Friday, 14 April 2017

എന്തിനു നാം രണ്ടായി :സ്‌ത്രീ-പുരുഷ സമത്വം ,ഒരവലോകനം-റോബിൻ.കെ.ജോർജ്
















റോബിൻ.കെ.ജോർജ്
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ  പടിഞ്ഞാറെകല്ലട എന്ന ഗ്രാമത്തിൽ 1986 ൽ ജനനം
ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ , ഗ്രാമത്തിലെ സർക്കാർ സ്കൂളുകളിൽ പഠിച്ചു. തുടർന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം,ബിരുദാനന്തര ബിരുദം, ബി.എഡ് എന്നിവ നേടി. ഇപ്പോൾ ഇംഗ്ലീഷ് ഭാഷാ പരിശീലകനായി ജോലി ചെയ്യുന്നു.





എന്തിനു നാം രണ്ടായി :സ്‌ത്രീ-പുരുഷ സമത്വം ,ഒരവലോകനം 
സ്ത്രീകൾ ശക്തരായിക്കൊണ്ടിരിക്കുന്നു . കുടുംബത്തിന്റെ ഭാരം തന്റെയും കൂടെ ചുമലിലേയ്ക്കെടുക്കാൻ അവൾ ഇന്നു സജ്ജമായിരിക്കുന്നു . രാത്രി വൈകിയും, ട്രെയിനിലും ബസിലും അവൾ സഞ്ചരിക്കുന്നു .ചിലപ്പോൾ കൂട്ടത്തിൽ, മറ്റു ചിലപ്പോൾ ഒറ്റയ്ക്ക്. കുറച്ച് വർഷം മുമ്പു വരെ, ജോലി കഴിഞ്ഞു വരുന്ന പുരുഷനെ കാത്തു സ്ത്രീ പൂമുഖത്തു നിൽക്കാറുണ്ടായിരുന്നു. ഭർത്താവിന്റെ വരവിനു വേണ്ടി ഭാര്യ, അല്ലെങ്കിൽ അച്ഛനു വേണ്ടി അമ്മയും മക്കളും, അതുമല്ലെങ്കിൽ മകനെ പ്രതീക്ഷിച്ചിരിക്കുന്ന മാതാപിതാക്കളോ, പൊന്നാങ്ങളെയെ കാത്തിരിക്കുന്ന പെങ്ങളോ ഒക്കെ ഒരു സാധാരണ കുടുംബചിത്രമായിരുന്നു. ഈ ചിത്രത്തിനു മാറ്റം വന്നിരിക്കുന്നു . ഒരു കൂട്ടിച്ചേർക്കൽ അടുത്ത കാലങ്ങളായി നാം കാണുന്നുണ്ട്.അതുകൊണ്ടുതന്നെ ഈ ചിത്രം മാറ്റി വരയ്ക്കണം.

സന്ധ്യ കഴിഞ്ഞ് ഭാര്യയെ കൊണ്ടുവരാൻ റെയിൽവേ സ്‌റ്റേഷനിലേയ്ക്കോ, ബസ്സ്റ്റോപ്പിലേയ്ക്കോ വണ്ടിയുമായി കിതയ്ക്കുന്ന ഭർത്താവ്, അമ്മയെ വിളിക്കാൻ ബൈക്കുമായോ കാറുമായോ വരുന്ന മകൻ അതുമല്ലെങ്കിൽ സഹോദരിയെ കാത്തു സഹോദരൻ. ഇനി സ്വന്തമായി ഇരുചക്രം ഓടിക്കാനറിയുമെങ്കിലും, രാത്രി രണ്ടാം യാമത്തിലേയ്ക്ക് എത്തിയ കാരണം അവൾക്കു സംരക്ഷണമായി പിറകെ വണ്ടിയുമായി വരുന്ന സംരക്ഷകൻ. ഈ മാറ്റം ആഴത്തിൽ അംഗീകരിക്കപ്പെടാൻ പറ്റാതെ നിൽക്കുന്ന ഒരു പുരുഷ ബോധം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നുള്ളത് ഒരു വസ്തുത ആണ്. ആയതിനാൽ
സാമൂഹിക ഘടനയിലുണ്ടായ മാറ്റം സ്ത്രീയും പുരുഷനും ഒരു പോലെ അറിയണം, മനസ്സിലാക്കണം.

ഇനി ഇതിലെല്ലാം പെടാത്ത ഒരു പ്രത്യേക വിഭാഗം അംഗനമാരുണ്ട്. ഒറ്റയ്ക്കു ഇടവഴിയിലൂടെ നടക്കേണ്ടി വരുന്ന, ആളൊഴിഞ്ഞ ബസിലും ട്രെയിനിലും യാത്ര ചെയ്യേണ്ടി വരുന്ന, ഭയത്തിന്റെ ഭാരം ഇടനെഞ്ചിൽ വഹിക്കുന്ന ആലംബഹീനയായ സ്ത്രീകൾ. അവരും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്നവരാണ്. അവർക്ക് സംരക്ഷണം ആര് കൊടുക്കും? അല്ല ,തന്റെ പുരുഷന്റെ കൂടെയായിരുന്നാലും, സംഘടിക്കപ്പെട്ട ഒരു എതിർപ്പു വന്നാൽ അവൾ നിർഭയയായിരിക്കുമോ ? ഇവിടുത്തെ നിയമം കൃത്യസമയത്ത് ഇടപെടുമോ? നിയമവും കാക്കിയും നോക്കു കുത്തിയായി നിൽക്കുന്നതാണ് നാം പലപ്പോഴും കാണുന്നത് .

കുറേക്കൂടെ അടിത്തട്ടിലോട്ടു പോയാൽ ചിത്രം വീണ്ടും മാറ്റി വരയ്ക്കേണ്ടി വരും. സ്കൂൾ മാഷുമാർ പീഡിപ്പിക്കുന്ന പെൺകുട്ടികൾ. പുരോഹിതനും, പൂജാരിയും, മദ്രസ അദ്ധ്യാപകനും പിച്ചിച്ചീറുന്ന ബാലികമാർ. സ്വന്തം ആൺ സുഹൃത്തിനാൽ ചതിക്കപ്പെടുന്ന കൗമാരക്കാരികൾ, തനിക്കു പൂർണ്ണമായി ആശ്രയിക്കാൻ പറ്റുമെന്ന് വിചാരിച്ച സഹപ്രവർത്തകരാൽ കെണിയിലാക്കപ്പെടുന്ന ഉദ്യോഗസ്ഥമാർ. അതിനേക്കാൾ ഭയാനകവും, ക്രൂരവുമാണ് അച്ഛനാലും ,സഹോദരനാലും വേട്ടയാടപ്പെടുന്നവൾ ; അമ്മാവനാലോ, അകന്ന ബന്ധുവിനാലോ വലയിൽ അകപ്പെടുന്ന അനന്തരവൾ. ഇവരെ ആര് സംരക്ഷിക്കും? ഇത് ഒരു ധർമ്മ സങ്കടത്തിലേയ്ക്കാണ് അവളെ നയിക്കുന്നത്. കാരണം എല്ലാവരെയും സംശയിച്ചു കൊണ്ടു ഒരു സ്ത്രീയ്ക്കും മുന്നോട്ട് പോകാൻ കഴിയില്ല. അതു അവളെ അനാരോഗ്യപരമായ വ്യക്തിത്വത്തിനു അടിമയാക്കും. ഇവിടെയാണു യഥാർത്ഥ ഇടപെടൽ നടക്കേണ്ടത്.

സ്ത്രീ ഒരേ സമയം തന്റെ ശാരീരിക ഘടനയെപ്പറ്റിയും, പുരുഷന്റെ വൈകാരിക മണ്ഡലത്തെപ്പറ്റിയും; പുരുഷൻ അതേ പോലെ തന്റെ വൈകാരികതയും അതിന്റെ മനോഹരവും ,വൈകൃതവുമായ അവസ്ഥയെപ്പറ്റിയും, സ്ത്രീയുടെ ഘടന തന്നിൽ മിന്നൽപിണർ ഉളവാക്കാൻ കഴിവുള്ളതാണെന്നുമുള്ള യാഥാർത്ഥ്യത്തെപ്പറ്റിയും ആഴത്തിൽ ഉറപ്പിക്കണം. ഇത് പുരുഷന്റെ വൈകാരിക ഘടനയുടെ ഭാഗമാണെന്നു സ്ത്രീയും അറിയണം. അപ്പാൾ അടുത്ത ചോദ്യം. അറിഞ്ഞാൽ മാത്രം മതിയോ? ഇതെല്ലാം അറിയുന്ന ഒരാളല്ലേ കൊട്ടിയൂർ സംഭവത്തിലെ പ്രതി. ഇതെല്ലാം അറിയുന്നവരല്ലേ അദ്ധ്യാപകർ . അപ്പോൾ പ്രശ്നം വീണ്ടും ഗുരുതരമാണ്. ഇവിടെ ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു.

സ്ത്രീ ,പുരുഷൻ എന്ന ദ്വന്ദ്വത്തിൽ നിന്നു 'മനുഷ്യൻ' എന്ന ഏകത്വത്തിൽ ചിന്തിക്കണം. മനുഷ്യൻ- ആൺ ജാതിയോ, പെൺ ജാതിയോ അതോ ഭിന്ന ജാതിയോ - ലിംഗത്തിനപ്പുറമായി പരസ്പരം ആദരിക്കപ്പെടാൻ, ബഹുമാനിക്കപ്പെടാൻ തുടങ്ങണം. ഒരുവൻ / ഒരുവൾ അനുവാദം കൂടാതെ മറ്റൊരുവന്റെമേൽ ദുഷ്ടലാക്കോടെ കൈ വെക്കരുത്. പൊടുന്നനെ പൊട്ടി മുളയ്ക്കുന്ന  ബന്ധങ്ങളും ,അതിനെ തുടർന്നുള്ള സ്പർശനങ്ങളും വികലമായ വൈകാരിക ഇളക്കമാണെന്നു പരസ്പരം അറിയണം. സ്വയം അറിയുക എന്നുള്ളതാണു ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.

ഒരിക്കൽ G. K Chesterton എന്ന ചിന്തകനോട് ഒരു പത്രക്കാരൻ ചോദിച്ചു:
സർ ,ഈ ലോകത്തിനെന്താണു കുഴപ്പം? ( Sir,What is wrong with this world ?)
മറുപടി ,ആ പത്രക്കാരനെ ഞെട്ടിച്ചു.
അദ്ദേഹം പറഞ്ഞു ,
"ഞാൻ ആണ് (I am )"
അതെ. കുഴപ്പം നമുക്കാണ്.നമ്മുടെ ദുഷിച്ച ഹൃദയം. ഓരോ മനുഷ്യനും അവന്റെ ഹൃദയത്തെ പഠിക്കാൻ തുടങ്ങിയാൽ അവന്റെയുള്ളിലെ കുപഥ സഞ്ചാരിയെ കണ്ടെത്താൻ കഴിയും. അവിടെയാണു മാറ്റത്തിന്റെ തുടക്കം. വിദ്യാസമ്പന്നനായതുകൊണ്ടോ, ഉയർന്ന ശമ്പളമുള്ളതുകൊണ്ടോ,         മാന്യനായതുകൊണ്ടോ ഒന്നും ആ കെട്ടഴിഞ്ഞ കുതിരയെ മെരുക്കാൻ കഴിയണമെന്നില്ല. ഈ ഗുണ   ങ്ങളുള്ള ഒരു വ്യക്തിയുടെയുള്ളിൽ നിന്നും ഈ മൃഗം പുറത്തുചാടാൻ ഞൊടി നേരം മതി.അതാണു ഏറ്റവും അപകടരമായ അവസ്ഥ. അതേ സമയം സ്ത്രീ പരിപൂർണ്ണയാണെന്ന് മുദ്രയിടപ്പെടുന്നതുമില്ല. അവളും തന്റെയുള്ളിലെ പൈശാചികതയെ തിരിച്ചറിയണം. സ്വന്തം മകളെ മറ്റുള്ളവർക്ക് കാഴ്‌ച വച്ച അമ്മയെപ്പറ്റിയുള്ള ( വളരെ അപൂർവ്വമായിട്ടെങ്കിലും) വാർത്ത നാം കേട്ടിട്ടുണ്ട്. സ്വന്തം മകളെ ഉപേക്ഷിക്കുകയോ, കാമുകനാൽ കൊല്ലപ്പെടുവാൻ സാഹചര്യമൊരുക്കിക്കൊടുക്കുകയോ ചെയ്തിട്ടുള്ള സ്ത്രീകളും ഈ സമൂഹത്തിലുണ്ട്. അപ്പോൾ പ്രശ്നം സങ്കീർണ്ണമല്ലേ? മാനസികമായ ഒരു തലത്തിനപ്പറും ,അവനെക്കൊണ്ട് / അവളെക്കൊണ്ട് ഇത്തരം ഹീന പ്രവർത്തികൾ ചെയ്യിക്കുവാൻ അവനി(ളി)ൽ വ്യാപരിക്കുന്ന ഒരു പ്രേരകശക്തിയുണ്ട്           . വ്യക്തമായി പറഞ്ഞാൽ അവന്റെ(അവളുടെ)യുള്ളിലെ വ്യക്തിത്വത്തെ, മനുഷ്യത്വത്തെ ബലാൽക്കാരേണ അടയ്ക്കപ്പെട്ടിരിക്കുന്നു. ആ സ്ഥാനത്തു അവന്റെ(     അവളുടെ)യുള്ളിൽ വേറൊന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയല്ലെങ്കിൽ, ഒരമ്മയ്ക്കോ അച്ഛനോ സ്വന്തം മകളെ എങ്ങനെ നശിപ്പിക്കാൻ പറ്റും   .   കടിഞ്ഞാൺ പൊട്ടിയ ഒരു മൃഗം എനിയ്ക്ക് പകരം പ്രവർത്തിക്കുന്നുണ്ടെന്ന സത്യം ഓരോ വ്യക്തിയും തിരിച്ചറിഞ്ഞ് ,അതിനെ ജയിക്കാനുള്ള ഒരു ആത്മീയ ബോധം പ്രാപിക്കാൻ കഴിയുന്ന നിമിഷം ,മാറ്റത്തിന്റെ തുടക്കമായി.

സ്‌ത്രീയും പുരുഷനും തന്നേപ്പോലെ സ്വതന്ത്രമായി ചിന്തിക്കാനും, തീരുമാനമെടുക്കാനും അതിലുപരി സ്വയബോധവും ,ആത്മാഭിമാനവും ,സർവ്വോപരി ദൈവത്തിന്റെ സാദൃശ്യമുളള സൗന്ദര്യമുളള മനുഷ്യനാണെന്നു ഓരോരുത്തർക്കും ബോധ്യം വരുന്ന മാത്രയിൽ ബന്ധങ്ങൾ പുനർ നിർവ്വചിക്കപ്പെടും. അപ്പോഴും സ്ത്രീയ്ക്കും പുരുഷനും പരസ്പരം ശാരീരികമായും, മാനസികമായും ,വൈകാരികമായും അടുക്കുവാൻ പ്രകൃതി തന്നെ അനുവദിച്ചിരിക്കുന്ന അനന്തമായ സ്വാതന്ത്ര്യവും, ആ ബന്ധത്തിന്റെ സൗന്ദര്യവും കെടാതെ നിൽക്കും.

എന്തിന് നാം രണ്ടായി സൃഷ്ടിക്കപ്പെട്ടു? നീ പെണ്ണും ,ഞാൻ ആണും.ഓരോ പുരുഷനും, സ്ത്രീയും ഇതിന്റെ ഉത്തരം സ്വതന്ത്രമായ ചിന്തയിലുടെ കണ്ടെത്തട്ടെ...
റോബിൻ.കെ.ജോർജ്

No comments:

Post a Comment