Friday, 12 May 2017

തിരിച്ചറിവ്-ആൽബർട്ട് ലാൽ














ആൽബർട്ട് ലാൽ
വയനാട് സ്വദേശി 
എസ്സ് .ബി കോളേജ് 
ചങ്ങനാശേരിയിലെ പൂർവവിദ്യാർത്ഥി 




തിരിച്ചറിവ്
  "എന്തൊരു ഫിഗറാടാ ഇവൾക്ക്"

ഇതുകേട്ടാണ് അവൾ പുറകോട്ട് തിരിഞ്ഞുനോക്കിയത്.അവർ മൂന്നുപേരുടെയും നോട്ടം വേട്ടമൃഗത്തെ നോക്കുന്നതുപോലെയായിരുന്നു.
          ടൗണിലെ മിന്നൽപണിമുടക്ക് കാരണം അന്ന് വൈകിട്ട് വണ്ടികൾ കുറവായിരുന്നു.നേരം വൈകിയ ആ സമയത്ത് അവിടെ വഴിയാത്രക്കാർ അല്ലാതെ ഏതാണ്ട് വിജനമായിരുന്നു.

  "മടുത്തെങ്കിൽ മോള് ഇവിടെ വന്നിരുന്നോട്ടോ,ചേട്ടന്മാർ കൂട്ടിനില്ലേ"

കൂട്ടത്തിലെ മീശ പോലും മുളക്കാത്ത ഒരുത്തന്റെയായിരുന്നു ആ കമന്റ്.കൂടിപ്പോയാൽ അവളുടെ അനിയന്റെ പ്രായം.ഇതു പറഞ്ഞുകൊണ്ട് അവൻ അവളെ വന്ന് തോണ്ടി.ഉള്ളിൽ ഭയമുണ്ടെങ്കിലും അവളത് പുറത്ത് കാണിച്ചില്ല. അതുവഴി കടന്നുപോയ ഓട്ടോകൾക്ക് കൈ കാണിച്ചെങ്കിലും ഒന്നും നിറുത്തിയില്ല.

      "വേണേൽ ചേട്ടന്മാർ കൊണ്ടുപോയിവിടാട്ടോ"

ഇതും പറഞ്ഞ് മൂവർസംഘത്തിൽ ഒരുത്തൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.ഇതുകൂടിയായപ്പോൾ അവളുടെ ഭയം ഇരട്ടിച്ചു.അവൾ മൊബൈൽ ഫോണിൽ നോക്കി പക്ഷെ സിഗ്നൽ വന്നിട്ടില്ല.കൂട്ടിനായി ഒരു പെൺകുട്ടിയെങ്കിലും അതു വഴി വരാൻ അവൾ പ്രാർത്ഥിച്ചു. ഇല്ല,ആരും വരുന്ന ലക്ഷണം ഇല്ല.
          കമന്റടി കൂടിയപ്പോൾ അവൾ പതിയെ നടക്കാൻ തുടങ്ങി.അവർ അവളെ പിന്തുടരാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.പെട്ടന്നാണ് കൂട്ടത്തിൽ ഒരുത്തന്റെ ഫോൺ റിങ് ചെയ്തത്.
      
 "അമ്മയാണല്ലോ എന്ത് കുന്തത്തിനാണാവോ"

 "അളിയാ ഫോൺ കട്ട് ചെയ്തിട്ട് വന്ന് കയറടാ"

ഇതും പറഞ്ഞ് മറ്റവൻമാർ ബൈക്കിൽ കയറി.അവൻ ഫോൺ കട്ട് ചെയ്തിട്ട് ബൈക്കിൽ കയറിയപ്പോഴാണ് അമ്മ വീണ്ടും വിളിക്കുന്നത്.
    
"നാശം നിങ്ങൾ നിൽക്ക് ഞാൻ ഇപ്പൊ വരാം"

ഇതും പറഞ്ഞ് അവൻ ഫോണെടുത്തു അപ്പുറത്ത് അമ്മയുടെ പേടിച്ചരണ്ട ശബ്ദം ആയിരുന്നു.

"മോനെ മാളൂട്ടി ഇതുവരെ എത്തിയിട്ടില്ല,വിളിച്ചിട്ടും എടുക്കുന്നില്ല.എനിക്കാകെ പേടിയാകുന്നു."

ഇതും പറഞ്ഞ് 'അമ്മ ഒറ്റ കരച്ചിലായിരുന്നു.അവൻ ഓരോന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചു.ടെൻഷൻ അടിച്ചു വന്ന അവനോട് കൂട്ടുകാർ കാര്യങ്ങൾ തിരക്കി.അവർ ബൈക്കിൽ നിന്നിറങ്ങി അവനെ ആശ്വസിപ്പിച്ചു.
         അവർ വരുന്നില്ല എന്ന് കണ്ടപ്പോൾ അവൾ നടത്തത്തിന്റെ വേഗത കുറച്ചു. വഴിയേ പോയ ഓട്ടോറിക്ഷകൾക്ക് കൈ കാണിച്ചെങ്കിലും അതൊന്നും നിറുത്തിയില്ല.അവളുടെ ഉൾഭയം വീണ്ടും കൂടിവന്നു.
     പെങ്ങൾക്കായുള്ള തിരച്ചിലിൽ അവൻ ഫോൺ കോളുകൾ ചെയ്തുകൊണ്ടിരുന്നു.എവിടെ നിന്നും വിവരം കിട്ടതായപ്പോൾ അവനിലെ ആധി കൂടിവന്നു.അമ്മയോട് എന്ത് പറയും എന്നും കരുതി തലക്ക് കൈ കൊടുത്ത് ഇരിക്കുമ്പോളാണ് അമ്മയുടെ ഫോൺ കോൾ വീണ്ടും വന്നത്.അവൻ ഫോണെടുത്തു നിരാശയോടെ ചെവിയിൽ വെച്ചു.

"മോനെ അവൾ വന്നൂട്ടോ,മിന്നൽപണിമുടക്കയതുകൊണ്ട് വണ്ടി കിട്ടിയില്ലത്രേ.ഫോൺ വിളിക്കാത്തതിന് ഞാൻ നല്ല ചീത്ത പറഞ്ഞിട്ടുണ്ട്.നീ എന്തായാലും വേഗം ഇങ്ങോട്ട് വാ"

ഫോൺ കട്ട് ചെയ്തതും നെഞ്ചിൽ കൈ വെച്ച് അവൻ പ്രാർത്ഥിച്ചു,കാരണം അത്രയധികമായിരുന്നു അവന്റെ ടെൻഷൻ.
    കുറച്ചു ദൂരെ മാറിനില്ക്കുന്ന ആ പെൺകുട്ടിയെ അവൻ ഒന്ന് നോക്കി.അവൻ അങ്ങോട്ട് നടന്നു.അവളിലെ ടെൻഷൻ വീണ്ടും കൂടി.പെട്ടന്ന് അതിലെ കടന്നുപോയ ഒരു ഓട്ടോയ്ക്ക് അവൾ കൈ കാണിച്ചു.അതും നിറുത്തിയില്ല.അവൾ ആകപ്പാടെ വിയർക്കാൻ തുടങ്ങി.പെട്ടന്നാണ് അവൻ ആ ഓട്ടോയുടെ മുന്നിലേക്ക് നിന്നത്.എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഓട്ടോക്കാരൻ വണ്ടി നിറുത്തി.
               ദൂരെ നിന്ന് അവൻ അവളെ കൈ കാണിച്ചു വിളിച്ചു.അവൾ പോകാൻ ഒന്ന് ശങ്കിച്ചു. ചെറുപുഞ്ചിരിയോടെ അവൻ ഒന്നുകൂടി വിളിച്ചു. തിരിച്ചറിവിന്റെ ആ പുഞ്ചിരി കണ്ടപ്പോൾ പിന്നിടവൾ ശങ്കിച്ചില്ല.അവൾ ഓട്ടോയിൽ കയറി.ഓട്ടോറിക്ഷ മറയുന്നതുവരെ അവൾ സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തിയശേഷമാണ് പിന്നിടവൻ നടന്നത്.

 ആൽബർട്ട് ലാൽ

No comments:

Post a Comment