Sunday, 30 October 2016

ചിത്ര പ്രദർശനം-അഭിനവ് കൃഷ്ണ














അഭിനവ്  കൃഷ്ണ 
III A 
ലിറ്റിൽ ഫ്ലവർ  മോഡൽ സ്കൂൾ 
വെള്ളച്ചാൽ 
താനൂർ 









കുപ്പായത്തിന്റെ പാട്ട്-സുഖദൻ

   










സുഖദൻ
ഹെഡ് മാസ്റ്റർ 
പി.സി.എ.യു.പി.എസ്സ് പരിയാപുരം 
മലപ്പുറം 


  കുപ്പായത്തിന്റെ പാട്ട്


ഇത് 
മുന്തിയ മാളില്‍ നിന്ന്
മണിക്കൂറുകള്‍ ചികഞ്ഞ് പുറത്തിട്ട
കുപ്പായം

ബ്രാന്‍‍‍ഡഡ് ഉടുപ്പുകളുടെ
രണ്ടോമൂന്നോ അട്ടികള്‍ക്കുമുകളില്‍
വിശുദ്ധിയുടെ ആവരണം

തിരികിക്കയറ്റിയ ഉടലിന്റെ
വടിവും
വസ്ത്രത്തിന്റെ ഞൊറിയും തമ്മില്‍ 
മാംസത്തിന് കറുത്ത നിറംപൂശുന്ന
പോരാട്ടം

തുന്നിച്ചേര്‍ത്ത
ചിത്രപ്പണിയില്‍ 
ഒരു നൂല്‍ വലിഞ്ഞുപോയതുകൊണ്ട്
മേല്‍വസ്ത്രമാകാതിരുന്ന
ന്യൂ ജെന്‍ വിലാപം

അതൊന്നുമല്ലാതെ,
പിഞ്ഞിപ്പോയ നിത്യവസ്ത്രത്തിന്റെ
നാണം മാറ്റുന്ന  ആചാരം
മറുവസ്ത്രമില്ലാത്തവളുടെ അന്തസ്സ് ,
നിത്യം കണ്ണീരിലും വിയര്‍പ്പിലും
 കഴുകീട്ടും വെളുക്കാത്ത
രാക്കുപ്പായം

സൂര്യനെ വലിച്ചെടുക്കുന്ന
അരിപ്പയില്‍ ഉടല്‍ പുഴുങ്ങുന്ന
നിറം -
സത്യത്തിന്റെ കുപ്പായമെന്നും
സാത്താന്റെ കുപ്പായമെന്നും വിശ്വാസം
മകള്‍ സുരക്ഷിതയാകുമെന്ന് 
 വേവുന്ന ഒരമ്മയുടെ നിശ്വാസം.

സ്വകാര്യ സ്വത്തിനുമീതെ
സമൂഹത്തിന്റെ കണ്‍കെട്ട്-
പുരുഷ വിഴുപ്പിന്റെ  നനഞ്ഞ
കുപ്പായം.


സുഖദൻ


Saturday, 22 October 2016

'മണലാഴം'നോവലിന്റെ പഠനം -ഡോ:സീമ ജെറോം














ഡോ:സീമ ജെറോം 
അസി :പ്രൊഫസ്സർ 
മലയാള വിഭാഗം 
കേരള സർവകലാശാല 

'മണലാഴം'നോവലിന്റെ പഠനം 



                        അരികുവത്ക്കരണത്തിന്റെ ബഹുമുഖങ്ങൾ  മലയാളനോവൽ പലവുരു ചർച്ച ചെയ്തിട്ടുണ്ടെങ്കിലും ,മുഖ്യകഥാപാത്രങ്ങളുടെ ശരീരസങ്കല്പങ്ങളിൽ വിപ്ലവകരമായ ചലനം സൃഷ്ടിക്കാൻ നമ്മുടെ നോവലിസ്റ്റുകൾ വേണ്ടത്ര ശ്രദ്ധ ചൊലുത്തിയിട്ടില്ല.അതുകൊണ്ടുതന്നെ ഒരു നാടിന്റെ പാരിസ്ഥിതിക സന്തുലനത്തിനും സാംസ്‌കാരികതിജീവനത്തിനും വേണ്ടി ഒറ്റയാൾ പോരാട്ടം നടത്താൻ കൈകൾകുത്തി ഇഴഞ്ഞു നീങ്ങാൻ മാത്രം ശേഷിയുള്ള സച്ചിദാനന്ദനെ 'മണലാഴം'എന്ന പ്രഥമ നോവലിലൂടെ ഹരി കുരിശ്ശേരി ആവിഷ്കരിച്ചപ്പോൾ ഇക്കാലമത്രയും നമ്മൾ പ്രഘോഷിച്ച ശരീരാധിഷ്ഠിതമായ സകലവിധ ബലതന്ത്രങ്ങളും കപടരാഷ്ട്രീയങ്ങളും കടപുഴകി വീഴുകയാണ് ചെയ്തത്.
                                കേരളത്തിൽ അങ്ങോളമിങ്ങോളം രൂക്ഷമായ മണലൂറ്റൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനപ്പുറം തനതുസംസ്‌കൃതിയുടെ ശക്തിസ്രോതസ്സുകളെ ദുർബലമാക്കും വിധം പുതുനാഗരികതയും നവമുതലാളിത്തവും ഒത്തുചേർന്നു രൂപപ്പെടുന്ന രീതിശാസ്ത്രങ്ങൾ കൂടിയാണ്. കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലട ,മണ്ണടി,ശാസ്താംകോട്ട ഗ്രാമങ്ങളിൽ രൂക്ഷമായ മണലൂറ്റും ജനജീവിതഹത്തിനുമേൽ അതേൽപ്പിക്കുന്ന ആഘാതവും പരാമർശിക്കുന്ന നോവലിലെ മണ്ണിട ,മണ്ണടിയും കളരിമുക്ക് കാരാളിമുക്കും ആണെന്ന് മനസിലാക്കാം.അത്രമേൽ കാരാളിമൂക്കിനും മണ്ണടിക്കും സമീപത്തുള്ള മണൽവാരലും ദേശങ്ങളിലെ ജനജീവിതത്തിന്റെ ത്വരിതപരിണാമങ്ങളും നോവലിൽ ചർച്ച ചെയ്യുന്നുണ്ട്.
                                       ഈ നോവലിന്റെ അക്കാദമിക വായന പ്രധാനമായും നാലു തലങ്ങളിൽ നിന്നുകൊണ്ട് നടത്താവുന്നതാണ് 
  • പരിസ്ഥിതി പഠനത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് 
  • സംസ്കാര പഠനത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് 
  • ഭാഷാഭേദത്തിന്റെ വിനിമയതലത്തിൽ നിന്നുകൊണ്ട് 
  • സാമ്പ്രദായിക അതിരുവത്കരണത്തിൽ നിന്നും മുഖ്യധാരയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്ര നിർമിതി എന്ന നിലയിൽ .
"ജലത്തെ ആദരിക്കാൻ മലയാളി എന്നാണ് പഠിക്കുക?മാലിന്യം ഒഴിവാക്കി വിടാനും ചവറുതട്ടാനുമുള്ള സ്ഥലമാണിന്നു പല ജലസ്രോതസ്സുകളും.ജലത്തിന്റെ വില അറിഞ്ഞു വാരുമ്പോഴേക്കും അത് ഇല്ലാതായിരിക്കും.കക്കൂസുകൾ ഒഴുക്കുന്ന കായലും ,അറവുമാലിന്യം തട്ടുന്ന പുഴയും മുന്നിലുണ്ട്  ഓടകൾ പൊതുജലസ്രോതസ്സുകളിലേക്ക് എത്തിക്കുന്നതിൽ തെറ്റുണ്ടെന്ന് മനസ്സിലാക്കാൻ മരാമത്ത് വകുപ്പിന് ആയിട്ടില്ല"(പുറം 131 )പരിസ്ഥിതി സമ്മേളനത്തിൽ ജല മലിനീകരണത്തെക്കുറിച്ച്  സച്ചിദാനന്ദൻ നടത്തുന്ന പ്രസംഗത്തിലെ ഈ വരികൾ മാത്രം മതിയാകും നോവൽ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം തിരിച്ചറിയാൻ.മണലൂറ്റ് നടക്കുന്ന ജലാശയത്തിലെ ജലനിരപ്പ് താഴുന്നതിനോടൊപ്പം പരിസരപ്രദേശങ്ങളിലെ കിണറുകൾ കുളങ്ങൾ എന്നിവ വറ്റിത്തുടങ്ങുന്നത് കേരളത്തിലെ  പതിവ് കാഴ്ചയാണ്.ചെളിയുടെയും മണലിന്റെയും പ്രകൃതി 
ദത്ത അരിപ്പ നഷ്ടപ്പെടുന്നത്  മൂലം കിണറുകളിലും കുളങ്ങളിലും അവശേഷഹിക്കുന്നത് ഓരു ജലമാകുമെന്നത് നോവലിൽ പറയുന്നതിന് അതിശയോക്തിയല്ല.

          കായൽ മാത്രമല്ല ,മുണ്ടകപ്പാടങ്ങളും ചതുപ്പുകളും എല്ലാം മണലൂറ്റിനിരയാക്കപ്പെടുകയും കടുത്ത പാരിസ്ഥിതിക അസന്തുലനത്തിലേക്ക്  പ്രകൃതി മാറുകയും ചെയ്യുന്നു.അത്തരം പ്രദേശങ്ങളിലെ മണൽക്കുഴികൾ പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്.ദുരന്തങ്ങളുടെ തൊട്ടടുത്ത ദിവസം മാധ്യമവാർത്തയാകുന്നു എന്നതിനപ്പുറം പരിഹരിക്കപ്പെടേണ്ട പ്രതിസന്ധി എന്ന നിലയിൽ ഇവയൊന്നും തന്നെ ചുറ്റുപാടുമുള്ളവരിൽപ്പോലും പ്രതികാരങ്ങൾ സൃഷ്ഠിക്കുന്നില്ല.

         
നോവൽ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നം ഇഷ്ടികച്ചൂളകളുടേതാണു.ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഉയരുന്ന ചൂളകളിലെ പുകയുടെ രൂക്ഷ ഗന്ധം പരിസരവാസികളെ ശ്വസകോശരോഗികളാക്കിമാറ്റുന്നു.നോവലിലെ നിരവധി കഥാപാത്രങ്ങൾ വലിവും ശ്വസതടസ്സവും കൊണ്ട് ബുദ്ദിമുട്ടുന്നവരാണെങ്കിലും ആരും ഒറ്റയായോ കൂട്ടമായോ പ്രതികരിക്കാൻ തയ്യാറാകാത്തവരാണ്.മേൽപ്പറഞ്ഞ രണ്ടു വ്യവസായത്തിലെയും മുതലാളിമാർ,ഇടപാടുകാർ എന്നിവർ നാടിനെ വിട്ടുകൊണ്ടാണെങ്കിലും ധാരാളം പണം കയ്യാളുന്നവരാണ്.അഴിമതി നിറഞ്ഞ ഏതു പ്രദേശത്തും സംഭവിക്കുന്ന സമ്പത്താൽ നിയന്ത്രിതമായ ഭവിഷ്യത്തുകൾ മണ്ണിടയിലും കളരിമുക്കിലും ഉണ്ട്.   അതിൽപ്രധാനം രാഷ്ട്രീയക്കാർ രഹസ്യധാരണകാളിലൂടെ അവരെ പരിപോഷിപ്പിക്കുമ്പോൾ പൊതുജനം ഭയപ്പാടോടെ മൂകസാക്ഷികൾ ആകുന്നതാണ്.

                               
സച്ചിദാനന്ദനോടൊപ്പം ഇടതുസഹയാത്രികനായ രാധാകൃഷ്ണനും പുറത്തുനിന്നും വന്ന പരിസ്ഥിതിപ്രവർത്തകരും പലഘട്ടങ്ങളിൽ ഒത്തുചേർന്നു പ്രവർത്തിക്കയും സാഹചര്യവശാൽ പിന്മാറുകയും ഒക്കെ ചെയ്യുന്നു.ചെറുവിജയങ്ങൾ നേടുന്നുവെങ്കിലും ആത്യന്തികമായൊരു പരിവർത്തനമോ പ്രകൃതിചൂഷണ പ്രവർത്തനങ്ങളുടെ അന്ത്യമോ സാധ്യമാകാതെ നോവൽ അവസാനിക്കുമ്പോൾ സമകാലികകേരളിയവ്യവസ്ഥയെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന ഒരു വവ്യവഹരമായി അത് ചരിത്രത്തിലേക്ക് കയറി നിൽക്കുക കൂടി ചെയ്യുന്നു ."ഒടുവിൽ സാധാരണ പരിസ്ഥിതി പ്രവർത്തകരെപ്പോലെ വിജയിച്ചെന്നു സ്വയം വിശ്വസിച്ചു പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നു".എന്ന നോവലിലെ വാക്യം അതിനു ഏറ്റവും നല്ല ദൃഷ്ടാന്തമാണ്.

സംസ്കാരപഠനം:-കൃഷിയെ മുഖ്യമായ് ആശ്രയിച്ചു കഴിഞ്ഞിരുന്ന ചില ഗ്രാമങ്ങളിൽ മണൽ വാരലും ഇഷ്ടികച്ചൂളകലും വരുന്നതോടെ ജീവിതസങ്കൽപ്പങ്ങളും ചര്യകളും പെട്ടെന്ന് മാറിമറിയുന്നത് നോവലിൽ സുന്ദരമായ് ആവിഷ്കരിച്ചിട്ടുണ്ട്.ജനങ്ങളിൽ ചിലർ പെട്ടെന്ന് പണക്കാരായ് മാറുന്നതും നവമുതലാളിത്ത ചിഹ്നങ്ങളായ ബാറുകൾ,മൊബൈൽ ടവറുകൾ ,സിനിമാശാലകൾ എന്നിവ  ഉയരുന്നു ചീറിപ്പാഞ്ഞുവരുന്ന വാഹങ്ങൾക്കൊപ്പം നാടിന്റെ അഭിരുചികളും മാറിപ്പോകുന്നു.മദ്യപാനവും വേശ്യാവൃത്തിയും ഉപവ്യവസായം പോലെ കൊഴുക്കുന്നു.ധനാഗമനമാർഗ്ഗങ്ങൾക്ക്  മുൻപിൽ വിദ്യാഭ്യാസം അപ്രധാനമാകുന്നു.ഇത്തരത്തിൽ നവീന സംസ്കാരങ്ങൾ സസൂഷ്മം ആഖ്യാനം ചെയ്യുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

ഭാഷാഭേദത്തിന്റെ വിനിമയം :-ഓണാട്ടുകരയുടെ പ്രതേകിച്ചു കുന്നത്തൂരിന്റെ പ്രാദേശിക മലയാളം ഒരു നോവലും ഇത്ര പ്രാധാന്യത്തോടെ പരാമർശിച്ചിട്ടില്ല.മലയാള സിനിമയിൽ അടൂരും അരവിന്ദനും ഈ ഭാഷ കുറച്ചൊക്കെ ഉപയോഗിച്ചെങ്കിലും ഭാഷയുടെ വരേണ്യ സങ്കൽപ്പങ്ങൾക്ക് നടുവിൽ ഈ ഭാഷ ഞെരിഞ്ഞമർന്നു അപ്രസക്തമാകുകയും സർഗ്ഗസാഹിത്യത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റുകയും ചെയ്യുകയാണുണ്ടായത്.
നോവലിന്റെ ആദ്യാവസാനം കുന്നത്തൂരിന്റെ ഭാഷയുടെ ആത്മാവും താളവും ആവിഷ്കരിക്കാൻ നോവലിസ്റ്റിനായി.

സാമ്പ്രദായിക അതിരുവത്കരണത്തിൽ നിന്നും മുഖ്യധാരയിലേക്ക് :-അന്യദേശക്കാരനും സ്കൂളിലെ ഗസ്റ്റ്  അധ്യാപകനുമായ സച്ചിദാനന്ദൻ ഇരുകാലുകളും തളർന്നതിനാൽ കൈകൾ നിലത്തൂന്നിയും മുച്ചക്രസൈക്കിളും സഞ്ചരിക്കുന്നയാളാണ് കൂടാതെ അർശ്ശസ്സും കഫക്കെട്ടും ചെറുപ്പം മുതൽക്കേ അയാളെ അലട്ടുന്നുമുണ്ട് .അത്തരം മനുഷ്യർക്ക് സംഭവിക്കാവുന്ന എല്ലാത്തരം ശാരീരിക മാനസിക  പ്രയാസങ്ങളും സൂഷ്മതലത്തിൽ ഹരികുരിശ്ശേരി ചർച്ചചെയ്തിട്ടുണ്ട് .സാങ്കേതികവും വിദ്യാഭ്യാനേറ്റവും കൊയ്യുമ്പോഴും കേരളീയ പൊതുബോധം ദുർബലവിഭാഗത്തോട്  പുലർത്തുന്ന അപക്വമായ അവജ്ഞയും അവഗണയും നോവലിൽ ഹൃദയഭേദകമാം വിധം ആവിഷ്കരിച്ചിട്ടുണ്ട്.

                     2015 ഡിസംബറിലാണ് എൻ.ബി .എസ്സ്  പ്രസിദീകരിച്ചതെങ്കിലും നോവൽ വായനക്കറിലെത്തുന്നത് 2016 -ൽ ആണ് .സ്‌ത്രീ വിരുദ്ധമായ അപൂർവം ചില പ്രയോഗങ്ങളും സംസ്കൃതത്തിന്റെ വരേണ്യ കാഴ്ചപ്പാടുകളോടുള്ള  ചില വിദേയത്വവും മാറ്റിനിർത്തിയാൽ ഏറെ പാഠവായനക്കും ചർച്ചകൾക്കും അർഹമാണ് 'മണലാഴം'.


തയ്യാറാക്കിയത് :-
               ഡോ:സീമ ജെറോം 

Monday, 17 October 2016

മൂപ്പരുടെ നാമത്തിൽ..!!-രതീഷ് .കെ. എസ്








രതീഷ് .കെ. എസ്
മൂപ്പരുടെ നാമത്തിൽ..!!

ആ മഴക്കാലത്തായിരുന്നു പരവൂർ കായലിലേക്കൊഴുകുന്ന മണിച്ചിത്തോട്ടിലേക്ക് മൂപ്പരുടെ ഒറ്റമുറിവീട് മറിഞ്ഞുവീണതും, ശേഖരൻ മാഷിന്റെ കാവൽ നായ പാലുവണ്ടിതട്ടി റോഡിൽ ചത്തുകിടന്നതും, ഒഴിഞ്ഞുകിടന്ന വീട്ടിലേക്ക് ഞങ്ങൾ വാടകക്കാരായി എത്തിയതും, വിറകുപുരയിൽ പുതിയ കാവൽക്കാരനായി മൂപ്പർ അധികാരമേറ്റതും...
വീട് കൈമാറുമ്പോൾ എഴുതിയ ഉടമ്പടിയിലൊന്നിലും ആ വിറകുപുരയിലെ സൗജന്യപാറാവിനെക്കുറിച്ച് പറഞ്ഞിരുന്നില്ലെങ്കിലും, ശേഖരൻ മാഷ് അനൗദ്യോഗികമായി സൂചിപ്പിച്ചു...
" പട്ടിചത്തപ്പോൾ ഞാനാകെ വിഷമിച്ചെങ്കിലും ഇപ്പൊ ലാഭായീന്നാ തോന്നണേ.. ടോമിയ്ക്ക് ഞാൻ അടുത്ത ഹോട്ടലിൽ ആഹാരത്തിന് പറഞ്ഞിരുന്നു, എല്ലാ ശനിയും ഞാൻ വന്ന് കുളിപ്പിക്കും...ഇതിപ്പൊ വല്ലാത്തൊരാശ്വാസാട്ടോ "
ഞാൻ സ്കൂളിലേക്കുപോയാൽ ഒറ്റപ്പെട്ട ആ വീട്ടിൽ അവളൊറ്റയാകുമെന്ന ഭയം എനിക്കുമുണ്ടായിരുന്നു....
നരച്ചതലയും, വളഞ്ഞ കാലുകളും, കൈയിലെ മുളവടിയും, കഷായത്തിന്റെ മണവും, മൂപ്പരെക്കുറിച്ച് മറ്റൊന്നുമറിവില്ലായിരുന്നു...ആളെക്കുറിച്ച് തിരക്കിയപ്പോൾ ശേഖരൻ മാഷിന്റെ ചിരിയും...
" ആളെ ഏറ്റെടുക്കാനുള്ള പരിപാടിയാണോ മാഷേ വയോജന ദിനത്തിൽ മാഷുടെ പ്രസംഗം കേട്ടപ്പോഴേ തോന്നിട്ടോ സത്യത്തിൽ നിങ്ങൾ മലയാളം പഠിച്ചവരാണ് നക്ഷത്രങ്ങൾ...മൂപ്പരിന്റെ ചൂണ്ടയിൽകുടുങ്ങിയ വരാലുപോലെ ശേഖരൻ മാഷ് എന്റെ സന്മനസ് വേണ്ടതിലധികം വിളമ്പി.. മൂപ്പരോട് കുറഞ്ഞ ദിവസ്സങ്ങളിൽ ഞാനും എന്റെ വധുവും കാണിക്കുന്ന സന്മനസ്സിന്റെ പട്ടിക നിരത്തി..
എനിക്ക് മാലഖയുടെ ചിറകുകൾ സഹപ്രവർത്തകർ തുന്നിച്ചേർക്കുന്നത് ഒളികണ്ണിട്ടു നോക്കിയെങ്കിലും മാഷ്ഗിരിപ്രഭാഷണം തുടർന്നു...
മതവിശ്വാസിയല്ലാത്ത എന്റെ പ്രവർത്തിയെ മത്തായി 25 ന്റെ 40 മായി മറിയ ടീച്ചർ ചേർത്തുവായിച്ചു...
What soever you do to the least of my brother that you do it to me....
എന്റെ എളിയ സഹോദരന് നിങ്ങൾ ചെയ്തതൊക്കെയും എനിക്ക് ചെയ്തതാകുന്നു....വിവർത്തിച്ചും ഉദാഹരണങ്ങൾ നിരത്തിയും മറിയ ടീച്ചർ പുകഴ്ത്തുകയായിരുന്നു....
അന്ന് ഒൻപതാം തരത്തിലെ മൂന്ന് ക്ലാസുകളിലും ഞാൻ മൂപ്പരിൽ ഞാൻ കാണിച്ച സന്മനസ് "ഇതൊക്കെ എന്ത്" എന്ന ഭാവത്തിൽ അവതരിപ്പിച്ചു...എന്നിട്ട് എഴുപതുകാരുടെ യോഗം എന്ന ചരുവിലിന്റെ കഥയായിരുന്നു പഠിപ്പിക്കാൻ ...കുട്ടികൾ എനിക്ക് മാലാഖയുടെ കിരീടം തന്നതും ഏറ്റുവാങ്ങി വീട്ടിലെത്തുമ്പോൾ എന്റെ ഭാര്യ പാചകപരീഷണങ്ങൾ മൂപ്പരിൽ നടത്തുകയായിരുന്നു...
'ഒന്നും കൊടുക്കണ്ടാട്ടോ' ശേഖരൻ മാഷിന്റെ വാക്കുകൾ പല്ലില്ലാത്ത മൂപ്പരുടെ മോണകളിലൂടെയും വിറയുള്ള വിരലുകൾക്കിടയിലൂടെയും ചോർന്നുപോകുന്നു...
'അന്നം വിചാരം ' എട്ടാം തരത്തിലെ ആദ്യയൂണിറ്റിൽ ഞാൻ ഈ മൂപ്പരെ വച്ചു നടത്താൻ പോകുന്ന ഉദാഹരണങ്ങൾ ചിന്തിച്ച് ഞാൻ ആശ്വസിച്ചു...
രാവിലെ നാലുമണിമുതൽ മൂപ്പരുടെ വിറകുപുരയിൽ അനക്കം കേൾക്കാം..പിന്നെ ഗേറ്റിൽ വച്ചിട്ടുപോയ പത്രവും പാലുമായി അയാൾ മുട്ടിവിളിക്കും...ഒരു ചായ കിട്ടിയാൽ തലേന്നു വാങ്ങിയ പൊറോട്ട ചെറിയ കഷ്ണങ്ങളായി മുറിച്ച് അതിലിട്ട് അലിയിച്ചിറക്കും പിന്നെ ചെടികൾ നനയ്ക്കും കൂർത്ത ഒരു നീണ്ടകമ്പിയിൽ പൊഴിഞ്ഞു വീണ ഇലകൾ കുത്തിയെടുക്കും...പിന്നെ ആ വിറകുപുരയിലേക്ക് കേറും വൈകിട്ടും കുളിച്ചിട്ട് അടുത്ത പറമ്പിലേക്ക് ഒരു കുഞ്ഞു വിളക്കിൽ തിരിയിട്ട് പോകുന്നത് കാണാം...അതൊരു കാവായിരുന്നു.....
ശനിയുടെ ആലസ്യത്തിൽ കാറുകഴുകിക്കൊണ്ടിരുന്ന എനിക്ക് വെള്ളം തുറന്നുവിടാനും കാറിന്റെ ടയറുകഴുകാനും മൂപ്പരു സഹായിച്ചു.......
."..ഇനിയെന്നാ ഡോട്ടറെ കാണാ ഈ രസീതി ഒന്ന് നോക്കിപ്പറയോ കാലിൽ പഴുപ്പ് ആയി തൊടങ്ങി..." നീട്ടിപ്പിടിച്ച ആശുപത്രിക്കുറിപ്പുമായി മൂപ്പരുണ്ട് മുന്നിൽ അതിൽ എല്ലാ ശനിയും എന്ന് എഴുതി വട്ടമിട്ടിരുന്നു...
"പുറത്ത് പോണെങ്കിൽ കവലേലേ ആശൂത്രിയിൽ എന്നെ ഒന്ന് എറക്കോ..." 'ഒന്നും കൊടുക്കണ്ടാട്ടോ' ടയറിന്റെ തേഞ്ഞു തുടങ്ങിയ ഭാഗത്തിലൂടെ ശേഖരൻ മാഷിന്റെ വാക്കുകൾ തെന്നിത്തെറിച്ചുപോയി...
അപ്രതീക്ഷിതമായിട്ടാണ് മറിയ ടീച്ചർ സെൻസസ് രേഖപ്പെടുത്താനെത്തിയത് വാടകക്കാരുടെ പട്ടികയിൽ എന്നെയും ഭാര്യയേയും വിശദമായി ചേർത്തു..."എവിടേ മാഷേ ആ എളിയ മൂപ്പർ.."
ഒരു ചിരിയോടെ മുപ്പര് വന്നു കാലിൽ നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു...മറിയ ടീച്ചറുടെ നോട്ടം എന്നിലേക്കായീ...
"മൂപ്പരെയൊന്ന് ആശുപത്രിയിലെത്തിക്കാൻ കാറൊന്നു കഴുകുകയായിരുന്നു...
ആ മുറിവൊന്ന് വച്ചു കെട്ടിക്കണം..."
മൂപ്പരോടെന്തൊക്കെയോ ചോദിച്ചിട്ട് മറിയ ടീച്ചർ എന്നെ മാറ്റിനിർത്തിപ്പറഞ്ഞു..
"മാഷേ നിങ്ങളാണ് സത്യത്തിൽ ക്രിസ്തുവിന്റെ അനുയായികൾ.. സഖറിയ ക്ലിനിക്ക് എന്റെ സഹോദരന്റെയാ ഞാൻ വിളിച്ചുപറയാട്ടോ അവിടെ എത്തിക്കൂ...ഈ കവലയിൽ തന്നെയാ..."
ഞാൻ വരാലിനെപ്പോലെ പതിയെ മറിയ ടീച്ചറുടെ മുന്നിൽ നീന്തിതുടിച്ചു...
"അതേ മാഷുടെ മൂപ്പർക്ക് ആധാറും ഐഡിയും ഒന്നൂല്ലല്ലോ നമുക്കതൊക്കെ ശരിയാക്കണ്ടേ...ഞാനും മാഷിന്റെ കൂടെയുണ്ട് കേട്ടോ പുണ്യത്തിന്റെ പങ്ക് എനിക്കും കിട്ടട്ടേ..."
അപ്പോഴേക്കും ഭാര്യ മൂന്നുകപ്പ് ചായയുമായി എത്തീ..
ആദ്യം മൂപ്പർക്കു കൊടുക്കുന്നതും ഉച്ചഭക്ഷണത്തിന് മൂപ്പരെ ഓർമ്മിപ്പിക്കുന്നതും...
മറിയ ടീച്ചർ ദീർഘനിശ്വാസത്തോടെ നോക്കുന്നത് കണ്ടിട്ട് തിങ്കൾ സ്റ്റാഫ് റൂമിലെത്തുന്ന എന്റെ പത്നിയുടെ സന്മനസ്സിന്റെ കഥയോർത്ത് എന്റെ മനസ്സിൽ ഒരു പുളകമുണ്ടായി...
വൈകിട്ട് സിനിമകാണാൻ പോകുന്ന വഴി സഖറിയ ക്ലിനിക്കിലിറക്കാൻ തീരുമാനിച്ചു..കാറിന്റെ പിൻസീറ്റിൽകേറാനും ഇറങ്ങാനും ഒരു പരിചാരകനെപ്പോലെ ഞാൻ ഡോറു തുറന്നുകൊടുക്കേണ്ടിവന്നു...
ചുമയോടെപ്പം കട്ടകഫം തുപ്പിയതും ഗ്ലാസിലൂടെ ഒഴുകിയതും അയാളത് തുടച്ചതും...ശേഖരൻ മാഷിന്റെ സൗജന്യത്തോട് അമർഷമുണ്ടാക്കി...
വെറുപ്പോടെയെങ്കിലും ക്ലിനിക്കിന്റെ മുന്നിൽ മൂപ്പരെയിറക്കിവിട്ടത് മറിയ ടീച്ചർ സഹോദരന്റെ കൂടെ നിൽക്കുന്നത് കണ്ടില്ലെന്ന ഭാവത്തിൽ തിങ്കളാഴ്ച്ചത്തെ സ്റ്റാഫ് റൂം സുവിശേഷത്തിന്റെ കരുത്തുകൂട്ടാൻ
മൂപ്പരെ ക്ലിനിക്കുവരെ കൈപിടിച്ചു നടത്താനും , നൂറിന്റെ നോട്ട് നാലാളുകാണും വിധം പോക്കറ്റിൽ തിരുകാനും എനിക്ക് വല്ലാത്ത സന്തോഷം തോന്നി....മറിയ ടീച്ചർ തിങ്കൾ ലീവായിരിക്കരുതേ എന്നായിരുന്നു പ്രാർഥന...
തിങ്കൾ രാവിലെ സ്റ്റാഫ് റൂമിലെ സ്ത്രീ ജനങ്ങൾ എന്നെ നോക്കുന്നത് കണ്ടപ്പോഴേ മറിയ ടീച്ചർ ലീവല്ലാന്നുറപ്പായി....
ആധാറൊപ്പിക്കാനുള്ള മറിയ ടീച്ചറുമായുള്ള യാത്രകൾ...
ബാബുമാഷിന്റെ എച്ച് എം പ്രമോഷൻ, പരിശീലന പരിപാടിയിൽ പരിചയപ്പെട്ട അമ്പിളിടീച്ചറുടെ രഹസ്യ സന്ദർശനം.....എന്നിവ ഭാര്യ ഗർഭിണിയായി വിശ്രമത്തിന് നാട്ടിൽ പോയിരുന്ന ദിനങ്ങളിലായിരുന്നു....
ബാബു സാറിന്റെ മദ്യവിരുന്നിൽ നിന്നും മൂപ്പരെ ഒഴിവാക്കാൻ ശനിസഹായിച്ചു...
അമ്പിളി ടീച്ചർ വാതിലിൽ വച്ചെന്നെ കെട്ടിപ്പിടിച്ചത് മൂപ്പരു കണ്ടോ എന്ന് സംശയമുണ്ടായിരുന്നു..
ശേഖരൻ മാഷിന്റെ സന്ദർശന ദിവസങ്ങളിൽ ഈ സൗജന്യത്തെ ഒഴിവാക്കാൻ പറ്റുമോ എന്ന് തമാശ രൂപത്തിൽ ചോദിച്ചു...
ഇതിനിടയിൽ മറിയ ടീച്ചർ മൂപ്പർക്ക് ജോസഫെന്ന പേരിട്ടതും ആധാറും ചികിത്സാകാർഡും അക്ഷയ സെന്ററിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതും പറഞ്ഞു.....
അടുത്ത ശനി മൂപ്പരുടെ മുറിവുണങ്ങിയിട്ടും സഖറിയക്ലിനിക്ക് കൊണ്ടുപോയത് അമ്പിളി ടീച്ചറെ സുരക്ഷിതമായി വീട്ടിലെത്തിക്കാനായിരുന്നു....
പിറ്റേന്ന് പത്രം വാങ്ങാൻ പുറത്തിറങ്ങിയ എന്നോട് മൂപ്പരു പറഞ്ഞു...
"ഒറ്റ നിമിഷം കൊണ്ടാ മണിച്ചിത്തോട്ടിലൂടെ എന്റെ വീടൊഴുകിപോയത് ഓർത്തോ ഇതിലൊക്കെ ഒരു സത്യോള്ളതാ...."
അടുത്ത ദിവസം മുതൽ മൂപ്പരെ കണ്ടിട്ടില്ല...
പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിന്റെ വഴിയിൽ ഒരിക്കൽ കണ്ടതുപോലെ തോന്നി....
തിരയാനും ഞാൻ പോയില്ല...
നാലുമാസം കഴിഞ്ഞ് മലബാറിലേക്ക് എനിക്ക് സ്ഥലം മാറ്റം കിട്ടി....
അടുത്തിടെ നടന്ന പരവൂർ വെടിക്കെട്ടപകടത്തിൽ അജ്ഞാത ശവശരീരങ്ങളിൽ മൂപ്പരുടെ പേരു ഞാൻ തിരഞ്ഞിരുന്നു....
ഇല്ലാ.. അതിലൊന്നും മൂപ്പരുടെ പേരുണ്ടാകില്ലല്ലോ...
ആധാർപോസ്റ്റലായി കിട്ടിയദിവസം തന്നെ ഞാനത് മണിച്ചിത്തോട്ടിൽ ഒഴുക്കിവിട്ടില്ലേ..?
"എന്റെ ഏറ്റവും എളിയ...
മറിയടീച്ചർ
മത്തായി എഴുതിയ സുവിശേഷ ഭാഗം വായിക്കുകയായിരുന്നു.......!!

രതീഷ് .കെ. എസ്
ജി എച്ച് എസ് എസ്
എടക്കര

Saturday, 8 October 2016

Friday, 7 October 2016

അധ്യാപക വിദ്യാർത്ഥി ബന്ധം -സാജു ജെയിംസ്














സാജു ജെയിംസ്
എക്കണോമിക്സ് ടീച്ചർ
സി.ബി.എസ്സ് .സി ഇന്റർനാഷണൽ കരിക്കുലം,
ബിപിഎസ്സ്  , ദോഹ .
അധ്യാപക - വിദ്യാർത്ഥി ബന്ധം

ഓർമകുളുടെ സ്കൂൾ ജീവിതത്തിലേക്കൊന്നു തിരിഞ്ഞു  നോക്കുമ്പോൾ എട്ടാം ക്ലാസ്  മുതൽ പത്താം ക്ലാസ് വരെ ഒരു ടീച്ചറുണ്ടായിരുന്നു.. ഞങ്ങളുടെ  മലയാളം ടീച്ചറും മൂന്ന് വർഷം ഹൈ സ്കൂളിൽ ക്ലാസ്സ് ടീച്ചറും ആയിരുന്ന ത്രേസ്യാമ്മ ടീച്ചർ.എൻ്റെ സ്കൂൾ ഓർമ്മകിൾക്കിന്നും ടീച്ചറുടെ മുഖമാണ്.ടീച്ചറങ്ങനാണ് ഞങ്ങളുടെ കുരുത്തക്കേടുകൾ പരാതികളായി ടീച്ചറിന്റെ മുൻപിലെത്തുമ്പോൾ നമ്മിലേക്കൊരു നോട്ടം നോക്കും.ക്രൂരതയുടെയോ ഭയാനാകതായുടേതോ അല്ല.മറിച്ച് ടീച്ചർ ഞങ്ങളിൽ ഉണ്ടാക്കിയെടുത്ത സ്വാധീനത്തിലേക്കൊരു ആറ്റം ബോംബ്  കണക്കെ തികച്ചും സഹതാപകരമായ ഒരു നോട്ടം. മുന്നിൽ നിൽക്കുന്ന നമ്മൾ കുറ്റബോധത്താൽ അറിയാതെ തല ചായിച്ചു പോകും.ശകാരത്തിന്റെ ഒരു മുറിവാക്കു പോലും പറയാതെ മുന്നിൽ നിൽക്കുന്ന കൂട്ടിയുടെ മനോനുകരങ്ങളിലേക്ക് ഇടിച്ചു കയറാൻ പറ്റുന്ന ആ ബന്ധം തന്നെയാണ് അധ്യാപക -വിദ്യാർത്ഥി ബന്ധത്തിന്റെ അടിത്തറ.
                                           ഇത് ന്യൂ ജെൻ കാലം.പരമ്പരാഗത സമീപനങ്ങൾക്കപ്പുറം പുത്തൻ കാലത്തിൻറെ സ്പന്ദനങ്ങൾക്കൊപ്പമേ ഇന്ന് മികച്ച അധ്യാപക -വിദ്യാർത്ഥി ബന്ധങ്ങൾ കെട്ടിപ്പവടുക്കാൻ കഴിയൂ.അദ്ധ്യാപകനെന്ന 'കൊടുമുടിയിൽ' നിന്ന് വിദ്യാർത്ഥി എന്ന 'താഴ്വരയിലേക്ക്' പണ്ടത്തെപ്പോലെ നടന്നടുക്കാൻ കഴിഞ്ഞോണം എന്നില്ല. അധ്യാപകൻ 'താൻ' എന്ന വലിയ പരിവേഷം അഴിച്ചു വെച്ച് തികച്ചും ഇന്ഫോര്മലായാലേ പുതു തലമുറ നിങ്ങളിലേക്കു അടുത്ത് വരൂ.അദ്ധ്യാപകൻ എനിക്ക് എന്തും പങ്ക് വെക്കാൻ പറ്റുന്ന സുഹൃതാണെന്ന അനുഭവങ്ങൾ കൊണ്ടുള്ള തിരിച്ചറിവിൽ നിന്നെ കാലഘട്ടത്തിൻറെ വിദ്ധ്യാർത്ഥിത്വം അധ്യാപകനിലേക്ക് മനം കൊണ്ടടുക്കൂ.നേരെത്തെ പറഞ്ഞ കണ്ണുകൾ കൊണ്ടുള്ള അതിർത്തികൾ അധ്യാപകന് നിർണയിക്കാൻ സാധ്യമാവുന്നതും അപ്പോൾ തന്നെയാണ്.'ഹാലോ' സർ 'ഹായ് ' തുടങ്ങി തികച്ചും ഇൻഫോർമലായി എന്നാൽ സ്നേഹത്തോടെ അഭിവാദ്യം ചെയുന്ന കുട്ടികാളോട് 'ഞാനെന്താ നിൻറെ  കളിക്കൂട്ടുകാരനോ' ഗുഡ് മോർണിംഗ് തന്നെ വേണമെന്ന് ശഠിക്കുന്ന ചില സഹപ്രവർത്തകരെയും ഈ സന്ദർഭത്തിൽ ഓർത്തു പോവുന്നു.
                                           ഒരു അധ്യാപകൻ ഒരിക്കലും ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ കരിനിഴലാവാൻ പാടില്ല എന്ന് തന്നെയാണ് എൻറെ പക്ഷം.കോളേജ് പഠനകാലത്തു ഞങ്ങൾക്ക് ഒരു  അധ്യാപകനുണ്ടായിരുന്നുക്ലാസ്സിനിടക്ക് ചോദ്യങ്ങളുമായി നമ്മളിലേക്ക് വരും.നമ്മൾ പറയുന്ന ഉത്തരങ്ങളെത്ര മണ്ടത്തരമാണെങ്കിലും അഭിനന്ദങ്ങൾ കൊണ്ട് നമ്മെ പുണരും നമ്മൾ അഭിമാന ബോധത്താൽ തല ഉയർത്തി നിൽക്കുമ്പോൾ അദ്ദേഹം നമ്മുടെ ഉത്തരങ്ങളെ വിശദീകരണങ്ങളിലൂടെ ശരിയിലേക്കെത്തിക്കും.അദ്ദേഹത്തിന് മുൻപിൽ നമ്മൾ 'ശരിയുത്തങ്ങൾ' മാത്രമേ പറയൂ.അധ്യാപകൻറെ അഭിനന്ദനങ്ങൾ കുട്ടികൾക്ക് മറ്റുള്ളവരുടെ ഇടയിൽ അംഗീകാരങ്ങളാണ്.ദൈവത്തിൻറെ ഉന്നതമായ   സൃഷ്ടി തന്നെയാണ് മനുഷ്യൻ.വ്യത്യസ്‌തകളെ കൈമുതലാക്കിയവരാണ് ഓരോരുത്തരും കഴിവുകളും ശേഷികളും പലരിലും ദൈവം സന്നിവേശിപ്പിച്ചിരിക്കുന്നത് വ്യത്യസ്ത ഇടങ്ങളിലാണന്നു അധ്യാപകൻ തിരിച്ചറിയണം അവൻറെ ഇടങ്ങളെ  അദ്ധ്യാപകൻ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയണം.അത്ഭുതങ്ങൾ സൃഷ്ടിച്ചു കുട്ടികൾ അവരുടെ ഇടങ്ങളിൽ കുതിച്ചുയരും.പരസ്‌പരം അധ്യാപക - വിദ്യാർത്ഥി ബന്ധം നന്മയുടെ ഉന്നതങ്ങളിലേക്ക് കുതിച്ചുയരുന്നതും നമുക്കും കാണാം.
                                                 ക്ലാസ്സിലെ ഏറ്റവും കുരുത്തക്കേടുകൾ കാട്ടുന്നവർ വര്ഷങ്ങള്ക്കു ശേഷവും തങ്ങളുടെ അധ്യാപകരെ ഓർമ്മിക്കുകയും നന്നായി പഠിച്ചവരിൽ ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ ഉന്നതങ്ങളിലേക്കു കുതിക്കുമ്പോൾ ഏതോ നിലകളിൽ അധ്യാപകരെ ഉപേക്ഷിച്ചു പോകുന്നതുമായാ 'പ്രതിഭാസം' നമ്മെ ഓർമിപ്പിക്കുന്നത് അക്കദാമികമായി മുന്നേറാൻ കഴിയാത്തവർക്ക് നമ്മുടെ പരിഗണനകൾ ആവശ്യമാണ് എന്നതാണ്.ക്ലാസ്സിൽ വിദ്യാർത്ഥി സന്തോഷവാനാവുമ്പോൾ അധ്യാപകനെ  അവൻ സ്നേഹിച്ചു തുടങ്ങും അദ്ധ്യാപകന്റെ സാമിപ്യം അവൻ ആഗ്രഹിക്കുകയും ചെയ്ത തുടങ്ങും.ഒരു അദ്ധ്യാപകന്റെ ക്ലാസും സാമീപ്യവും ഒരു കുട്ടി വെറുത്തു തുടങ്ങിയാൽ അവിടെ തന്നെയാവും ഈ പരസ്പര ബന്ധത്തിന്റെ വിള്ളലുകൾ വീണു തുടങ്ങുന്നതും.ഈ വിള്ളലുകളെ നികത്താൻ അധ്യാപകൻ സ്വയം തയ്യാറാവാത്ത കാലത്തോളം വ്യത്യസ്ത വൻകരകളായി അവർ തുടരുകയും ചെയ്യും.
                                                അധ്യാപക -വിദ്യാർത്ഥിബന്ധത്തിലെപ്പോഴെങ്കിലും മതവും ജാതിയും നിറവും വർണ്ണവുമൊക്കെ ഇടങ്ങൾ നേടിയാൽ അവിടെ മരിക്കുന്നത് അറിവ് തന്നെയാണ്. "തൻറെ  മുൻപിൽ ഇരിക്കുന്ന കുട്ടി എപ്പോൾ തന്റേതല്ലതാവുന്നോ അപ്പോൾ അധ്യാപകൻ തൻറെ ജോലി അവസാനിപ്പിക്കണമെന്നത് " പ്രസിദ്ധമായ ഒരു വചനമാണ്.സ്കൂൾ ജീവിത കാലത്തു വർഗീയമായി ചിന്തിക്കയും അപ്രകാരം അവഗണിക്കുകയും ചെയ്ത ഒരു ടീച്ചർ ഇന്നും കരടായി മനൊ നുകരങ്ങളിൽ തങ്ങി 
നിൽക്കുന്നുണ്ട്.മനുഷ്യനായി മുന്നിലിരിക്കുന്ന കുട്ടിയെ  കാണാൻ കഴിയുക എന്നത് തത്വങ്ങൾക്കപ്പുറം പ്രായോഗവത്കരിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്.അപ്രകാരമെങ്കിൽ വർഷങ്ങോളോളം അധ്യാപകൻ അധ്യപാകായനായും വിദ്യാർത്ഥി വിദ്യാർത്ഥിയായും പരസ്പരം നിലനിൽക്കും.
                                           അധ്യാപക ജീവിതം അനുഭവങ്ങളുടേതാണ് നിരന്തരം മാറ്റങ്ങൾ അനിവാര്യമായതുമാണ് .കാലത്തിനൊപ്പം അധ്യാപകൻ തുഴയെറിയേണ്ടത് അനുവാര്യതായാണ് എന്നാലേ വിദ്യാർത്ഥി എന്ന തോണി അധ്യാപകനോടൊപ്പം സഞ്ചരിക്കൂ .കാലത്തിനൊപ്പം അധ്യാപകനും  വലിയ കച്ചവട ശ്രിംഖലയുടെ ഭാഗമാകാൻ വിധിക്കപ്പെട്ടു എന്നത് നിർഭാഗ്യകരം.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മാത്രമായി ചിലയിടങ്ങളിൽ അധ്യാപകന് ചുരുങ്ങേണ്ടി വരേണ്ടിടത്തു അധ്യാപക വിദ്യാർത്ഥി ബന്ധത്തിൻറെ പുതു സ്വപ്നങ്ങൾക്ക് വലിയ അർത്ഥവുമില്ലന്നതുമാണ് സത്യം.!

സാജുജെയിംസ്