Tuesday, 18 April 2017

ഓഫറിലെടുത്ത സെല്‍ഫി -സലാം ഒളവട്ടൂര്‍














സലാം ഒളവട്ടൂര്‍ 
ജിദ്ദ



ഓഫറിലെടുത്ത  സെല്‍ഫി 
      ചൂട്  കൊണ്ട്  വിയര്‍ത്തൊലിച്ച   അയാള്‍ നഗരത്തിലെ   പേര് കേട്ട    ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക്   ഓടി കയറി . ശരീരമൊന്ന് തണുക്കുവോളം ഒരു  ഉന്തുവണ്ടിയും തള്ളി  ഭംഗിയില്‍ അടക്കി വെച്ച സാധനങ്ങളുടെ ഓഫറുകള്‍ നോക്കി ഏറെ നേരം അങ്ങോട്ടും ഇങ്ങോട്ടും  നടന്നു.     

        പോക്കറ്റ് ശൂന്യമാണെന്നറിഞ്ഞിട്ടും അയാള്‍ വെറുതെ    പേഴ്സ് എടുത്ത്  കൈയ്യില്‍ പിടിച്ച്  മറു കൈയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ എടുത്ത്  സാധനങ്ങളുടെ  പാക്കറ്റും കൗണ്ടറിന്  മുകളിലുള്ള ഹൈപ്പര്‍  മാര്‍ക്കറ്റിന്‍റെ പേരും കിട്ടുന്ന രീതിയില്‍ വളഞ്ഞ് നിന്ന് ചിരിച്ചു കൊണ്ട് ഒരു  സെല്‍ഫി എടുത്ത്  .ഇതിലും വലിയ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രം  എന്ന്  കാപ്ഷനും എഴുതി മുഖപുസ്തകത്തില്‍  പോസ്റ്റ് ചെയ്ത് അയാള്‍  ലൈക്കും കമന്‍സും എണ്ണി  കൊണ്ട്  പുറത്തേക്ക് നടന്നു ..

സലാം ഒളവട്ടൂര്‍ 

മതേതരം-ഗംഗാധരൻ പണ്ടാരത്തിൽ














ഗംഗാധരൻ പണ്ടാരത്തിൽ



മതേതരം
വേല  
പൂരം
നേർച്ച  
പള്ളിപ്പെരുന്നാൾ                         
എല്ലാം മതേതര ലേബൽ            
ഒട്ടിച്ചാണ്  ഇപ്പോൾ                     
വിപണിയിൽ ഇറക്കുന്നത്
എല്ലാം  പണ്ടും 
ഇങ്ങനെ          
തന്നെയായിരുന്നു.                    
പക്ഷെ  നോട്ടീസിലും  
ഫ്ലെക്സ് ബോർഡിലും              
ഈ  വിശേഷണം                        
കടന്നു കൂടിയതിൽ പിന്നെയാണ്                                
അമ്മമാർക്ക് ഉറക്കം  നഷ്ടപ്പെട്ടത്...
ഗംഗാധരൻ പണ്ടാരത്തിൽ(1990)

ലിംഗവിശപ്പ്‌-ഷിബു നെല്ലായ













ഷിബു നെല്ലായ




ലിംഗവിശപ്പ്‌

ലിംഗവിശപ്പ്‌
കുഞ്ഞുറങ്ങും 
തൊട്ടിലിലും
തൈലം മണക്കുന്ന
ഞരക്കം മിടിക്കുന്ന
കട്ടിലുംവരെ
ഇഴഞ്ഞെത്തി
ശവക്കൂന
പെരുപ്പിക്കുന്നു,
വിരൽ തുമ്പുരച്ച
വിചാരണകൾ
അന്തിചർച്ചകളിലെ
തുപ്പലാക്രമ്മണങ്ങൾ
ഉളുപ്പില്ലാ 
പ്രതിരോധങ്ങൾ,
ഉയിരെടുക്കാൻ
ഉദ്ധരിക്കുന്ന
മദപ്പാടിന്ന്
താഴിടാൻ
ഖഡ്ഢിച്ചെടുക്കാൻ
നീതിയുടെ
തുലാസിൽ
പിന്നെയും
ചർച്ചകൾ
ആഘോഷിക്കപ്പെട്ടതിന്റെ
ഒടുവിലെപ്പൊഴോ
കൊന്നപാപം
തിന്നുതീർക്കാനത്രേ
ന്യായാധിപൻ
തീൻ മേശയിലേക്ക്‌
ശിക്ഷിച്ചത്‌
തിന്നുകൊഴുത്ത്‌
കുറ്റബോധം 
പുലരുന്നതും 
നോക്കി
കൊന്നുതീർന്നവരുടെ
നീണ്ടനിര
ഉണ്ണാതെയുറങ്ങാതെ
കാത്തുനിൽപ്പാണ്‌...
അപ്പോഴും
ലിംഗ വിശപ്പ്‌
മദപ്പാടിളകി
ഉയിരുപെറുക്കുന്നുണ്ടായിരുന്നു


ഷിബു നെല്ലായ

വിശപ്പ്- വിനോദ് ആലത്തിയൂർ


വിനോദ് ആലത്തിയൂർ




വിശപ്പ്
അടുപ്പ് മാറി.
ആഹാരവും.
പക്ഷേ,
വിശപ്പ് മാത്രം
ഇപ്പോഴും
പഴയത് തന്നെ..!!

വിനോദ് ആലത്തിയൂർ 

Friday, 14 April 2017

എന്തിനു നാം രണ്ടായി :സ്‌ത്രീ-പുരുഷ സമത്വം ,ഒരവലോകനം-റോബിൻ.കെ.ജോർജ്
















റോബിൻ.കെ.ജോർജ്
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ  പടിഞ്ഞാറെകല്ലട എന്ന ഗ്രാമത്തിൽ 1986 ൽ ജനനം
ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ , ഗ്രാമത്തിലെ സർക്കാർ സ്കൂളുകളിൽ പഠിച്ചു. തുടർന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം,ബിരുദാനന്തര ബിരുദം, ബി.എഡ് എന്നിവ നേടി. ഇപ്പോൾ ഇംഗ്ലീഷ് ഭാഷാ പരിശീലകനായി ജോലി ചെയ്യുന്നു.





എന്തിനു നാം രണ്ടായി :സ്‌ത്രീ-പുരുഷ സമത്വം ,ഒരവലോകനം 
സ്ത്രീകൾ ശക്തരായിക്കൊണ്ടിരിക്കുന്നു . കുടുംബത്തിന്റെ ഭാരം തന്റെയും കൂടെ ചുമലിലേയ്ക്കെടുക്കാൻ അവൾ ഇന്നു സജ്ജമായിരിക്കുന്നു . രാത്രി വൈകിയും, ട്രെയിനിലും ബസിലും അവൾ സഞ്ചരിക്കുന്നു .ചിലപ്പോൾ കൂട്ടത്തിൽ, മറ്റു ചിലപ്പോൾ ഒറ്റയ്ക്ക്. കുറച്ച് വർഷം മുമ്പു വരെ, ജോലി കഴിഞ്ഞു വരുന്ന പുരുഷനെ കാത്തു സ്ത്രീ പൂമുഖത്തു നിൽക്കാറുണ്ടായിരുന്നു. ഭർത്താവിന്റെ വരവിനു വേണ്ടി ഭാര്യ, അല്ലെങ്കിൽ അച്ഛനു വേണ്ടി അമ്മയും മക്കളും, അതുമല്ലെങ്കിൽ മകനെ പ്രതീക്ഷിച്ചിരിക്കുന്ന മാതാപിതാക്കളോ, പൊന്നാങ്ങളെയെ കാത്തിരിക്കുന്ന പെങ്ങളോ ഒക്കെ ഒരു സാധാരണ കുടുംബചിത്രമായിരുന്നു. ഈ ചിത്രത്തിനു മാറ്റം വന്നിരിക്കുന്നു . ഒരു കൂട്ടിച്ചേർക്കൽ അടുത്ത കാലങ്ങളായി നാം കാണുന്നുണ്ട്.അതുകൊണ്ടുതന്നെ ഈ ചിത്രം മാറ്റി വരയ്ക്കണം.

സന്ധ്യ കഴിഞ്ഞ് ഭാര്യയെ കൊണ്ടുവരാൻ റെയിൽവേ സ്‌റ്റേഷനിലേയ്ക്കോ, ബസ്സ്റ്റോപ്പിലേയ്ക്കോ വണ്ടിയുമായി കിതയ്ക്കുന്ന ഭർത്താവ്, അമ്മയെ വിളിക്കാൻ ബൈക്കുമായോ കാറുമായോ വരുന്ന മകൻ അതുമല്ലെങ്കിൽ സഹോദരിയെ കാത്തു സഹോദരൻ. ഇനി സ്വന്തമായി ഇരുചക്രം ഓടിക്കാനറിയുമെങ്കിലും, രാത്രി രണ്ടാം യാമത്തിലേയ്ക്ക് എത്തിയ കാരണം അവൾക്കു സംരക്ഷണമായി പിറകെ വണ്ടിയുമായി വരുന്ന സംരക്ഷകൻ. ഈ മാറ്റം ആഴത്തിൽ അംഗീകരിക്കപ്പെടാൻ പറ്റാതെ നിൽക്കുന്ന ഒരു പുരുഷ ബോധം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നുള്ളത് ഒരു വസ്തുത ആണ്. ആയതിനാൽ
സാമൂഹിക ഘടനയിലുണ്ടായ മാറ്റം സ്ത്രീയും പുരുഷനും ഒരു പോലെ അറിയണം, മനസ്സിലാക്കണം.

ഇനി ഇതിലെല്ലാം പെടാത്ത ഒരു പ്രത്യേക വിഭാഗം അംഗനമാരുണ്ട്. ഒറ്റയ്ക്കു ഇടവഴിയിലൂടെ നടക്കേണ്ടി വരുന്ന, ആളൊഴിഞ്ഞ ബസിലും ട്രെയിനിലും യാത്ര ചെയ്യേണ്ടി വരുന്ന, ഭയത്തിന്റെ ഭാരം ഇടനെഞ്ചിൽ വഹിക്കുന്ന ആലംബഹീനയായ സ്ത്രീകൾ. അവരും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്നവരാണ്. അവർക്ക് സംരക്ഷണം ആര് കൊടുക്കും? അല്ല ,തന്റെ പുരുഷന്റെ കൂടെയായിരുന്നാലും, സംഘടിക്കപ്പെട്ട ഒരു എതിർപ്പു വന്നാൽ അവൾ നിർഭയയായിരിക്കുമോ ? ഇവിടുത്തെ നിയമം കൃത്യസമയത്ത് ഇടപെടുമോ? നിയമവും കാക്കിയും നോക്കു കുത്തിയായി നിൽക്കുന്നതാണ് നാം പലപ്പോഴും കാണുന്നത് .

കുറേക്കൂടെ അടിത്തട്ടിലോട്ടു പോയാൽ ചിത്രം വീണ്ടും മാറ്റി വരയ്ക്കേണ്ടി വരും. സ്കൂൾ മാഷുമാർ പീഡിപ്പിക്കുന്ന പെൺകുട്ടികൾ. പുരോഹിതനും, പൂജാരിയും, മദ്രസ അദ്ധ്യാപകനും പിച്ചിച്ചീറുന്ന ബാലികമാർ. സ്വന്തം ആൺ സുഹൃത്തിനാൽ ചതിക്കപ്പെടുന്ന കൗമാരക്കാരികൾ, തനിക്കു പൂർണ്ണമായി ആശ്രയിക്കാൻ പറ്റുമെന്ന് വിചാരിച്ച സഹപ്രവർത്തകരാൽ കെണിയിലാക്കപ്പെടുന്ന ഉദ്യോഗസ്ഥമാർ. അതിനേക്കാൾ ഭയാനകവും, ക്രൂരവുമാണ് അച്ഛനാലും ,സഹോദരനാലും വേട്ടയാടപ്പെടുന്നവൾ ; അമ്മാവനാലോ, അകന്ന ബന്ധുവിനാലോ വലയിൽ അകപ്പെടുന്ന അനന്തരവൾ. ഇവരെ ആര് സംരക്ഷിക്കും? ഇത് ഒരു ധർമ്മ സങ്കടത്തിലേയ്ക്കാണ് അവളെ നയിക്കുന്നത്. കാരണം എല്ലാവരെയും സംശയിച്ചു കൊണ്ടു ഒരു സ്ത്രീയ്ക്കും മുന്നോട്ട് പോകാൻ കഴിയില്ല. അതു അവളെ അനാരോഗ്യപരമായ വ്യക്തിത്വത്തിനു അടിമയാക്കും. ഇവിടെയാണു യഥാർത്ഥ ഇടപെടൽ നടക്കേണ്ടത്.

സ്ത്രീ ഒരേ സമയം തന്റെ ശാരീരിക ഘടനയെപ്പറ്റിയും, പുരുഷന്റെ വൈകാരിക മണ്ഡലത്തെപ്പറ്റിയും; പുരുഷൻ അതേ പോലെ തന്റെ വൈകാരികതയും അതിന്റെ മനോഹരവും ,വൈകൃതവുമായ അവസ്ഥയെപ്പറ്റിയും, സ്ത്രീയുടെ ഘടന തന്നിൽ മിന്നൽപിണർ ഉളവാക്കാൻ കഴിവുള്ളതാണെന്നുമുള്ള യാഥാർത്ഥ്യത്തെപ്പറ്റിയും ആഴത്തിൽ ഉറപ്പിക്കണം. ഇത് പുരുഷന്റെ വൈകാരിക ഘടനയുടെ ഭാഗമാണെന്നു സ്ത്രീയും അറിയണം. അപ്പാൾ അടുത്ത ചോദ്യം. അറിഞ്ഞാൽ മാത്രം മതിയോ? ഇതെല്ലാം അറിയുന്ന ഒരാളല്ലേ കൊട്ടിയൂർ സംഭവത്തിലെ പ്രതി. ഇതെല്ലാം അറിയുന്നവരല്ലേ അദ്ധ്യാപകർ . അപ്പോൾ പ്രശ്നം വീണ്ടും ഗുരുതരമാണ്. ഇവിടെ ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു.

സ്ത്രീ ,പുരുഷൻ എന്ന ദ്വന്ദ്വത്തിൽ നിന്നു 'മനുഷ്യൻ' എന്ന ഏകത്വത്തിൽ ചിന്തിക്കണം. മനുഷ്യൻ- ആൺ ജാതിയോ, പെൺ ജാതിയോ അതോ ഭിന്ന ജാതിയോ - ലിംഗത്തിനപ്പുറമായി പരസ്പരം ആദരിക്കപ്പെടാൻ, ബഹുമാനിക്കപ്പെടാൻ തുടങ്ങണം. ഒരുവൻ / ഒരുവൾ അനുവാദം കൂടാതെ മറ്റൊരുവന്റെമേൽ ദുഷ്ടലാക്കോടെ കൈ വെക്കരുത്. പൊടുന്നനെ പൊട്ടി മുളയ്ക്കുന്ന  ബന്ധങ്ങളും ,അതിനെ തുടർന്നുള്ള സ്പർശനങ്ങളും വികലമായ വൈകാരിക ഇളക്കമാണെന്നു പരസ്പരം അറിയണം. സ്വയം അറിയുക എന്നുള്ളതാണു ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.

ഒരിക്കൽ G. K Chesterton എന്ന ചിന്തകനോട് ഒരു പത്രക്കാരൻ ചോദിച്ചു:
സർ ,ഈ ലോകത്തിനെന്താണു കുഴപ്പം? ( Sir,What is wrong with this world ?)
മറുപടി ,ആ പത്രക്കാരനെ ഞെട്ടിച്ചു.
അദ്ദേഹം പറഞ്ഞു ,
"ഞാൻ ആണ് (I am )"
അതെ. കുഴപ്പം നമുക്കാണ്.നമ്മുടെ ദുഷിച്ച ഹൃദയം. ഓരോ മനുഷ്യനും അവന്റെ ഹൃദയത്തെ പഠിക്കാൻ തുടങ്ങിയാൽ അവന്റെയുള്ളിലെ കുപഥ സഞ്ചാരിയെ കണ്ടെത്താൻ കഴിയും. അവിടെയാണു മാറ്റത്തിന്റെ തുടക്കം. വിദ്യാസമ്പന്നനായതുകൊണ്ടോ, ഉയർന്ന ശമ്പളമുള്ളതുകൊണ്ടോ,         മാന്യനായതുകൊണ്ടോ ഒന്നും ആ കെട്ടഴിഞ്ഞ കുതിരയെ മെരുക്കാൻ കഴിയണമെന്നില്ല. ഈ ഗുണ   ങ്ങളുള്ള ഒരു വ്യക്തിയുടെയുള്ളിൽ നിന്നും ഈ മൃഗം പുറത്തുചാടാൻ ഞൊടി നേരം മതി.അതാണു ഏറ്റവും അപകടരമായ അവസ്ഥ. അതേ സമയം സ്ത്രീ പരിപൂർണ്ണയാണെന്ന് മുദ്രയിടപ്പെടുന്നതുമില്ല. അവളും തന്റെയുള്ളിലെ പൈശാചികതയെ തിരിച്ചറിയണം. സ്വന്തം മകളെ മറ്റുള്ളവർക്ക് കാഴ്‌ച വച്ച അമ്മയെപ്പറ്റിയുള്ള ( വളരെ അപൂർവ്വമായിട്ടെങ്കിലും) വാർത്ത നാം കേട്ടിട്ടുണ്ട്. സ്വന്തം മകളെ ഉപേക്ഷിക്കുകയോ, കാമുകനാൽ കൊല്ലപ്പെടുവാൻ സാഹചര്യമൊരുക്കിക്കൊടുക്കുകയോ ചെയ്തിട്ടുള്ള സ്ത്രീകളും ഈ സമൂഹത്തിലുണ്ട്. അപ്പോൾ പ്രശ്നം സങ്കീർണ്ണമല്ലേ? മാനസികമായ ഒരു തലത്തിനപ്പറും ,അവനെക്കൊണ്ട് / അവളെക്കൊണ്ട് ഇത്തരം ഹീന പ്രവർത്തികൾ ചെയ്യിക്കുവാൻ അവനി(ളി)ൽ വ്യാപരിക്കുന്ന ഒരു പ്രേരകശക്തിയുണ്ട്           . വ്യക്തമായി പറഞ്ഞാൽ അവന്റെ(അവളുടെ)യുള്ളിലെ വ്യക്തിത്വത്തെ, മനുഷ്യത്വത്തെ ബലാൽക്കാരേണ അടയ്ക്കപ്പെട്ടിരിക്കുന്നു. ആ സ്ഥാനത്തു അവന്റെ(     അവളുടെ)യുള്ളിൽ വേറൊന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയല്ലെങ്കിൽ, ഒരമ്മയ്ക്കോ അച്ഛനോ സ്വന്തം മകളെ എങ്ങനെ നശിപ്പിക്കാൻ പറ്റും   .   കടിഞ്ഞാൺ പൊട്ടിയ ഒരു മൃഗം എനിയ്ക്ക് പകരം പ്രവർത്തിക്കുന്നുണ്ടെന്ന സത്യം ഓരോ വ്യക്തിയും തിരിച്ചറിഞ്ഞ് ,അതിനെ ജയിക്കാനുള്ള ഒരു ആത്മീയ ബോധം പ്രാപിക്കാൻ കഴിയുന്ന നിമിഷം ,മാറ്റത്തിന്റെ തുടക്കമായി.

സ്‌ത്രീയും പുരുഷനും തന്നേപ്പോലെ സ്വതന്ത്രമായി ചിന്തിക്കാനും, തീരുമാനമെടുക്കാനും അതിലുപരി സ്വയബോധവും ,ആത്മാഭിമാനവും ,സർവ്വോപരി ദൈവത്തിന്റെ സാദൃശ്യമുളള സൗന്ദര്യമുളള മനുഷ്യനാണെന്നു ഓരോരുത്തർക്കും ബോധ്യം വരുന്ന മാത്രയിൽ ബന്ധങ്ങൾ പുനർ നിർവ്വചിക്കപ്പെടും. അപ്പോഴും സ്ത്രീയ്ക്കും പുരുഷനും പരസ്പരം ശാരീരികമായും, മാനസികമായും ,വൈകാരികമായും അടുക്കുവാൻ പ്രകൃതി തന്നെ അനുവദിച്ചിരിക്കുന്ന അനന്തമായ സ്വാതന്ത്ര്യവും, ആ ബന്ധത്തിന്റെ സൗന്ദര്യവും കെടാതെ നിൽക്കും.

എന്തിന് നാം രണ്ടായി സൃഷ്ടിക്കപ്പെട്ടു? നീ പെണ്ണും ,ഞാൻ ആണും.ഓരോ പുരുഷനും, സ്ത്രീയും ഇതിന്റെ ഉത്തരം സ്വതന്ത്രമായ ചിന്തയിലുടെ കണ്ടെത്തട്ടെ...
റോബിൻ.കെ.ജോർജ്

മുറിച്ചുമാറ്റിയ നന്മകള്‍..!-സന്തോഷ് മലയാറ്റിൽ














സന്തോഷ് മലയാറ്റിൽ




മുറിച്ചുമാറ്റിയ നന്മകള്‍..!

മീനചൂടില്‍ സൂര്യന്‍
വിയര്‍ത്ത പകലിനോട്
ജലസമൃദ്ധിതേടിപ്പോയ
മനുഷ്യന്റെ കഥ
പറയാന്‍ തുടങ്ങി..!

പൊള്ളിയടര്‍ന്ന ഹൃദയത്തിന് 
നീര്‍തേടിപ്പോയ മരങ്ങളുടെ 
ജീവന്‍ പകുതിയില്‍ ബാക്കിവെച്ച
പ്രാണന്റെ നെടുവീര്‍പ്പുകള്‍..!

തന്നിലവശേഷിക്കുന്ന
പച്ചപ്പിലേക്ക് ആഴ്ന്നിറങ്ങിയ
മഴുവിന്റെ നിസ്സഹായതയില്‍
ജീവനൊടുങ്ങുമ്പോള്‍.
ഞാന്‍ നിന്നോട് മന്ത്രിച്ചത്
വരണ്ട ആകശങ്ങളെ കുറിച്ചും
നീര്‍വറ്റിയ ഭൂമിയെക്കുറിച്ചും
പ്രകാശം വറ്റിയ 
നക്ഷത്രങ്ങളെക്കുറിച്ചുമായിരുന്

ആരാണ് നിന്റെ കാതുകള്‍
കൊട്ടിയടച്ചത്..?

പക്ഷേ ,
ഇപ്പോള്‍ നിന്റെ മുഖത്ത്
ആത്മഹത്യക്കൊരുങ്ങിയവന്റെ
ആത്മവിശ്വസമെനിക്ക്
തെളിഞ്ഞു കാണാം...!!

ചന്തു-

കാർട്ടൂൺ24-മനോജ് മൂക്കൻതോട്ടം

വിഷു'ഹണി'

മക്കളറിയാൻ-സുഹറ പടിപ്പുര















സുഹ്‌റ പടിപ്പുര 
മലപ്പുറം- കാളികാവ് സ്വദേശി 
അടക്കാക്കുണ്ട് ക്രസന്റ് 
ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക. 
ഭർത്താവ് :അബ്‌ദുൾ ഷുക്കൂർ (അധ്യാപകൻ) 
മകൾ :ഹിബ ഫെബിൻ



മക്കളറിയാൻ

ഇരുണ്ട് -മെലിഞ്ഞ് 
ചുക്കിച്ചുളിഞ്ഞ ഒരമ്മയെ 
വീണുകിട്ടിയിട്ടുണ്ട്.... 
ഏകദേശം എൺപത്-
വയസ് പ്രായംതോന്നിക്കും ചലമൊലിക്കുന്ന -
വ്രണങ്ങൾകൊണ്ടാകാം 
മുടന്തിയാണ് നടപ്പ് 
വളരെകുറച്ചേ-
സംസാരിക്കൂ.... 
മക്കളെകുറിച്ചു ചോദിക്കുമ്പോൾ മാത്രം 
കേൾവിക്കുറവുണ്ട്... 
എങ്കിലും -
നാലഞ്ചെണ്ണത്തിനെ- 
യെങ്കിലും ചുമന്നുപെറ്റതാണെന്ന് 
ചുളിഞ്ഞുതൂങ്ങിയവയറും 
മാറിടവും വിളിച്ചു- പറയുന്നുണ്ട്... 
പ്രതീക്ഷയുടെ വെളിച്ചം
കെട്ടതെങ്കിലും -കണ്ണുകൾ
ആൾക്കൂട്ടത്തിൽ ആരെയോ വൃഥാ -
തിരയുന്നുണ്ട് ... 
മുഷിഞ്ഞുനാറുന്ന ഭാണ്ഡത്തിൽ ഇടയ്ക്കിടെ 
എന്തോ പരതുന്നുണ്ട് -
ഒരുപക്ഷെ ;
നടതള്ളിയതറിഞ്ഞപ്പോൾ
മറന്നുവച്ച
മനസ്സായിരിക്കാം... 
കണ്ടെത്തി-
ഏൽപ്പിക്കാനല്ല 
അമ്മയെ വട്ടംപിടിച്ചു വാശിയോടെ-
കരഞ്ഞിരുന്ന മക്കളറിയാൻവേണ്ടി-
മാത്രം... 
പൂപ്പൽപിടിച്ചൊരുപാക്കറ്റ്  അരിമുറുക്ക് 
ഇപ്പോഴും നിങ്ങളെ -
കാത്തിരിപ്പുണ്ട് ;
ചീഞ്ഞു നാറുന്ന- ഭാണ്ഡത്തിനുള്ളിൽ.... !!

സുഹറ പടിപ്പുര