Friday, 26 May 2017

നിഗമനങ്ങൾ-പ്രിയ സുനിൽ














പ്രിയ സുനിൽ
അധ്യാപിക 
മഞ്ചേരി സ്വദേശി




നിഗമനങ്ങൾ

അവൾ പുലമ്പിക്കൊണ്ടേയിരുന്നു.''അവനിത് ചെയ്യില്ല    എൻറെ മോനിങ്ങനെ ചെയ്യാനാവില്ല.''
 പുറമേ സഹതപിച്ച് മുറുമുറുപ്പുകൾ അമർത്തിവച്ച 'വേണ്ടപ്പെട്ടവർ' അവൾക്കു ചുററും എപ്പോഴുമുണ്ടായിരുന്നു...
         ചിത്രശലഭമാവുന്നതിന് മുമ്പുള്ള സമാധിദശയെക്കുറിച്ച് അവൾ അവനൊന്നും പറഞ്ഞുകൊടുത്തിരുന്നില്ല  .കരുതലുകളുടെ കവചം ഭേദിച്ച് പുറത്തുകടന്ന ഒരു പുഴുപോലുമായില്‌ലവൻ!  അവൻറെ ചൂണ്ടുവിരലിനൊത്ത പരക്കം പാച്ചിലുകൾക്കിടയിൽ അവൾക്ക് പിടികൊടുക്കാതെ പോയത് അമ്പിളിമാമൻ മാത്രം!
    
  തുറന്ന കണ്ണുകൾക്കുമുന്നിൽ നിറകണിയാവുന്ന കൊന്നയെ മാത്രമേ അവനറിയൂ.അത്യുഷ്ണത്തിലും പൂത്തുലയുന്ന അതിജീവനത്തിൻറെ കരുത്ത് കാണാതെ പോയി.

കവികൾ വർണിക്കുന്നത്ര വലിയ സംഭവമൊന്നുമല്ല പ്രണയമെന്നും അതിനപ്പുറത്തും ജീവിതമുണ്ടെന്നും എന്തോ അവനറിഞ്ഞുകാണില്ല.

ഇതൊന്നുമല്ല   , അവനെ ഗർഭം ധരിച്ച സമയത്ത് അവൾ വായിച്ചുതീർത്ത 'രമണൻ' ആണ് സകലതിനും ഉത്തരവാദിയെന്നും ചിലർ അഭിപ്രായപ്പെട്ടു.ആ വായന അവനിലെ ചില പ്രത്യേകജീനുകളെ ഉത്തേജിപ്പിച്ചിരുന്നു പോലും

'' ന്റെ കുഞ്ഞിങ്ങനെ ചെയ്യില്ല''   തേങ്ങലുകൾ അടങ്ങുന്നില്ല.അവൾക്കുള്ളിൽ ഇനിയും ചൂടാറിയിട്ടില്ലാത്ത ഒരു പാത്രത്തിൻറെ കലമ്പലായി മാത്രം നമ്മളതിനെ കണ്ടാൽ മതി. ഈയൊരു കാര്യത്തിനായി മാററി വയ്ക്കാൻ ഇതിൽക്കൂടുതൽ സമയവും നമുക്കില്ലല്ലോ !
പ്രിയ.വി.പി


No comments:

Post a Comment