Monday, 24 July 2017

കുഞ്ഞിപ്പൂവ്-മുഹമ്മദ് ഷഹൽ .ടി














മുഹമ്മദ് ഷഹൽ .ടി 
8 ബി
ജി എച്ച് എസ്സ് മീനടത്തൂർ







കുഞ്ഞിപ്പൂവ്

തേനൂറും പാൽ പുഞ്ചിരിയുമായി 
അങ്കണത്തട്ടിലതാ -
ഒരു കുഞ്ഞിപ്പൂ വിരിഞ്ഞു 

മുറ്റത്തിൻ മാറിടത്തിൽ 
ഐശ്വര്യ മേകിയതാ -
പല്ലിളിച്ചു കാട്ടിച്ചിരിക്കുന്നു 

വെയിലിന്റെ നാളമേറ്റു 
വാടാതെ നിൽക്കുമ്പോഴതാ -
വേദനിപ്പിക്കാൻ എത്തിയവർ 

ഒരു കുഞ്ഞികൈ വന്നെന്നെ -
വലിക്കുന്നതാ ......
പിഴുതെടുക്കുന്നെന്നെ 

വലിച്ചും അടിച്ചും പറിച്ചും 
അവരെന്നെയതാ.....
മരണത്തിലേക്ക് തള്ളിവിടുന്നു 

Monday, 17 July 2017

കടൽ-പീജി നെരൂദ
















പീജി നെരൂദ 





കടൽ
 സുധീർ പെട്ടികൾ ഓരോന്നായി വലിച്ച് മുറുക്കി കെട്ടി. സുധീറിന്റെ അപ്പൻ തോളിൽ തൂക്കിയ വല മുറ്റത്ത് വെച്ച് വീടിന്റെ അകത്തേക്ക് കയറി വന്നു .അപ്പൻ അണ്ടർവയറിന്റെ പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ പുറത്ത് എടുത്തു. നോട്ടുകൾ വിയർപ്പ് കൊണ്ട് നനഞ്ഞിരുന്നു. അയാളുടെ കറുത്ത് കരുവാളിച്ച മുഖവും കണ്ണുകൾ രണ്ടും ' കടലിലെ ചുഴിയിൽ പെട്ട കണക്കെ ആഴത്തിലേക്ക് ആണ്ടിരുന്നു .അപ്പന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി മോനെ സു.…. ധീ…. വാക്കുകൾ മുഴുവിക്കാതെ മുറിഞ്ഞ് പോയി. അപ്പൻ സുധിറിനെ നെഞ്ചിലേ വിയർപ്പിൽ മുങ്ങിയ ദേഹത്തേക്ക് ചേർത്ത് വെച്ചു 
സുധീറിന്റെ കണ്ണുകൾ നിറഞ്ഞു നീ അമ്മയോട് യാത്ര പറഞ്ഞോ….?
ഇല്ലപ്പാ….? പറയണം…..

അപ്പനും മകനും  കടലിന്റെ ഓരത്ത് മണലിൽ ചവിട്ടി നിന്നു. 
സുധീറിന്റെ മനസ്സിൽ എന്റെ കടൽ കടക്കാനുള്ള യാത്രയിൽ അപ്പന് ആര് തുണ എന്ന ചിന്ത തിരമാല കണക്കെ വന്ന് പൊയ്ക്കോണ്ട് ഇരുന്നു.ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാന്‍ അപ്പനെ വിട്ടു കൊടുക്കാനോ ഇല്ല അയാൾക്ക് മനസ്സ് വന്നില്ല... എങ്കിലും പിന്നെ എന്താ ഒരു വഴി…. തലച്ചോറുകൾ മുളകിൽ ഇറക്കിവെച്ചത് പോലെ പുകയുന്നു .
തിര പാറയിൽ വന്ന് തലതല്ലി ചിതറിയ കണക്കെ അപ്പന്റെ വാക്കുകൾ കേട്ട് ഞെട്ടി സുധീർ ചിന്തയിൽ നിന്ന് പുറത്ത് വന്നു.
സന്ധ്യക്ക് കടപ്പുറത്ത് നിൽക്കുമ്പോൾ നമ്മൾ തനിച്ചല്ല എന്ന തോന്നല്  വരാറുണ്ട് അപ്പന് '.12 വർഷം മുമ്പ് കടലിന്റെ മടിതട്ടിൽ നിന്ന് കടലമ്മ വന്ന് നിന്റെ അമ്മയെ കൊണ്ട് പോകുമ്പോൾ അവളുടെ പള്ളയിൽ നിന്റെ കൂടെപിറപ്പും ഉണ്ടായിരുന്നു. തിരികെ കിട്ടിയില്ല അവസാന മുത്തം നൽകാൻ പോലും. ദാ ഇപ്പോൾ നീയും കടൽ കടന്ന് പോകുന്നു അപ്പൻ തനിച്ചാണ് ഈ കടപ്പുറത്ത് .എനിക്ക് ഇനി എന്താണ് ദാ.. കടലിന്റെ മടിതട്ടിൽ അവള് എനിക്കായ് തല ചായ്ക്കാൻ ഇച്ചിരി സ്ഥലം കണ്ട് വെച്ചിട്ടുണ്ടാവും കാണാൻ കൊതിച്ച കൺമണിയുടെ നെറുകൾ ചുംബനം കൊണ്ട് മൂടണം.

സുധീർ ചോദിച്ചു വാങ്ങിയ ഗൾഫ് ജോലി മുക്കുവന്റ മകനായി മീനിന്റെ നാറ്റവുമായി ജീവിക്കാൻ വയ്യ പുതു അത്തറുകളുടെയും ,ബോഡിലോഷ്യന്റെയും മണത്തിനോടാണ് എനിക്ക് ഭ്രമം യത്രയുടെ അവസാനഘട്ടം അപ്പനെ പറഞ്ഞ് മനസ്സിലാക്കി യാത്ര പോകണം. 
അങ്ങനെയാണ് എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അപ്പന്റെ കലുഷിതമായ മനസ്സുമായി അയാള്‍ ഈ കടല്‍ത്തീരത്തേക്കു വന്നത്..... ശരിയോ തെറ്റോ അറിയില്ല എങ്കിലും സ്വപ്നം നീറുകയാണ് ഉള്ളിൽ ഒരു നെരിപ്പോട് പോലെ……

വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂര്‍ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു....
യാത്രയുടെ ഉറപ്പിൽ സുധീർ നിൽക്കുകയാണ് പോകണം …..

ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു.... അതുപോലെ 
അപ്പന്റെ മനസ്സും.....
 കടലുകൾക്ക് മീതെ പറവകൾ പറന്ന് കൂട് തേടി നീങ്ങുന്നു
പിൻതിരിഞ്ഞ് സുധീർ നടന്ന് നീങ്ങി ….….
. ഇപ്പോൾ ഒരു ശൂന്യത മാത്രം….
അപ്പൻ നടന്ന് നീങ്ങിയ കാലടി പതിഞ്ഞ മണ്ണുകളെ തിര മാറോട് അണച്ചു…..


പീജി നെരൂദ

Sunday, 16 July 2017

സഹജീവനം – ശരീഫ മണ്ണിശ്ശേരി


ശരീഫ മണ്ണിശ്ശേരി


സഹജീവനം

വരാന്തയിലേക്ക് കയറിയപ്പോഴേ അലങ്കോലത്തിന്‍റെ ചിതറലുകള്‍ എല്ലായിടത്തും ചിറി കോട്ടി കിടക്കുന്നത് കാണായി- സോഫയില്‍ ആഴ്ചപ്പതിപ്പുകളും ബാലപുസ്തകങ്ങളും കമഴ്ന്നും നിവര്‍ന്നും കിടക്കുന്നു. നിലമാകെ തുണ്ടുകടലാസുകളാണ്‌.ഇവളിതെവിടെപ്പോയി? തുറന്നു കിടപ്പാണ് വാതില്‍.. സിറ്റിംഗ് റൂമില്‍ കുട്ടികള്‍ രണ്ടും ദീവാനിലും സോഫയിലും തല കുത്തി മറിയുകയാണ്. എന്താ അവരുടെ ആഹ്ലാദം, ഒരാളും വേണ്ട എന്നു പറയാനില്ലാത്തതില്‍..”ഡാ-“ ഒച്ചയിട്ടു കൊണ്ട് അവരുടെ മുമ്പിലെത്തി, “കീറിയിട്ട ഈ പേപ്പറൊക്കെ പെറുക്കി വേസ്റ്റ് ബാസ്കറ്റില്‍ ഇട് , ഒരു കളി, അമ്മയെവിടെ?”
അവര്‍ ഭയത്തോടെ ഒക്കെ പെറുക്കാന്‍ തുടങ്ങി. “മുകളിലുണ്ട്”- ചെറുത് പിറുപിറുത്തു. കോണിയില്‍ ഒരു സ്റ്റെപ്പ് ഒഴിയാതെ കളിപ്പാട്ടങ്ങള്‍ തല കുത്തനെ കിടക്കുന്നു. “ഡാ , അത് കഴിഞ്ഞാ ഇതും ക്ലീനാക്ക്, നിങ്ങളുടെ അമ്മയെന്താ ചത്ത് പോയോ?” മുകളിലും ഇനി വലിച്ചിടാന്‍ ഒന്നും ബാക്കിയില്ല. തന്‍റെ ഷെല്‍ഫിലെ സാധനങ്ങള്‍ പോലും നിലത്ത് കിടപ്പുണ്ട്. ഇന്നിവളുടെ ചെവിക്കല്ല് പൊട്ടിച്ചിട്ട് ബാക്കി കാര്യം..അരിശത്തോടെ ബെഡ്റൂമിലെത്തി, ബെഡ്ഷീറ്റുകളും തലയിണകളും കുഴച്ചു മറിച്ചിരിക്കുന്നു..”പ്രഭേ, ഡീ പ്രഭേ-“ഉറക്കെ വിളിച്ചുകൊണ്ട് റൂമില്‍ കയറി. രണ്ടു പുതപ്പുകളുടെ കൂമ്പാരത്തിനടിയില്‍ നിന്ന് അവളുടെ സാരിത്തലപ്പ് കാണുന്നുണ്ട്. “നീയെന്താ ചത്തോ, ഇവിടെ കുട്ടികള്‍ വീട് മറിച്ചിടുന്നതൊന്നും നീ കാണുന്നില്ലേ? എന്താ നീ ഇവിടെ മല മറിക്കണത്, ഇത്ര ക്ഷീണിക്കാന്‍?”

കലിയോടെ പുതപ്പ് വലിച്ചു മാറ്റി. ചരിഞ്ഞു കിടപ്പാണ് അനക്കമില്ലാതെ..”പ്രഭേ പ്രഭേ..” തൊട്ടു വിളിക്കാനായി മുഖത്ത് സ്പര്‍ശിച്ചു, ഒരു കിടിലമായി മരവിച്ച തണുപ്പ് കയ്യിലേക്ക് അരിച്ചു കയറി..ചിറിക്കോണില്‍ ചോര..ഈശ്വരാ! ഇനിയെന്തെല്ലാം ഗുലുമാലുകള്‍ ആണാവോ വരാന്‍ പോകുന്നത്. ആത്മഹത്യ ആയിരിക്കുമോ? ഡോക്ടറുടെ അടുത്ത് പോയാല്‍ പണിയാകുമോ? സ്വയം കൊല്ലാന്‍ മാത്രം എന്ത് പ്രശ്നമാണ് അവള്‍ക്കുണ്ടായിരുന്നത്?

രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ ബെഡ്റൂമിലെ ഷെല്‍ഫ് വെറുതെ പരിശോധിക്കയായിരുന്നു. കുട്ടികളെ തല്‍ക്കാലം അവളുടെ അനിയത്തി കൊണ്ടു പോയിരിക്കാണ്. അന്ന്‍ അയാള്‍ ആദ്യം വിളിച്ചത് സുഹൃത്തായ വക്കീലിനെയാണ്. കേസായിട്ടുണ്ട്, അത് മുറ പോലെ നടന്നോളും. പക്ഷെ എന്തിനായിരിക്കും അവള്‍ അങ്ങനെ ചെയ്തത്? അവള്‍ക്ക് മറ്റു വല്ല ബന്ധങ്ങളും ഉണ്ടായിരുന്നോ? കുറച്ച് കവിതയെഴുത്തിന്‍റെ ഭ്രാന്തുണ്ടായിരുന്നു. അയാള്‍ക്ക് സങ്കടത്തേക്കാള്‍ വിദ്വേഷമാണ് തോന്നിയത്. അല്ലേലും താനും അവളും അത്ര ക്ലോസൊന്നും ആയിരുന്നില്ല. എല്ലാ വീട്ടിലെയും പോലെ ഒരു അഡ്‌ജസ്റ്റിങ്ങ് ലൈഫ്..രണ്ടാള്‍ക്കും ചാഞ്ഞു നില്‍ക്കാന്‍ മറ്റൊരു തണലാണ്‌ വേണ്ടിയിരുന്നത്. കുളിര്‍മയും കാറ്റുമുള്ള മറ്റൊരു ഷെയ്ഡ്‌..താനത് വര്‍ഷങ്ങള്‍ക്ക് മുമ്പേ നേടിയെടുത്തു. അതവള്‍ക്ക് അറിയുമായിരുന്നോ?അതാണോ അവള്‍ യാത്ര പകുതിക്ക് വച്ച് മുറിച്ചു കളഞ്ഞത്?
അതോ അവള്‍ക്കും മറ്റൊരു തണല്‍ ഉണ്ടായിരുന്നോ?സമാന്തരരേഖകളാണ് അധികവീടുകളിലും ദ്രുതം ചലിച്ചുകൊണ്ടിരിക്കുന്നത്, ഒന്നു മിണ്ടാന്‍ പോലും നേരമില്ലാതെ, തീരാത്ത തിരക്കുകളില്‍..

അവളുടെ ആ കൊച്ചു ഡയറി അയാള്‍ ആദ്യമായി കാണുകയായിരുന്നു. എന്തൊരു ഭംഗിയാണ്..ആരാവും ഇത് വാങ്ങിക്കൊടുത്തത്?കുനുകുനാ എഴുതിയ കുറെ കവിതകള്‍ക്ക് ശേഷം നിലാവിലേക്ക് തുറക്കുന്ന ഒരു കതകിന്‍റെ ചിത്രത്തിന്  താഴെ അവള്‍ എഴുതിയിരിക്കുന്നു –
"സഹജീവനം –വ്യത്യസ്ത ജീവികള്‍ അതിജീവനത്തിനായി  പരസ്പരം ആശ്രയിക്കുന്ന സഹജീവനം എന്ന പ്രതിഭാസം തന്നെയാണ് ദാമ്പത്യവും. യാതൊരു പൊരുത്തവുമില്ലാത്ത രണ്ടു വ്യക്തികള്‍ സമൂഹത്തിനു മുന്നിലെ മാന്യമായ നിലനില്‍പ്പിനു വേണ്ടി മാത്രം സ്വന്തത്തെ ബലി കൊടുക്കുന്ന ഈ ഏര്‍പ്പാട് എന്നാണ് ഒന്നവസാനിക്കുക? കല്യാണമെന്ന ഇത്തിള്‍ക്കണ്ണി എത്രയെത്ര കലാജന്മങ്ങളെയാണ് തിന്നു തീര്‍ത്തത്..”
ബോറ്- അയാള്‍ ഡയറി ഒരു മൂലയിലേക്കെറിഞ്ഞ് ശ്രേയക്ക് ഒരു മെസ്സേജ് അയച്ചു. കവിതകള്‍ കാണുന്നത് തന്നെ അയാള്‍ക്ക് കലിയാണ്. എന്തിനാണ് ആളുകള്‍ ഇങ്ങനെ ഒരു പ്രയോജനവും ഇല്ലാത്ത ഓരോ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? അയാള്‍ക്കൊരിക്കലും മനസ്സിലാവാത്ത ഒരു കാര്യമാണത്.

പ്രായോഗികതയുടെ പരുത്ത വിരലുകള്‍ അക്ഷരങ്ങളെ പെറുക്കി ശ്രേയയിലേക്ക് പറത്തി..അന്ന് വൈകീട്ട് അവള്‍  അയാളുടെ അടുത്ത് ഉണ്ടാവുമല്ലോ എന്ന ആശ്വാസചിന്ത അയാളുടെ മനസ്സിലേക്ക് ആനന്ദമുത്തുകളെ തെറിപ്പിച്ചു. വളരെ വേഗം ഈ കേസും കൂട്ടവും ഒന്നു തീര്‍ന്നു കിട്ടിയാല്‍ ശ്രേയക്കൊപ്പം സുഖമായി ജീവിക്കാമായിരുന്നല്ലോ എന്ന് അയാള്‍ ഉത്ക്കടമായി ആഗ്രഹിച്ചു ....

കോഴിപ്പോര് -ദിനേഷ് ഡാലി




കോഴിപ്പോര് 

Saturday, 15 July 2017

നമ്മൾ-ഇന്ദു വിനീഷ്


ന്ദു വിനീഷ്.





നമ്മൾ 

നീയും ഞാനും സമാന്തരരേഖകൾ.. സ്നേഹത്തിൽ വാശിയിൽ കരുതലിൽ കയറ്റങ്ങളും ഇറക്കങ്ങളും ചരിവുകളും വളവുകളുമില്ലാത്ത സമാന്തരരേഖകൾ ചിലപ്പോൾ, ഒരു റെയിൽപാതയുടെ ഇരുവശങ്ങൾ പോലെ നീണ്ടു പോകുന്ന വാശി പിണക്കങ്ങൾക്ക് മീതെ ജീവിതഎഞ്ചിൻ നിരങ്ങി നീങ്ങുന്നുണ്ട് നെടുവീർപ്പിൻ കൂകി വിളികളും പുകച്ചുരുളുകളും അവസാനിക്കുന്നിടം, പിണക്കത്തിന്റെ അവസാന സ്റ്റേഷൻ ഒന്ന് മൂളി ഞരങ്ങി വിറച്ചു ഒരു നിൽപ്പുണ്ട് പിണക്കത്തിന്റെ എഞ്ചിൻ വേർപ്പെടുത്തി ഇണക്കിച്ചേർത്ത പുത്തൻ എഞ്ചിനുമായി ഒരു കുതിപ്പുമുണ്ട് കിതച്ചു കുതിച്ചു പിന്നെയും എഞ്ചിനുകൾ മാറി മാറി... ചിലപ്പോൾ, ഒരു നൗകയിലെ തുഴകൾ.. അലയിലുലയുമ്പോഴും ചുഴികൾ താണ്ടുമ്പോഴും തുഴകൾ തളരാതെ.. ഇടയ്ക്കാകാശപ്പറവകൾ, പ്രണയം ഇന്ധനമാക്കി വികാരങ്ങളുടെ നനുത്ത മേഘങ്ങൾക്കിടയിലൂടെ പറന്നു പറന്ന്... ചിലപ്പോളൊക്കെ ഒരു പട്ടം. നിന്റെ സ്നേഹ നൂലിന്നറ്റത്ത് ഹൃദയത്തിന്റെ വിശാലതയിലങ്ങനെ... എപ്പോഴാണ് നീയും ഞാനും നമ്മളായത് സമാന്തര സ്വഭാവങ്ങളിൽ നിന്നും ഒരു സ്നേഹ ബിന്ദുവിൽ നിന്റെയും എന്റെയും മനസ്സുകൾ അലിഞ്ഞു ചേർന്നത്...

Thursday, 13 July 2017

നീലക്കൊടുവേലിയുടെ കാവൽക്കാരി-പുസ്തകാസ്വാദനം-തയ്യാറാക്കിയത്-ശിവശങ്കരൻ ബി വി














ശിവശങ്കരൻ ബി വി



പുസ്തകാസ്വാദനം-നീലക്കൊടുവേലിയുടെ കാവൽക്കാരി
നീലക്കൊടുവേലിയുടെ കാവൽക്കാരി

നോവൽ

ഡോ.ബി.സന്ധ്യ ഐ.പി.എസ്

മാതൃഭൂമി ബുക്സ്

തയ്യാറാക്കിയത് :
ശിവശങ്കരൻ ബി വി

കേരളത്തിലെ കഴിവുറ്റ ജനകീയ പോലീസ് ഓഫീസർ എന്നറിയപ്പെടുന്ന ഡോ .ബി.സന്ധ്യ ഐ.പി.എസിന്റെ ആത്മകഥാംശമുള്ള നോവലാണ് 'നീലക്കൊടുവേലിയുടെ കാവൽക്കാരി' .

മീനച്ചിലാറിന്റെ കരയിലെ കണിയാരം ഗ്രാമത്തിന്റെയും ഗ്രാമവാസികളുടെയും കഥയാണ് കഥാകാരി ഇവിടെ പങ്കുവെയ്ക്കുന്നത് ..
ചെറുവള്ളിയിലെ സുജാത എന്ന പെൺകുട്ടിയുടെ ജീവിതവും കാഴ്ചപ്പാടുകളുമാണ് നോവലിൽ നിറഞ്ഞു നിൽക്കുന്നത് .
ആഖ്യാനഭംഗിയുടെ മികവ് തുടക്കത്തിൽ മാധവിക്കുട്ടിയുടെ രചനകളെ ഓർമ്മിപ്പിക്കുന്നുവെങ്കിലും നോവലിന്റെ അവസാനം വരെ ആ മികവ് നിലനിർത്താൻ കഥാകാരിക്കാവുന്നില്ല .
അവസാനമാകുമ്പോഴേക്കും ഒരു വിവരണത്തിന്റെ രീതിയിലേക്ക് ഭാഷ മാറുന്നു .

നല്ലൊരു പരിസ്ഥിതി ദർശനവും കഥാകാരിയിവിടെ പങ്കുവെക്കുന്നു .കേരളീയ പ്രകൃതിക്കു ബാധിച്ച മൂല്യശോഷണം മീനച്ചിലാറിന്റെ തകർച്ചയിൽ കഥാകാരി വരച്ചുകാട്ടുന്നു .
പ്രകൃതിക്കിണങ്ങുന്ന ഒരു ജീവിതരീതിയുടെ ആവശ്യകതയിലേക്കാണ് നോവൽ വിരൽ ചൂണ്ടുന്നതും .

മീനച്ചിലാറിന്റെ കരയിൽ ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറന്നിരുന്ന സുജാതക്ക് നിരവധി ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു .
ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട അവൾക്ക് എല്ലാം നൽകിയത് അമ്മാവൻ അച്യുതൻ പിള്ളയായിരുന്നു .

അമ്മാവന്റെ മരണം അവളെ ശരിക്കും ഒറ്റപ്പെടുത്തി .
പഠനം ഇടക്കു വെച്ച് നിർത്താൻ നിർബന്ധിതയായ അവൾ ഒരു എയ്ഡഡ് ഹൈസ്ക്കൂളിൽ അധ്യാപികയായി ചേരുന്നു .
ടീച്ചർ എന്ന നിലയിൽ നാട്ടുകാരുടെ മനം കവർന്ന  അവർക്ക് തുടർന്ന് വന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരുന്നു .
ജനകീയ നിർബന്ധം മൂലം സുജാതക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം ഏറ്റെടുക്കേണ്ടി വന്നു.
ശക്തമായ നിലപാടുകൾ മൂലം നാട്ടുകാരിൽ പലരും ശത്രുക്കളായി മാറി .
സമ്പന്നരുടെയും തൽപ്പരകക്ഷികളുടെയും കുടില തന്ത്രങ്ങൾ മൂലം അവൾക്ക് പ്രസിഡന്റ് പദം ഒഴിയേണ്ടിയും വന്നു .
ഡിവിഷൻ ഫാൾ മൂലം അധ്യാപക ജോലിയും നഷ്ടപ്പെട്ട സുജാത ശരിക്കും ഒറ്റപ്പെട്ടു പോയി .

തുടർന്ന് നിശ്ചയദാർഢ്യത്തോടെ സിവിൽ സർവീസിനു തയ്യാറെടുത്ത അവൾക്ക് ഐ.പി. എസ് സെലക്ഷൻ കിട്ടി .വിവിധ അക്കാദമികളിലെ ട്രെയിനിംഗ് കാലം സുജാതയുടെ ജീവിതത്തിലെ വഴിത്തിരിവായി .നിരവധി സുഹൃത്തുക്കളെ സമ്പാദിക്കാനും സുജാതക്കായി .
ആദ്യ പോലീസ് നിയമനം ആന്ധ്രപ്രദേശിൽ .
നക്സലൈറ്റ് മേഖലയായ കരീം നഗറിൽ നിയമിതയായ അവർക്ക് ഒരു ബോംബ് സ്ഫോടനത്തിൽ കാൽ നഷ്ടപ്പെട്ടു .

ജോലിയുപേക്ഷിച്ച് കണിയാരത്ത് തിരിച്ചെത്തിയ സുജാത ബാല്യകാല സുഹൃത്തും ഡോക്ടറുമായ ഗോവിന്ദനുമൊത്ത് പുതിയ ഒരു സംരഭത്തിനു തുടക്കം കുറിക്കുന്നു .
മൂല്യബോധവും പരിസ്ഥിതിയിലൂന്നിയ വികസന സങ്കല്പവും ഉൾക്കൊള്ളുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ 'കളരി' എന്ന പേരിൽ ഒരു സമഗ്ര വിദ്യാലയം .
ഗോവിന്ദൻ തന്റെ ജീവിത സഖിയായി സുജാതയെ സ്വീകരിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു .

വർഷ കാലത്ത് ഇല്ലിക്കൽമലയിൽ നിന്നും മീനച്ചിലാറിലൂടെ ഒഴുകി വരുന്ന നീലക്കൊടുവേലി ശേഖരിച്ച് വീട്ടിൽ സൂക്ഷിച്ചാൽ സർവവിധ ഐശ്വര്യങ്ങളും കൈവരുമെന്ന ഗ്രാമീണ വിശ്വാസത്തിൽ നിന്നുമാണ് നോവലിന്
നീലക്കൊടുവേലിയുടെ കാവൽക്കാരി എന്ന പേരു നൽകിയിരിക്കുന്നത് .
കണിയാരത്തിന്റെ ഗ്രാമീണ നൻമ തന്നെയാണ് ആ നീലക്കൊടുവേലി .
അതിനെ മനസ്സിൽ സൂക്ഷിച്ച സുജാതക്ക് ജീവിതത്തിൽ ഐശ്വര്യം കൈവരുന്നു .







ഫേസ്ബുക്ക്ഡ്-ദിനേഷ് ഡാലി






























ഫേസ്ബുക്ക്ഡ് 

മരണവീട്-സബിത ടി വി

സബിത  ടി വി
അധ്യാപിക , മൗണ്ട് ഹിറ സ്കൂൾ പട്ടാമ്പി.
വിലാസം:
കഥാലയം
ഞാങ്ങാട്ടിരി (പോസ്റ്റ് )
പട്ടാമ്പി ( വഴി)




മരണവീട്
ഇന്നലെ കണ്ട മരണവീട്ടിൽ
ആളുകൾ നന്നേ കുറവായിരുന്നു.
പന്തലിട്ടതും പായ വിരിച്ചതും
വീട്ടുകാർ തന്നെ
കണ്ണീരിൻറെ ഗന്ധവും 
അലർച്ചയുടെ താളവും 
വാഴ വെട്ടാൻ പോയി...

പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ
നെഞ്ച് കീറിയില്ലത്രെ.
നെഞ്ച് നിറയെ കരിങ്കൽ കനത്തിൽ 
ദുഃഖങ്ങളായിരുന്നു പോലും!!

ഞാൻ തളർന്നിരുന്നു,
മരിച്ചവൻറെ പായയിൽ 
എന്നെയും കിടത്തി... 
'കുന്തിരിക്കം വാങ്ങണ്ട...
എനിക്കിഷ്ടമല്ല.........'

Tuesday, 11 July 2017

ചകലാസുകൾ-ഉമാദേവി.പി.














ഉമാദേവി.പി. 
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം സ്വദേശി
മലപ്പുറം ജില്ല അരീക്കോട് 
കീഴ്പറമ്പ് ഹൈസ്കൂൾ മലയാളം അധ്യാപിക







ചകലാസുകൾ

പ്രണയത്തിന്റെ മദാലസ വാക്കുകൾ കൊണ്ട് നീ തുന്നിയ മനോഹര വസ്ത്രം ധരിച്ച് എന്നിലെ കാമിനി മയങ്ങി വീണു വോ ഇടക്കിടെ പടർന്നേറുന്ന നിലാവിന്റെ നിഴലുകൾ ‌ വടിവോലും ചിത്ര പണികൾ നെയ്തുവോ നിൻ പദനിസ്വനം കാതോർത്തിരുന്നു ഞാൻ ' കാതടപ്പിക്കുമിരമ്പങ്ങൾ കേട്ടീലയല്ലോ നീയെനിക്കാരെന്ന് ചോദിച്ച ദർശന കൊടു ങ്കാറ്റിനെ പ്രണയ ക്കയത്തിലമർത്തി ഞാൻ -എത്ര വാക്കുകൾ മൗനത്തിലാകിലും എൻ ചിത്തം ചമക്കുമൊരാകാശം നിൻ മുരളി തന്നീണത്തിലെന്തിനോ തന്ത്രികൾ മീട്ടുന്നെ തെന്നു മനുസൃതം

മൃതിയും, സ്മൃതിയും-അജി മുണ്ടക്കയം














അജി A + കോട്ടയം ജില്ലയിൽ മുണ്ടക്കയം സ്വദേശി ഭാര്യ വിജി മക്കൾ കിച്ചാമണി , ചന്തു. ഞാൻ പ്രവാസിയാണ് സൗദിഅറേബ്യയിൽ റിയാദിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ എയർകണ്ടീഷൻ ജോലി ചെയ്യുന്നു.. അഭിനയം , എഴുത്ത് അൽപസ്വൽപം വരയും ഇഷ്ടങ്ങൾ... ദമ്മാം നാടക വേദിയുടെ പ്രഥമ നാടകമായ കടുവയിൽ വാറുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രൊഫഷണൽ നാടകത്തിൽ ഒന്നെത്തി നോക്കി അതിലെ ഗാനങ്ങൾക്ക് വരികൾ എഴുതികൊണ്ട് ഗാനരചനയിലേയ്ക്കും ഒരു കാൽവെയ്പ്പ് നടത്തി.. അതീതം എന്നൊരു ഷോർട്ട്ഫിലിമിലും അഭിനയിച്ചിട്ടുണ്ട്.. പ്രശസ്ത സിനിമാസംവിധായകനും നാടക സംവിധായകനുമായ , ശ്രീ ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത, റിയാദ് നാടക വേദിയുടെ നീലക്കുയിൽ എന്ന നാടകത്തിൽ കണ്ടൻ എന്ന കഥാപാത്രം അവതരിപ്പിക്കാൻ സാധിച്ചു.
ദമ്മാം നാടകവേദിയുടെ മൂന്നാമത് നാടകമായ ശിഖണ്ഡിനിയിലും ഗാനം എഴുതി കവിതാ രചനയിലും കഥാരചനയിലും സജീവമാണ് .






മൃതിയും, സ്മൃതിയും..
ഞാൻ വരച്ച സ്മൃതിവരയുടെ അങ്ങേയറ്റമാണ് നിങ്ങൾക്കായൊരുക്കിയത്.. ഇലയനക്കമില്ലാത്ത ആളൊഴിഞ്ഞ, എന്റെ കനവുകൂട്ടങ്ങളുടെ കൂട്ടിൽ.. ഓർമ്മകളിലെ കറുത്ത മുന്തിരികൾ പൂക്കുന്ന ഒരു വെളുത്ത പകലായിരുന്നൂ എന്റെ സ്വപ്നം! കയ്ക്കുന്ന, പുളിക്കുന്ന പിന്നെ, മധുരിക്കുന്ന കുഞ്ഞു മുന്തിരിപഴങ്ങൾ.. കാക്ക കൊത്താതെ, പുഴുപിടിക്കാതെ, മഴയും മഞ്ഞും വെയിലുമേൽക്കാതെ കാത്തുസൂക്ഷിച്ച നിങ്ങൾക്കു തന്നെയാണതിന്റെ പകർപ്പവകാശവും, ശിഷ്ട ലാഭവും.. ഈ കരിഞ്ഞ പകലിന്റെ പുറംഭിത്തിയിൽ തൂങ്ങി ഞാനൊരു കൊക്കൂണായി വരയിലിങ്ങേയറ്റം, തൊലികറുത്തു പരിണമിച്ചു..! മുന്നേ നടന്നുപോയ, ഉറുമ്പിൻ വഴികളെ.. മുറിച്ച വിരൽപ്പാടിൽ മുഖമമർത്തികരഞ്ഞു.. സ്മൃതിയുടെ അങ്ങേയറ്റം ജീവിക്കുന്ന നിങ്ങളാണ് ഓർക്കേണ്ടവർ.. ഇങ്ങേയറ്റം ഞാൻ മറവിയുടെ വേര് പടർന്ന് മറയുകയാണ് മറക്കേണ്ടവൻ ?! മരിച്ചവൻ...!!

കാർട്ടൂൺ48-മനോജ് മൂക്കൻതോട്ടം


അത്മഹത്യചെയ്താൽ...!!

ജനനം മരണം -ഗിരീഷ് മാരേങ്ങലത്ത്















 ഗിരീഷ് മാരേങ്ങലത്ത്



















ഇന്‍ട്രോസ്പെക്ഷന്‍-നിഷ നാരായണന്‍














നിഷ നാരായണന്‍



ഇന്‍ട്രോസ്പെക്ഷന്‍ =============== ഈയിടെയായി നിലപാടുകളേയില്ല. ചുമ്മാ കലുങ്കേലിരുന്ന് ഊതിവിടുന്ന ഒരു ബീഡിക്കനവു പോലെ, പൊടിപിടിച്ച ഫിലിംപെട്ടീലിരിക്കുന്ന ഒരു തുണ്ടുപടം പോലെ, പാര്‍ട്ടിയാപ്പീസ്ചുമരില് തൂങ്ങിക്കിടക്കുന്ന ഏംഗല്‍സ് ഫോട്ടോ പോലെ, പീഡോഫീലിയ , സ്വാശ്രയം,ഇടിമുറി, ബംഗാളി ഫ്ളോ, ഇവയൊന്നും കണ്ടില്ലെന്ന്, കേട്ടില്ലെന്ന് നടിച്ച്, എന്നും രാവിലെ വൈകിയുണര്‍ന്ന് , മുക്കിയും മൂളിയും നിലപാടുകളുറയ്ക്കാതെ തളര്‍ന്നു പാടുന്ന ഒരു സിലോണ്‍ റേഡിയോ, ഞാന്‍.

Monday, 10 July 2017

ടീച്ചറമ്മ-അപര്‍ണ















അപര്‍ണ







ടീച്ചറമ്മ 

ഒരു ആയിരം രൂപ തര്വോ ടീച്ചറെ?....'

ക്ലാസിലെ ഏറ്റവും ഉഴപ്പനായ കുട്ടി, തന്നെ ബഹുമാനിക്കാത്തവന്‍, വല്ലപ്പോളും മാത്രം ക്ലാസില്‍ വരുന്നവന്‍....
ഇവന്‍ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത്....?

'കൊടുക്കരുത് ടീച്ചറെ..... പിന്നെ ഇവന്‍ ക്ലാസിലേക്ക് വരില്ല. ടീച്ചര്‍ക്ക് പൈസേം കിട്ടില്ല' അവന്‍റെ ആവിശ്യം കേട്ടുകൊണ്ട് വന്ന രാധടീച്ചര്‍ പറഞ്ഞു

അവന്‍ ദയനീയമായി എന്നെ നോക്കി.

'ഉറപ്പായും തരും ടീച്ചറെ . വേറാരുമില്ല സഹായിക്കാന്‍'. അവന്‍ വീണ്ടും അപേക്ഷിച്ചു

എന്തിനാ ഏതിനാനൊന്നും ചോദിച്ചില്ല , ഞാന്‍ ബാഗില്‍ നിന്നും പൈസ എടുത്ത് കൊടുത്തു.

'തരും ടീച്ചറെ......ഈ പൈസ ഞാന്‍ ഉറപ്പായും തരും ' അവന്‍ അതും പറഞ്ഞു ഓടി

ദിവസങ്ങള്‍ കടന്നു പോയി. അവന്‍ ഇത് വരെ ക്ലാസില്‍ വന്നിട്ടില്ല. ഇനി അവന്‍ തന്നെ പറ്റിച്ചതായിരിക്ക്വോ....? എന്തിനാ പൈസ എന്നെങ്കിലും ചോദിക്കായിരുന്നു തനിക്ക്.
സാരമില്ല ഞാന്‍ സ്വയം ആശ്വസിച്ചു.

പിന്നീട് ഒരു ദിവസം വഴിയില്‍ വച്ച് ഞാന്‍ അവനെ കണ്ടു. ചുമടെടുപ്പില്‍ ഏര്‍പ്പെട്ടിരിക്കുവായിരുന്നു അവന്‍. ഞാന്‍ അവനെ നോക്കുന്നത് അവന്‍ കണ്ടത് കൊണ്ടാവാം മുഖത്തൊരു ചിരി വരുത്തി എന്‍റെ അടുത്തേക്ക് അവന്‍ വന്നു.

'ടീച്ചറെന്താ ഇവിടെ? . എന്നെ അന്വേഷിച്ച് ഇറങ്ങിയതാണോ? നാളത്തെ പണി കൂടെ കഴിഞ്ഞാല്‍ പൈസ കിട്ടും കിട്ട്യാ ഉടനെ ടീച്ചറിന്‍റെ പൈസ തരാം വൈകിപ്പിച്ചതിന് ക്ഷമിക്കണം.' 

എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു.

"വിഷ്ണു ന്താ ക്ലാസില്‍ വരാത്തെ....?" അല്പ സമയത്തെ മൗനത്തിനു ശേഷം ഞാന്‍ ചോദിച്ചു.

' ഓ ഇനി വരണില്ല ടീച്ചറെ. വീട്ടില്‍ പെങ്ങളൊറ്റയ്ക്കാ. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തോണ്ടാ ടീച്ചറോട് പൈസ വാങ്ങിച്ചത് പക്ഷേ...... അമ്മ പോയി. രക്ഷപ്പെടുംന്ന് പ്രതീക്ഷ ഒന്നും ഉണ്ടായില്ല,  എന്നാലും ആ കിടപ്പ് കണ്ടപ്പോ സഹിച്ചില്ല ടീച്ചറെ അറിയാവുന്നീടത്തൊക്കെ കൈ നീട്ടി  ആരും സഹായിച്ചില്ല. പിന്നെ ടീച്ചറു തന്ന പൈസേം കൊണ്ട് ആശുപത്രീല്‍ എത്തുമ്പോഴേക്കും...... പോയി...... ഞങ്ങളെ ഒറ്റയ്ക്കാക്കി.....' പറയുമ്പോള്‍ അവന്‍റെ ശബ്ദം ഇടറി.

അവനോടെന്ത് പറയണമെന്നറിയാതെ ഞാന്‍ നിസ്സഹായയായി നിന്നു.

'ഒരു കടയില്‍ ജോലിക്ക് നിക്കണുണ്ട് ടീച്ചറെ, പെങ്ങളെ കഷ്ടപെടുത്താണ്ട് നോക്കണം അതിനെനിക്ക് ആ ജോലി തന്നെ ധാരാളം പിന്നെ ഇത് പോലെ ചില്ലറ ജോലികള്‍ വേറെയും.... ' അവന്‍ അത് പറയുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത അവന്‍റെ മുഖത്തുണ്ടായിരുന്നു.

" വിഷ്ണു പഠിക്കണം " ഞാന്‍ അത്രേം പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി .

' അതൊന്നും നടപ്പില്ല ടീച്ചറെ '

"ന്താ നടക്കാത്തെ. നടത്തണം വിഷ്ണു നാളെ വൈകിട്ട് വീട്ടിലോട്ട് വാ. മിസ്സായ പോഷന്‍സ് ഞാന്‍ പറഞ്ഞു തരാം. പഠിക്കാന്‍ കഴിവില്ലാത്ത കുട്ടിയൊന്നുമല്ല താന്‍. പഠിക്കണം ഉയര്‍ന്ന മാര്‍ക്കോടെ തന്നെ പാസാവണം"അത്രേം പറഞ്ഞു മറുപടിക്ക് നില്‍ക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു.

പിറ്റേന്ന് ഞാന്‍ പറഞ്ഞത് പോലെ അവന്‍ വീട്ടിലെത്തി.
'ടീച്ചറെന്തിനാ നിക്ക് വേണ്ടി ബുദ്ധിമുട്ടണത് '

"ബുദ്ധിമുട്ടോ....? എന്നാരാ പറഞ്ഞേ. അറിവ് പകര്‍ന്ന് കൊടുക്കണത് ഒരു അദ്ധ്യാപികയുടെ കടമയാണ്. വിഷ്ണു അങ്ങനെ ഒന്നും ചിന്തിക്കരുത് പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തണം."

'ആഗ്രഹണ്ട് ടീച്ചറെ പക്ഷേ സാഹചര്യം...... അതോണ്ടാ പഠിത്തം വേണ്ടെന്ന് വെച്ചത്. ടീച്ചറു പറഞ്ഞപ്പോള്‍ എന്തോ.... ആരൊക്കെയോ സഹായിക്കാന്‍ ഉണ്ടെന്നൊരു തോന്നല്‍....'

"വിഷ്ണു നെ കൊണ്ട് പറ്റും. പഠിച്ച് നല്ല നിലയില്‍ എത്തണം. അതായിരിക്കണം എനിക്ക് തരുന്ന ഗുരു ദക്ഷിണ."

അങ്ങനെ പഠനം ആരംഭിച്ചു. വളരെ പെട്ടന്ന് തന്നെ അവന്‍ പാഠഭാഗങ്ങള്‍ മനസ്സിലാക്കിയെടുത്തു. പരീക്ഷയില്‍ മറ്റെല്ലാവരെയും പിന്‍തള്ളി ഉയര്‍ന്ന മാര്‍ക്കോടെ തന്നെ  അവന്‍ വിജയിച്ചു. എന്‍റെ പ്രിയപ്പെട്ട ശിഷ്യനായി മാറി അവന്‍. ഞാന്‍ അവന്‍റെ പ്രിയപ്പെട്ട ടീച്ചറമ്മയും.

അങ്ങനെയിരിക്കെയാണ് വിദേശത്തുള്ള ഭര്‍ത്താവിന്‍റെ നിര്‍ബന്ധപ്രകാരം ഞാനും മക്കളും വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞു വിഷ്ണു ഓടിവന്നു.

'ടീച്ചറമ്മയും എന്നെ തനിച്ചാക്കി പോവുകയാണോ....?'

"പോകാതെ പറ്റില്ല. വിഷ്ണു ഒരിക്കലും തനിച്ചാവില്ല എന്‍റെ പ്രാര്‍ത്ഥന എന്നും കൂടെ ഉണ്ടാവും. നന്നായി പഠിക്കണംട്ടോ
വേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല അവനോട്
ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിരുന്നെങ്കിലും അവനോട് പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു.

അവന്‍റെ പഠനാവിശ്യങ്ങള്‍ക്കായി ഞാന്‍ എന്‍റെ കൂട്ടുകാരിയുടെ കൈയില്‍ കുറച്ച് പണം കൊടുത്തു. അവന്‍റെ കാരൃങ്ങള്‍ നോക്കാനും ഏല്‍പ്പിച്ചു.

                  ********************

വര്‍ഷങ്ങള്‍ കടന്നു പോയി.
ഭര്‍ത്താവിന്‍റെ വിയോഗം ജീവിതം പാടെ മാറ്റിമറിച്ചു.
കഷ്ടപ്പാടറിയിക്കാതെ വളര്‍ത്തി വലുതാക്കിയ മക്കള്‍ക്ക് താനൊരു ഭാരമായി.
അമ്മയെ ആരു നോക്കും എന്ന കാര്യത്തില്‍ മക്കള്‍ തമ്മില്‍ കലഹങ്ങള്‍ വര്‍ദ്ധിച്ചു. അവസാനം തീരുമാനമായി അമ്മയെ നാട്ടിലുള്ള വൃദ്ധസദനത്തിലാക്കുക.
ഒരു കണക്കിനു സന്തോഷമായി പിറന്ന മണ്ണില്‍ തന്നെ കിടന്നു മരിക്കാലോ.
 എതിര്‍ത്തൊന്നും പറഞ്ഞില്ല മക്കളുടെ തീരുമാനം അനുസരിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. എന്നെപ്പോലെ ഒരുപാട് അമ്മമാരുണ്ടായിരുന്നു അവിടെ. അവര്‍ക്കൊക്കെ പറയാന്‍ ഒരുപാട് കഥകളും. അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ അവിടെ കഴിഞ്ഞു.

'മീര ടീച്ചര്‍ക്ക് ഒരു വിസിറ്റര്‍ ഉണ്ട് ' പെട്ടന്ന് ഒരുദിവസം അമ്മു വന്നു പറഞ്ഞു.
ആരാന്നറിയാന്‍ ഞാന്‍ അവളുടെ കൂടെ ചെന്നു.

'ടീച്ചറമ്മേ........'

"വിഷ്ണു...... മോനെ"

' ടീച്ചറമ്മേടെ വിഷ്ണു ഇപ്പോള്‍ ഡോക്ടര്‍ വിഷ്ണുവാ....... '

സന്തോഷം കൊണ്ടാവണം എന്‍റെ കണ്ണു നിറഞ്ഞു.

' ടീച്ചറമ്മ കരയുവാണോ....?' അവന്‍ എന്‍റെ അടുത്തേക്ക് വന്നു .

"സന്തോഷം കൊണ്ടാ മോനെ. മരിക്കുന്നതിന് മുമ്പ് ന്‍റെ കുഞ്ഞിനെ നല്ല നിലയില്‍ കാണാനായല്ലോ ". ഞാന്‍ അവന്‍റെ നെറുകില്‍ തലോടി.

'ഞാന്‍ വന്നത് ടീച്ചറമ്മയെ കൊണ്ടുപോകാനാ. ടീച്ചറമ്മ കഴിയേണ്ടത് ഇവിടെയല്ല. അനാഥത്വത്തിന്‍റെ നടുവില്‍ വളര്‍ന്ന് ഒരമ്മയ്ക്ക് നല്‍കേണ്ട മുഴുവന്‍ സ്നേഹലും കരുതിവെച്ച് എന്‍റെ ഭാര്യ കാത്തിരിപ്പുണ്ട്. മുത്തശ്ശി കഥ കേട്ടുറങ്ങാന്‍ കൊതിച്ച് എന്‍റെ മക്കളും. പോകാം നമ്മുക്ക് '

"മോനെ........." എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

'ഇനി അമ്മയ്ക്ക് ഈ മകന്‍ ഉള്ളിടത്തോളം ആ കണ്ണുകള്‍ നിറയരുത് ' അവന്‍ എന്‍റെ കൈ മുറുകെ പിടിച്ചു.

ഒരമ്മയ്ക്ക് നല്‍കാന്‍ കരുതി വെച്ച സ്നേഹം മുഴുവന്‍ അവന്‍റെ ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.
അപര്‍ണ