യൂസഫ് വളയത്ത്
അനുഭവകുറിപ്പ്
"അംഗവൈകല്ല്യമുള്ളോര്ക്ക് സുഖാ ഒരു ഡോക്ടറെ സർട്ടിഫിക്കറ്റ് ണ്ടാക്ക്യാ ട്രൈനില് ടിക്കറ്റ് ഫ്രീ മാസാമാസം പെൻഷൻ ടെലഫോൺ കണക്ഷൻ എന്തിന്? ഗവൺമെന്റ് ജോലിയടക്കം അവർക്ക് കിട്ടും "!!!
ഉപ്പാന്റെ ചായക്കടയിൽ വരുന്നവരുടെ പത്രവായനക്ക് ശേഷമുള്ള ഇത്തരം ചർച്ചകൾ കേൾക്കുമ്പോൾ ഉപ്പ ഒരു പാട് ആശ്വസിച്ചിരിക്കാം..........
എന്നെ കുറിച്ച് അത്ര മേലുണ്ടായിരുന്നുവല്ലോ ഉപ്പയുടെ ആശങ്കകൾ...........
ഒറ്റപ്പാലം താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് 40% വികലാംഗനാണന്ന സർട്ടിഫിക്കറ്റുണ്ടാക്കിയാൽ പഠന സഹായം ലഭിക്കുമെന്ന് ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് എന്റെ അധ്യാപകരാണ് ഉപ്പയെ വിളിച്ച് അറിയിച്ചത്
പിറ്റേന്ന് തന്നെ ഞാൻ ഒറ്റപ്പാലത്തേക്ക് ബസ്സ് കയറി
"ഡോക്ടറെ കാണാൻ ഹോസ്പിറ്റലിൽ പോകണ്ട വീട്ടിൽ പോയാൽ മതി ഹോസ്പിറ്റലിൽ പോയാൽ കാശ് കിട്ടൂലാന്ന് തോന്നി സർട്ടിഫിക്കറ്റിൽ 30% മാത്രേ അവരിടൂ ".......
കാര്യങ്ങളുടെ നീതി ശാസത്രം അറിയാവുന്ന അപ്പുനായരുടെമുന്നറിയിപ്പുള്ളത് കൊണ്ട് ഉപ്പ തന്ന50 രൂപയുമായി ഞാൻ ഡോക്ടറുടെ വീട്ടിലെത്തി
മുറ്റത്ത് കൂട്ടംകൂടി നിൽക്കുന്ന രോഗികൾക്കിടയിൽ രോഗിയല്ലാത്ത ഞാൻ കാത്ത് നിന്നു........
ഒരർത്ഥത്തിൽ ഞാനനുഭവിക്കുന്ന ശാരീരിക പ്രശ്നങ്ങൾക്കുള്ള ഒരു സാക്ഷ്യപത്രത്തിന്നായി.......
ഒടുവിൽ എന്റെ ഊഴമെത്തി കയ്യിലുള്ള ഫോമുകൾ മേശപ്പുറത്ത് വെച്ചിട്ട് ഞാൻ ഡോക്ടറോട് ആവശ്യം ഉന്നയിച്ചു.
ചാഞ്ഞും ചെരിഞ്ഞും എന്റെ കാലുകളിലേക്ക് ഒരു തരം പുച്ഛത്തോടെ നോക്കി ഒന്ന് ഇരുത്തി മൂളിയിട്ട് ഒട്ടും മയമില്ലാതെ ചോദിച്ചു. " കാശ് കൊടുന്നിട്ടുണ്ടോ?"
" ഉണ്ട് സാർ" എന്ന് വിനയത്തോടെ പറഞ്ഞിട്ട് പോക്കറ്റിൽ നിന്ന് ഉപ്പയുടെ വിയർപ്പ് പറ്റിയ 50 രൂപയെടുത്ത് നീട്ടി........
ആർത്തിയോടെ അതിലേക്ക് നോക്കിയ ശേഷം പറഞ്ഞു "ഇത് പോരല്ലോ തനിക്ക് 40% വൈകല്യമുണ്ടന്ന സർട്ടിഫിക്കറ്റല്ലേ വേണ്ടത് ?"
"അതെ സാർ"
"എങ്കിൽ 100 രൂപ വേണം അതല്ല 30% മതിയെങ്കിൽ 50 രൂപ മതി...... "
മറുപടിക്കായി അയാൾ എന്നെ നോക്കി
"എന്റെ കയ്യിൽ ഇത്രേയുള്ളൂ സാർ.........."
എനിക്ക് കരച്ചിൽ വരാൻ തുടങ്ങി
പക്ഷേ..... ഡോക്ടറുടെ മനസ്സിൽ അലിവിന്റെ ഉറവപൊട്ടിക്കാൻ 14 വയസ്സുകാരന്റെ ഇടറിയ ശബ്ദത്തിനായില്ല...........
"എങ്കിൽ കാശുമായി പിന്നീട് വരൂ...... "
ഫോമുകൾ മടക്കി തിരിച്ചേൽപിച്ചിട്ട് അയാൾ പുറത്തേക്ക് വിരൽ ചൂണ്ടി.......
കുനിഞ്ഞ ശിരസ്സുമായി പുറത്തേക്കിറങ്ങുമ്പോൾ പണത്തോടുള്ള മനുഷ്യന്റെ ആർത്തിയുടെ രസതന്ത്രമറിയാത്ത ഞാൻ അയാൾ തിരിച്ച് വിളിക്കുമെന്ന് വെറുതെ മോഹിച്ചു
.............................. .......................
ഏതാനും മാസം മുൻപ് പട്ടാമ്പി ടൗണിൽ ഫുട്പാത്തിലൂടെ നടന്ന് വരുമ്പോൾ എനിക്ക് മുന്നിൽ സഹായത്തിനായ് ഒരു കൈ നീണ്ടു.
"സാർ വല്ലതും തരണം സർ" ഉദ്ദേശം 80 വയസ്സോ അതിന് മുകളിലോ പ്രായം തോന്നുന്ന ഒരു യാചകൻ........
ഫുട്പാത്തിന്റെ അരിക് പറ്റി നരവീണ് കുഴിഞ്ഞ കണ്ണുകളിൽ പ്രതീക്ഷ നിറച്ച് അയാൾ നരച്ച് ചെമ്പിച്ച് ഒന്നായി മാറിയ താടിക്കും മീശക്കുമിടയിൽ മുറുക്കാൻ കറവീണ് കറുത്ത് തേഞ്ഞ പല്ലുകൾ കാട്ടി എന്നോട് ചിരിച്ചു.
പേൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്സെടുക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അയാൾ എന്നെ തടഞ്ഞു !!!
" വേണ്ട സാർ....... പണം വേണ്ട..... കാലിന് സുഖമില്ലാത്ത ആളല്ലേ ? ഞാൻ കണ്ടില്ല സാർ.........
അയാൾക്ക് കൊടുക്കാനെടുത്ത പത്ത് രൂപ തിരികെ വെച്ചിട്ട് നൂറ് രൂപയെടുത്ത് ഞാനയാളുടെ കയ്യിൽ കൊടുത്തു. വിനയവും കാരുണ്യവും നിറച്ച് അയാളെന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. എന്റെ കാതുകളിലപ്പോൾ ദേഷ്യവും പുച്ഛവും കലർന്ന സ്വരത്തിൽ "കാശുമായി പിന്നീട് വരൂ " എന്ന പഴയ ഡോക്ടറുടെ സ്വരമായിരുന്നു...........
ഒരേ സമയം രണ്ട് മുഖങ്ങൾ !! ശീതീകരിച്ച മുറിയിൽ മാന്യമായി വസ്ത്രം ധരിച്ച സുന്ദരനായ ഡോക്ടർ ഒരു വശത്ത്, തെരുവിൽ ഉച്ചവെയിലുകളേറ്റ് പൊള്ളിയ തൊലിയും, പിഞ്ഞിപ്പഴകി കീറിയാടുന്ന മുശിഞ്ഞ അല്പവസത്രധാരിയായ ഫക്കീർ മറുവശത്തും.......
ഒന്നാമന്റെ മനോഹരമായ പേരുകൾക്കൊടുവിൽ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയ അലങ്കാരത്തിന്റെ അക്ഷരമാലകളുടെ നീണ്ടനിര...............
രണ്ടാമത്തെയാൾ ആട്ടിയകറ്റപ്പെടുന്ന, അറുപ്പിന്റെ, വെറുപ്പിന്റെ " തെരുവ് തെണ്ടി"യെന്ന് പേര് വന്നവൻ...
പക്ഷേ.......
എന്നിട്ടും......... ഈ അറിവുകെട്ടവന്റെ തിരിച്ചറിവുകൾ ബിരുദങ്ങളുടെ അക്ഷരമാലകൾ ചുമന്നവന് ഇല്ലാതെ പോയതെന്തേ.....??!!
തങ്ങളുടെ മക്കൾക്ക് ഏറ്റവും മുന്തിയ വിദ്യാഭ്യാസം ലഭിക്കാൻ പകിട്ടാർന്ന സ്ഥാപനങ്ങൾ തേടിയോടുന്ന രക്ഷിതാക്കളോട്...
ഉയർന്ന മാർക്കോടെ തിളക്കമാർന്ന വിജയം കൊയ്ത് അറിവിന്റെ ഉയരങ്ങളിലേക്ക് കുതിക്കുന്ന പ്രിയ വിദ്യാർത്ഥികളോട്........
പാഠപുസ്തകത്തിലെ അക്ഷരങ്ങൾ ചൊല്ലിപ്പഠിപ്പിച്ച് മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ മുഴുവനും ഉയർന്ന ഗ്രേഡിലേക്ക് ഉയർത്തുന്നതിനിടയിൽ ചൊല്ലി പഠിപ്പിക്കേണ്ടുന്ന ജീവിത പാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ മറന്ന് പോകുന്നവരോട്...
എന്താണ് വിദ്യാഭ്യാസം ?
എന്തിനാണ് വിദ്യാഭ്യാസം ?
ജീവിതത്തിന്റെ പളപളപ്പുകൾ സ്വന്തമാക്കി സൗഭാഗ്യങ്ങളുടെ ഊഞ്ഞാൽ തൊട്ടികളിൽ കണ്ണടച്ചിരുന്ന് ആടി തിമർക്കാനുള്ളതാണെന്ന ആസക്തികളുടെ പഴകിപ്പുളിച്ച ഉത്തരം കൊണ്ട് നമ്മൾ ചുട്ടെടുക്കുന്ന ഡോക്ടർമാരും, എൻജിനീയർമാരും , ഐ.ടി.പ്രൊഫഷണലുകളും, മറ്റും......... മറ്റും......
തിരിച്ചറിവുകളുടെ, ജീവിത മൂല്ല്യങ്ങളുടെ, മാനുഷിക ഗുണങ്ങൾ ആർജ്ജിക്കാനാവാത്ത വിദ്യാഭ്യാസത്തിന്റെ പ്രൊഡക്ടുകളാവുമ്പോൾ... സമൂഹം അറുപ്പോടെ, വെറുപ്പോടെ ആട്ടിയകറ്റുന്ന തെരുവ് യാചകന്റെ നീട്ടിയ കയ്യിലെ ചുളുങ്ങിച്ചുരുണ്ട പിച്ച ചട്ടിയേക്കാൾ വില കുറഞ്ഞ ഉപകരണങ്ങളായിപ്പോവുന്നു അവരെന്ന് ദു:ഖത്തോടെ ഓർമ്മപ്പെടുത്തട്ടെ...!!
✍ യൂസഫ്
വളയത്ത്

No comments:
Post a Comment