Friday, 26 May 2017

നിഗമനങ്ങൾ-പ്രിയ സുനിൽ














പ്രിയ സുനിൽ
അധ്യാപിക 
മഞ്ചേരി സ്വദേശി




നിഗമനങ്ങൾ

അവൾ പുലമ്പിക്കൊണ്ടേയിരുന്നു.''അവനിത് ചെയ്യില്ല    എൻറെ മോനിങ്ങനെ ചെയ്യാനാവില്ല.''
 പുറമേ സഹതപിച്ച് മുറുമുറുപ്പുകൾ അമർത്തിവച്ച 'വേണ്ടപ്പെട്ടവർ' അവൾക്കു ചുററും എപ്പോഴുമുണ്ടായിരുന്നു...
         ചിത്രശലഭമാവുന്നതിന് മുമ്പുള്ള സമാധിദശയെക്കുറിച്ച് അവൾ അവനൊന്നും പറഞ്ഞുകൊടുത്തിരുന്നില്ല  .കരുതലുകളുടെ കവചം ഭേദിച്ച് പുറത്തുകടന്ന ഒരു പുഴുപോലുമായില്‌ലവൻ!  അവൻറെ ചൂണ്ടുവിരലിനൊത്ത പരക്കം പാച്ചിലുകൾക്കിടയിൽ അവൾക്ക് പിടികൊടുക്കാതെ പോയത് അമ്പിളിമാമൻ മാത്രം!
    
  തുറന്ന കണ്ണുകൾക്കുമുന്നിൽ നിറകണിയാവുന്ന കൊന്നയെ മാത്രമേ അവനറിയൂ.അത്യുഷ്ണത്തിലും പൂത്തുലയുന്ന അതിജീവനത്തിൻറെ കരുത്ത് കാണാതെ പോയി.

കവികൾ വർണിക്കുന്നത്ര വലിയ സംഭവമൊന്നുമല്ല പ്രണയമെന്നും അതിനപ്പുറത്തും ജീവിതമുണ്ടെന്നും എന്തോ അവനറിഞ്ഞുകാണില്ല.

ഇതൊന്നുമല്ല   , അവനെ ഗർഭം ധരിച്ച സമയത്ത് അവൾ വായിച്ചുതീർത്ത 'രമണൻ' ആണ് സകലതിനും ഉത്തരവാദിയെന്നും ചിലർ അഭിപ്രായപ്പെട്ടു.ആ വായന അവനിലെ ചില പ്രത്യേകജീനുകളെ ഉത്തേജിപ്പിച്ചിരുന്നു പോലും ! 

'' ന്റെ കുഞ്ഞിങ്ങനെ ചെയ്യില്ല''   തേങ്ങലുകൾ അടങ്ങുന്നില്ല.അവൾക്കുള്ളിൽ ഇനിയും ചൂടാറിയിട്ടില്ലാത്ത ഒരു പാത്രത്തിൻറെ കലമ്പലായി മാത്രം നമ്മളതിനെ കണ്ടാൽ മതി. ഈയൊരു കാര്യത്തിനായി മാററി വയ്ക്കാൻ ഇതിൽക്കൂടുതൽ സമയവും നമുക്കില്ലല്ലോ !
പ്രിയ.വി.പി


അഞ്ചിതൾപൂ-ഏവിസന്തോഷ് കുമാർ














ഏവിസന്തോഷ് കുമാർ





അഞ്ചിതൾപൂ
ഫോട്ടോ
ഓട്ടം പിടിച്ചെടുത്ത ഫോട്ടോയിൽ
നിലയ്ക്കാതെ ധ്വനിക്കുന്നു
പിന്നരങ്ങിലെയാരവo.

വധൂചിത്രം
ചികയുകയാണുമേലാകെ
ഷട്ടർ സ്പീഡിൽ കൊരുക്കുവാൻ
ഉള്ളിലുള്ളോരാഭയെ.
മിന്നി
ഇടിമിന്നലിന്റെ വിത്തുകൾ
മുളച്ചുപൊന്തിപ്പറക്കുന്നൂ
മിന്നാമിന്നികളായെങ്ങും!
ചിത്രംവര
കാറ്റ് തെങ്ങിൽ വരയ്ക്കുന്നു
ചാരു ചിത്രം, കൂരയിൽ കീഴെ
തേങ്ങുവതാരുടെ ജീവിതം ?
രാത്രികൾ
പാത്രക്കലമ്പലടുക്കള
വാർത്താക്കലമ്പൽ ടി വിയിൽ
പുറത്തുനിലാപെയ്ത്തുനിശ്ചലം!

ഏവിസന്തോഷ് കുമാർ

കാലാന്തരം-എം.സങ്














എം.സങ്





കാലാന്തരം

കരയുന്നൊരമ്മ തൻ
നെഞ്ചിലെ ചൂടിനെ
നീ തൊട്ടെടുക്കുക
ചേർന്നിരുന്നീടുക !
ഇനിയേതു രാത്രി തൻ
ഉറയുന്ന കണ്ണുനീർ
ഹൃദയത്തിലേക്കൊരു
ഉറവയായ് മാറവെ,
അമ്മയ്ക്കു താരാട്ടു
പാടി നീ നെഞ്ചിലെ
കുഞ്ഞിനെ വീണ്ടും
ഉറക്കിക്കിടത്തുക.
ഉണ്ണാതെ യൂട്ടിയോ -
രമ്മ തൻ കൈകളെ
കണ്ണീരുകൊണ്ടു
കഴുകിത്തുടയ്ക്കുക
വാക്കിന്റെ തണലേകി
നെഞ്ചോടു ചേർത്തൊരു
മുത്തശ്ശിപ്പാട്ടിൻ
നിലാവു പുതയ്ക്കുക.
വേവുന്നു നെഞ്ചകം
വേവാറ്റുമമ്മ തൻ
കണ്ണീരിനുള്ളിൽ
കലങ്ങിത്തെളിയുക
പൊയ്പോയ ബാല്യമേ
വീണ്ടും വരികെന്റെ
മുറ്റത്തു വീണ്ടും
നിറങ്ങൾ പുരട്ടുവാൻ.

എം.സങ്

Wednesday, 24 May 2017

ഒഴിഞ്ഞകൊട്ടാരം- Dr.സുരേഷ് മൂക്കന്നൂർ











Dr.സുരേഷ് മൂക്കന്നൂർ






ഒഴിഞ്ഞകൊട്ടാരം


അതിരുകളില്ലാത്താഡംബരമായ്
അറിയും നാമീക്കൊട്ടാരം
എത്രവിശാലം ഇടനാഴികകളും
വിസ്‌തൃത മുറികൾ വരാന്തകളും
വാനം മുട്ടാൻ മേൽക്കൂര
ദിക്കുകളെട്ടും ഭിത്തികളോ ?
കൊച്ചുമനുഷ്യനു പാർക്കാൻമാത്രം
ഇത്ര വലിപ്പം ബഹുകേമം !
അധികാരത്തിൻ ശക്തികൾ തീർക്കും
മാണിമേടകളതിനിസ്സാരം
നിന്നനിലയ്‍ക്കു  ക്ഷയിച്ചേപോയി
മന്നവരെല്ലാം പലകാലം
ഇന്നീക്കാണും കൊട്ടാരം
സ്വപ്നംകണ്ടു പടുത്തോരും
പട്ടടപൂകി പട വെട്ടി
കേട്ടുമറഞ്ഞു നിറദീപം
മണ്ണിന്നടിയിലിരിപ്പുണ്ടേ
മന്നവർ ശിൽപ്പികളതിഗൂഢം
കണ്ണുമിഴിച്ചിതു കാണുന്നേരേ
കണ്ടറിയുന്നേ ഗതകാലം?

✍ Dr.സുരേഷ് മൂക്കന്നൂർ

അനുഭവകുറിപ്പ്-യൂസഫ് വളയത്ത്















യൂസഫ് വളയത്ത്





അനുഭവകുറിപ്പ് 

"അംഗവൈകല്ല്യമുള്ളോര്ക്ക് സുഖാ     ഒരു ഡോക്ടറെ സർട്ടിഫിക്കറ്റ് ണ്ടാക്ക്യാ  ട്രൈനില് ടിക്കറ്റ് ഫ്രീ  മാസാമാസം പെൻഷൻ     ടെലഫോൺ കണക്ഷൻ       എന്തിന്? ഗവൺമെന്റ് ജോലിയടക്കം അവർക്ക് കിട്ടും "!!!
ഉപ്പാന്റെ ചായക്കടയിൽ വരുന്നവരുടെ പത്രവായനക്ക് ശേഷമുള്ള ഇത്തരം ചർച്ചകൾ കേൾക്കുമ്പോൾ ഉപ്പ ഒരു പാട് ആശ്വസിച്ചിരിക്കാം..........
എന്നെ കുറിച്ച് അത്ര മേലുണ്ടായിരുന്നുവല്ലോ ഉപ്പയുടെ ആശങ്കകൾ...........

ഒറ്റപ്പാലം താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് 40% വികലാംഗനാണന്ന സർട്ടിഫിക്കറ്റുണ്ടാക്കിയാൽ പഠന സഹായം ലഭിക്കുമെന്ന്  ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് എന്റെ അധ്യാപകരാണ് ഉപ്പയെ വിളിച്ച് അറിയിച്ചത്
പിറ്റേന്ന് തന്നെ ഞാൻ ഒറ്റപ്പാലത്തേക്ക് ബസ്സ് കയറി
"ഡോക്ടറെ കാണാൻ ഹോസ്പിറ്റലിൽ പോകണ്ട വീട്ടിൽ പോയാൽ മതി    ഹോസ്പിറ്റലിൽ പോയാൽ കാശ് കിട്ടൂലാന്ന് തോന്നി സർട്ടിഫിക്കറ്റിൽ 30% മാത്രേ അവരിടൂ ".......
കാര്യങ്ങളുടെ നീതി ശാസത്രം അറിയാവുന്ന അപ്പുനായരുടെമുന്നറിയിപ്പുള്ളത് കൊണ്ട് ഉപ്പ തന്ന50 രൂപയുമായി ഞാൻ ഡോക്ടറുടെ വീട്ടിലെത്തി

മുറ്റത്ത് കൂട്ടംകൂടി നിൽക്കുന്ന രോഗികൾക്കിടയിൽ രോഗിയല്ലാത്ത ഞാൻ കാത്ത് നിന്നു........
ഒരർത്ഥത്തിൽ ഞാനനുഭവിക്കുന്ന ശാരീരിക പ്രശ്നങ്ങൾക്കുള്ള ഒരു സാക്ഷ്യപത്രത്തിന്നായി.......

ഒടുവിൽ എന്റെ ഊഴമെത്തി കയ്യിലുള്ള ഫോമുകൾ മേശപ്പുറത്ത് വെച്ചിട്ട് ഞാൻ ഡോക്ടറോട് ആവശ്യം ഉന്നയിച്ചു.
ചാഞ്ഞും ചെരിഞ്ഞും എന്റെ കാലുകളിലേക്ക് ഒരു തരം പുച്ഛത്തോടെ നോക്കി ഒന്ന് ഇരുത്തി മൂളിയിട്ട് ഒട്ടും മയമില്ലാതെ ചോദിച്ചു. " കാശ് കൊടുന്നിട്ടുണ്ടോ?"
" ഉണ്ട് സാർ" എന്ന് വിനയത്തോടെ പറഞ്ഞിട്ട് പോക്കറ്റിൽ നിന്ന് ഉപ്പയുടെ വിയർപ്പ് പറ്റിയ 50 രൂപയെടുത്ത് നീട്ടി........

ആർത്തിയോടെ അതിലേക്ക് നോക്കിയ ശേഷം പറഞ്ഞു "ഇത് പോരല്ലോ   തനിക്ക് 40% വൈകല്യമുണ്ടന്ന സർട്ടിഫിക്കറ്റല്ലേ വേണ്ടത് ?"
"അതെ സാർ"
"എങ്കിൽ 100 രൂപ വേണം   അതല്ല 30% മതിയെങ്കിൽ 50 രൂപ മതി...... "
മറുപടിക്കായി അയാൾ എന്നെ നോക്കി

"എന്റെ കയ്യിൽ ഇത്രേയുള്ളൂ സാർ.........."
എനിക്ക് കരച്ചിൽ വരാൻ തുടങ്ങി

പക്ഷേ..... ഡോക്ടറുടെ മനസ്സിൽ അലിവിന്റെ ഉറവപൊട്ടിക്കാൻ 14 വയസ്സുകാരന്റെ ഇടറിയ ശബ്ദത്തിനായില്ല...........
"എങ്കിൽ  കാശുമായി പിന്നീട് വരൂ...... "
ഫോമുകൾ മടക്കി തിരിച്ചേൽപിച്ചിട്ട് അയാൾ പുറത്തേക്ക് വിരൽ ചൂണ്ടി.......

കുനിഞ്ഞ ശിരസ്സുമായി പുറത്തേക്കിറങ്ങുമ്പോൾ  പണത്തോടുള്ള മനുഷ്യന്റെ ആർത്തിയുടെ രസതന്ത്രമറിയാത്ത ഞാൻ അയാൾ തിരിച്ച് വിളിക്കുമെന്ന് വെറുതെ മോഹിച്ചു
.....................................................
ഏതാനും മാസം മുൻപ് പട്ടാമ്പി ടൗണിൽ  ഫുട്പാത്തിലൂടെ നടന്ന് വരുമ്പോൾ എനിക്ക് മുന്നിൽ സഹായത്തിനായ് ഒരു കൈ നീണ്ടു.
"സാർ  വല്ലതും തരണം സർ"   ഉദ്ദേശം 80 വയസ്സോ അതിന് മുകളിലോ പ്രായം തോന്നുന്ന ഒരു യാചകൻ........

ഫുട്പാത്തിന്റെ അരിക് പറ്റി നരവീണ് കുഴിഞ്ഞ കണ്ണുകളിൽ പ്രതീക്ഷ നിറച്ച് അയാൾ  നരച്ച് ചെമ്പിച്ച് ഒന്നായി മാറിയ താടിക്കും മീശക്കുമിടയിൽ മുറുക്കാൻ കറവീണ് കറുത്ത് തേഞ്ഞ പല്ലുകൾ കാട്ടി എന്നോട് ചിരിച്ചു.
പേൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്സെടുക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അയാൾ എന്നെ തടഞ്ഞു !!!
" വേണ്ട സാർ....... പണം വേണ്ട..... കാലിന് സുഖമില്ലാത്ത ആളല്ലേ ? ഞാൻ കണ്ടില്ല സാർ.........
അയാൾക്ക് കൊടുക്കാനെടുത്ത പത്ത് രൂപ തിരികെ വെച്ചിട്ട് നൂറ് രൂപയെടുത്ത് ഞാനയാളുടെ കയ്യിൽ കൊടുത്തു.  വിനയവും കാരുണ്യവും നിറച്ച് അയാളെന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. എന്റെ കാതുകളിലപ്പോൾ ദേഷ്യവും പുച്ഛവും കലർന്ന സ്വരത്തിൽ "കാശുമായി പിന്നീട് വരൂ " എന്ന പഴയ ഡോക്ടറുടെ സ്വരമായിരുന്നു...........
ഒരേ സമയം രണ്ട് മുഖങ്ങൾ !!  ശീതീകരിച്ച മുറിയിൽ മാന്യമായി വസ്ത്രം ധരിച്ച സുന്ദരനായ ഡോക്ടർ ഒരു വശത്ത്, തെരുവിൽ ഉച്ചവെയിലുകളേറ്റ് പൊള്ളിയ തൊലിയും, പിഞ്ഞിപ്പഴകി കീറിയാടുന്ന മുശിഞ്ഞ അല്പവസത്രധാരിയായ ഫക്കീർ മറുവശത്തും.......

ഒന്നാമന്റെ മനോഹരമായ പേരുകൾക്കൊടുവിൽ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയ അലങ്കാരത്തിന്റെ അക്ഷരമാലകളുടെ നീണ്ടനിര...............
രണ്ടാമത്തെയാൾ  ആട്ടിയകറ്റപ്പെടുന്ന, അറുപ്പിന്റെ, വെറുപ്പിന്റെ  " തെരുവ് തെണ്ടി"യെന്ന് പേര് വന്നവൻ...

പക്ഷേ.......
എന്നിട്ടും......... ഈ അറിവുകെട്ടവന്റെ തിരിച്ചറിവുകൾ ബിരുദങ്ങളുടെ അക്ഷരമാലകൾ ചുമന്നവന് ഇല്ലാതെ പോയതെന്തേ.....??!!
തങ്ങളുടെ മക്കൾക്ക് ഏറ്റവും മുന്തിയ വിദ്യാഭ്യാസം ലഭിക്കാൻ പകിട്ടാർന്ന സ്ഥാപനങ്ങൾ തേടിയോടുന്ന രക്ഷിതാക്കളോട്...
ഉയർന്ന മാർക്കോടെ തിളക്കമാർന്ന വിജയം കൊയ്ത് അറിവിന്റെ ഉയരങ്ങളിലേക്ക് കുതിക്കുന്ന പ്രിയ വിദ്യാർത്ഥികളോട്........
പാഠപുസ്തകത്തിലെ അക്ഷരങ്ങൾ ചൊല്ലിപ്പഠിപ്പിച്ച് മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ മുഴുവനും ഉയർന്ന ഗ്രേഡിലേക്ക് ഉയർത്തുന്നതിനിടയിൽ  ചൊല്ലി പഠിപ്പിക്കേണ്ടുന്ന ജീവിത പാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ മറന്ന് പോകുന്നവരോട്...

എന്താണ് വിദ്യാഭ്യാസം ?
എന്തിനാണ് വിദ്യാഭ്യാസം ?

ജീവിതത്തിന്റെ പളപളപ്പുകൾ സ്വന്തമാക്കി സൗഭാഗ്യങ്ങളുടെ ഊഞ്ഞാൽ തൊട്ടികളിൽ കണ്ണടച്ചിരുന്ന് ആടി തിമർക്കാനുള്ളതാണെന്ന  ആസക്തികളുടെ പഴകിപ്പുളിച്ച ഉത്തരം കൊണ്ട് നമ്മൾ ചുട്ടെടുക്കുന്ന ഡോക്ടർമാരും, എൻജിനീയർമാരും , ഐ.ടി.പ്രൊഫഷണലുകളും, മറ്റും......... മറ്റും......

തിരിച്ചറിവുകളുടെ, ജീവിത മൂല്ല്യങ്ങളുടെ, മാനുഷിക ഗുണങ്ങൾ ആർജ്ജിക്കാനാവാത്ത വിദ്യാഭ്യാസത്തിന്റെ പ്രൊഡക്ടുകളാവുമ്പോൾ...    സമൂഹം അറുപ്പോടെ, വെറുപ്പോടെ ആട്ടിയകറ്റുന്ന തെരുവ് യാചകന്റെ നീട്ടിയ കയ്യിലെ ചുളുങ്ങിച്ചുരുണ്ട പിച്ച ചട്ടിയേക്കാൾ വില കുറഞ്ഞ ഉപകരണങ്ങളായിപ്പോവുന്നു  അവരെന്ന് ദു:ഖത്തോടെ ഓർമ്മപ്പെടുത്തട്ടെ...!!

✍ യൂസഫ് വളയത്ത്

Tuesday, 23 May 2017

പുകവലി അരുതേ...!!-വൈഷ്ണവി.എസ്സ്.നായർ














വൈഷ്ണവി.എസ്സ്.നായർ 
മൂന്നാം ക്ലാസ് വിദ്യാർത്ഥി
St:അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ,രാമപുരം,പാല.
അച്ഛൻ         :ശ്രീകാന്ത്.കെ.ജി(കാർട്ടൂണിസ്റ്റ് ശ്രീ)
അമ്മ            :സവിത.ജി
സഹോദരൻ :വിഷ്വേശ്വർ.എസ്സ്.നായർ 






പുകവലി അരുതേ...!!

കാർട്ടൂൺ39-മനോജ് മൂക്കൻതോട്ടം


റിസേർവ്ഡ് സെൽ