Monday, 12 June 2017

ഓർമ്മകള്‍ ഉണരുമ്പോള്‍- സുജിത ധനൂഷ്














സുജിത ധനൂഷ്




ഓർമ്മകള്‍ ഉണരുമ്പോള്‍

നല്ലൊരു നാളേക്ക് വേണ്ടി പ്രതീക്ഷയോടെ ഇനിയെനിക്കൊന്നുറങ്ങണം... പോയ കാലത്തിന്‍റെ ഓർമ്മകളിൽ പുലരി ചുവക്കുംമുൻപേ എനിക്കുണരണം ഇലത്തുമ്പിലെ നീര്‍ മഴത്തുളളികൾ
എന്നെ നോക്കി കണ്ണുകൾ ചിമ്മണം എനിക്ക് മൂളുവാൻ ഒരു മഴപ്പാട്ടു വേണം പുലരിയോടായ് കിളികളോതും കിന്നാരത്തിനു കാതോർക്കണം.. നാട്ടുവഴിയോരം ചേർന്ന് ഏറെ ദൂരം നടക്കണം ചെളി മണക്കുന്ന പാടവരമ്പിലേക്കിറങ്ങണം... തലതാഴ്ത്തി നിൽക്കും നെൽക്കതിരിലെ മഞ്ഞു തുളളിയെൻ പുടവത്തുമ്പു നനക്കണം... പാടത്തിന്‍ മറുകരയില്‍ കൂട്ടു ചേര്‍ന്നെത്താൻ മഞ്ഞു മറയിലേക്കു കൂകി വിളിക്കണം... വിടരുന്ന പുലരിയെ നോക്കി ആല്‍ത്തറയില്‍ തെല്ലുനേരമിരിക്കണം... നിന്‍റെ കാലടികൾക്കു പുറകെ ചുറ്റമ്പലം വലം വക്കണം... തൊഴുതു മടങ്ങുമ്പോൾ നീ ചാർത്തിയ വരക്കുറി മായാതെ മനസിൽ നിറയണം... നാട്ടു മാവിലൊരൂഞ്ഞാല് കെട്ടി കൂട്ട് ചേർന്നിരുന്നാടണം... ഉച്ച വെയിലത്തു മാമ്പഴം വീഴുമ്പോൾ ആര്‍ത്ത് വിളിച്ചു പങ്കിട്ടെടുക്കണം.. നാളെയും വരാമെന്ന വാക്കിൽ പിരിയണം... അമ്പലക്കുളത്തിൽ മുങ്ങിനിവരണം അസ്തമന സൂര്യനെ വണങ്ങി നാമം ജപിക്കണം... പകൽ വിരിച്ച തണലിനെ വലം വച്ച് സന്ധ്യയിൽ പടര്‍ന്ന ഇരുളിന്‍റെ നിഴലിനെ ചിന്തയിലിട്ടു വേർപ്പെടുത്തണം... കടന്നു പോന്നൊരീ കാലമത്രയും മധുര സ്വപ്നമായ് കാണുവാൻ ഇന്ന് തന്ന നല്ല ദിവസത്തിന്‍ നന്മ ചോരാതെ നാളേക്കായ് പ്രാർത്ഥനയോടെ ഇനിയെനിക്കൊന്നുറങ്ങണം... വീണ്ടുമെൻ പുലരികൾ വിരിയുമെങ്കിൽ കണിയാവാൻ നീയെന്നരികത്തു വേണം.....


സുജിത ധനൂഷ്....

No comments:

Post a Comment