മിഥുൻ വൈശാഖം
ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി
ഭാര്യ
കാലത്തെ ഇണീറ്റു മുറിയിലും ഉമ്മറത്തും പരതി നോക്കിയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്...
"അവൾ ഈ വീട്ടിൽ ഇല്ലന്നു"..
അവളെന്നു വെച്ചാൽ എന്റെ ഭാര്യ... ന്റെ പൊണ്ടാട്ടിയെന്നു... വീടിനു ചുറ്റുപാടും ഒന്ന് നോക്കി... ഇനി മുറ്റമടിക്കുകയായിരിക്കും എന്ന് കരുതി... കാലത്തു ഇണീറ്റ് മുറ്റമടികൂന്നശീലം അവൾക്കുണ്ടേ...
ഇല്ല.. ഉറപ്പാണ് ...അവൾ ഈ വീട്ടൽ ഇല്ലന്ന് ഏറെ കുറെ ഉറപ്പായിരുന്നു...
അമ്മയോടൊന്നു ചോദിക്കാം എന്ന് കരുതി... പിന്നൊന്നു മടിച്ചു.. ജീവിതത്തിൽ ഇതുവരെ അടുക്കള കാണാത്ത ഞാൻ ഇപ്പൊ അങ്ങോട്ട് കേറി ചെന്നാൽ അമ്മ എന്ത് കരുതും.... രണ്ടും കല്പിച്ച ഞാൻ അങ്ങോട്ട് പോയി.. കാലെടുത്തു കുത്തുന്നതിനു മുൻബ് ഒരു അറ്റത്തു തേങ്ങ തിരുമിക്കൊണ്ട അമ്മ പറഞ്ഞു...
"പാറു അമ്പലം വരെ പോയി.... മോനെ വെറുതെ ഇവിടെ കിടന്നു തിരയണ്ടാ, നീ വേണമെങ്കിൽ ആ ചായ എടുത്തു കുടി"
അയ്യേ ചമ്മി.. ശരിക്കും ചമ്മി..
അമ്മയൊക്കെ ആളങ്ങു മാറി പോയിരിക്കുന്നു... അമ്മ നിർത്തിയില്ല..
"അതെങ്ങനെ അങ്ങനൊരു ശീലം നിനക്കില്ലലോ..ബാക്കി കേൾക്കാൻ നിൽക്കാതെ ഞാൻ പതിയെ ഇങ്ങു വലിഞ്ഞു....ജോലിക്ക് പോവണം.. അതുകൊണ്ട് പത്രം ഒന്നും വായിക്കാൻ അധിക സമയം കീട്ടാറില്ല... എങ്കിലും പത്രമൊക്കെ ഒന്ന് ഓടിച്ചിട്ട് വായിച്ചിട്ട് കുളിക്കാനായി പോയി...കുളി കാഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും പാറു വന്നു...
"സജിയേട്ടാ" ഒരു വിളി...
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സാക്ഷാൽ ലക്ഷമി ദേവി... ആഹാ.. സത്യത്തിൽ കല്യാണം കഴിഞ്ഞിട്ട് അവളെ ഏറ്റവും സുന്ദരി ആയതു ചിലപ്പോ ഇന്നായിരിക്കും.. സെറ്റുസാരിയൊക്കെ ഉടുത്തു കേരളം തനിമൊയോടെ മുന്നിൽ വന്നു നിക്കുവല്ലേ....
എന്താന്ന് അറിയില്ല.. ഈ സെറ്റുസാരി ഉടുക്കുന്ന പെണ്ണുങ്ങൾക്കൊക്കെ വല്ലാത്തൊരു ചേലാണ് അല്ലെ... അല്ലല്ലോ.. ഞാനും വായി നോക്കാറുണ്ടല്ലോ... എന്തായാലും പാറു പതിവിലും സുന്ദരിയായിരുന്നു.. കൗശലകാരിയാണ് പാറു.. ചിലപ്പോൾ ചെറിയ കാര്യത്തിന് പിണങ്ങും... അധികം താമസിയാതെ ഇണങ്ങും... അനാവശ്യമായ വാശികളൊന്നുമില്ല... ആഡംബരവും ഇല്ല... ഉള്ളതുകൊണ്ട് ഓണം പോലെ അങ്ങ് പൊയ്കൊള്ളൂം...എന്നാലോ പഠിപ്പും ഉണ്ട്.. വിവരോം ഉണ്ട്... ജോലിക്കു ശ്രമിക്കുന്നുമുണ്ട്.. എഴുഅഴകാണു മുഖത്തിന്.. ബാക്കി തൊണ്ണൂറ്റിമൂന്നു അഴകും മനസ്സിനാണു..
"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുവോ സജിയെട്ടാ"
പെട്ടന്നായിരുന്നു ചോദ്യം... ചങ്കിൽ ആദ്യത്തെ മരണമണി മുഴങ്ങി..
"പെട്ടുപോയല്ലോ ഭഗവാനെ
ഇന്നത്തേക്കുള്ളതായ്‌ലോ"
" അറിയില്ലെന്ന് എനിക്ക് അറിയാം... വെറുതെ ചോദിച്ചതാ.. ഇനി അത് പറഞ്ഞു അടികൂടണ്ട,
ഈ ഒഴിയാബാധ വന്നു കൂടെ കേറിയിട് ഇന്ന് 3 വർഷം തികയുന്നു കേട്ടോ... സജിയെട്ടാ"
ചെറിയൊരു അമ്പരപ്പോടെ.. കുറച്ചു കുറ്റബോധത്തോടെ ഞാൻ ചോദിച്ചു..
"ഓഹ് ഇന്നാണല്ലേ ആ ദിവസം"
"അതിനാണോ അമ്പലത്തിലൊക്കെ പോയത്... പിന്നെ എന്നെ എന്തെ വിളിച്ചില്ല"
"എങ്കിൽ പിന്നെ നട അടച്ചാലും പോവേണ്ടി വരില്ലാരുന്നലോ" അതാണ് പാറു.. പരിഭവങ്ങൾ മറച്ചു വെച്ച് കൊണ്ട് കളിയാക്കും..
"മൂന്ന് അല്ലല്ലോ പാറു.. ആറ് വര്ഷം ആയില്ലേ ഈ ഒഴിയാബാധ എന്റെ കൂടെ കൂടിട്ടു"
"ആറോ സജിയെട്ടാ, അതെങ്ങനെ."
പാറു അമ്പരപ്പോടെ ചോദിച്ചു...
" അതെ ആറു.. മൂന്നു വര്ഷം അതിനുമുമ്പ് പ്രേമിച്ചു നടന്നത് മറന്നോ നീ"
"ഓഹ് അപ്പൊ ആറു.. ശരിയാ"
പാറു ഒരു ചിരിയോടെ അത് സമ്മതിച്ചു... എന്തായാലും പുറത്തുകാട്ടാൻ മറച്ചുവെച്ച ആ പരിഭവം അതോടെ പോയി കാണും... അവൾ പതിയെ താഴേക്ക് ഇറങ്ങി നടന്നു ..
അതെ സങ്ങതി ഞങ്ങടെ പ്രേമ വിവാഹം ആയിരുന്നു... എല്ലാരേയും പോലെ കുറച്ചു എതിർപോക്കെ ഉണ്ടായി... ആദ്യം ജാതി ആയിരുന്നു .. പിന്നെ അത് ജോലി ആയി.. ശരിയാണ് പ്രേമിച്ച പെണ്ണിനെ കെട്ടാൻ കുടി ആയിരുന്നു ഈ ജോലി കഷ്ടപ്പെട്ടു നേടിയത്...പാറുവിന്റെ മനസ്സു കരിങ്കല്ല് പോലെ ഉറച്ചതായോണ്ട് പിന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല . അങ്ങ് കെട്ടി.. ആ ഒഴിയാബാധയെ കൂടങ്ങു കൂട്ടി.. തൂങ്ങിചാവാത്ത അമ്മയോടൊപ്പവും ഇറങ്ങി പോവാത്ത അച്ഛനോടൊപ്പവും ഈ വീട്ടിൽ അങ്ങ് ജീവ്‌ച്ചു തുടങ്ങി...
ഘടികാരത്തിൽ ഒൻപതു മണി മുഴങ്ങിയതും സുജിത് ഏട്ടന്റെ കാൾ വരുന്നതും ഒരു പോലെ ആയിരുന്നു.. സുജിത് ഏട്ടൻ എന്ന് വെച്ചാൽ എന്റെ സ്വന്തം ചേട്ടൻ.. പുള്ളി ഗൾഫിലാണ്... നാല് കൊല്ലമായി അവിടെ പോയിട്ട്.. പിന്നീട് വന്നിട്ടില്ല.. അല്ല വരാനും കാത്തിരിക്കാനും പുള്ളിക്ക് ഇപ്പോ ഇവിടാരുമില്ലന്നാണ് പറയുന്നത്...
സിന്ധു ചേച്ചി വീടുവിട്ടു ഇറങ്ങിയതിൽ പിന്നെ ചേട്ടൻ ഗള്ഫിന് പോയതാ... പിന്നിട് വന്നിട്ടില്ല...ഇന്ന് ഇപ്പൊ വെഡിങ് ആനുവേഴ്സറി വിഷ് ചെയ്യാൻ വിളിച്ചതാ..പാറു എന്ന് വെച്ചാൽ ജീവനാണ് ചേട്ടന്.. അനിയത്തിമാർ ആരും ഇല്ലാത്തൊണ്ടാവും..
പതിവ് പോലെ ഒരുപാട് ഒന്നും സംസാരിക്കാതെ ചേട്ടൻ ഫോൺ വെച്ച്..അച്ഛനോടും അമ്മയാടും അധികം സംസാരിക്കാറില്ല... ഒരു വാശി.. അതിനു കാരണവും ഉണ്ട്... ഇമ്മിണി ബല്യാ കാരണം..
സാമൂഹത്തിൽ ജാതി വ്യവസ്ഥ ആഴത്തിൽ സ്വാധിനം ഉറപ്പിച്ചിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ചേട്ടൻ.. വേറൊരു ജാതി പെണ്ണിനെ കെട്ടിയാൽ മല ഇടിഞ്ഞു വീഴും എന്നാണ് അവരുടെയൊക്കെ ഒരു ഇത്...അമ്മ തൂങ്ങി ചാവും അച്ഛൻ വീട് വിട്ടിറങ്ങും അമ്മാവൻ കാശിക്കു പോവും എന്നൊക്കെ പറഞ്ഞു അവരെല്ലാം കുടി പാവത്തെ പേടിപ്പിച്ചു..
അതുകൊണ്ട് പ്രേമിച്ച പെണ്ണിനെ ഉപേക്ഷിച്ചു ... എന്നിട്ട് എങ്ങുന്നോ അവരെല്ലാം കുടി കൊണ്ടുവന്നു ഒരു പെണ്ണിനെ കല്യാണോം കഴിച്ചു ..
സിന്ധു...
എന്നിട്ടോ ഒരു വർഷം കഴിഞ്ഞപ്പോൾ അവർ പിരിഞ്ഞു .. രണ്ടും രണ്ടു വഴിക്കു.. കല്യാണം കഴിഞ്ഞു ഒരു വർഷ കഴിഞ്ഞാലെ നിയമപരമായി പിരിയാൻ കഴിയു എന്നു നിയമം ഉള്ളത് കോണ്ട് മാത്രം അത്രനാൾ ജീവിച്ചു.. അല്ലങ്കിൽ അതിനു മുന്നേ പിരിഞ്ഞേനെ...
ചേട്ടൻ പലപ്പോഴും വിട്ടുവീഴച്ചക്കു തയാറായിരുന്നു.. എന്നാൽ സിന്ധു ചേച്ചി ഒന്നിനും പിടികൊടുക്കില്ല.. അതിനു അവർ ചേട്ടനെ സ്നേഹിച്ചിട്ടു വേണ്ടയോ... ഒരു ജോലിയും ചെയ്യില്ല.. എന്നും വഴക്കും തല്ലുകൂടലും.. എന്നോട് പോലും അധികം മിണ്ടാറില്ല..
ചിലരുടെ ഇഷ്ടങ്ങളുടെ അടിച്ചേല്പിക്കലുകളാണ് മറ്റു ചിലരുടെ ജീവിത തകർച്ചക്ക് കാരണം ..
അത് നഗ്നമായൊരു സത്യമാണ്...അപ്പോഴെല്ലാം ഏറ്റവും കൂടുതൽ പേടിച്ചത് ഞാനാണ്... പാറുവിന്റെ കാര്യത്തിൽ... ചേട്ടനോട് മാത്രം ഞാൻ എല്ലാം പറയുമായിരുന്നു.. അപ്പോഴെല്ലാം ചേട്ടൻ പറയും..
"മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കുമ്പോൾ അല്ല അതിൽ നമ്മുടേതായ തിരുത്തലുകൾ വരുത്തുമ്പോഴാണ് ജീവിതം വേറെ ലെവൽ ആകുന്നതു എന്ന്. നിർഭാഗ്യവശാൽ നിന്റെ ചേട്ടന് ആ ജീവിതം കിട്ടിയില്ല.. നിനക്കും ആ വിധി വരരുത് എന്ന്"
ചേട്ടന്റെ അനുഭവം മുന്നിലുണ്ടായത് കൊണ്ടായിരിക്കും അച്ഛനും അമ്മയ്ക്കും എന്റെ കാര്യത്തിൽ വല്യാ എതിർപൊന്നും ഉണ്ടായില്ല.. അല്ലെങ്കിലും തിരിച്ചറിവുകൾ വളരെ വൈകിയല്ലേ വരൂ..
ഇടതു കൈയ്യിൽ വാച്ചു കെട്ടുന്നതിന് ഇടയിലും എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു...
ചേട്ടൻ.. ഒരുപാട് അനുഭവിച്ചവനാണ്... അവന്റെ ജീവിതം അങ്ങനെ ആയി .. സ്നേഹിച്ച പെണ്ണിന്റെ മുന്നിലും കൂട്ടുകാരുടെ മുന്നിലും ചേട്ടൻ പണത്തിനു വേണ്ടിയും പൊന്നിനു വേണ്ടിയും വഴിമാറി നടക്കുന്നവനായി.. പക്ഷെ ചേട്ടനെ ഞാൻ അറിഞ്ഞത് പോലെ ആരും അറിഞ്ഞിട്ടില്ല. ഒരുപാടു ഒരുപാട് പാവം ആയിരുന്നു ..
പെട്ടന്നാണ് പുറകിലൂടെ പാറുവിന്റെ വരവ്..
" നിങ്ങൾ ഇന്നു പോണില്ലേ മനുഷ്യ"
നിറഞ്ഞൊഴുകുന്ന കണ്ണ് കണ്ട അവൾ ഉടനെ ചോദിച്ചു.. ചേട്ടൻ വിളിച്ചോ എന്ന്.. അവൾക്കു അറിയാം.. ചേട്ടന്റെ കാര്യത്തിലെ എന്റെ കണ്ണുകൾ നിറയാറുള്ളൂ എന്ന്..
"പോട്ടെ സാരമില്ല"
പതിയ അവൾ എന്റെ കണ്ണുകളേ തുടച്ചു മാറ്റി.. ഇതാണ് പാറു.. എന്റെ കണ്ണ് നിറയുമ്പോൾ അവൾ ഓടിയെത്തും... അങ്ങനെയുള്ളവൾ അല്ലെ യഥാർത്ഥത്തിൽ ഭാര്യ...ചേട്ടൻ പറഞ്ഞത് ശരിയാണ്.. ജീവിതത്തിൽ നമ്മുടേതായ ചില തിരുത്തലുകൾ വേണം.. കുറഞ്ഞത് പാറുവിനെ പോലുള്ള തിരുത്തലുകൾ എങ്കിലും...പുറകിൽ നിന്ന് ഒരു വിളി പോലെ അവൾ പറഞ്ഞു..
"കാര്യം ചേട്ടനും അനിയാനുമൊക്കെ.. വൈകിട്ട് വരുമ്പോൾ നമുക്കുള്ള സമ്മാനമായിട്ടെ വരാവു"
നിനക്കു ഞാൻ എന്ത് സമ്മാനം ആണ് വാങ്ങേണ്ടതു.. എന്ത് വാങ്ങിയാൽ മതിയാകും..
അത് പാറുവിനോട് ഉള്ള എന്റെ മനസ്സിന്റെ ചോദ്യം ആയിരുന്നു... പരിഭവങ്ങള്കിടയിൽ വീണുകിട്ടിയ പുഞ്ചിരിയുമായി ഞാൻ നടന്നു..
മിഥുൻ വൈശാഖം

👍👍👍👍
ReplyDelete