Monday, 12 June 2017

ഓർമ്മകള്‍ ഉണരുമ്പോള്‍- സുജിത ധനൂഷ്














സുജിത ധനൂഷ്




ഓർമ്മകള്‍ ഉണരുമ്പോള്‍

നല്ലൊരു നാളേക്ക് വേണ്ടി പ്രതീക്ഷയോടെ ഇനിയെനിക്കൊന്നുറങ്ങണം... പോയ കാലത്തിന്‍റെ ഓർമ്മകളിൽ പുലരി ചുവക്കുംമുൻപേ എനിക്കുണരണം ഇലത്തുമ്പിലെ നീര്‍ മഴത്തുളളികൾ
എന്നെ നോക്കി കണ്ണുകൾ ചിമ്മണം എനിക്ക് മൂളുവാൻ ഒരു മഴപ്പാട്ടു വേണം പുലരിയോടായ് കിളികളോതും കിന്നാരത്തിനു കാതോർക്കണം.. നാട്ടുവഴിയോരം ചേർന്ന് ഏറെ ദൂരം നടക്കണം ചെളി മണക്കുന്ന പാടവരമ്പിലേക്കിറങ്ങണം... തലതാഴ്ത്തി നിൽക്കും നെൽക്കതിരിലെ മഞ്ഞു തുളളിയെൻ പുടവത്തുമ്പു നനക്കണം... പാടത്തിന്‍ മറുകരയില്‍ കൂട്ടു ചേര്‍ന്നെത്താൻ മഞ്ഞു മറയിലേക്കു കൂകി വിളിക്കണം... വിടരുന്ന പുലരിയെ നോക്കി ആല്‍ത്തറയില്‍ തെല്ലുനേരമിരിക്കണം... നിന്‍റെ കാലടികൾക്കു പുറകെ ചുറ്റമ്പലം വലം വക്കണം... തൊഴുതു മടങ്ങുമ്പോൾ നീ ചാർത്തിയ വരക്കുറി മായാതെ മനസിൽ നിറയണം... നാട്ടു മാവിലൊരൂഞ്ഞാല് കെട്ടി കൂട്ട് ചേർന്നിരുന്നാടണം... ഉച്ച വെയിലത്തു മാമ്പഴം വീഴുമ്പോൾ ആര്‍ത്ത് വിളിച്ചു പങ്കിട്ടെടുക്കണം.. നാളെയും വരാമെന്ന വാക്കിൽ പിരിയണം... അമ്പലക്കുളത്തിൽ മുങ്ങിനിവരണം അസ്തമന സൂര്യനെ വണങ്ങി നാമം ജപിക്കണം... പകൽ വിരിച്ച തണലിനെ വലം വച്ച് സന്ധ്യയിൽ പടര്‍ന്ന ഇരുളിന്‍റെ നിഴലിനെ ചിന്തയിലിട്ടു വേർപ്പെടുത്തണം... കടന്നു പോന്നൊരീ കാലമത്രയും മധുര സ്വപ്നമായ് കാണുവാൻ ഇന്ന് തന്ന നല്ല ദിവസത്തിന്‍ നന്മ ചോരാതെ നാളേക്കായ് പ്രാർത്ഥനയോടെ ഇനിയെനിക്കൊന്നുറങ്ങണം... വീണ്ടുമെൻ പുലരികൾ വിരിയുമെങ്കിൽ കണിയാവാൻ നീയെന്നരികത്തു വേണം.....


സുജിത ധനൂഷ്....

പരിതാപസ്ഥിതി-കാർട്ടൂണിസ്റ്റ് ശ്രീ



പരിതാപസ്ഥിതി

Sunday, 11 June 2017

കാർട്ടൂൺ43-മനോജ് മൂക്കൻതോട്ടം

കമ്മ്യൂണിക്കേഷൻ 

ചിറകറ്റു പോയ ചിത്രശലഭം-ശൈലേഷ് പട്ടാമ്പി















ശൈലേഷ് പട്ടാമ്പി



ചിറകറ്റു പോയ ചിത്രശലഭം
ചിറകറ്റു പോയ ചിത്രശലഭം ഞാൻ,
പനിനീർ ദളങ്ങളിൽ
കണ്ണീരിന്റെ നനവു
നുണയുന്ന ചിറകറ്റുപോയ
ചിത്രശലഭം ഞാൻ....
കനവു കണ്ടുറങ്ങിയ 
ദിനങ്ങൾ, ഇന്നു നൊന്തു പിടയുന്ന ദിനങ്ങളാകവെ...
സ്വപ്നങ്ങളും മോഹങ്ങളും
എൻ നേർത്ത ചിറകിൽ വർണ്ണങ്ങളേകവെ...
പാറിപ്പറന്നൊടുവിലാ പരിഹാസമാം 
ചിലന്തിവലയിൽ അകപെടവേ...
ചിറകടിച്ചു ഞാൻ പ്രാണരക്ഷാർധം...
ഒടുവിൽ എൻ ഒരു ചിറകറ്റ്
പനിനീർ ദളത്തിൽ പതിക്കവെ  
ആരോരുമില്ലാതെ
സ്വയം മിഴിനീർ വാർക്കുന്ന
പാവം ചിറകറ്റ ചിത്രശലഭം ഞാൻ .
ശൈലേഷ് പട്ടാമ്പി

തെറ്റിദ്ധരിക്കപ്പെട്ടവർ-സംഗീത് കാരക്കോട്














സംഗീത് കാരക്കോട്





തെറ്റിദ്ധരിക്കപ്പെട്ടവർ 
വെന്ത ചുടുചോറിന്റെ
ഗന്ധം നാസികത്തുമ്പിലൂടെ
ഇരച്ച് കയറിയപ്പോൾ
ആമാശയ പ്രേരണയാൽ
കൈകൾ അക്രമാസക്തരായതാണ്.
ഞാൻ കള്ളനല്ല....!

ഉയിരറ്റുപോകാതിരിക്കാൻ
ഒരിറ്റ് നീരുതേടി
മണ്ണാഴങ്ങളിലേയ്ക്ക്
വേരിറങ്ങിയപ്പോൾ
അറിയാതെ പുഷ്പിച്ചതാണ്.
ഞാൻ വേശ്യയല്ല.

ഉപ്പ് ഒരു ആർഭാടമാകുമ്പോൾ ....
ഉപ്പു ചേർക്കാതെ ഊണ് കഴിക്കുന്നവർ
കണ്ണീരുപ്പ് രുചിയറിഞ്ഞവർ
തന്നെയാണ്.
സംഗീത് കാരക്കോട്

Tuesday, 6 June 2017

കൈത്തിരി ഓൺ ലൈൻ ഒരാമുഖം























സുഹുത്തുക്കളെ,

   കൈത്തിരി ഓൺ ലൈൻ  മീനടത്തൂർ എച്ച്.എസ്സിന്റെ ഓൺ ലൈൻ മാഗസിനാണ് .ഇതിൽ കഥ, കവിത,ലേഖനം, പുസ്തക റിവ്യൂ, കാർട്ടൂൺ, ചിത്രങ്ങൾ,ഫോട്ടോഗ്രാഫി  എന്നിങ്ങനെ ഏഴ് വെബ് പേജുകളാണുള്ളത്. ഈ മേഖല യിലെ പ്രമുഖർക്കൊപ്പം കുട്ടികളും,ടീച്ചേഴ്സും രചനകൾ നടത്തിവരുന്നു.കുറഞ്ഞ കാലത്തിനുള്ളിൽ 62000-ത്തിൽ പരം വായനക്കാരിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞ കൈത്തിരി ഓൺലൈനിൽ ഇപ്പോൾ  300-ൽ പരം സർഗ്ഗസൃഷ്ടികളുമുണ്ട്.ഏവർക്കും  കൈത്തിരി ഓൺ ലൈനിലേക്ക് സ്വാഗതം...

സസ്നേഹം 
ടീം കൈത്തിരി