Tuesday, 21 March 2017

മരം, പുഴ എന്നിങ്ങനെയൊക്കെ-സ്വപ്നറാണി













സ്വപ്നറാണി
എച്ച്‌ .എസ്സ് .എ  മലയാളം
ഡി.ജി.എച്ച് .എസ്സ് താനൂർ


മരംപുഴ എന്നിങ്ങനെയൊക്കെ


വെയിൽത്തലപ്പുകൾ
വിടർത്തിയൊരു മരം
ഒറ്റയ്ക്ക് ചിരിക്കുന്നു.
കിളിപ്പേച്ചുകളിൽ
നിറയുന്ന
കവിതയുടെ താളം
പരിഹാസത്തിന്റെ
ചങ്ങലക്കിലുക്കമായിരുന്നു.
പാതി വിടർന്നും
പാതി കരിഞ്ഞും
ഒറ്റയ്ക്കൊരു
പൂച്ചന്തം മാത്രം.
വെന്തുണങ്ങിയ പുഴയ്ക്ക്
ഇനിയെന്താണ്
തീമരത്തോട്
പറയാനുണ്ടാവുക!
മീൻ കണ്ണുകൾ
കൊറ്റി വിളർപ്പുകളേയും
പൊന്മച്ചന്തങ്ങളേയും
ഞണ്ടിറുക്കങ്ങളേയും
സ്വപ്നം കാണുന്നുണ്ടാകുമോ!
അമരത്തും അണിയത്തും
ചിതലരിച്ച ഒരു തോണിയുടെ
തുഴക്കാരൻ മാത്രം
ഇലയില്ലാ മരച്ചോട്ടിലെ
വെയിൽപ്പന്തങ്ങൾ
വീശി വീശിക്കത്തിച്ചു
കൊണ്ടേയിരിക്കുന്നു...
സ്വപ്നറാണി

No comments:

Post a Comment