Saturday, 18 March 2017

രാത്രി മാത്രം തുറക്കുന്ന വഴി-സജദില്‍ മുജീബ്

സജദില്‍ മുജീബ്


രാത്രി മാത്രം തുറക്കുന്ന വഴി
വീട് അപ്പുവിന് അമ്മയെ പോലെയാണ്.. മഴ പെയ്യുമ്പോള്‍ അവന്‍ മഴയില്‍ 
കുളിച്ച് നില്‍ക്കുന്ന വീടിനെ കാണാന്‍ വേണ്ടി 
പുറത്തേക്കോടും.. ഇടമുറിയാതെ വീഴുന്ന 
മഴത്തുള്ളികള്‍ മേല്‍ക്കൂരയിലൂടെ ഒലിച്ച്  താഴേക്ക് വീഴുമ്പോള്‍ കുളികഴിഞ്ഞ് മുടി തോര്‍ത്തുന്ന അമ്മയെപ്പോലെ അവന് തോന്നും.. 
അപ്പുവിനോര്‍മ്മയുണ്ട്.. 
അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍ 
ഇടക്കിടെ നീര്‍‍ത്തുള്ളികള്‍ മുഖത്ത് വീഴാറുണ്ട്.. 
'' എന്താമ്മേ വെള്ളം..? '' 
'' അത് മഴ പെയ്യണതാ മോനേ..'' 
'' നമ്മള് വീട്ട്നുള്ളിലല്ലേ.. പിന്നെങ്ങന്യാ മഴ കൊള്ളണേ..'' 
'' അത്.. അത് ഓട് പൊട്ടീട്ട് ചോരണതാകൂടാ....'' 

അന്നുമുതല്‍ എല്ലാ ചോര്‍ന്നൊലിപ്പുകളും 
അമ്മയുടെ കണ്ണീരാണ്.. അവിടെയെല്ലാം 
പാത്രങ്ങള്‍ വെച്ച് അമ്മയെ ഓര്‍ത്ത് അവനിരിക്കും.. 
അമ്മ പോയിട്ട് മാസങ്ങളായിരിക്കുന്നു.. 
എവിടെക്കാ അമ്മ പോയത്...? 

ഓര്‍മ്മയുണ്ട് ആ രാത്രി..
അപ്പുവിനെ അമ്മ തട്ടിവിളിച്ചു.. 
'' മോനേ.. എണീക്ക്.. നമുക്കൊരോടം വരെ പോണം..'' 
'' എങ്ങട്ട്ക്കാമ്മേ..? '' 
'' അതൊക്കേണ്ട്.. മോനെ അമ്മ കുളിപ്പിച്ച് തരാട്ടോ..'' 

പാതിരാത്രിയില്‍ തണുപ്പില്‍ തൊട്ടിയിലെ 
തണുത്ത വെള്ളത്തില്‍ കുളിച്ച് അപ്പു വിറച്ചു.. 
'' തണുക്കണമ്മേ.... '' 
പല്ലുകള്‍ കൂട്ടിയിടിച്ചു.. 
പുതിയ വസ്ത്രം അണിയിച്ച് അപ്പുവിന്റെ കയ്യും പിടിച്ച് അമ്മ ഇരുട്ടിലേക്കിറങ്ങി.. 

നല്ല നിലാവെട്ടം ഉണ്ടായിരുന്നു..
ചെടിപ്പടര്‍പ്പുകള്‍ താണ്ടി അവര്‍ നടന്നു
ചീവീടിന്റെ കരച്ചില്‍ കേട്ടപ്പോള്‍ അവന്‍ ചോദിച്ചു.. 
'' അവരെന്തിനാമ്മേ ഒച്ചയിടണേ..?'' 
'' അവര് കരയണതാ മോനേ..'' 
'' കോക്കൂനെ കണ്ടട്ടാ കരേണത്..?''
'' ഉം.. കോക്കൂനെ കണ്ടട്ടന്നെ.. ഈ ലോകത്ത് 
മുഴ്‌വേന്‍ കോക്കുവാ.. മോന് പേടീണ്ടോ..'' 
'' ..ഉം.. ഇല്യ..'' 
''ന്തേ പേടീല്യാത്തത്..? ''
''അപ്പുന് അമ്മണ്ടല്ലോ.. പിന്നെന്തിനാ പേടിക്കണേ..'' 
അപ്പോള്‍ അമ്മ അവനെ വാരിപ്പുണര്‍ന്നു.. 
'' മോനേ.. അമ്മേടെ ചക്കരേ..'' 
അമ്മ പൊട്ടിപ്പൊട്ടിക്കരഞ്ഞു.. 

'' മോനേ.. അപ്പൂ..'' 
'' ന്താമ്മേ..?'' 
'' അമ്മ ഒര് സ്ഥലം വരെ പോകേണ്.. അപ്പൂനേം കൊണ്ട്വോവാന്നാ കര്തിയേ.. '' 
'' എങ്ങട്ടിക്ക്..? അപ്പൂം വരും..'' 
'' വേണ്ട.. അമ്മ പോയിട്ട് അവടെ അപ്പൂനുള്ള 
കളിപ്പാട്ടങ്ങളൊക്കെ ഇണ്ടോന്ന് നോക്കട്ടേട്ടോ... 
ചതിയന്മാര് ചെലപ്പ വാങ്ങീട്ട്ണ്ടാവില്യ... 
അതൊക്കെ ശരിയാക്കി വെച്ചട്ട് അപ്പൂനെ 
വിളിക്കാന്‍ വരാട്ടോ..'' 
'' അത്‌വരെ അപ്പു ഒറ്റക്കാവൂലെ..''
'' എങ്ങന്യാ ഒറ്റക്കാവണേ.. അപ്പൂന് കളിക്കാന്‍ 
ആണ്ണാര്‍കുഞ്ഞനില്ല്യേ... തത്തപ്പെണ്ണില്ല്യേ... 
മാഞ്ചോടില്ല്യേ.. കുയിലമ്മയില്ല്യേ..
കളിച്ച് തീരൂമ്പളക്കും അമ്മ വരൂല്ലേ..പിന്നെന്താ..''
''ന്നാലും അമ്മില്ല്യാണ്ടെ..'' 
അപ്പു ചിണുങ്ങി..

കൊടും ഇരുട്ടില്‍ അപ്പുവിനെ തനിച്ചാക്കി 
അമ്മ നിഴല് പോലെ മുന്നോട്ട് പോയി.. 
അപ്പു ചിവീടിന്റെ കരച്ചില്‍ കേട്ടുനിന്നു.. 
ഇടക്കെപ്പഴോ അവനവിടെ കിടന്നുറങ്ങി.. 

പിറ്റേന്ന് അപ്പുവിന് നല്ല പനിയായിരുന്നു.. 
അച്ചമ്മ നെറ്റിയില്‍ തുണി നനച്ചിട്ടത് മാത്രമേ 
ഓര്‍മ്മയുള്ളൂ.. അച്ഛമ്മ ഇടക്കിടെ തേങ്ങുന്നുണ്ടായിരുന്നു.. 

..ന്നാലും അമ്മ വരാന്ന് പറഞ്ഞിട്ട് അപ്പൂനെ പറ്റിച്ചതെന്തിനാ.. 
അമ്മ പോയോണ്ടല്ലേ അച്ഛന്‍ ഗീതാന്റിനെ കല്യാണം കഴിച്ചത്...? 

അമ്മയെ കാണണം.. 
പക്ഷേ എവിടെയാണ്.. അറിയില്ല.. 
അപ്പു കുറേ നോക്കി നടന്നിട്ടുണ്ട്.. 
ചീവിടിന്റെ കരച്ചിലും മൂങ്ങയുടെ മൂളലും വവ്വാലിന്റെ ചിറകടിയും ഒന്നും കേട്ടില്ല.. 

ശരിയാ..
രാത്രി മാത്രം തുറക്കുന്ന വഴിയല്ലേ  അത്..
അതാ പകലില്‍ ആ വഴി കാണാത്തത്...

രാത്രിയില്‍ അവനെഴുന്നേറ്റു..
അച്ഛമ്മ നല്ല ഉറക്കമാണ്..
ശബ്ദമുണ്ടാക്കാതെ കുളിമുറിയില്‍ പോയി 
തൊട്ടിയിലെ വെള്ളം കോരി കുളിച്ചു
കഴിഞ്ഞ ഓണത്തിന് അമ്മ വാങ്ങിത്തന്ന 
ട്രൗസറും ബനിയനും ധരിച്ചു

പുറത്ത് നല്ല നിലാവുണ്ട്.. അന്നത്തെ രാത്രിയുടെ ആവര്‍ത്തനം പോലെ തോന്നി
ഇരുട്ടിലൂടെ നടന്നു.. 
ചിവീടുകളുടെ കരച്ചില്‍ വീണ്ടും.. 
അപ്പു നടന്നു കൊണ്ടേയിരുന്നു..


സജദില്‍ മുജീബ്

1 comment: