Friday, 7 July 2017

പൊട്ടനുസന്‍-സജദില്‍ മുജീബ്














സജദില്‍ മുജീബ്



പൊട്ടനുസന്‍

സുബഹി കഴിഞ്ഞാണ് പള്ളിയിലെ പ്രാവുകള്‍ 
പ്രഭാതത്തിലേക്ക് പറക്കാറ്. അവ മിനാരത്തിലും കിളിവാതിലുകളിലും ചെന്നിരുന്ന് കുറുകുറാ എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. 
ധാന്യമണി മുറ്റത്ത് വിതറി ഉസന്‍ 
അവയെ വിളിക്കും.. 
'' ബരീണ്ടാ..മക്കളേ..'' 
പലയിടത്തുനിന്നായി അവ ഉസന്റെ അടുത്തേക്ക് പറന്നെത്തും..


ഉസന്‍.. 
അക്ഷരത്തെറ്റ് പോലെ ഒരു ജന്മം..
പത്തുവയസു മുതല്‍ പള്ളിമുറ്റത്തുണ്ടയാള്‍.. 
ഹൗള് കഴുകലും പ്രാവുകളെ പരിപാലിക്കലുമായി കുറേ വര്‍ഷങ്ങളായി. 
ഒരു പ്രാവിനെ പോലെ പള്ളിയെ ചുറ്റിപ്പറ്റി 
ഒരു ജന്മം..


ഷര്‍ട്ടിനുമേല്‍ രണ്ടോ മൂന്നോ ഷര്‍ട്ടിട്ടാണ് 
അയാളുടെ നടപ്പ്. ഇടക്കിടെ മാനസികവിഭ്രാന്തിയും കാണിക്കും.. 
''പൊട്ടനുസന്‍'' അതാണ് അയാള്‍ക്ക് 
പ്രദേശം ചാര്‍ത്തിക്കൊടുത്ത നാമം..


'' താത്തേയ്.. '' 
ആ വിളി കേട്ടാലറിയാം ഉമ്മാക്ക്..
'' ഉസനുപ്പാ..സുഗാണോടാ...''


പൊട്ടനുസനെ ഉസനുപ്പാന്ന് വിളിക്കുന്നത് 
ഉമ്മ മാത്രമായിരുന്നു..
'' താത്തേയ്.. പയയ സര്‍ട്ട് തര്വോ..'' 
'' നിന്ക്കല്ലേടാ ഇന്നലൊന്ന് തന്നത്..? '' 
''അയിന് ദ് ഇനിക്കല്ല.. ഇമ്മടെ സൂലൂനാ..'' 
'' ആരാണ്ടാ ഈ സൂലൂ..'' 
''ഇമ്മടെ സൈതുട്ടിക്കാന്റെ മോനില്ലേ.. 
ഉസ്കൂളില്‍ പോണ.. അവന്ക്കാ..
സൈതുട്ടിക്ക പോയില്ലേ.. അവന്ക്ക് ആരൂല്ല.. 
താത്തേയ്..'' 
'' അത് സുഹൈല് അല്ലേ..ഓന്ക്കെന്തിനാ പയേത്.. 
സെമീറേ.. ഇയ്യാ പുതിയേ സര്‍ട്ട് ഉസന്ക്കാക്ക് 
കൊടുത്താളാ..'' 
ഞാന്‍ തല കുലുക്കി.. 
'' ടാ ചോറ് തിന്നട്ട് പോടാ ..''


ഉസനുപ്പാടെ ഒഴിവുവേളകള്‍ എപ്പോഴും 
വീട്ടിലായിരുന്നു.. 
ഉമ്മ അസ്തമിക്കും വരെ.. 
അന്നയാള്‍ കരഞ്ഞില്ല.. എല്ലാ കാര്യത്തിനും 
ഓടിനടന്നു.. 
മയ്യത്ത് നിസ്കാരത്തിന് നിക്കുമ്പൊ ഖത്തീബ് 
വിളിച്ചു ചോദിച്ചു. 
'' ഇനി ആരേങ്കിലും വുളൂട്ത്ത് ബരാനുണ്ടാ..''


ഇണ്ട് എന്ന ആ പരിചിതശബ്ദം കേള്‍ക്കെ 
ആരോ ഒരാള്‍ പറഞ്ഞു.. 
'' എല്ലാരും ആയി.. അതാ പൊട്ടനാ..''


പുരുഷാരം പിരിഞ്ഞു പോയി.. ഞാനും.. 
മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഞാന്‍ കണ്ടത് ഖബറിങ്കല്‍ നിന്ന് വിങ്ങിപ്പൊട്ടുന്ന ഉസനുപ്പയെയാണ്.. 
'' കരേണ്ട്..ഉസനിക്കാ..'' 
അയാളെ മാറോട് ചേര്‍ത്തു.


ഉമ്മയുടെ കാലശേഷം ആ ഗ്രാമം വിട്ടു. 
കുറേ ദേശാടനങ്ങള്‍..
പൊടിക്കാറ്റായ് വീശുന്ന പ്രവാസനൊമ്പരങ്ങള്‍.. 
ഉമ്മയുടെ ഖബറിങ്കലേക്ക് വരുമ്പോള്‍ 
ഓടിയെത്തുന്ന ഉസനിക്ക.. 
'' താത്തേയ്.. '' എന്ന് പറഞ്ഞ് കൈപിടിച്ച് 
ഖബറിങ്കലേക്ക് കൊണ്ടുപോകും.. 
കൈകള്‍ പിണച്ച് എനിക്കൊപ്പം പ്രാര്‍ത്‌ഥിക്കും. 
ഉച്ചത്തില്‍ ആമീന്‍ ചൊല്ലും..
പോകാന്‍ നേരത്ത് 
'' അന്റെ പയേ സര്‍ട്ട് തര്വോ.. ഇക്കല്ല.. ഒരാള്ക്ക് കൊട്ക്കാനാ..'' 
ബാഗ് തുറന്ന് അയാള്‍ക്കായി കരുതിയ 
രണ്ടു ജോടി വസ്ത്രം നല്‍കും..


''പ്രാവൊക്കെ പോയി മോനേ....
എല്ലാത്തിനേം ഓര് പറത്തിവിട്ട്.. ''


ഒരു തുള്ളി കണ്ണീര്‍ അയാള്‍ക്കും കുടി 
നല്‍കിയിട്ടേ മടങ്ങാറുള്ളൂ..


'' നിനക്കറിയോ ഷെമീറേ.. 
പൊട്ടനുസന്‍ മരിച്ചു..'' 
ആ വാക്കുകള്‍ ഞാന്‍ കേട്ടത് സ്വപ്നത്തിലായിരുന്നോ.. 
പള്ളിമിനാരത്തില്‍ പ്രാവിന്റെ കുറുകല്‍ 
മാത്രമാണ് പിന്നെ കാതുകളില്‍.. 
നാട്ടിലേക്ക് ഫോണ്‍ ചെയ്യാനായി 
മൊബൈല്‍ ഫോണിലേക്ക് കൈകള്‍ നീണ്ടു..

Monday, 3 July 2017

പകൽ വീട്-പ്രശാന്ത്‌ . എം














പ്രശാന്ത്‌ . എം

പ്രശാന്ത്‌ നിലയം കാലടി (പി.ഒ ) മലപ്പുറം ജില്ല പിൻ : 679582 മൊബൈൽ : 8281458446 ഇ മെയിൽ : kannan628@gmail.com
  • പാലക്കാട് ജില്ലയിലെ തൃത്താല ഡോ.കെ .ബി .മേനോൻ മെമ്മോറിയൽ എച്ച് .എച്ച് .എസ്സ് ൽ ഹയർ സെക്കന്ററി ഫിസിക്സ്‌ അധ്യാപകനായി ജോലി ചെയ്യുന്നു . 
  • പാലക്കാട്‌ ഗവൺമെന്റ് വിക്ടോറിയ കോളേജിൽ പാർട്ട്‌ ടൈം ആയി 'സൂപർ കണ്ടക്ടിംഗ് തിൻ ഫിലിമ്സിൽ 'തിയററ്റിക്കൽ സ്റ്റഡി നടത്തുന്നു . 
  • ആദ്യനോവൽ ' അസ്നയിലേയ്ക്കുള്ള ദൂരം ഇൻസൈറ്റ് പബ്ലിക്കേഷൻ , കാലികറ്റ് പ്രസിദ്ധീകരിച്ചു.
  • തുടിപ്പുകൾ എന്ന കവിതാ സമാഹാരത്തിന്റെ ഭാഗമായി. ഫ്രീക്കൻ അടിമകൾ എന്ന പ്രൊഫഷണൽ നാടകം പീപ്പിൾസ് തീയറ്റർ അരങ്ങിലവതരിപ്പിച്ചു. ഡേ ഔട്ട് ഉൾപ്പടെ രണ്ടു നാടകങ്ങൾ കൂടി കുട്ടികൾക്കായ് രചിച്ചു.









പകൽ വീട്
വയസ്സേറെയായെന്നാരോ,
ഉള്ളിലൊരു സങ്കടപാച്ചിൽ പോൽ.
ഒറ്റയ്ക്കിരുന്നു മടുത്ത പകലുകൾ,
കൂട്ടുകൂടാനിടമില്ലാത്ത തെരുവുകൾ,
കൂട്ടിവച്ചതിലൊരുപിടി കൊണ്ടൊരു
പകൽവീടു തീർക്കണമീ -
പറമ്പിലെ മൗനമുടയ്ക്കുവാൻ.
പിന്നെ,
അനാഥമാകുന്ന ദിനങ്ങൾതൻ പാതിയിലേയ്ക്ക്
ക്ഷണിയ്ക്കണമൊറ്റ തിരിഞ്ഞ ഹൃദയങ്ങളെ .
പാട്ടും ചിരിയുമായ്, വായനക്കൂട്ടമായ്,
ഇടയ്ക്കൊന്നു മയങ്ങുവാൻ വേണ്ടിയൊരു
കൂടൊരുക്കേണമിനിയേറെ ഇല്ലല്ലോ ദൂരം,
ഓർമ്മപ്പെടുത്തുന്നു നെഞ്ചിലെ ഘടികാരം.

Sunday, 2 July 2017

കൊഴിയുന്ന ഇലകള്‍-ശിവരാജന്‍ കോവിലഴികം














ശിവരാജന്‍ കോവിലഴികം
കൊല്ലം മയ്യനാട് സ്വദേശം 
നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കവിതകളും കഥകളും കൊണ്ടു തന്റെ സാന്നിധ്യം അറിയിക്കുന്നു.
പ്രവാസി .
ഓണ്‍ലൈന്‍ കഥ കവിത മത്സരങ്ങളില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 
ഭാര്യയും ഒരുമകനും അടങ്ങുന്ന കുടുംബം.






കൊഴിയുന്ന ഇലകള്‍

കൊഴിയുന്നിലകളെപ്പോലിന്നു മാനുഷ- രടരുന്നു ചുറ്റിലും പലമാരിയില്‍ വിധിയല്ല,വിളയാട്ടുകേളിയേയല്ലയിതു വിളയിച്ചതൊക്കയും നമ്മള്‍ തന്നെ . കണ്ടിട്ടറിഞ്ഞില്ല,കേട്ടും പഠിച്ചില്ല കാഴ്ച്ചയ്ക്കു കേമരായ് വാണുനമ്മള്‍ മൂക്കൊന്നുപൊത്തി വലിച്ചെറിയുന്നു നാം മാലിന്യമെന്നും തെരുവിലേക്ക് . കുറിയുണ്ട്,ജപമാല നിസ്ക്കാരമുദ്രയും കുറയാത്തഹങ്കാരമേറെയുണ്ട് ചത്തതും കൊന്നതും ചാപിള്ളയായതും തെരുവില്‍ നിറയ്ക്കുന്നു കേമരായി. നായുണ്ട് നരിയുണ്ട് നരനായ മൃഗമുണ്ട് നാടുമുടിക്കാന്‍ ഭരണവുമുണ്ട് . ചേലില്‍ ചിരിക്കുന്ന വദനങ്ങളുണ്ടതില്‍ ചവറുതോല്ക്കും കെട്ടനാവുമുണ്ട് . മഴയൊന്നു വന്നാല്‍ നിരയൊന്നുകാണാം സാക്ഷര കേരള ദൈവനാട്ടില്‍ പേരൊന്നു മാറുന്ന പലവ്യാധികള്‍ കൊഴിയുന്നതൊന്നുമേയിലയല്ലയിന്ന്. ഇനിവേണ്ടദൌത്യം മാലിന്യ മുക്തി അതിനായിടട്ടെ പുതിയ പോരാട്ടം കൊഴിയാതിരിക്കട്ടെ ഇനിയുമീ ദളമൊന്നു കൈകോര്‍ത്തു നമ്മള്‍ക്ക് മനുഷ്യരാകാം .

മട്ടൻ ബിരിയാണി-പീജി നെരൂദ














പീജി നെരൂദ




മട്ടൻ ബിരിയാണി
പരിഷ്കാരിയായ മകന്റെയും മരുമകൾക്ക് ഒപ്പം എൺപത്തിയാറ് കഴിഞ്ഞ പിതാവ് ഹോട്ടലിൽ കയറി. പിതാവിന്റെ മുന്നിൽ കണ്ട കാഴ്ച അമ്പരപ്പിച്ചു. ചുറ്റും തൂക്കി ഇട്ട ബൾബുകൾ, അതും അരണ്ട വെളിച്ചം തന്നെ. പുതുമണം പരത്തുന്ന വസ്ത്രം ധരിച്ചവർ. സംസാരിക്കാതെ ആഹാരത്തിൽ ശ്രദ്ധിച്ച് കഴിക്കുന്നവർ. വളരെ സാവധാനം കഴിക്കുകയാണ് പലരും .
യൂണിഫോം ധരിച്ച വെയിറ്റർമാർ അവർ ഓടി പായുകയാണ് പത്രം എടുക്കുന്നു , ആഹാരം കൊണ്ട് ക്കൊടുക്കുന്നു ടിപ്പ് കിട്ടുബോൾ ഉള്ളിൽ നിന്ന് ഒരു ചിരിയും വെയിറ്റർ പാസ്സാക്കി നടന്ന് നീങ്ങുന്നു. ഏസിയുടെ തണുപ്പ്  ഷർട്ടിലൂടെ അരിച്ച് ഇറങ്ങി ആകെ കുളിര് കോരുന്നു.ഇരുന്ന കസേര എൺപത്തിയാറ് കാരന്റെ ചന്തി ഒരു ഭാരം എന്ന കണക്കെ മസില് പിടിച്ച് നിന്നു.
ആകെ ഒരു അസ്വസ്തത വയസ്സനിൽപടർത്തി. ഇറങ്ങി പുറത്തേക്ക് പോയാലോ എന്ന ചിന്തയെ മസ്സില് പിടിച്ച  കസേര അമർത്തി ഇരുത്തി.
എൺപതുകാരന്റെ മുമ്പിൽ കൊണ്ടു വെച്ച മട്ടൻ ബിരിയാണിയിൽ ദയനീയമായി നോക്കി മകനും മരുമകളും ബരിയാണി സ്പപൂണും. ഫോർക്കും ഉപയോഗിച്ച്  കഴിക്കുകയാണ് .
വയസ്സൻ തന്റെ മുമ്പിൽ ഇരിക്കുന്ന സ്പൂണും ഫോർക്കും ഒരു പുഴുവിനെ നോക്കുന്ന രീതിയിൽ തന്നെ നോക്കി. എറുകണ്ണിട്ട് മരുമകളെ ഒന്ന് നോക്കി മരുമകളുടെ തറപ്പിച്ച നോട്ടം അയാളെ യാന്ത്രികമായി ഫോർക്കും, സ്പൂണും വേഗം കൈയിലെടുത്തു. ഫോർക്കും, സ്പൂണും കൈയിലിരുന്നു പെട പെടന്ന് പിടിച്ചു. മനസ്സില്ല മനസ്സോടെ കഴിച്ച് തുടങ്ങി അയാൾ ഇറച്ചി ഫോർക്കിൽ കുത്തി വായിലേക്ക് ഇട്ടു ചവച്ച് തുടങ്ങി വായിൽ ഇറച്ചിക്ക് ഒപ്പം തടഞ്ഞ എല്ലിൻ കഷ്ണം നന്നായി ഒന്ന് കടിച്ച് നോക്കി പൊട്ടുന്നില്ല.
 പുറത്തേക്ക് തുപ്പാൻ ഒരുങ്ങിയതും മരുമകളുടെ വീർത്ത മുഖം കണ്ട് വയസ്സൻ വായിൽ തന്നെ എല്ലിൽ കഷ്ണം ഒളിപ്പിച്ചു.  ഇപ്പോൾ എന്താ ചെയ്യുക ഒരു വഴിമാത്രം  സർവ്വശക്തിയും എടുത്ത്  ശ്വാസം ഉള്ളിലേക്ക് വലിച്ച് വയസ്സൻ ഒറ്റ വിഴുങ്ങ് …. 
 സ്വയം തൊണ്ടയിൽ കുത്തി പിടച്ച് വയസ്സൻ കസേരയിൽ പിടച്ച് നിന്ന് തറയിൽ വീണു.

പീജി നെരൂദ
               .

Sunday, 25 June 2017

കാർട്ടൂൺ46-മനോജ് മൂക്കൻതോട്ടം


ഫയലുംജീവനും 

പ്രഭാതവിദ്യ-കാവ്യഗുളിക412-കെ.വിഷ്ണുനാരായണന്‍


















കെ.വിഷ്ണുനാരായണന്‍





പ്രഭാതവിദ്യ
കെ.വിഷ്ണുനാരായണന്‍
അനുവാദം ചോദിക്കാതെ
അംഗമാക്കിയതില്‍ നന്ദി
ചൊല്ലുവാനൊരുങ്ങവെ
അടച്ചോ മുന്നില്‍ വാതില്‍?
തൂക്കുവാന്‍ പോകുമ്പോഴും
ലഭ്യമാക്കേണ്ടേ നീതികള്‍
കാരണം കാണിക്കല്‍നോട്ടീസ്
പതിച്ചുനല്കേണ്ടയോ?
അല്പനര്‍ത്ഥം കിട്ടീടില്‍
സംഭവിക്കും കാര്യങ്ങള്‍
മാത്രമെന്നിതോര്‍ത്തീടാന്‍
പറ്റാത്തതപക്വമോ?
കുറിയോനിരിക്കുമ്പോള്‍
കസേര വലുതാകുന്നു
വലിയ വീടിന്‍ മുറ്റത്തു
നില്‍ക്കും വാമ‌നരൂപമായ്!
അക്ഷമക്കാര്‍ക്കിജ്ജാതി
പണി പറ്റുകയില്ലടോ!
ക്ഷമയില്ലെങ്കില്‍ കാര്യം
കൈവിട്ടേ പോകും ദൃഡം.
അമ്പത്താറക്ഷരങ്ങള്‍
പഠിച്ചാല്‍ മലയാളമായ്
എന്നു ചിന്തിപ്പതേ കഷ്ടം!
ഇവന്‍റെ കാര്യമധോഗതി!!
ഉള്ളറിഞ്ഞു പ്രവര്‍ത്തിക്കില്‍
പരസ്പരം ഹൃത്തുടിപ്പുകള്‍
ചേര്‍ത്തുനിര്‍ത്തികിലേവര്‍ക്കും
മനസ്സെപ്പൊഴുമാദരം!
അലങ്കാരമല്ലെങ്കില്‍
അവസരം അധികാരങ്ങള്‍
മുഷ്ക്കിനുള്ളതാണങ്കില്‍
അലങ്കോലമിതെപ്പൊഴും!
കൂപമണ്ഡൂകമേ ലോകം
കൂപത്തിന്നു പുറത്തല്ലോ
കടിക്കണോ പാല്‍കൊടുത്തോന്‍റെ
കൈയ്ക്കു തന്നെ നിരന്തരം?
അക്ഷരപ്പൊരുളറിയാതെ
തോന്നുംപടി ചെയ്തീടില്‍
പരസ്പരം ബഹുമാനിക്കാന്‍
തോളോടു തോള്‍ ചേര്‍ന്നു
നില്‍ക്കുവാന്‍ കഴിയില്ലെങ്കില്‍
വിദ്യയെല്ലാമവിദ്യയാം
ചൊറുക്കും ചോര്‍ന്നു പോയിടും
സുപ്രഭാതമിരുണ്ടിടും!
ഠ
എന്‍റെ കവിത എന്‍റെ ജീവിതം
23/6/2017