ജബ്ബാർ പെരിന്തൽമണ്ണ
തൂതപ്പൂരം
ചില മണങ്ങളിലൂടെയാണ് ചെറുപ്പത്തിന്റെ ഓർമ്മക്കാലത്തേക്ക് തിരിച്ച് നടക്കാനാവുക..
വേനലവധിയിലെ പുഴപ്പകലുകളും ഒരുപാട് മണങ്ങൾ സമ്മാനിച്ചിരുന്നു...
പുഴയിലേക്ക് നീണ്ട് കിടക്കുന്ന ഇടവഴികളിലെ തണൽമര മണങ്ങൾ...
ഇളകാതൊഴുകുന്ന പുഴയെ നോക്കി നനയാൻ കൊതിച്ച് ഉണങ്ങിക്കിടക്കുന്ന പാറമണം...
വൈവിധ്യങ്ങളോടെ പുഴ മാറിലേക്കെടുത്ത് ചാടി..
കെട്ടിപ്പുണർന്നെഴുന്നേറ്റ്..
ഊർന്നൊലിക്കുന്ന വെള്ളത്തുള്ളികളാൽ കരിമ്പാറയെ നനയിപ്പിക്കുമ്പോഴുള്ള പാറയുടെ ചിരി മണം...
വേനലേലാൽക്കാതെ പുഴപ്പുതപ്പിലൊളിപ്പിച്ച് കുതിർന്ന ഉടൽ മണം...
ആഴത്തിലേക്ക് നീന്തി കൈകാൽ കുഴഞ്ഞ് വെള്ളം കുടിച്ചവനെ രക്ഷപ്പെടുത്തി പുൽപ്പടർപ്പിലേക്കെടുത്ത് കടത്തുമ്പോഴുള്ള പുൽമണം...
അക്കരേക്ക് നീന്തി ചുടു മണൽപ്പുറത്ത് തലകുത്തി നിന്ന്.,
മുടിയിലൊളിപ്പിച്ച പുഴത്തുള്ളിയാൽ മണല് കുതിർക്കുമ്പോൾ മൂക്കിലേക്കടിച്ച് കയറുന്ന മണൽ മണം...
വിരുന്ന് പോകാനൊരു ഇടമില്ലാത്ത സങ്കടം ഞാനീ പുഴമണത്തിലായിരുന്നു തീർത്തിരുന്നത്..
ഉറക്കം കളയുന്ന രാപ്പേടികളെക്കുറിച്ചുള്ള ഓർമ്മകളെപ്പോലും മറന്ന് പുഴയോടൊപ്പമങ്ങനെയൊഴുകി...
അത്ര ചെറുപ്പത്തിലും ഞാനൊറ്റക്ക് പുറത്തേക്ക് കളി നിറച്ച് ചിരി പടർത്തി...
തൂതപ്പുഴ വറ്റാറില്ലായിരുന്നു അന്ന് !
മണൽ പോലും വറ്റിയ പുഴകളിൽ നിന്ന് ഇനി ഞാനെങ്ങനെ എന്റെ മണങ്ങൾ കോർത്തെടുക്കും!?
ഇനി ആ മണക്കാറ്റ് തേടി തൂതപ്പൂരം വരെ ഒന്ന് പോണം...
കാളവേലയുടെ പൂരം കൂടിയായിരുന്നു ഞങ്ങൾക്കത്..
എന്റെ കളിക്കൂട്ട്, കുട്ടന്റെ അച്ഛന്റെ കാളകളുടെ വൈക്കോൽനാര് മുതൽ എനിക്ക് കാണാപ്പാടമായിരുന്നു...
കാളയുടെ കഴുത്തിൽ തൂങ്ങുന്ന ചെറു കണ്ണാടിമാലയിൽ എന്നേയും എന്റെ പിന്നിലുള്ളവരേയും കണ്ട് രസിക്കും....
വല്യേട്ടൻമാരുടെ കള്ളിന്റെ മണവും പെൺവേഷം കെട്ടി നടക്കുന്ന ഏട്ടന്റെ, പുറത്ത് പറയാത്ത എന്തോ വിഷമത്തിന്റെ കണ്ണീരും ഒക്കെ ഒന്ന് കൂടി അറിയണം...
ബാല്യകാലത്തിലേക്കൊന്ന് കൂടി മണം പിടിക്കണം...
ജബ്ബാർ പെരിന്തൽമണ്ണ

No comments:
Post a Comment