Thursday, 27 April 2017

രഫ്ത രഫ്ത ഒരു ഗസൽ മാത്രമല്ല-പുസ്തക പരിചയം- നൂറ














നൂറ




രഫ്ത രഫ്ത ഒരു ഗസൽ മാത്രമല്ല

രഫ്ത രഫ്ത ഒരു ഗസൽ മാത്രമല്ല
രചന : ഷിഫാ സക്തർ
കഥാസമാഹാരം 
സൈകതം ബുക്ക്സ് 
കൂത്താട്ടുകുളം 
എറണാകുളം 


"മുജേ ചൽതേ ജനാ ഹേ...."

     ഒരു ഗസലിന്റെ വരിയെങ്കിലും മൂളാതെ വായിച്ചവസാനിപ്പിക്കാനാവാത്ത ഒരു പിടി നല്ല കഥകളാണ് ശിഫ സക്തറിന്റെ "രഫ്ത ര ഫ്ത ഒരു ഗസൽ മാത്രമല്ല ".ഇടയ്ക്കിടെ കടന്നു വരുന്ന ഗസ ലോർമകളും,നഷ്ടപ്പെട്ടു പോവാത്ത ചില നഷ്ടബോധങ്ങളും, വേദനകളും,പ്രണയവുമൊക്കെവായനക്കാരന്റെ ഹൃദയങ്ങളിലും നിറക്കുന്ന കഥകൾ.

മരങ്ങളുടെ വേരുകൾ ഇണചേർന്നുകിടക്കുന്ന ഭൂതകാലത്തിന്റെ ഇടവഴികൾ തേടുന്ന "പൂവുകളുടെകുന്നിറക്കം'',മാറ്റങ്ങളുടെ കുത്തൊഴുക്കിൽ പതറി സ്വയം പിൻ വാങ്ങിയ രാഘവന്റെ "മരണത്തിന്റെ കൊളാഷ് ", ചുവന്ന ദുപ്പട്ടയും തിളങ്ങുന്ന മുക്കുത്തിയുമണിഞ്ഞ " ബട്തലയിൽ നിന്നുള്ള വിശേഷങ്ങൾ ", " കനകാംബരം പൂത്തവഴികൾ", " ഒരു സാധാരണപ്രണയകഥ " എന്നിവയെല്ലാം നഷ്ടപ്രണയത്തിന്റെ പറിച്ചെറിയപ്പെടാനാവാത്ത ഓർമ്മകളാണ്. പുഴകളും, കുന്നുകളും, വയലുകളുമൊക്കെ മറ്റെന്തോആയിതീർന്ന കെട്ടകാലത്തിന്റെ കാഴ്ചയുള്ള " പേരു മാറ്റം".

 നീലയിൽ ചുവന്ന പൂക്കളുള്ള സാരിയിൽ ഒരു നേർത്ത വാഴത്തണ്ടു പോലെ തൂങ്ങി നിന്ന സരയു ,രണ്ടു വാചകങ്ങളിലൊരാത്മഹത്യാ കുറിപ്പെഴുതിയ കെസിയ, ആകാശത്തിന്റെ നിറമുള്ള കത്ത് കാത്തു നിന്ന വടക്കേ ലെ അന്ത്രു, കാരോട്ടെ ഉസ്മാൻ തുടങ്ങിയ കഥാപാത്രങ്ങൾ മനസിനേറ്റ ഉണങ്ങാത്ത മുറിവുകളാണ്.

അരച്ച പച്ച മൈലാഞ്ചിയുടെ മണവും, മുഹസിന്റെ ഗസലിന്റെ ശോകവും, പ്രണയവുമിഴചേർന്ന, അവതരണംകൊണ്ട് വിസ്മയിപ്പിച്ച കഥയാണ് "രഫ്ത രഫ്ത ഒരു ഗസൽ മാത്രമല്ല ". എഴുത്തുകാരന്റെ യാതനകളെ വരച്ചു കാണിക്കുന്ന "യാത നാ വേതനം ", പുതിയ കാലത്തിന്റെ സ്വാർഥതയും, ഭീകരതയും കാണിക്കുന്ന " യുവാക്കളെ നിങ്ങളെവിടെ ", "ഞാൻ എന്ന രാജ്യദ്രോഹി " എന്നിവയും വേറിട്ട വായനാനുഭവങ്ങളാണ്.' മുകളിലുള്ള ആൾ'' എന്ന കഥയിലെ സജ്ന ഇന്നും എന്നെ വേദനിപ്പിക്കുന്ന എന്റെ ചുറ്റിലുമുള്ള നേർകാഴ്ചകളാണ്. പ്രവാസത്തിന്റെ ഭാണ്ഡം പേറി ആകാശങ്ങൾ തൊടാനാവാതെ മരുഭൂമിയുടെ ചുഴികളിലാണ്ടുപോയ "യൂസഫ് "നെ പറഞ്ഞ "മരുഭൂമിയുടെ ആകാശങ്ങൾ "..... എന്നിങ്ങനെ നീളുന്ന കഥാനുഭവങ്ങൾ മികച്ച രീതിയിൽ എഴുത്തുകാരൻ ഒരുക്കിയിരിക്കുന്നു.

"മുജേ ഇൻതസാർ തൂഹേ ....
മുജേ ഇൻതസാർ തൂഹേ .... "       
നൂറ

(ഇര)വ്-സംഗീത് കാരക്കോട്














സംഗീത് കാരക്കോട്





(ഇര)വ്
കനവെരിച്ച കനലുകളാൽ
കണ്ണിൽ കടും ചോരതൂകി
സന്ധ്യ ചേക്കേറുന്നു.
പക തീർത്തു പകലോൻ
പടിയിറങ്ങുമ്പോൾ
ഇരുൾക്കാടു പൂക്കുന്ന
ഇരവിന്റെ തീരത്ത്
ഒറ്റയായ് പോകുന്ന
നിസ്സഹായതയുടെ വാക്കുകൾ
ഗദ്ഗതം തട്ടിത്തെറിപ്പിച്ചു.
ഇവിടെ ഇനി ഇടമുണ്ട്
നന്മകൾ പൂക്കുന്ന
വാക്കുകൾ തേടുന്ന,
സ്വയമെരിയുന്നൊരു
മിന്നാമിന്നിക്ക്.....
ഇരവുകീറട്ടെ
ഇഴനെയ്തെടുക്കട്ടെ
ഇവിടെയൊരു പകലിനെ
കത്തിച്ചുവെക്കട്ടെ.....!

സംഗീത് കാരക്കോട്

തിരക്കഥ-മനോജ് കുമാർ.പി














മനോജ് കുമാർ.പി 
മലപ്പുറം കന്മനം സ്വദേശി 
എൽ.ടി.എ ,വി.എച്ച്.സി ഡിപ്പാർട്ട്മെന്റ്,
ജി.വി.എച്ച്.എസ്സ് കൽപകഞ്ചേരിയിൽ
ജോലി ചെയ്യുന്നു.





Wednesday, 26 April 2017

നമ്മൾക്ക് ജാതിയുണ്ടോ അച്ഛാ-പീ.ജി നെരൂദ















പീ.ജി നെരൂദ
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശി 
പൊതുപ്രവർത്തകൻ 




നമ്മൾക്ക് ജാതിയുണ്ടോ അച്ഛാ...?
ടി വി ക്ക് മുന്നിലെ എന്റെ കിടപ്പാനിടയിലാണ് ഒമ്പത് വയസ്സ് കാരനായ എന്റെ മകൻ കട്ടിലിൽ കയറി എന്റെ ദേഹത്ത് കിടന്നു .      ആ കിടപ്പിൽ സുഖം പോര എന്ന അവന്റെ തോന്നലിൽ കുറച്ചൂടെ മുകളിലേക്ക് നിങ്ങി 
എന്റെ കഴുത്തിൽ മുഖം അമർത്തി കിടന്നു.
അവന്റെ കിടപ്പ് അത്ര പന്തി അല്ല എന്ന എന്റെ തോന്നൽ. അവന്റെ മുഖം ഉയർത്തി നോക്കി അവന്റെ മുഖം വാടി തളർന്നിരുന്നു എന്താ ഡാ എന്ന എന്റെ സ്‌നേഹത്തോടെ ഉള്ള ചോദ്യത്തിന് മറുപടി എന്നവണ്ണം എന്റെ ദേഹത്തേക്ക് തന്നെ തലചായിച്ച് കിടന്നു. വീണ്ടും എന്താണ് കാര്യം എന്ന് അറിയാൻ ഞാൻ ഒരു ശ്രമം കൂടി നടത്തി. എന്റെ സ്നേഹത്തിന് മുമ്പിൽ എന്നവണ്ണമോ അതോ തുടർച്ചയായ എന്റെ ചോദ്യത്തിന് ഒരു ശമനം ആകട്ടെ എന്ന കണക്കോ അവൻ
പറഞ്ഞു .ഞാൻ ഒരു കാര്യം 
ചോദിക്കട്ടെ അച്ഛ?
മ് ചോദിക്കെടാ… മുത്തേ… 
നിനക്കും നമ്മുടെ അമ്മക്കും എന്തും ചോദിക്കാലോ…. പിന്നെ എന്താ ഇത്ര മടി…..? 
അവന്റെ മൂളലിൽ…. അവന്റെ ചോദ്യത്തിന് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർആദം ഗിൽക്രിസ്റ്ററ്റ് വിക്കറ്റിന് പിന്നിൽ ക്യാച്ചിന് നിൽക്കുന്ന ലാഘവത്തോടെ ഞാൻ നിന്നു…..
"എന്റെ ജാതിയേതാ.. അച്ഛ…?" 
ഈ ചോദ്യം കേട്ട മാത്രയിൽ എന്റെ പ്രിയപത്നി കുരിശിന്റെ മുന്നിൽ തിരി കത്തിച്ച് അന്തി പ്രാർത്ഥന പകുതി നിർത്തി എഴുന്നേറ്റു വന്നു.  ഞാൻ എന്താണ് പറയേണ്ടത് അവൻ ചോദിച്ചത് തെറ്റോ ശരിയോ എന്നല്ല .അവൻ കണ്ട ചുറ്റുപാടുകളിലെ സംസാരങ്ങൾ അവന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നു .എന്ന എന്റെ ചിന്തയിൽ നിന്ന് ഞാൻ അവനോട് സ്നേഹത്തോടെ ചോദിച്ചു മോനോട് ആരാ ഇത് ചോദിച്ചത്.,,? അവൻ തന്റെ മനസ്സിലെ ഭാരം ഇറക്കി വെച്ചു എന്ന കണക്കെ അവൻ പറഞ്ഞു.? ടീച്ചർ ….. ഞാൻ നെടുവീർപ്പിട്ടു എന്റെ ടീച്ചറേ… ഞാൻ എന്റെ മകന്റെ ജാതിയുടെ കോളത്തിൽ ജാതി ഇല്ലാ എന്ന് എഴുതിയതിന് പ്രത്യുപകാരമായി എട്ടും പൊട്ടും തിരിയാത്ത ഈ കൊച്ചിനോട് തന്നെ ചോദിച്ചല്ലോ കർത്താവേ … എന്റെ പ്രിയതമേ നിന്റെ കർത്താവിനെ ഞാൻ ഈ വാക്ക് പൂർത്തീകരിക്കാൻ കടം എടുത്തു കൊള്ളുന്നു ക്ഷമിക്കുക.….. 
ഞാൻ ഒരു നിമിഷം മൗനത്തിൽ പൂണ്ടു. ഞാൻ മകനോട് ചോദിച്ചു മനുഷ്യന് എന്ത് കൊണ്ടാണ് ജാതിയും മതത്തിനെക്കുറിച്ചും ചിന്തിക്കുന്നത് എന്ന് അറിയോ മോന്… ?എന്റെ ചോദ്യം പൂർത്തീകരിച്ചതും മോൻ തിരിച്ച് അതേ വേഗത്തിൽ മറുപടി പറഞ്ഞു ഇല്ല… അച്ഛൻ അത് മനസ്സിലാക്കാൻ വേണ്ടി ഒരു കഥ പറഞ്ഞ് തരാം….. തരട്ടെ…? 
അവന്റെ കഥ കേൾക്കാനുള്ള താൽപര്യം മൂളലിൽ ഒതുക്കി….ഉം….
അതെ…. പണ്ട്….വളരെ പണ്ട് അച്ഛൻ ഒക്കെ ജനിക്കുന്നതിന് മുമ്പ്… ഒരു യാചകൻ ഉണ്ടായിരുന്നു വിശപ്പും ദാഹവും സഹിക്കാൻ കഴിയാതെ ഒരു പിടി ചോറിനായി വീടുകൾ തോറും തെണ്ടി നടന്നു .
ആരും കൊടുത്തില്ല മുഷിഞ്ഞ് നാറിയ വസ്ത്രം ജഡയും അഴുക്കും പിടിച്ച താടിരോമങ്ങളും ചുരുട്ടി കെട്ടിയ മുടിയിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു…
ഒരു ഓല മേഞ്ഞ കൂരയുടെമുറ്റത്തേക്ക് അയാൾ തളർന്ന് വീണു . അയാളുടെ ശബ്ദം പുറത്തേക്ക് വന്നില്ലാ. ആ യാചകൻ തന്റെ വിശന്ന് ഒട്ടിയ വയറ്റിൽ പിടിച്ചു കൊണ്ട് വീടിന്റെ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു ആരുമില്ലെ….. വിശക്കുന്നു എന്തേലും കഴിക്കാൻ തായോ… മൂന്ന് നാല് ദിവസായി എന്തേലും കഴിച്ചിട്ട് എന്തേലും കഴിക്കാൻ തായോ… കറുത്ത് മെലിഞ്ഞ് അസ്ഥികൾ കൂട് കൂടിയ നെഞ്ചുള്ള ഒരു മനുഷ്യൻ കൂരയുടെ ഓലകൊണ്ട് ഉണ്ടാക്കിയ കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നു '
അകത്തേക്ക് നോക്കി എടിയേ ....ആ…. കഞ്ഞി എടുത്തോണ്ട് വായോ.. അയാളുടെ ഭാര്യ തന്റെ ഭർത്താവ് എന്നും കുടിക്കാറുള്ള മൺപാത്രം കൊണ്ട് നിർമിച്ച കോപ്പ നിറയെ കഞ്ഞി പകർന്ന് കൊണ്ടുവന്ന് യാചകന്റെ മുന്നിൽ വെച്ചു. യാചകൻ ആർത്തിയോടെ കഞ്ഞി മോന്തി കുടിച്ചു. ശ്വാസം സാവധാനം വിട്ട് അയാൾ തന്റെ പുരികങ്ങൾ മുകളിലോട്ട് ഉയർത്തി കണ്ണുകൾ പാതിയെ അടച്ചു തുറന്നു .വീണ്ടു അതേപോലെ ചെയ്തു .അയാളുടെ ജീവൻ തിരിച്ച് കിട്ടിയ എന്ന കണക്കെ ആഞ്ഞ് ശ്വാസം ഉള്ളിലേക്ക് എടുത്ത് ശരീരത്തിന്റെ പിന്നിലേക്ക് കൈകൾ ഊന്നി പിന്നിലേക്ക് മറിഞ്ഞു. കണ്ണുകൾ മെല്ലെ അടഞ്ഞു കണ്ണുകൾ തുറക്കുമ്പോൾ അയാൾ കീറപായയിൽ മലന്ന് കിടക്കുകയാണ് ചാണകം മെഴുകിയ തറയിൽ നിന്ന് കൈകൾ പായയിലേക്ക് എത്തിച്ച് എഴുന്നേറ്റു തന്നെ നോക്കി നിൽക്കുന്ന ഭാര്യയേയുംഭർത്താവിനെയും കണ്ട് കണ്ട് കണ്ണുകൾ ദേഷ്യം കൊണ്ട് തുടിച്ചു.
എന്താദ്… ഒരു പുലയന്റെ ചോറും കൂട്ടാനും കഴിക്കയോ? അവന്റെ വിയർപ്പ് പറ്റിയിയ കീറ പായയിൽ കിടക്കയോ ? 
ദേഷ്യപ്പെട്ട് കൊണ്ട് യാചകൻ കതക് തളളി തുറന്ന് പുറത്തേക്ക് ഇറങ്ങി ചോറ് കൊടുത്ത പുലയനെയും പുലയ പെണ്ണിനെയും പ്രാരാകി പിറുപിറുത്ത് കൊണ്ട് നടന്ന് അകന്നു… … 
ഈ കഥയിലെ യാചകനെ പോലെയാണ് നമ്മളുടെ ചുറ്റും ഉള്ളവർ. എല്ലാ മനുഷ്യർക്കും വിശപ്പ് മാറിയാൽ മാത്രമേ ജാതി ചോദിക്കുകയുള്ളു. അവന്റെ വിശന്ന് കത്തുന്ന വയർ ആണ് എങ്കിൽ ജാതിയോ മതമോ നോക്കില്ല അന്നം എന്ന ചിന്ത മാത്രമായിരും അവന്റെമനസ്സിൽ .   . വിശപ്പിനും സ്നേഹത്തിനും ജാതിയില്ല എന്നത് കൊണ്ടും നമ്മൾക്കും ജാതിയില്ല എന്ന് മോൻ ടീച്ചറിനോട് പറയണട്ടോ…. അവന്റെ മൂളൽ നേർത്ത് വന്ന് കൊണ്ടെ ഇരുന്നു . എന്റെ നെഞ്ചിലും എന്റെ തോളിലേക്ക് തല ചായ്ച്ച് ഉറങ്ങുന്ന എന്റെ സ്നേഹങ്ങൾ.ചേർത്ത് പിടിച്ചു കൊണ്ട് ഉറങ്ങുമ്പോൾ ജാതിയും മതവും നോക്കാതെ തുള്ളിക്കൊരു കുടമായ് മഴ തിമിർക്കുന്നുണ്ടായിരുന്നു അതിന്റെ താളം പിടിച്ച് എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു...
പീ.ജി നെരൂദ

മിത്ര സങ്കീർത്തനങ്ങൾ-ജബ്ബാർ പെരിന്തൽമണ്ണ














ജബ്ബാർ പെരിന്തൽമണ്ണ
നാടകപ്രവര്‍ത്തകന്‍
സോളോ പെർഫോർമർ (ഡ്രാമ)
പ്രധാന വർക്കുകൾ : ‘ഭ്രാന്ത്’ ,തീ മണ്ണ് .
ഷോർട്ട് ഫിലിം:"ഹെഡ്‌ലൈന്‍സ്"
തൊഴിൽ :ജുവൽ ഡിസൈനർ 








മിത്ര സങ്കീർത്തനങ്ങൾ
ഹാ ദൈവമേ..,
വിലക്കപ്പെട്ട കനികളാൽ സമൃദ്ധമായ 
ഈ താഴ്വാരത്ത് ഞാനിതാ ഉപരോധിക്കപ്പെട്ടിരിക്കുന്നു...
വാക്കുകളുടെ ഭാണ്ഡഭാരവും പേറി വിശന്നവനായി...

ഹവ്വാ നീ എവിടെയാണ്..?
അടിമണ്ണിളകുന്ന പ്രളയ സീൽക്കാരം അടുത്തെത്തിയിരിക്കുന്നു...
എന്റെ കൈ പിടിച്ച് നോഹയുടെ കപ്പലിലേക്കെന്നെ വലിച്ചെടുക്കുക...
ഉയർന്ന് പൊങ്ങിയ ജലപാതകൾ താണ്ടി ഞാനുമുണ്ട് ജൂദീ പർവ്വതത്തിലേക്ക്...

പ്രളയാനന്തരം മോശയുടെ പെട്ടകത്തിലെന്നെ ചുരുട്ടിവെച്ച്
ഫറോവയുടെ കൊട്ടാരത്തിന്റെ വിപരീത ദിശിലേക്ക് തള്ളിവിടുക...

എബ്രഹാമിന്റെ ആയുധപ്പുരയിലെ മുറിഞ്ഞ 
വിഗ്രഹമുറിവുകളിൽ പശ പുരട്ടിയത് ഞാനാണ്...
അതിനാൽ എന്നെ തീയിലിടുക...

ഓ ഹാജറാ....നിന്റെ കറുത്ത മുല ചുരത്താൻ മടിച്ച എനിക്കൊരു കുഴിവെട്ടുക...
ഞാൻ കാലിട്ടടിച്ചൊഴുക്കിയ എന്റെ പ്രണയ ജലത്തിന്റെ ഉറവടക്കുക...

കാല് കയ്യിലും കണ്ണ് കാതിലും കെട്ടി
ബലിക്കല്ലിലേക്കെന്നെ വലിച്ചിഴക്കുക ...

ഹേയ് മരണം മണക്കാത്ത ദൈവപുത്രാ...
എന്തിനാണെന്നെ പുരോഹിതരുടെ ചോദ്യോത്തരങ്ങൾക്കിടയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്..?
ഈ കനക്കുരിശിനങ്ങയുടെ ചുമല് നൽകി അക്കൽദാമയിലേക്കെന്നെയും വഴി നടത്തുക         ...

ഓ മുഹമ്മദ്..,
ചിതലരിക്കാത്ത വേദ വാക്യങ്ങൾ എന്റെ തലയിലിറക്കി പൂർണ്ണതയിലേക്ക് മടങ്ങിയവരേ...
ശ്വാസം നിലക്കാതെ ഞാനിതാ മരിച്ചിരിക്കുന്നു...
ബിലാലിന്റെ അടിമുണ്ടാൽ എനിക്കൊരു കഫൻ പുടവയൊരുക്കുക

ജബ്ബാർ പെരിന്തൽമണ്ണ

Tuesday, 25 April 2017

അനന്തരം എസ്തപ്പാന്‍-നിഷ നാരായണന്‍





















നിഷ നാരായണന്‍
എറണാകുളം സ്വദേശി
അധ്യാപിക.


അനന്തരം എസ്തപ്പാന്‍

എസ്തപ്പാന്‍
ഇന്നും വേദപുസ്തകം തുറക്കും

ഇന്നലെ,
ശമുവേലിന്‍റെ ഒന്നാം പുസ്തകം
പതിനേഴാം അധ്യായം
അന്‍പത്തിമൂന്നാം വാക്യത്തിലേയ്ക്ക്
വഴുതിയിറങ്ങി,
ഗോലിയാത്തിന്‍റെ
അവസാനശ്വാസത്തിലേയ്ക്ക്
ഒരനശ്വരസാമ്രാജ്യത്തിന്‍റെ കല്ല് പായിച്ച്,
ഒടുക്കം ആ പാദുകങ്ങള്
അടര്‍ത്തിയെടുത്ത്
സ്വന്തം കാലുകളെ
സ്വതന്ത്രമാക്കിയപ്പോഴേക്കും
എസ്തപ്പാന്‍ തളര്‍ന്നിരുന്നു..
ഉടലരങ്ങില് ദാവീദ് രാജാവ് 
തകര്‍ത്താടി.

ഇന്ന് അയാള്‍
ഉല്‍പ്പത്തിപ്പുസ്തകത്തിന്‍റെ
പത്തൊമ്പതാം അധ്യായം വായിക്കും.,
സൊദോമും ഗൊമാറോയും
ഓടിയുപേക്ഷിച്ചെത്തിയ
സോവാരിലെ,
  തന്‍റെ വിയര്‍പ്പൊഴുകിവീണ‍
മണല്‍ഭൂമിയിലൂടെ
ഒരുവട്ടം കൂടി നടക്കും,
അവിടത്തെ സ്ത്രൈണത കവിയുന്ന
ആ ഉപ്പുതൂണ്‍ പാളിയില്
മുഖമമര്‍ത്തി തന്‍റെ  കുടുംബകത്തിന്‍റെ
ഒടുക്കത്തെ ശ്വാസം
നെഞ്ചേറ്റി വിതുമ്പും .

എസ്തപ്പാന്‍
ദിനരാത്രങ്ങളെണ്ണാതെ
ആളു മാറുകയായിരുന്നു..
ആ സത്യവേദപുസ്തകം കയ്യിലെടുത്ത്,
വചനങ്ങളെ സിരയിലേറ്റി,
ധ്യാനനിദ്രയില്‍ വിറ പൂണ്ടയാള്‍,
പലവട്ടം കൂടുമാറി..

നെഞ്ചില്‍ ചതി കുറുകിയൊരു
പകലറുതിയില്‍
അയാള്‍ ,
പുതിയ നിയമം മത്തായി സുവിശേഷം
തുറന്നു.
പന്തിരുവരില്‍ ഒരുവനായി
മുപ്പത്ദ്രവ്യക്കിഴി മടിയില്‍ പേറി
യോര്‍ദാനിലെ വിശുദ്ധവെള്ളത്തിലയാള്‍
പലവട്ടം കൈകാല്‍ കഴുകി..
എന്നിട്ടുംമതിവരാതെ 
കിതച്ചുപാഞ്ഞുരുണ്ടോടിയാ
രക്തനിലത്തിലെ പൊടിമണലെടുത്ത്
പൂശി,ഉടലാകെയൊരു
കൊടുംചതിയുടെ പരിദേവനം നിറച്ചു..
എസ്തപ്പാന്‍,സ്വയംചുരുങ്ങി,
ആത്മനിന്ദയുടെ ,യുടല്‍രൂപമൊരു
പ്യൂപ്പയായ് ,വാതില്‍പുറകില്‍
ഒളിച്ചുപോയിരുന്നു.

ആവര്‍ത്തനങ്ങളില്‍ പലവുരു
ഉടലൂരിയെറിയവെ, അയാളില്‍ 
  ഒരുന്മാദത്തിന്‍റെ തിടുക്കമേറി ..

ആയിരം കുതിരശക്തി
ഹൃദന്തത്തിലേറ്റി,ഉരുക്കുമുഷ്ടി
കഴുതത്താടിയെല്ലുയര്‍ത്തിനീട്ടി
നീളന്‍മുടിയിലാകെ കരുത്തിന്‍റെ
ക്ഷൗരക്കത്തി നാട്ടി 
അയാള്‍ മാനോഹയുടെ മകനായി,
ഫെലിസ്ത്യരോടേറ്റു .

നൂറായിരം ജനത്തിനു മുന്‍പില്‍
നീതീമാനെ കുരിശിലേറ്റി
ന്യായക്കേടിന്‍റെ വെള്ളിക്കോപ്പയില്‍
പലവട്ടം കൈകഴുകി.,

ഇരുളിലൊരുവനെ
മൂന്നുവട്ടം തള്ളിപ്പറഞ്ഞു,

അതിജീവനത്തിന്‍റെ പെട്ടകമുണ്ടാക്കി.
അന്യന്‍റെ  സ്ത്രീയെ വശപ്പെടുത്തി.
അതിഭക്ഷണത്താല്‍ ഭാരപ്പെട്ടു.
പുളച്ചു,മദിച്ചു,ഇരച്ചങ്ങനെ
എസ്തപ്പാന്‍
ഓരോ വചനപ്പുറങ്ങളിലൂടെയും കയറിമറിഞ്ഞു.

അന്നൊരു നാള്‍
സൂര്യന്‍ ചുമന്നു കറുത്തു.
ഇടിനാദങ്ങളില്‍  സാത്താനുണര്‍ന്നു.
ആകാശം രണ്ടായി പിളര്‍ന്നു 
.പാപം ആകാശത്തോളം കുന്നിച്ചു.
തലകളറ്റു.
പകിട കളിച്ചും പരസ്ത്രീയെ പ്രാപിച്ചും
ലോകം നാണിച്ചു ചെറുതായി...
നിലയ്ക്കാത്ത കടലിരമ്പങ്ങള്‍
ചെവിയിലലച്ച് ,സ്വസ്ഥത കെട്ടന്ന്
എസ്തപ്പാന്‍ ഞെട്ടിയുണര്‍ന്നു..
മേലാകെ തിരുമുറിവുകളുടെ അഞ്ചു വേദനകള്‍!
അവയില്‍ തലോടവേ
അനുസ്യൂതമാ കൈകള്‍ നീണ്ട് 
അലകടലിനോട് അടങ്ങാന്‍  
ആജ്ഞാപിക്കുമൊരു
കാവല്‍ദണ്ഡായി..
ദൂരെ കുന്നൊരു കാല്‍വരിയായി,
ത്യാഗത്തിന്‍റെ ഇളംവെയിലില്‍
കുരുത്തോലത്തലകള്‍ തിളങ്ങി..
വ്യോമവിശാലതയിലേയ്ക്കുറ്റു നോക്കി,
കണ്‍കളില്‍ നീല പകര്‍ത്തി,
അയാള്‍  സ്നേഹത്താല്‍ സുതാര്യമായ 
ആ ഒറ്റത്തുന്നല്‍കുപ്പായം
മെയ്യോട് ചേര്‍ത്തു.
നെറ്റിമേലെ   വിയര്‍പ്പിന്‍റെ
പരിശുദ്ധരക്തം തുടച്ചെടുത്ത്,
കുരിശിന്‍റെ വഴി  നോക്കിനോക്കി,
എസ്തപ്പാന്‍ 
പുതിയ നിയമം ലൂക്കായുടെ സുവിശേഷം
ഇരുപത്തിനാലാം അധ്യായം തുറന്നു..

നിഷ നാരായണന്‍