Sunday, 7 May 2017

ഒരു കത്ത്- ശരീഫ മണ്ണിശ്ശേരി





















ശരീഫ മണ്ണിശ്ശേരി
അദ്ധ്യാപിക 
മലപ്പുറം മൊറയൂർ സ്വദേശി 




ഒരു കത്ത്

മോനെ,
ഇവിടുത്തെ നഴ്‌സിന്റെ സഹായത്തോടെയാണ് ഞാനീ കത്തെഴുതുന്നത്.കൈ വിറച്ചിട്ട് എനിക്കൊരു വരി എഴുതാൻ പറ്റണില്ല.അവൾ പറയുന്നു ഇപ്പൊ ആരും ഇങ്ങനത്തെ കത്ത് അയക്കില്ലെന്ന്.കമ്പ്യൂട്ടറിൽ ആണ് പോലും ഇപ്പൊ എല്ലാം.പണ്ട് അച്ഛന്റെ എഴുത്തിനും നീ മറുപടി അയച്ചിരുന്നില്ല.ഈ കത്ത് നിനക്ക് കിട്ടുമോ എന്തോ.
മോനെ, അഞ്ചു കൊല്ലം മുമ്പ് ഇവിടെ വരുമ്പോൾ തള്ള വിരൽ മാത്രമാണ് വിറച്ചിരുന്നത്. ഇപ്പൊ എഴുന്നേറ്റ് നിക്കാൻ പോലും വയ്യ.നിനക്കിതൊക്കെ കേൾക്കുമ്പോ ദേഷ്യം വരൂന്നറിയാം.പണ്ട് വിരല് വിറക്കണ കാര്യം ഒരു പത്ത്  തവണ പറഞ്ഞിട്ടാണല്ലോ പ്രാകിക്കൊണ്ട് നീയും കെട്ട്യോളും എന്നെ ആശൂത്രീല് കൊണ്ടോയത്.അന്നാ ഡോക്ടർ എന്താ നിന്നോട് പറഞ്ഞേ?ഈ അസുഖം മാറില്ലാന്നോ?അതോണ്ടാണോ മോനെ നീയെന്നെ ഇവിടെയാക്കിയത്?ചെറുപ്പത്തിൽ എത്ര തവണയാ നിനക്ക് അബസ്മാരം വന്നിരുന്നത്.കോച്ചി വിറച്ചു നീ വീഴുമ്പോഴൊക്കെ എത്ര തീയാ ഞാനും നിന്റച്ഛനും തിന്നിരുന്നത്.പന്ത്രണ്ടു വയസ്സ് വരെ ഇല്ലാത്ത കാശുണ്ടാക്കി ചികിത്സിച്ചിട്ടാ ആ രോഗഭൂതം നിന്നെ വിട്ടു പോയത്.ഇന്ന് നിന്നെ കാണുന്ന ആരേലും പറയോ പണ്ട് നീ ഇടയ്ക്കിടെ വാടി വീഴുന്ന ഒരു വെറും തയ്യായിരുന്നു എന്ന്?എത്രയായിരുന്നു നിന്റെ മീതെയുള്ള വെയിലുകൾ, കൊടുങ്കാറ്റുകൾ, പേമാരികൾ.. മോനെ, ഓർക്കുമ്പോൾ തന്നെ ഇന്റെ കണ്ണ് നിറയാ..വല്യ വാശീം     ദേഷ്യവും ഒക്കെ ആയിരുന്നു നെനക്ക്. എത്ര വട്ടം തല്ലാൻ ഒരുങ്ങിയതാ ഞാൻ.ഒരൂസം കലി കേറി നീയെന്നെ നിലത്തേക്ക് തള്ളിയിടേം ചെയ്തു.എല്ല് പൊട്ടി മൂന്നു മാസാ അന്ന് കിടന്നത്.അപ്പഴൊക്കെ മൂപ്പര് പറയും_സാരല്ല ജാനൂ,ഓനൊരു സൂക്കേടുകാർനല്ലേ, നമ്മക്ക് വേറെ ഒന്നില്ലാലോ.."ഇപ്പൊ തോന്നാ അന്നേ കുറച്ചൊക്കെ തല്ലണായിരുന്നു, ഇന്നീ വിറയ്ക്കുന്ന കൈകൾക്ക് കഴിയാത്തത് അന്നേ ചെയ്യണായിരുന്നു..
ഈ സുമതിക്കുട്ടിയാ ഇന്റെ കൂട്ട്. അവളാ കൈ പിടിച്ച് ഇന്നെ നടത്തിക്കണത്. പണ്ടു നിയ് ഇന്റെ കൈ പിടിച്ച് നടത്തം പഠിച്ച പോലെ..മോനെ, ഞ്ഞി അധിക കാലൊന്നും ഇല്ലാന്നൊരു തോന്നൽ..ഞാൻ മരിച്ചാലും നിയ് വരില്ലാന്നും അറിയാം.നിന്റൊരു ഫോട്ടോ പെട്ടീല്ള്ളത്  ഞാൻ ഇടക്കങ്ങനെ നോക്കും.പക്ഷെ കൊറച്ചൂസായി ആ ഫോട്ടോ കാണുമ്പോ നിക്കൊരു പരിചയക്കേട്..വേറെ ആരെയോ നോക്കുമ്പോലെ.. ആ തോന്നല് കൂടിക്കൂടി ഇന്റെ മോനെ ഞാൻ മറന്നു പോവല്ലോന്നു ഓർത്തപ്പോ നിന്നെ പുറത്തെടുക്കാൻ വേണ്ടി ഇന്റെ വയറിലുണ്ടായ മുറിപ്പാട് കൊളുത്തി വലിക്കാ.. സ്വന്തായിരുന്നതൊക്കെ അല്ലാന്നു തോന്നണത് മരണം അടുത്തതോണ്ടാവും..
ഭാവിയിൽ നിന്റെ മകൻ നിന്നെ ഇവിടെത്തന്നെയാണ് അയക്കുന്നതെങ്കിൽ ഈ റൂമിൽ തന്നെ താമസിക്കണേ.. ഉറപ്പായും അപ്പോൾ എന്റെ ശബ്ദം നീ കേൾക്കും..വിറച്ചു വിറച്ചു നടക്കുന്ന എന്റെ കോമാളിരൂപം നിന്റെ കൺ വെട്ടത്ത് തന്നെ കാണും..നിന്റെ അച്ഛൻ ചുമരിൽ ഇരുന്ന് നിന്നോട് ചിരിക്കും.പണ്ടത്തെ നമ്മുടെ ചെറിയ വീടും നിന്റെ കുട്ടിക്കാലവും നിനക്കോർമ വരും.ഇടി വെട്ടി മിന്നൽ തീയെറിഞ്ഞു പേമാരി പെയ്യുമ്പോഴൊക്കെ ഞങ്ങളെ കെട്ടിപ്പിടിച്ചു നീ നിലവിളിച്ചിരുന്ന ചിത്രം നിന്റെ മനസ്സ് വലിച്ചു പുറത്തിടും. മോനെ, ഇതൊരു വെറും മുറിയല്ല അനേകം അമ്മമാരുടെ ഓർമകളുടെ കല്ലറകളാണ്.ഓർമകൾ പ്രേതരൂപികളായി ഇവിടെ ചുറ്റിത്തിരിയുന്നു..
ആയുസ്സുണ്ടെങ്കിലും ഇനി എഴുതലുണ്ടാവില്ല.. കാരണം ഇന്നലെ സുമതി കുറെ പറഞ്ഞിട്ടാ നിന്റെ ഫോട്ടോ എനിക്ക് മനസ്സിലായത്.അത് കളർ അടർന്ന് ചൊറി പിടിച്ച പോലുണ്ട്.ഒട്ടും ഖേദമില്ല ഒന്നിലും,
നിർത്തട്ടെ,
അമ്മ.

ശരീഫ മണ്ണിശ്ശേരി


1 comment: