ശരീഫ മണ്ണി ശ്ശേരി.
ഇനിയവൻ
ജനിക്കാതിരിക്കട്ടെ
മനുഷ്യനെന്ന നാശം ഒടുങ്ങിയ സന്തോഷത്തിലാണ് ഞങ്ങൾ.ഇപ്പോഴിതാ പുഴകളൊക്കെ കള കളം പാടി ഒഴുകുന്നു.മരങ്ങളെല്ലാം പൂത്തു തളിർത്തിരിക്കുന്നു.എങ്ങും സ്വച്ഛമായ വായു പരിലസിക്കുന്നു. തെളിവെള്ളം കുളങ്ങളിലും അരുവികളിലും ഒഴുകുന്നു.ലോറികൾ കൊണ്ട് പോയ കുന്നുകളുടെ മുറിവടയാളങ്ങൾ പുതുമണ്ണിനാൽ മൂടിത്തുടങ്ങി.പൂമ്പാറ്റകളും തുമ്പികളും വണ്ടുകളും പാറിപ്പറക്കുന്നു. നശിച്ചു തുടങ്ങിയ പല ജീവികളും സമാധാനം തിരിച്ചെത്തിയ ഭൂമിയിലേക്കു മടങ്ങി വരുന്നുണ്ട്.തവളകളുടെ പേക്രോം ശബ്ദമാണ് അന്തരീക്ഷമാകെ.
ഞങ്ങളെന്തു മാത്രം സമാധാനപ്രിയരാണ്.പുലർച്ചക്ക് എല്ലാവരെയും വിളിച്ചുണർത്തുന്ന പൂവാൻകോഴികൾ.പരിസരമെല്ലാം വൃത്തിയാക്കുന്ന കാക്കകൾ.പാട്ടു പാടി ആനന്ദിപ്പിക്കുന്ന കുയിലുകൾ.ഇങ്ങനെ നിസ്വാർത്ഥം പ്രവർത്തിക്കൽ മനുഷ്യന് അസഹ്യമായിരുന്നു. എന്തൊരു പരാക്രമിയായിരുന്നു അവൻ.ഒടുക്കം അവന്റെ തീയുദ്ധങ്ങൾ തന്നെയാണ് അവനെ ഇല്ലാതാക്കിയത്.ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ഞങ്ങൾ ഇതര ജീവികൾ കുറച്ചെങ്കിലും ബാക്കിയായത്.
എന്തത്ഭുതമാണെന്നോ ഈ മനുഷ്യന്റെ കാര്യം.മരണം മുന്നിലെത്തിയാലും ആർത്തി തീരില്ല.കുന്നുകൂട്ടുന്നത് അവസാനിപ്പിക്കില്ല.പ്രകൃതിയെ നശിപ്പിക്കലായിരുന്നു അവന്റെ ഏറ്റവും വലിയ വിനോദം.അങ്ങനെയാണ് സ്ഫടികജലം മഞ്ഞയും ചുവപ്പുമൊക്കെ ആവാൻ തുടങ്ങിയത്.നദികളെല്ലാം വറ്റി വരണ്ടത്. ആർത്തിരമ്പുന്ന കടൽ വെറും വെസ്റ്റ് കുഴിയായത്.കൊതുകും ഈച്ചയും പെരുകി രോഗങ്ങൾ മന്ത് കാലിൽ നടക്കാൻ തുടങ്ങിയത്.ഇത്രയധികം മരുന്ന് കഴിക്കുന്ന മറ്റൊരു ജീവിയുണ്ടോ?ആനകളും പശുക്കളുമെല്ലാം ഇപ്പോൾ ആനന്ദത്തിലാണ്.ഇനി മനുഷ്യന്റെ ചങ്ങലയിൽ കിടക്കേണ്ടല്ലോ.
ഇനിയും ആ ജീവി പുനർജനിക്കാതിരിക്കട്ടെ, ഭൂമി മരിക്കാതിരിക്കട്ടെ

No comments:
Post a Comment