്റൊരു മുംമ്താസ് തന്‍റെ പ്രിയതമനേയും മറ്റൊരു മനസ്സ് പൊള്ളിയ  ജഹനാര തന്‍റെ പിതാവിനേയും കണ്ടെത്താന്‍  ഖാജയുടെ കരുണ തേടുന്നു. 

 ഞാന്‍ എഴുന്നേറ്റു.  മക്ബറയുടെ സ്വര്‍ണ്ണം മകുടം ചൂണ്ടി ഫരീദയോട് പറഞ്ഞു . ഖാജയുടെ കറാമത്തിനാല്‍ ഏതോ രാജാവ് ഒരു യുദ്ധം ജയിച്ചപ്പോള്‍ സമ്മാനിച്ചതാണത്രേ ഈ മകുടം.  തൊട്ടപ്പൂറത്തുള്ള പള്ളി  ജോധാഭായിയില്‍ സലീം രാജകുമാരന്‍ ജനിച്ചപ്പോള്‍ അക്ബര്‍ സമ്മാനിച്ചതത്രേ.. . ഇവിടെയെല്ലാം ഉള്ളത്  സമര്‍പ്പിക്കപ്പെട്ടതാണ്. ഒരോ പട്ടും പൂവും തൂക്കുവിളക്കും അലങ്കാരങ്ങളും  എല്ലാമെല്ലാം ഖാജയുടെ കറാമത്തിനാല്‍ സന്തുഷ്ടരായ ഭക്തരാല്‍ സമ്മാനിക്കപ്പെട്ടതാണ്.   അവയെല്ലാം ഖാജയുടെ കറാമത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്. തീര്‍ച്ചയായും ഹസ്സന്‍ഭായിയേയും ഖാജ കണ്ടെത്തി തരും. 
   
ഇടറുന്ന സ്വരത്തില്‍ ഫരീദ '' പകരം ഞാനെന്ത് ഖാജക്ക് നല്‍ക്കും. ഭാഗ്യദോഷികളായ ഒരു പിടി മുത്തല്ലാതെ എന്‍റെ കയ്യില്‍ ഒന്നും ഇല്ലല്ലോ'' 
 എന്ന്  പറഞ്ഞപ്പോള്‍  മാനസിക പീഡയാല്‍ തളര്‍ന്ന പോയ   ആ ശരീരത്തെ ഒന്ന് കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കണമെന്ന എന്‍റെ ആഗ്രഹം ഇനിയും ആ ശരീരത്തിന് നാല്‍പ്പത് വയസ്സിന്‍റെ ദൂരം താണ്ടിയില്ലല്ലോ എന്ന ധര്‍മ്മസങ്കടത്തിലൊതുക്കി.

പിന്നേ ഒന്നും പറഞ്ഞില്ല... ഒരു വട്ടം കൂടി അവരോട് സലാം ചൊല്ലി  തിരക്കല്‍പ്പം ശാന്തമായ മെയിന്‍ ഗേറ്റിലൂടെ പുറത്തിറങ്ങി നടന്നു. ഉറങ്ങാത്ത ആ രാത്രീക്ക് ശേഷം അതി രാവിലെ മടങ്ങി. ഇപ്രാവശ്യം മടങ്ങുമ്പോള്‍ കരുതിയ  ഭാണ്ഡങ്ങള്‍ മരുസാഗറിന്‍റെ ബര്‍ത്തിലൊതുങ്ങുന്നതായിരുന്നില്ല. അത് മനസ്സില്‍ തന്നെ ഒതുക്കി വെച്ചു.


2011 ലാണ് ഞാന്‍ വീണ്ടും അജ്മീറില്‍ പോകുന്നത്. യാത്രയിലുടനീളം മനസ്സില്‍ ബാസിമയും ഫരീദയും മാത്രമായിരുന്നു. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം . ഹസ്സന്‍ ഭായിയെ ഇനിയും കണ്ടെത്തിയില്ലെങ്കില്‍ ,  ഫരീദയും ബാസിമയും ഭിക്ഷാംദേഹികളെ പോലെ അജ്മീറിന്‍റെ തെരുവുകളില്‍ തന്നെ അലയുന്നുവെങ്കില്‍  ഹസ്സനിക്കയെ കണ്ടെത്താന്‍ സഹായിക്കണം . ബാസിമയേയും ഫരീദയേയും കാണാത്ത എന്‍റെ  കൂട്ടുകാരെല്ലാം അതിനിടയില്‍ ആ വേദനകള്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. 


കൂടെയുള്ളവരെയെല്ലാം  മെയിന്‍ ഗേറ്റിലൂടെ അകത്തേക്ക് പറഞ്ഞയച്ച്  ഞാന്‍ പടിഞ്ഞാറേ ഗേറ്റ് വഴി  ദര്‍ഗയിലേക്ക് കടക്കാന്‍  തീരുമാനിച്ചു. കാരണം  അവീടെയാണല്ലോ ബാസിമയുടെ കട. അവളെ ആദ്യം കണ്ടിട്ടാകാം എന്ന്  തന്നെ തീരുമാനിച്ചു. പക്ഷെ അവിടെയെത്തിയപ്പോള്‍ ആ കുടുസ്സ് മുറി അടഞ്ഞ് കിടന്നിരുന്നു. ദ്രവിച്ചു നരച്ച ആ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നടിഞ്ഞിരുന്നു. ചെറിയൊരു നിരാശ തോന്നിയെങ്കിലും പിന്നീട് അല്പം ആശ്വാസമായി. ഹസ്സന്‍ ഭായ് തന്‍റെ ഭാര്യയുടേയും മകളുടേയും അടുത്ത്  തിരിച്ചെത്തിയിരിക്കാം. അവര്‍ സൂഫി ദര്‍ഗകളില്‍ നിന്ന് സൂഫി ദര്‍ഗകളിലേക്ക് സന്തോഷത്തോടെ ജീവിത പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കാം... 

അടുത്തുള്ള ടീ കടയില്‍ നിന്നാശ്വസത്തോടെ ഒരു ചായയും സിഗരറ്റും ഒന്നിച്ചാസ്വാദിച്ച് കൊണ്ടിരിക്കേ വെറുതെ 
''ഇവിടേ കഴിഞ്ഞവര്‍ഷം മോതിരക്കല്ല് കച്ചവടം നടത്തിയിരുന്ന ഫരീദയും മോളും പോയോ ? '' 

'' ആ സ്ത്രീയോ... അവര്  ഖാജയുടെ മഖ്ബറയില്‍ കിടന്ന് മരിച്ചല്ലോ കഴിഞ്ഞ റമളാനിലെന്നാ തോന്നുന്നത് '' എന്ന് കൂട്ടിച്ചേര്‍ത്ത് അയാളുടെ തിരക്കിലേക്ക് മടങ്ങി. 

അക്ബര്‍ പള്ളിയുടെ മിനാരങ്ങളില്‍ നിന്ന് മഗ്‌രിബ് ബാങ്ക് വിളിയുയര്‍ന്നു. ദ്രവിച്ചടര്‍ന്ന കെട്ടിടത്തില്‍ നിന്നും പ്രാവുകള്‍ കൂട്ടത്തോടെ  വാനിലേക്ക്  ചിറകടിച്ചുയര്‍ന്നു. എന്‍റെ ആത്മീയതയുടേയും പ്രതീക്ഷയുടേയും പ്രാണനും കൂട്ടത്തില്‍  പറന്നകലുന്നെന്ന് തോന്നി. നിര്‍വികാരത പോലും ഒരു വികാരമായിരിക്കാം .  ഏറ്റവും കടുത്ത വേദനയുണ്ടാക്കുന്ന വികാരം . വന്നവഴിയേ തിരിച്ച് പോയാലോ .. പട്ടും പൂവും ഘോഷയാത്ര നടത്തുന്ന ഈ തിരക്കിനിടയില്‍ ഇനിയും ഞാനെന്തിന് മൂന്ന് ദിവസം അലയണം .


എന്നിട്ടും ഞാന്‍  പടിഞ്ഞാറേ ഗേറ്റ് വഴി അകത്തേക്കിറങ്ങി. അവസാനമായി ഫരീദയെ കണ്ടപ്പോള്‍ ഞാനിരുന്ന അതേ മാര്‍ബിള്‍ ചുമരില്‍ കാല് നീട്ടിയിരുന്നു. ഒടുവില്‍ ഫരീദയെ ഞാന്‍ കണ്ടപ്പോള്‍ അവളുടെ മാറില്‍ നിന്ന് പിന്‍വാങ്ങിയ കീടങ്ങള്‍ മറ്റെവിടെയോ കാര്‍ന്നുതിന്നുന്ന കടുത്ത  വേദനയിലായിരുന്നോ അവളെന്ന് തോന്നി.  അന്നവള്‍ ചാരിയിരുനആയത്തുല്‍ ഖുര്‍സിയുടെ പദങ്ങള്‍ കൊത്തിവെച്ച വെണ്ണക്കല്ലില്‍ എനിക്കവളെ ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. സുറുമയിട്ട കണ്‍തടങ്ങളില്‍ കലങ്ങി കൊതിതീരാത്ത കണ്ണീര്‍. ഇനിയും മൈലാഞ്ചി ചുവപ്പ് മായാത്ത വാനിലുയര്‍ത്തിയ കൈകള്‍ . മുന്നിലെ ഒരു കരിമ്പടത്തില്‍ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും ചുരുണ്ടു ചുരുണ്ടു മയങ്ങിപ്പോയ മകളെ കണ്ട് ഫരീദ കണ്ണുകള്‍ അടച്ച് പതുക്കെ പതുക്കെ അഗാധമായ നിദ്രയിലേക്ക് അലിഞ്ഞലിഞ്ഞു പോകുന്ന കാഴ്ച എനിക്കിപ്പോള്‍ കാണാനാകുന്നുണ്ട്. സമര്‍പ്പിക്കപ്പെടാന്‍ കഴിയാതെ പോയ ഒരു പിടി നിര്‍ഭാഗ്യമുത്തുകള്‍ ചുറ്റിലും ചിതറിക്കിടക്കുന്നു. മന്ത്രിച്ചൂതി ബീവി മക്ബറയില്‍ കെട്ടിയ ചുവപ്പ് ചരടുകള്‍ മോക്ഷം തേടി കാറ്റിലാടുന്നു. 

പിന്നീടൂള്ള മൂന്ന് നാളുകള്‍ ഞാനെങ്ങനെയോ അവിടെ കഴിച്ചു കൂട്ടി. നിര്‍വികാരത അതൊന്ന് മാത്രമാണ് ഏറ്റവും കടുത്ത വേദനയെന്ന് പിന്നേയും പിന്നേയും വിളിച്ചുപറഞ്ഞ നാളുകള്‍.  അതിനിടയില്‍ മറ്റാരില്‍ നിന്നോ അറിഞ്ഞു ബാസിമ കുറച്ച് നാള്‍ ദര്‍ഗക്ക് കീഴിലെ അനാഥാലയത്തിലായിരുന്നെന്നും പിന്നീടെപ്പഴോ ഫരീദയുടെ ബന്ധുക്കളിലാരോ അവളെ വന്ന് കൂട്ടിക്കൊണ്ട് പോയെന്നും. 

അറബിക്കടലിലലിയാന്‍ കൊതിച്ചൊഴുകിയ ഒരു നദി ദിശമാറി ഒടുവില്‍ ഉറവിടത്തിലെത്തിച്ചേര്‍ന്ന പോലെയായി ബാസിമ. ഒരു നീലവിരിയ്ക്കിപ്പുറം അറബിക്കടലിന്‍റെ കാറ്റ് തേടുന്ന കാല്‍പ്പനിക കഥയിലെ  രാജകുമാരിയെ പോലെ ജാലകം തുറന്നിട്ട്  അവള്‍ കാത്തിരിക്കുന്നുണ്ടാകാം..
അതോ ആരുടെയോ വിരലിലെ മോതിരത്തില്‍ ഭാഗ്യം തെളിയിക്കുന്ന സ്വയം  ഹതഭാഗ്യയായ ഒരു കല്ലായി തിളങ്ങുന്നുണ്ടാകാം. 



പതിവ് പോലെ അടുത്ത വെള്ളിയാഴ്ച ഞങ്ങള്‍ മടങ്ങി. ഇപ്രാവശ്യം ഞങ്ങളുടെ ഭാണ്ഡം നിറയെ നിര്‍വികാരത മാത്രമായിരുന്നു. തമാശകളും കളിച്ചിരികളുമില്ലാത്ത അപൂര്‍വമായ  മടക്കയാത്ര. 



കോട്ടയ്ക്കും സവായ് മധേപ്പൂരിനുമിടയില്‍ വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങള്‍ക്കിടയില്‍ മരുസാഗര്‍ ആരുടെയോ കടാക്ഷം കാത്ത് കിടന്നു. മൗനം ഭഞ്ജിച്ച് ഹനീഫ ചോദിച്ചു 

'' ഇനി നമ്മളെന്നെങ്കിലും ബാസിമയെ കാണുമോ '' 

മോതിരക്കല്ലുകളുടെ ഭാഗ്യത്തില്‍ വിശ്വസിക്കുന്നത് പോലെ ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി ഗോതമ്പ് പാടത്തേക്കോടി . ഒരു പിടി,  ഒരു വലി. കയ്യില്‍ കുടുങ്ങിയ ധാന്യക്കതിര്‍ കടഞ്ഞ് കുറേ ഗോതമ്പ് മണികള്‍ . ചൂളം വിളിച്ചുതുടങ്ങിയ വണ്ടിയില്‍ ഒാടി വന്ന് കയറി  ഹനീഫയുടെ കയ്യിലേക്ക് പകര്‍ന്നു കൊണ്ട്  പറഞ്ഞു 

''എണ്ണിക്കോ , ഒറ്റ സംഖ്യയാണെങ്കില്‍ ഒരിക്കല്‍ കൂടി നമ്മള്‍ ബാസിമയെ കാണും . ഖാജാ ഗരീബ് നവാസാണ് സത്യം ''

റഹീം കപ്പോരത്ത്