Wednesday, 19 April 2017

ആനന്ദി-അനു പ്രദീപ്














അനു പ്രദീപ് w/o പ്രദീപ് വാമദേവൻ കോട്ടയം സ്വദേശി റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നു.
വായന, എഴുത്ത്, ഇവയാണ് ഹോബി .

ആനന്ദി

ഇരുട്ടിലേക്ക് മിഴി തുറന്ന് കിടന്നു ഞാൻ. ഗ്രിൽ തുറക്കുന്ന ശബ്ദം നിശബ്ദതയെ ഭേദിച്ചു കൊണ്ട് ചെവിയിൽ മുഴങ്ങി.പ്രകാശത്തിന്റെ ഒരു നേർരേഖ കടന്ന് വന്ന് ഒരു ദീർഘവൃത്തം സൃഷ്ടിച്ച് മുറിയിൽ നിറഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. വെളിച്ചത്തെ ഭയമാണെനിക്ക്. അടുത്ത് വരുന്ന കാൽപ്പെരുമാറ്റം എനിക്ക് കേൾക്കാമായിരുന്നു. പതുക്കെ കവിളിൽ ഒരു തണുത്ത കൈത്തലം പതിഞ്ഞു. "എന്തൊരുറക്കമാണിത്? നേരം വെളുത്തു. എണീക്കണ്ടേ?". ഞാൻ ബദ്ധപ്പെട്ട് മിഴികൾ തുറന്നു. ചുണ്ടിൽ പുഞ്ചിരിയുമായി അയാൾ . " പനി കുറവുണ്ടോ ?, രാത്രി നന്നായി ഉറങ്ങിയോ? 'ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു. എന്റെ മിഴികൾ അയാളുടെ പച്ചക്കണ്ണിൽ ഉടക്കി നിന്നു.ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന ഓർമ്മ പോലെ അയാളുടെ പച്ചക്കണ്ണുകൾ . " സഞ്ജയ്,ഞാൻ നിന്നെ കൊല്ലട്ടേ ? നിന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് കഴുത്ത് ഞെരിച്ച് .നിന്നെ കാണുമ്പഴൊക്കെ എന്റെ ചിന്ത ഇതാണ് സഞ്ജയ് എന്റെ കൈകളാൽ സ്വതന്ത്രമാക്കപ്പെടുന്ന നിന്റെ ആത്മാവ് " അയാൾ വീണ്ടും എന്റെ കവിളിൽ തട്ടി കൂടെ വന്ന സ്ത്രീയുടെ കൈയിൽ തന്റെ കയ്യിലിരുന്ന കടലാസ് കെട്ട് കൈമാറി തിരികെ നടന്നു. അപ്പോൾ മാത്രമായിരുന്നു ആ സ്ത്രീയെ ഞാൻ ശ്രദ്ധിച്ചത്. വാതിൽ അടയ്പ്പെടുകയും പ്രകാശം തിരികെ മടങ്ങുകയും ചെയ്തു. "നീയെന്തിനാണയാളെ സഞ്ജയ ്എന്ന് വിളിക്കുന്നത്? അത് നീ വായിച്ച കഥയിലെ നായകൻ അല്ല . ഡോക്ടർ ആണ്. ഡോക്ടർ അതുൽ " ശബ്ദം കേട്ട ഭാഗത്തേക്ക് മിഴികൾ പാഞ്ഞു ജാലകത്തോട് ചേർന്നൊരു സ്ത്രീരൂപം. എവിടെയോ കണ്ട് മറന്ന മുഖം. നീണ്ട മുടിയിഴകൾ ഒരു വശത്തേക്ക് മാടി അവൾ എന്റെ നേർക്ക് ചിരിച്ചു. "ആരാണ് നീ. എന്റെ അനുവാദമില്ലാതെ എന്തിനിവിടെ വന്നു " "എനിക്ക് നിന്റെ അനുവാദം ആവശ്യമില്ല. നീ എവിടെയുണ്ടോ അവിടെ ഞാനുമുണ്ട്'" അവൾ ശാന്തമായി പറഞ്ഞു. എന്നിൽ കോപം ഇരച്ച് കയറി അവളുടെ കഴുത്തിൽ കുത്തിപ്പിടിക്കാൻ ആഞ്ഞു .പക്ഷെ അവളെ തൊടാൻ എനിക്കായില്ല എന്റെ കൈകൾ വായുവിൽ ചലിച്ചു .എനിക്ക് സ്പർശിക്കാനാവാത്ത അവളുടെ ശരീരം ... ഉള്ളിൽ ഒരാന്തൽ.ഞാൻ വെട്ടി വിയർത്തു ഉള്ളിൽ പെറ്റുപെരുകിയ ഭയത്തിന്റെ അണുക്കൾ എന്നിലാകെ വ്യാപിച്ചു. " ആനന്ദി! എന്തിനാണ് നീ ഭയക്കുന്നത്? ഞാൻ നീ തന്നെയാണ്. നിന്നിലെ നീ.ഈ ജന്മത്തിലും മറുജന്മത്തിലും " "ആരാണ് ആനന്ദി" 'നീ എന്തിനാണ് സ്വയം മറന്നത്? നിനക്ക് നിന്റെ നാമം പോലും ഓർമ്മയില്ലേ ആനന്ദി" അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ആഴ്ന്നിറങ്ങുന്ന നോട്ടം .അഗാധമായ കയത്തിലേക്ക് മുങ്ങി താഴുന്ന പോലെ .എന്റെ കണ്ണുകൾ അടയുന്നു .. മെല്ലെ മെല്ല. കണ്ണ് തുറക്കുമ്പോൾ അവിനാശിന്റെ നെഞ്ചിൽ തല വെച്ച് കിടക്കുകയായിരുന്നു ഞാൻ. ചുറ്റിപ്പിടിച്ചിരുന്ന അവിയുടെ കൈകളെ സ്വതന്ത്രമാക്കി ഞാൻ പതിയെ എണീറ്റു. അലാറം ഓഫ് ചെയ്തുവെച്ച് അടുക്കളയിൽ എത്തി ചായ തിളപ്പിച്ചു. അവിയെ വിളിച്ച് എണീപ്പിച്ച് ചായയും പത്രവും കൊടുത്തു. രാവിലത്തെ പലഹാരവും ചോറും കറികളും തയാറാക്കി. ഈ വയറും വെച്ച് പണി ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്നാലും അവിക്ക് എന്റെ കൈ കൊണ്ടുള്ള ഭക്ഷണമാണ് ഇഷ്ടം .ഭക്ഷണം കൊടുത്ത് വിടുന്നതാണ് എനിക്കും സമാധാനം .വയറിൽ വാൽസല്യചുംബനവും നെറുകിലെ പതിവ് ഉമ്മയും തന്ന് അവി ആഫീസിലേക്ക് പോയി. ഇനി വൈകുന്നേരം വരെ തനിച്ചാണ് .പുസ്തകങ്ങളും ടി വി യും മാത്രമാണ് കൂട്ട് . വൈകുന്നേരം ചായയും പഴം പൊരിയും ഒക്കെ ഉണ്ടാക്കി കുളിയും തേവാരവും കഴിച്ചിരിക്കുമ്പോഴാണ് വയറിൽ വല്ലാത്ത ഒരു വേദന.ഭയം എന്നിലിരച്ച് കയറി ഇത് അഞ്ചാം തവണയാണ് ഈ പത്ത് വർഷത്തിനിടയിൽ .ഒരു കുഞ്ഞിക്കാലെന്ന സ്വപ്നം പാതിവഴിക്ക് പിരിഞ്ഞകന്നത് നാല് തവണയാണ്. മുൻ വശത്തെ വാതിൽ തുറക്കവേ തലയ്ക്കുള്ളിൽ ഇരുട്ടു വ്യാപിക്കുന്നതു പോലെ .വാതിൽ പടിയിൽ വയർ ഇടിച്ച് വീഴുമ്പോൾ വെളുത്ത തറയിലുടെ ഒഴുകിപ്പരക്കുന്ന രക്തം ഞാൻ കണ്ടു .. ബോധം വന്നപ്പോൾ ആശുപത്രി കിടക്കയിൽ ആയിരുന്നു .ദു:ഖം നിറഞ്ഞ അവിയുടെ കണ്ണുകൾ പറയതെ പലതും പറഞ്ഞു .ഞങ്ങളുടെ സ്വപ്നമായ ആ കുഞ്ഞ് ജീവൻ എന്നിൽ നിന്നും അറുത്ത് മാറ്റപ്പെട്ടിരിക്കുന്നു. എന്റെ ഓർമ്മത്താളുകൾ വീണ്ടും ശൂന്യമായി വിയർത്ത് കുളിച്ച് അലറി വിളിച്ച് ഞാൻ ഉണർന്നു.അവൾ ശാന്തമായി എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. "എന്റെ ഓർമ്മ പ്രവാഹം നിലച്ചിരിക്കുന്നു. പിന്നീട് എന്താ എനിക്ക് പറ്റിയത്?" പറയാം .കാരണം നീ തന്നെയാണ് ഞാൻ ആനന്ദി. അന്നും ഇന്നും ". " നിനക്ക് കുട്ടികൾ വാഴാത്തതിൽ അവിയുടെ കുടുംബത്തിന് നിരാശയുണ്ടായിരുന്നു. ആയിടയ്ക്കാണ് ഒരു അവധൂതൻ വീട്ടിലെത്തിയത്. മുൻ ജന്മപാപത്താലാണത്രേ നിനക്ക് കുട്ടികൾ വാഴാത്തത് .മുൻജന്മത്തിൽ നീ നിന്റെ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടുണ്ടത്രേ." "ഇല്ല എനിക്ക് അതിനാവുമോ ? 'ഞാൻ പറഞ്ഞില്ലേ ആനന്ദി ഞാൻ നിന്നോടൊപ്പമുണ്ടായിരുന്നു എന്ന് .നീ ഒന്ന് ഓർത്ത് നോക്കൂ .ആ കാലം .ഇരുണ്ട മുറികൾ ഉള്ള ആ തറവാട്ടിലെ നിന്റെ കൗമാരകാലം. ഓർക്കുന്നില്ലേ? കേൾക്കുന്നില്ലേ കുളപ്പടവിലെ ആ പൊട്ടിച്ചിരി .. ?" ഉണ്ട് കമല എന്ന് ആരോ എന്നെ വിളിക്കുന്നു ' "അതെ നീ തന്നെയാണ് കമല.നീ ഋതുമതിയായിരിക്കുന്നു. തിരണ്ടു കല്യാണ ചടങ്ങിനായി നിന്നെ മഞ്ഞളും വാകയും തേച്ച് കുളിപ്പിക്കുകയാണവിടെ. " "ഞാൻ കേൾക്കുന്നു .ആ കലമ്പൽ, പൊട്ടിച്ചിരികൾ, കുളത്തിലെ വെള്ളത്തിൽ എന്റെ പ്രതിബിംബം ഞാൻ കാണുന്നു. ആ പ്രതിബിംബത്തിന് നിന്റെ മുഖമാണല്ലോ ?." 'ഞാൻ പറഞ്ഞില്ലേ. ഞാൻ നീ തന്നെയാണ്. നിന്നിലെ നീ. ആനന്ദിയും കമലയും എല്ലാം നീ തന്നെ. ഞാനും .ഓർത്തുനോക്കു ,പിന്നെ എന്താണുണ്ടായതെന്ന് " ഞൻ ഓർമ്മയിൽ മുങ്ങിത്തപ്പി തുടങ്ങി. വീട്ടിലാരുമില്ലാത്ത ഒരു ദിനം .കോണിപ്പടി കയറി മുകളിലേക്ക് കയറാൻ വന്നതാണ് ഞാൻ. പിന്നിൽ നിന്ന് വായ പൊത്തി ആരോ ആ ഇരുട്ട് വീണ മുറിയിലേക്ക് കൊണ്ടുപോയി .കടുത്ത വേദനയിൽ പുളയുമ്പൊഴും ശബ്ദം പുറത്ത് വന്നില്ല. എങ്കിലും കണ്ടു ആ പച്ചക്കണ്ണുകൾ .പിന്നെ കൈയിലെ നാഗത്തലയുള്ള മോതിരം. കീറിയ പഴന്തുണി പോലെ നിലത്ത് ഉപേക്ഷിച്ച് അയാൾ പോയപ്പോൾ മരണത്തെ മാത്രം പ്രതീക്ഷിച്ച് ഞാൻ കിടന്നു. ആത്മഹത്യ ഭയമായിരുന്നു. അമ്മയുടെ പഴി പറച്ചിലിനും പ്രാക്കിനും ഇടയിലും വേദനയനുഭവിച്ച് ആ നികൃഷ്ട ബീജത്താൽ ഉരുവായ കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ നിസ്സംഗതയായിരുന്നു.

പക്ഷെ ആ കുഞ്ഞു മുഖത്തിന്റെ കാഴ്ച എന്നിൽ നിറച്ച മാതൃത്വത്തിന്റെ അനുഭൂതി അവർണ്ണനീയമായിരുന്നു. നെഞ്ചിലെ പാലാഴി ആ ചോരിവായിൽ പകർന്നു കൊടുക്കുമ്പോൾ ഞാനൊരു അമ്മ മാത്രമായി ഒതുങ്ങിപ്പോയിരുന്നു. ഒരു പുലർച്ചെ അവനെ അടുത്ത് കാണാഞ്ഞ് നിലവിളിച്ചപ്പോൾ കത്തുന്ന കണ്ണുകളോടെ അമ്മയും ഏടത്തിയും.അവിടെ മരിച്ചതാണ് കമല. വീട്ടുകാർ കണ്ടെത്തിയ വയസൻ മാഷിന്റെ പ്രസവിക്കാത്ത ഭാര്യയായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കമല. " പിന്തുടരുന്ന പാപങ്ങൾ " "ഇല്ല ആനന്ദി നീ നിന്നിലെ നിരാശയെ ഉപേക്ഷിക്കൂ .മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥമായ എത്ര ബാല്യങ്ങളുണ്ട്. അതിലൊന്നിനെ നിനക്ക് സ്വന്തമാക്കിക്കൂടെ ." ആനന്ദിയെന്ന എന്റെ സ്വത്വം ആണവൾ. ഞാൻ തിരിച്ചറിവിന്റെ പാതയിൽ ആയിരുന്നു മനസിൽ കട്ട പിടിച്ച ഇരുട്ടിനെ വകഞ്ഞു മാറ്റി പ്രകാശകിരണങ്ങൾ വ്യാപിക്കുന്നത് പോലെ .അവൾ എന്നിലേക്ക് വന്നു എന്നിൽ അലിഞ്ഞ് ഇല്ലാതായി. വൈകുന്നേരത്തെ പതിവ് സന്ദർശനത്തിന് ഡോക്ടർ എത്തി. അയാൾ എന്റെ കവിളിൽ പതുക്കെ തലോടി .അയാളുടെ കണ്ണുകളിൽ ഒഴുകുന്ന സ്നേഹത്തിന്റെ സാന്ത്വനത്തിന്റെ ധാര ഞാൻ കണ്ടു. അയാളുടെ കരം ഗ്രഹിച്ചു ഞാൻ ആ പച്ചക്കണ്ണുകളിലേക്ക് വാൽസല്യത്തോടെ നോക്കി . 'അതുൽ നിന്റെ നെറുകയിൽ എനിക്കൊരുമ്മ തരണം .ഒരമ്മയുടെ സ്നേഹ ചുംബനം." അവൻ സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ എന്നെ ചേർത്തു പിടിച്ചു. മുറിയുടെ വെളിയിൽ അവി എന്നെ പ്രതീക്ഷിച്ച് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പുതിയ തുടക്കത്തിലേക്ക് കൈകോർക്കാൻ.


അനുപ്രദീപ്


No comments:

Post a Comment