കവിയും പ്രതിബദ്ധതയും
----------------------------
സോമാലിയയിലെ
ദാരിദ്ര്യത്തെക്കുറിച്ച്
കവിത കുറിക്കുമ്പോഴാണ്
തലേന്നത്തെ
വളിച്ച ചോർമണം
മൂക്കിലേക്ക്
ആർത്തലച്ചത്
പരിചിത മണങ്ങളെ
പെരുക്കി
പേനതിരയവേ
പടിയ്ക്കൽ
വൃദ്ധസദനച്ചിറ്റിന്റെ
കൈതാളം.
അഭയത്തിൽ
വരിനിൽക്കുന്ന
അമ്മയെയോർത്തപ്പോൾ
ആയിരം തന്നെ മുടക്കി ,
ഇഛ്ഛാഭംഗത്തിൽ
തിരിയുമ്പോൾ
സ്മാർട്ട് ഫോണിൽ
താലിബന്ധത്തിന്റെ
അഞ്ചാം നിലവിളി.
ബിസിയാക്കി
ചിരിച്ച്
ഇൻബോക്സിലെ
പുതുചുംബനത്തിന്
ഹായ് പറഞ്ഞു..
ഇത്തിരിപ്പൂഴിയുടെ
സമ്പന്നതയിൽ
മണ്ണപ്പം ചുട്ട
ഏകജാതനെ
പുസ്തകത്തിലേക്ക് പായിച്ച്
കസേരയിലമരവേ
"നഷ്ടപ്പെടുന്ന ബാല്യകൗതുകങ്ങൾ"
എന്ന മുൻകഥ
ഉള്ളിൽ ചുരമാന്തി
ഭാവനയൊളിച്ച്
എൽസിഡിയെ
പുണർന്നപ്പോൾ
തെരുവുനായും
തെരുവു പീഢനവും
ഒരുപോലെ നാക്കുനീട്ടി.
മടുപ്പിക്കുന്ന ഫാഷൻ
ചാനലിൽ നിന്ന് രക്ഷപെട്ട്
ഗൂഗിളിന്റെ
നീലവെളിച്ചത്തിൽ
ആത്മരതിയണഞ്ഞ്
ഉണർന്നപ്പോൾ
വൈകിയിരിക്കുന്നു.
ഇന്നത്തെ സെമിനാറിൽ
ഞാനാണ്
അഥിതി,
വിഷയം
"എഴുത്തുകാരന്റെ
സാമൂഹിക പ്രതിബദ്ധത "
-------------------------------
രാജേശ്വരി

No comments:
Post a Comment