Tuesday, 6 September 2016

കഥ -കർമ്മഭാരം-അഡ്വ.രാജേഷ് പുതുക്കാട്












അഡ്വ.രാജേഷ് പുതുക്കാട്

കർമ്മഭാരം

    ആചാര്യന്റെ ജന്മശതാബ്ദിക്ക്  ഇനി ഒരാഴ്ചയില്ല. അന്ന് എല്ലാവരും ഈ ഇല്ലത്തേക്കാണ് വരിക. പാർട്ടി ഓഫീസുകളിൽ പതാകകൾ ഉയരുമെങ്കിലും മുഖ്യമന്ത്രിയുൾപ്പെടെയുള്ള സമുന്നത നേതാക്കളെല്ലാം ഇവിടെയെത്തും. ഇല്ലത്തിന്റെ മുറ്റത്ത് കെട്ടി ഉയർത്തുന്ന വിശാലമായ പന്തലിൽ അനുസ്മരണ സമ്മേളനം. ദേശീയ പാതയ്ക്ക് അരികിലുള്ള ആഡിറ്റോറിയത്തിലെ ത്രിദിന സെമിനാറിനായി ചായയും ബിസ്കറ്റും കഴിച്ച് ഉച്ചയോടെ അവർ മുറ്റമൊഴിയും.ജരാനരകൾ ബാധിച്ച ഇല്ലം മാറ്റമല്ലാത്തതായി  മറ്റൊന്നുമില്ല മാറ്റമല്ലാതെ എന്ന ആപ്തവാക്യത്തെ നോക്കി പിന്നെയും ചിരിച്ചു കൊണ്ടിരിക്കും.
 ചായം നിറച്ച പാത്രങ്ങളുമായി പെയിന്റ് പണിക്കാർ ഏണികളിലേക്ക് കയറിത്തുടങ്ങിയപ്പോൾ ചിതലുകളുടെ റാണിമാർ അടിയന്തര യോഗം വിളിച്ചു. പെയിൻറു ബ്രഷുകളിൽ ചാലിച്ചു ചേർത്ത മരണത്തെ അഭിമുഖീകരിക്കേണ്ട സന്ദർഭമാണിത് .കീഴടങ്ങൽ എന്നാൽ മരണമാണ്.പലായനം ജീവിതത്തിനും മരണത്തിനുമിടയിലെ ഞാണിൻമേൽ കളിപോലുമല്ല. നാലിഞ്ച് ബ്രഷിന്റെ പാടിൽ നിന്നും ഓടിയകലാൻ മുപ്പത്തിരണ്ട് ചുവടുകൾ. ഭിത്തിയിൽ അടുത്ത പാട് വീഴും മുമ്പ് പിന്നെയും മുപ്പത്തിരണ്ട്.അങ്ങനെ എത്ര മുപ്പത്തിരണ്ടുകൾ താണ്ടിയാൽ ജീവൻ തിരിച്ചു പിടിക്കാം. മുട്ടകളിൽ കുടിയിരിക്കുന്ന ജന്മ ലക്ഷങ്ങൾ.....ഒരു വംശഹത്യയുടെ  സുനാമിത്തിരകളായി പെയിന്റ് ബ്രഷുകൾ....! അടിയന്തര യോഗത്തിൽ അദ്ധ്യക്ഷയായ റാണി മഞ്ഞ മുൻ കാലുകളും കറുത്ത വളഞ്ഞ കൊമ്പുകളുമുയർത്തി പറഞ്ഞു തുടങ്ങി... പ്രിയപ്പെട്ടവരേ , ഒരു ശതാബ്ദത്തിനിടയിൽ നമ്മുടെ ആയിരക്കണക്കിന് തലമുറകൾ ഈ ഇല്ലത്തിനുളളിൽ മൺമറഞ്ഞു പോയിട്ടുണ്ട്. ആചാര്യൻ ഇവിടെ നിന്നു പോയിട്ടു എത്രയോ കാലമായി. അദ്ധേഹം മരിച്ചിട്ടും കാൽ നൂറ്റാണ്ടായി. ഇവിടത്തെ തടിയലമാരകളിൽ വച്ചിരുന്ന നൂറു കണക്കിനു പുസ്തകങ്ങൾ  എത്രയോ വറുതിക്കാലങ്ങളിൽ പോലും ഒരു മൂല പോലും തിന്നാതെ നമ്മുടെ മുൻ തലമുറകൾ സുരക്ഷിതമാക്കി വെച്ചു . ഭാവി ലോകത്തിനു അവ വെളിച്ചം പകരാൻ നമ്മുടെ പൂർവ്വികൻമാർ എത്ര പട്ടിണി കിടന്നു.അങ്ങനെ ഒരു പാട് ഒരുപാട് കർമ്മങ്ങളുടെ ഭാരം പേറി യാണ് നാം മുന്നോട്ട് പോയത്.അവരൊക്കെയും മണ്ണെണ്ണയ്ക്കും കുമ്മായത്തിനും വാർണിഷുകൾക്കും  മുന്നിൽ ജീവൻ ബലിയർപ്പിച്ചു പോയി. ഈ സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാത്ത നമുക്ക് മരണത്തിന്റെ മുന്നിൽ നിരത്താൻ കടമകളുടെ കണക്കുകളില്ല. അതു കൊണ്ട് എല്ലാ മുജ്ജുൻമങ്ങളെയും പോലെ ഏണി കയറി വരുന്ന മരണത്തെ നമുക്കും സ്വീകരിക്കാം..പക്ഷേ, ഒരു കാര്യത്തിൽ മാത്രം മുൻഗാമികളെപ്പോലെ നമ്മളും നിർഭാഗ്യരാണ്. തൊട്ടുകൂടാത്തവരുടെ ഇടയിലേക്ക് വഴിയിറങ്ങിപ്പോയ ആചാര്യനെ പടിയടച്ചു പിണ്ഡം വച്ച ഈ ഇല്ലത്തേക്ക്    ഒരു തൊട്ടു കൂടാത്തവൻ ഉമ്മറം കടന്ന് ഉള്ളിലേക്ക് കടക്കുന്നത് കാണാൻ നമുക്കും ഭാഗ്യമില്ല.... റാണിയുടെ വാക്കുകൾക്ക് മേൽ മൗനത്തിന്റെ ശവക്കച്ച പുതച്ച് അടിയന്തര യോഗം പിരിഞ്ഞു.

                                                                     അഡ്വ.രാജേഷ് പുതുക്കാട്