സജദില്‍ മുജീബ്
പൊട്ടനുസന്‍
സുബഹി കഴിഞ്ഞാണ് പള്ളിയിലെ പ്രാവുകള്‍
പ്രഭാതത്തിലേക്ക് പറക്കാറ്. അവ മിനാരത്തിലും കിളിവാതിലുകളിലും ചെന്നിരുന്ന് കുറുകുറാ എന്ന് പറഞ്ഞുകൊണ്ടേയിരിക്കും.
ധാന്യമണി മുറ്റത്ത് വിതറി ഉസന്‍
അവയെ വിളിക്കും..
'' ബരീണ്ടാ..മക്കളേ..''
പലയിടത്തുനിന്നായി അവ ഉസന്റെ അടുത്തേക്ക് പറന്നെത്തും..
ഉസന്‍..
അക്ഷരത്തെറ്റ് പോലെ ഒരു ജന്മം..
പത്തുവയസു മുതല്‍ പള്ളിമുറ്റത്തുണ്ടയാള്‍..
ഹൗള് കഴുകലും പ്രാവുകളെ പരിപാലിക്കലുമായി കുറേ വര്‍ഷങ്ങളായി.
ഒരു പ്രാവിനെ പോലെ പള്ളിയെ ചുറ്റിപ്പറ്റി
ഒരു ജന്മം..
ഷര്‍ട്ടിനുമേല്‍ രണ്ടോ മൂന്നോ ഷര്‍ട്ടിട്ടാണ്
അയാളുടെ നടപ്പ്. ഇടക്കിടെ മാനസികവിഭ്രാന്തിയും കാണിക്കും..
''പൊട്ടനുസന്‍'' അതാണ് അയാള്‍ക്ക്
പ്രദേശം ചാര്‍ത്തിക്കൊടുത്ത നാമം..
'' താത്തേയ്.. ''
ആ വിളി കേട്ടാലറിയാം ഉമ്മാക്ക്..
'' ഉസനുപ്പാ..സുഗാണോടാ...''
പൊട്ടനുസനെ ഉസനുപ്പാന്ന് വിളിക്കുന്നത്
ഉമ്മ മാത്രമായിരുന്നു..
'' താത്തേയ്.. പയയ സര്‍ട്ട് തര്വോ..''
'' നിന്ക്കല്ലേടാ ഇന്നലൊന്ന് തന്നത്..? ''
''അയിന് ദ് ഇനിക്കല്ല.. ഇമ്മടെ സൂലൂനാ..''
'' ആരാണ്ടാ ഈ സൂലൂ..''
''ഇമ്മടെ സൈതുട്ടിക്കാന്റെ മോനില്ലേ..
ഉസ്കൂളില്‍ പോണ.. അവന്ക്കാ..
സൈതുട്ടിക്ക പോയില്ലേ.. അവന്ക്ക് ആരൂല്ല..
താത്തേയ്..''
'' അത് സുഹൈല് അല്ലേ..ഓന്ക്കെന്തിനാ പയേത്..
സെമീറേ.. ഇയ്യാ പുതിയേ സര്‍ട്ട് ഉസന്ക്കാക്ക്
കൊടുത്താളാ..''
ഞാന്‍ തല കുലുക്കി..
'' ടാ ചോറ് തിന്നട്ട് പോടാ ..''
ഉസനുപ്പാടെ ഒഴിവുവേളകള്‍ എപ്പോഴും
വീട്ടിലായിരുന്നു..
ഉമ്മ അസ്തമിക്കും വരെ..
അന്നയാള്‍ കരഞ്ഞില്ല.. എല്ലാ കാര്യത്തിനും
ഓടിനടന്നു..
മയ്യത്ത് നിസ്കാരത്തിന് നിക്കുമ്പൊ ഖത്തീബ്
വിളിച്ചു ചോദിച്ചു.
'' ഇനി ആരേങ്കിലും വുളൂട്ത്ത് ബരാനുണ്ടാ..''
ഇണ്ട് എന്ന ആ പരിചിതശബ്ദം കേള്‍ക്കെ
ആരോ ഒരാള്‍ പറഞ്ഞു..
'' എല്ലാരും ആയി.. അതാ പൊട്ടനാ..''
പുരുഷാരം പിരിഞ്ഞു പോയി.. ഞാനും..
മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഞാന്‍ കണ്ടത് ഖബറിങ്കല്‍ നിന്ന് വിങ്ങിപ്പൊട്ടുന്ന ഉസനുപ്പയെയാണ്..
'' കരേണ്ട്..ഉസനിക്കാ..''
അയാളെ മാറോട് ചേര്‍ത്തു.
ഉമ്മയുടെ കാലശേഷം ആ ഗ്രാമം വിട്ടു.
കുറേ ദേശാടനങ്ങള്‍..
പൊടിക്കാറ്റായ് വീശുന്ന പ്രവാസനൊമ്പരങ്ങള്‍..
ഉമ്മയുടെ ഖബറിങ്കലേക്ക് വരുമ്പോള്‍
ഓടിയെത്തുന്ന ഉസനിക്ക..
'' താത്തേയ്.. '' എന്ന് പറഞ്ഞ് കൈപിടിച്ച്
ഖബറിങ്കലേക്ക് കൊണ്ടുപോകും..
കൈകള്‍ പിണച്ച് എനിക്കൊപ്പം പ്രാര്‍ത്‌ഥിക്കും.
ഉച്ചത്തില്‍ ആമീന്‍ ചൊല്ലും..
പോകാന്‍ നേരത്ത്
'' അന്റെ പയേ സര്‍ട്ട് തര്വോ.. ഇക്കല്ല.. ഒരാള്ക്ക് കൊട്ക്കാനാ..''
ബാഗ് തുറന്ന് അയാള്‍ക്കായി കരുതിയ
രണ്ടു ജോടി വസ്ത്രം നല്‍കും..
''പ്രാവൊക്കെ പോയി മോനേ....
എല്ലാത്തിനേം ഓര് പറത്തിവിട്ട്.. ''
ഒരു തുള്ളി കണ്ണീര്‍ അയാള്‍ക്കും കുടി
നല്‍കിയിട്ടേ മടങ്ങാറുള്ളൂ..
'' നിനക്കറിയോ ഷെമീറേ..
പൊട്ടനുസന്‍ മരിച്ചു..''
ആ വാക്കുകള്‍ ഞാന്‍ കേട്ടത് സ്വപ്നത്തിലായിരുന്നോ..
പള്ളിമിനാരത്തില്‍ പ്രാവിന്റെ കുറുകല്‍
മാത്രമാണ് പിന്നെ കാതുകളില്‍..
നാട്ടിലേക്ക് ഫോണ്‍ ചെയ്യാനായി
മൊബൈല്‍ ഫോണിലേക്ക് കൈകള്‍ നീണ്ടു..

No comments:
Post a Comment