Saturday, 6 May 2017

ഈച്ചമ്മാന്‍ എന്ന മരം-സജദില്‍ മുജീബ്















സജദില്‍ മുജീബ്







ഈച്ചമ്മാന്‍ എന്ന മരം
ഈച്ചമ്മാന്‍ ഒരു മരമാണ്. 
ഞാന്‍ പറഞ്ഞതല്ല, നാട്ടുകാര് പറേന്നതാണ്...  
അവര് പറയുന്നത് കൊമ്പും ചില്ലയുമൊക്കെയുള്ള ആഴത്തില്‍ 
വേരുകളുള്ള മരമാണ് ഈച്ചമ്മാന്‍ എന്നാ..


ഈച്ചമ്മാന്‍.. എന്തു പേരാല്ലേ.. 
ഈശ്വരന്‍ ന്നായിരിക്ക്വോ ശരിക്കും പേര്.. 
ചെലേപ്പ ആയിരിക്കും.. 
അല്ലാതെ ഇതെന്തൂട്ട് പേര്...?


പ്രഭാതത്തില്‍ നടക്കാനിറങ്ങുന്ന ഈച്ചമ്മാനെ പലപ്പോഴും 
ഞാന്‍ കണ്ടിട്ടുണ്ട്. ആന്തേട്ടന്റെ ചായപ്പീട്യേന്ന് പത്രോം വായിച്ച് 
ഒരു ചായേം കുടിച്ച് വയല്‍വരമ്പിലൂടെ അമ്മാന്‍ പോണ കാഴ്ച.. 
ദേ.. ഇപ്പഴും കണ്ണിലുണ്ട്.. 
'' ഉണ്ണ്യേ.. നിന്‍ക്ക് സ്കോളില്ലേടാ..'' 
എന്നിട്ട് ഗൗരവത്തില്‍ ഒരു നോട്ടോം..
ഞാന്‍ വീട്ടിലേക്ക് വെച്ച് പിടിക്കും..


ഈശ്വരമ്മാന്‍... ഈച്ചരമ്മാന്‍, ഈച്ചമ്മാന്‍ 
ഈ വിധമാണ് അമ്മാവന്റെ പരിണാമശ്രേണി..



നാട്ടിലെ എല്ലാ നല്ല കാര്യത്തിനും മുന്‍പന്തിയിലുണ്ടാകും അമ്മാന്‍. 
ഈച്ചമ്മാനില്ലാത്ത ഒരു സംഭവം നാട്ടിലില്ല. ചുരുക്കതതില്‍ 
ഒരു സംഭവം തന്നെയാണ് അമ്മാന്‍..



ഇനിയും ചിലര്‍ക്ക് ഈച്ചയാണമ്മാന്‍..  
അവരദ്ദേഹത്തെ പരിഹസിച്ച് വിളിക്കുന്ന പേരാണത്. 
എല്ലാ അരുതായ്മകള്‍ക്കെതിരില്‍ ഒന്നാമനായുണ്ടാകും അമ്മാന്‍.. 
ഷാപ്പ് പൂട്ടിക്കാനായാലും ക്വാറിക്കെതിരിലും മണ്ണ് മാഫിയക്കെതിരിലും 
എല്ലാ തിന്മക്കെതിരിലും.. 
അമ്മാന്‍ ഒന്ന് അവസാനിച്ചെങ്കില്‍ എന്നവര്‍ ആദ്യം മനസിലും 
പിന്നെ പിന്നെ മൈക്കിലും പറഞ്ഞുനടക്കുന്നു. 
എണ്‍പത് കഴിഞ്ഞിട്ട് അമ്മാന് ഒരു കുലുക്കവുമില്ല..


ഏറ്റവും വലിയ ശത്രു മരുമോന്‍ സുഗുണന്‍ തന്നെ. 
അമ്മാനെ കാണുമ്പോഴൊക്കെ സുഗുണേട്ടന്‍ കാര്‍ക്കിച്ച് തുപ്പുന്നത് 
ഞാന്‍ കണ്ണോണ്ട് കണ്ടിട്ടുണ്ട്..


അങ്ങനെയിരിക്കേ ഒരു വാര്‍ത്ത... 
''ഈച്ചമ്മാന്‍ മരിച്ചു..''


ഗ്രാമം ശോകമൂകമായി.. 
സുഗുണേട്ടനും മറ്റും ആശ്വാസമായിക്കാണും. അവര് പുറത്ത് 
സങ്കടം അഭിനയിച്ചു. ഞങ്ങളെല്ലാരും ഉടുപ്പില്‍ കറുത്ത ബാഡ്ജ് കുത്തി 
അമ്മാനെ അവസാനനോക്ക് കാണാന്‍ പോയി.. 
അന്ന് സ്കൂളവധിയായിരുന്നു. ഗ്രാമത്തില്‍ എല്ലാ കടകളും അടച്ച് 
വ്യാപാരികളും അമ്മാന് ആദരം നല്‍കി..


ഈച്ചമ്മാന്‍ അന്ത്യാഭിലാഷം എന്നോണം പറഞ്ഞ കാര്യം 
സുധാകരന്‍ മാഷ് ഗ്രാമത്തോട് പറഞ്ഞു.


' എന്നെ കുഴിച്ചിടരുത്.. 
കത്തിക്കേം അരുത്.. 
ഉടുതുണി പറിച്ചെറിഞ്ഞ് തേവന്‍കാട്ടിലേക്ക് വലിച്ചെറിയുക...''


ആളുകള്‍ അന്തം വിട്ടു... 
സുഗുണേട്ടന്‍ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു. 
'ഇയ്യാക്ക് വട്ടായിരുന്നോ ദൈവമേ..'


ആളുകളുടെ രൂക്ഷമായ നോട്ടം കൊണ്ടോ എന്തോ പിന്നയാള്‍ 
ഒന്നും പറഞ്ഞില്ല..


ഗ്രാമം ഒത്തുകൂടി.. 
ഈച്ചമ്മാന്റെ അഭിലാഷം നിറവേറ്റാന്‍ തന്നെയുറച്ചു. 
ഉടുതുണി പറിച്ചെറിഞ്ഞ്  അമ്മാന്റെ ഭൗതികദേഹം 
ശവമഞ്ചത്തിലേറ്റി തേവന്‍കാട് ലക്ഷ്യമാക്കി
അവര്‍ ഉറുമ്പുകളെ പോലെ നീങ്ങി. 


നാട് തേങ്ങി..


കാട്.. പുലിയും കുറുക്കനും ഒക്കെയുള്ള കൊടുംകാട്..


ശവമഞ്ചത്തില്‍ നിന്നും ഈച്ചമ്മാനെ അവര്‍ കാട്ടിലേക്ക് 
വലിച്ചെറിഞ്ഞു. കുറേ നേരം അവരാ കാട്ടില്‍ തന്നെ 
എന്തുചെയ്യണമെന്നറിയാതെ നിന്നു. 
പിന്നെ ഗ്രാമത്തിലേക്ക് തന്നെ തിരിച്ചു പോന്നു..


പിന്നെയങ്ങോട്ട് അക്രമങ്ങളുടെ വിളയാട്ടമായിരുന്നു.. 
എല്ലാത്തിനും മുന്നില്‍ സുഗുണന്‍ തന്നെ.. 
തറവാടയാള്‍ കിട്ടിയ വിലക്ക് ഒരു കോടീശ്വരന് വിറ്റു. 
ഗ്രാമത്തിലാദ്യമായ് ഒരു കോടീശശ്വരനെത്തി. 
അയാള്‍ ഈച്ചമ്മാന്റെ വീട് അസ്തിവാരം വരെയിളക്കി. 
പിന്നെ സ്വപ്നസൗധം പണിയാനൊരുങ്ങി.. 
ഗ്രാമം വികസനത്തിന്റെ പാതയിലാണെന്ന് സുഗുണന്‍ വീമ്പിളക്കി. 
സുധാകരന്‍ മാഷിന്റെ വാക്കുകളെ യൊന്നും വിലവെക്കാതെ 
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും മദ്യം പുഴയായൊഴുക്കി.. 
എന്തു തിന്നണം എന്തുടുക്കണം എന്തു വായിക്കണം എന്നറിക്കുന്ന 
വാറോലകളുമായി ആരൊക്കെോ ഗ്രാമത്തില്‍ റോന്തുചുറ്റി.


അയ്യപ്പന്‍ ചേട്ടന്റെ മകള്‍ ചോതിയെ പട്ടാപ്പകല്‍ ഒരു കൂട്ടം പിച്ചിച്ചീന്തി. 
ചോദിക്കാന്‍ ചെന്ന അയ്യപ്പേട്ടനെ പെട്രോളൊഴിച്ച് കത്തിച്ചു.. 
ഇതും കൂടിയായപ്പോള്‍ സഹികെട്ട ജനം തെരുവിലിറങ്ങി.


'നാം സമാധാനകാംക്ഷികളാണ്. ഒരിക്കലും നിയമം കയ്യിലെടുത്തുകൂടാ..
പോലീസും ഭരണകൂടവും നമ്മെ സഹായിക്കുമെന്ന് പ്രത്യാശിക്കാം '' 
സുധാകരന്‍ മാഷിന്റെ വാക്കുകള്‍ക്ക് ഗ്രാമം ചെകിടോര്‍ത്തു.


പക്ഷേ ഒന്നും നടന്നില്ല. ഭരണവും പോലീസും കോടിയൂടെ പിന്നിലൊളിച്ചു.



ഗ്രാമം ചരിത്രത്തിലെ പ്രതിസന്ധിഘട്ടം നേരിടുകയാണ്..


ഒന്നും ചെയ്യാനാവാതെ ഗ്രാമം തരിച്ചു നില്‍ക്കുകയാണ്. 
ആയുധമെടുത്തവരേയും ഉച്ചത്തില്‍ സംസാരിച്ചവരേയുമെല്ലാം 
പോലീസ് പിടികൂടി തുറുങ്കിലടച്ചു. സുധാകരന്‍ മാഷിന്റെ സത്യാഗ്രഹപ്പന്തല്‍ 
അടിച്ചുതകര്‍ത്തു. മാഷിന്റെ കാലുകള്‍ തല്ലിയൊടിച്ചു.. 
ഭീതി ഒരു കൊടുംതണുപ്പായി ആഞ്ഞുവീശുകയാണ്..

പിറ്റേന്ന് ഗ്രാമം കണ്ട കാഴ്ച...

ഗ്രാമപാതയുടെ ഒത്ത നടുക്ക് ഒരു മരം... 
പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കാഴ്ച കണ്ട് ഗ്രാമം തരിച്ചു നിന്നു.

'' ഈച്ചമ്മാന്‍..'' 
അവരുടെ ചുണ്ടുകള്‍ മന്ത്രിച്ചു.. 
പിന്നെയത് ഉച്ചത്തില്‍ മുഴങ്ങി.. 
ഗ്രാമം മുഴുവനും തെരുവിലിറങ്ങി..

വന്നവര്‍ വന്നവര്‍ പറഞ്ഞ കഥയും അവിശ്വസനീയമായിരുന്നു.. 
' ഇന്നലെ രാത്രി വീടിന്റെ നടുത്തറ പിളര്‍ന്ന് ഒരു നാമ്പ് പുറത്തു 
വന്നിരിക്കുന്നു.. ഈച്ചമ്മാന്‍ ഇവിടുണ്ട്...''


ആവേശത്തോടെ അവര്‍ ഉച്ചത്തില്‍ വിളിച്ചു..


'' ഈച്ചമ്മാന്‍...!! ഈച്ചമ്മാന്‍...!!''

പിന്നെ അവര്‍ കനലെരിയും കണ്ണുകളുമായി...
പതറാത്ത കാല്‍വെയ്പ്പുകളുമായി... 
ഒരു സമുദ്രമായി..

സജദില്‍ മുജീബ്

No comments:

Post a Comment