Friday, 24 March 2017

യുദ്ധം-സാബു ചോലയിൽ














സാബു ചോലയിൽ 
തൃശൂർ മുളംകുന്നത്ത്കാവു സ്വദേശി  .
മെഡിക്കൽ റെപ്രെസെന്ററ്റീവ്  ആയി ജോലിനോക്കുന്നു .
 ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്,
"തീണ്ടിക്കൂടാത്തവന്റെ പെരുവിരൽ ".


യുദ്ധം
കർമ്മഫലങ്ങളുടെ നീക്കിയിരിപ്പുകൾ 
ലാവാപ്രവാഹങ്ങളായി...
ഭൂമിയുടെ നാഭീസ്തരങ്ങൾ തകർത്ത്
മണ്ണിരകളെപ്പോലെ
പുളഞ്ഞുമറയുന്നുണ്ട് .

ശ്രുതിഭംഗം വന്ന 
ഈണം മൂളി
ധരിണിയുടെ ശല്ക്കശൂന്യതകളിലൂടെ 
പ്രതീക്ഷയറ്റ മഴക്കിളികളുടെ 
വരിതെറ്റിയ സഞ്ചയങ്ങൾ 
നോവിന്റെ ഒറ്റച്ചിറകുകൾ പൊഴിച്ചുകളഞ്ഞു
പറന്നകലുന്നുണ്ട് .

വരണ്ട മാരുതന്റെ
ഗന്ധമകന്ന രാമച്ചവിശറിയൊടിച്ച് 
ഉണങ്ങിയ വൃക്ഷശിഖരങ്ങൾ 
ആത്മബലി നടത്തുന്നുണ്ട് .

പുഴയുടെ ഗർഭപാത്രത്തിൽ 
നീരിന്റെ ചാപിള്ളകൾ 
പൊക്കിൾക്കൊടി ചുറ്റിക്കിടക്കുന്നുണ്ട് .

ഉഷ്ണം നാറുന്ന
വനാന്തര
നിഗൂഢതയിൽനിന്ന്
പകയുടെ കൺ നോട്ടങ്ങൾ
പുറപ്പെട്ടുവരുന്നുണ്ട് .

നടന്നു  മടുത്ത 
മൺകുടങ്ങൾ
ആകാശക്കോണിൽ 
കരിമേഘങ്ങളെ കിനാവുകണ്ട്
എന്നോ മരിച്ച തോടിന്റെ 
തമോഗർത്തങ്ങളിൽ വീണടിയുന്നുണ്ട് .

ദാഹമൊരു വന്യവികാരമാകുമ്പോൾ 
മനുഷ്യൻ അപരന്റെ ഗളഞരമ്പുകൾ കടിച്ച്
രുധിരപാനം നടത്തുന്നുണ്ട് .

വരണ്ട തൊണ്ടകൾ ഭൂഖണ്ഡങ്ങൾ താണ്ടി 
യുദ്ധംചെയ്യാനിറങ്ങുന്നുണ്ട് .

ഉഴുമറിയ്ക്കപ്പെട്ട 
പ്രത്യാശയുടെ വിളനിലങ്ങളിലേയ്ക്ക്
ചെറുചാറലുകൾ കാത്ത്‌
ശാപഗ്രസ്തരായ
തലമുറകൾ ...!!
സാബു ചോലയിൽ 

4 comments:

  1. അതെ....
    മൂന്നാം ലോകമഹായുദ്ധം തീർച്ചയായും ഒരിറ്റ് ദാഹനീരിന് വേണ്ടിയാകും....
    അർത്ഥവത്തായ വരികൾ

    ReplyDelete