Friday, 10 March 2017

വീണ്ടുമൊരു ജല ദിനമെത്തുമ്പോൾ-അജിത പാടാരിൽ














അജിത പാടാരിൽ
തൃശൂർ

     വീണ്ടുമൊരു ജല ദിനമെത്തുമ്പോൾ 


ജലം അമൂല്യമാണെന്നും ,അത് കരുതലോടെ ഉപയോഗിക്കണമെന്നും നമ്മെ വീണ്ടും ,വീണ്ടും ഓർമിപ്പിച്ചുകൊണ്ട് ഒരു ജലദിനം കൂടി കടന്നു വരുന്നു .കേവലം പ്രതിജ്ഞകളിലും പ്രഖ്യാപനങ്ങളിലും മാത്രം ഈ സന്ദേശത്തെ കുരുക്കിയിട്ടിട്ട് ,നാം വരൾച്ചയുടെ ദുരിതത്തിലേയ്ക്ക് കൂടുതൽ വേഗത്തിൽ നടന്നടുക്കുന്നു.ഒരു ദിനാചരണത്തിന്റെയും 'പിൻബലമില്ലാതെ പലതുള്ളികൾ ചേർന്ന് പേരുവെള്ളമായി'മാറുമെന്ന് തിരിച്ചറിഞ്ഞു മഴക്കാലത്തെ ആഹ്ലാദപൂർവ്വം വരവേറ്റ് സംരക്ഷിച്ചിരുന്ന ഒരു ഭൂതകാലം നമുക്ക് ഉണ്ടായിരുന്നു.

44 നദികളും ,വർഷതോറും ശരാശരി 300 cm മഴയും ലഭിച്ചിട്ടും മഴക്കാലം കഴിയുന്നതോടെ കുടിവെള്ളിത്തിനായി നെട്ടോട്ടമോടുന്ന നാം ഇനിയും ഈ ജലദൗലഭ്യത്തിന് ശാശ്വതപരിഹാരം തേടാൻതയ്യാറാകതെന്തേ!

കാടുകളും പാടങ്ങളും നികത്തിയും ,മലകളും കുന്നുകളും ഇടിച്ചും പ്രകൃതിയെ ചൂഷണം ചെയ്ത നാം 'മുന്നേറുമ്പോൾ',വിജയശ്രീ ലളിതരായി ഒരുകൂട്ടർ നമ്മുടെ ചുറ്റും തഴച്ചുവളരുന്നത് നാം തിരിച്ചറിയാതെ പോകുന്നു.പ്രകൃതി അതിന്റെ എല്ലാ സൃഷ്ടി കൾക്കുമായി സൗജന്യമായി കരുതിവച്ചിരുന്ന കുടിനീര് കുപ്പിയിലും ടാങ്കുകളിലുമാക്കി വിപണിയിൽ എത്തിച്ചു ലാഭം കൊയ്യുന്ന കുടിവെള്ള മാഫിയകൾ.

ഇനിയൊരു ലോകയുദ്ധം ഉണ്ടാവുകയാണെങ്കിൽ അത്  കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന മുന്നറിയിപ്പ് സാർത്ഥകമാക്കുന്ന വിധത്തിലാണ്  ഓരോ വേനലും കടന്നു പോകുന്നതു.

രൂക്ഷമായ കുടിവെള്ളക്ഷാമം ,അസഹ്യമായ ചൂട് ,കാട്ടുതീ ,ഉഷ്‌ണതരംഗം  എന്നിങ്ങനെ കേരളം സമീപകാലത്തു നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ അതിരൂക്ഷമാണ്.ശാസ്ത്രീയമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയില്ലെങ്കിൽ ഒരിറ്റ് ദാഹജലത്തിനായി പരസ്പരം കലഹിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നാം എത്തിച്ചേരുക തന്നെ ചെയ്യും.

പ്രകൃതിയെ നിരീക്ഷിച്ചും പ്രകൃതിയോട് ഇണങ്ങിയും  കഴിഞ്ഞിരുന്ന ഒരു തലമുറയിൽ നിന്നും വിഭവങ്ങളെ ചൂഷണം ചെയ്യുന്ന ആധുനികതയിലേക്കു  നാം ചുവടുവെച്ചപ്പോൾ
നഷ്ടപ്പെട്ട പച്ചപ്പും ,ലോറികേറിയ കുന്നുകളും ,  മാലിന്യകൂമ്പാരങ്ങളായി മാറിയ ജലസ്രോതസ്സുകകളുമെല്ലാം കടുത്ത വരൾച്ചയ്ക്ക് ആക്കം കൂട്ടുന്നു.

ജീവിതശൈലിയിൽ വന്ന മാറ്റങ്ങളോടൊപ്പം വികസന കാഴ്ചപ്പാടുകളും കാർഷിക മേഖലയോടുള്ള അവഗണയും എല്ലാം ചേർന്ന്  കേവലം പരിസ്ഥിതി പ്രശ്നങ്ങൾക്കപ്പുറം ജലക്ഷാമം ഒരു സാമൂഹികദുരന്തമായി മാറുന്ന സ്ഥിതിവിശേഷമാണിന്നു.ഞാനും ,എന്റെ കുടുംബവും മാത്രം എന്ന് ചിന്തിക്കുന്ന നാം ,ആൾമാറ കെട്ടി  തിരിച്ച  എന്റെ കിണറ്റിലെ  
വെള്ളം എന്നും ശുദ്ധമായിരിക്കും സമൃദ്ധമായിരിക്കുമെന്ന് അഹങ്കരിക്കുന്നു.പുരപ്പുറത്തു വീഴുന്ന വെള്ളത്തെ നിർദാക്ഷിണ്യം  ഒഴുക്കി കളയുന്നു. അക്വേപ്യൂരിഫയറും ,എ.സിയും ,കുപ്പിവെള്ളവും അഭിമാനചിഹ്നങ്ങളായി മാറിയിരിക്കുന്നു.

ഏതൊരു സാമൂഹികപ്രശ്നവും ആദ്യം നേരിടേണ്ടിവരിക ആ സമൂഹത്തിലെ ദരിദ്രജനവിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമാണലോ?വർധിച്ചുവരുന്ന കുടിവെള്ളക്ഷാമവും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ-സാമ്പത്തിക നിലവാരത്തെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

ദിനാചരണങ്ങൾ കേവലം പ്രഹസനകളായി മാറാതെ വരാനിരിക്കുന്ന കൊടും വരൾച്ചയിൽ നിന്നും  രക്ഷനേടാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളായി മാറ്റാൻ നമുക്ക് കൈകോർക്കാം.


Thursday, 9 March 2017

സിജ്നയുടെ പിൻകോഡ്..! ( ഒരു കഥയുണ്ടായ കഥ)-രതീഷ് കെ എസ്

രതീഷ് കെ എസ്
                     സിജ്നയുടെ പിൻകോഡ്..!
( ഒരു കഥയുണ്ടായ കഥ)


".....സിജ്ൻ എന്നുപറഞ്ഞാ ജയില് അപ്പൊ സിജിനാന്ന് പറഞ്ഞാ എന്താ സിജ്ജൂട്ട്യേയ് " 
ദാദാബായ് നവറോജിയുടെ താടിയുള്ള ഉസ്താദ് പറഞ്ഞപ്പോൾ ഞാൻ കുലുങ്ങിച്ചിരിച്ചു....
പന്ത്രണ്ട് കൊല്ലം കഴിഞ്ഞ് അരിമൊതലാളി സലാഹുദീൻ തങ്ങളുടെ മൂത്തമോൻ എന്നെ കെട്ടിയപ്പോഴാണ് ആ പേരിന്റെ അർഥം പൂർണമായും മനസിലായത്...

ഒരുവർഷം കഴിഞ്ഞിട്ടും ഗർഭലക്ഷണങ്ങളില്ലാന്നുകണ്ട് എന്റെ ചാക്രികതയെ  കുറ്റം പറഞ്ഞ് , കുറേ മരുന്നും വാങ്ങിത്തന്ന് റഷീദ് തങ്ങൾ ദുബായിലെ സൂപ്പർ മാർക്കറ്റ് നോക്കിനടത്താൻ പോയി. രണ്ട് മാസം കൂടുമ്പോൾ വരും സന്താനോല്പാദന ശ്രമങ്ങൾ നടത്തും തിരിച്ചുപോകും...

ആ വീടിന്റെ മതിലിനപ്പുറം സൂര്യൻ പോലും വരാറില്ലെന്നെനിക്ക് തോന്നും. റഷീദിന്റെ കുഞ്ഞാപ്പയുടെ മകൾ ഫിദയും ഞാനും ഒരുമിച്ചാ പോസ്റ്റൽ അസിസ്റ്റന്റ് പരീക്ഷ എഴുതിയത് . അവൾക്ക് ജോലിക്കുള്ള കാർഡ് നേരത്തേ കിട്ടി. റഷീദ് പോയതിന്റെ പതിനാലാം നാൾ എനിക്കും കിട്ടി, ഹാലിളകിവന്ന അരിക്കാരനെ തടഞ്ഞത് കുഞ്ഞാപ്പയായിരുന്നു...
ഭഗത് സിംഗിന്റെ മീശയുള്ള കുഞ്ഞാപ്പ. വീടിന്റെ പത്തുകിലോമീറ്ററപ്പുറത്തെ പോസ്റ്റാഫീസ് എന്റെ പിൻ കോഡായി.. ചുവപ്പും മഞ്ഞയും കലർന്ന  ഒരു സ്കൂട്ടർ വാങ്ങിത്തന്നതും പഠിപ്പിച്ചതും ഉപ്പതന്നെ...

എട്ടുമണിക്ക് പോസ്റ്റാഫീസിന്റെ മുന്നിൽ ഞാനുണ്ടാകും. ഒൻപത് മണിക്ക് മുൻപോ ശേഷമോ ആ സ്ഥാപനം തുറക്കാറില്ല ബ്രിട്ടീഷുകാരന്റെ ചിട്ട...
തീപിടിച്ച പുരയിൽ നിന്ന് തകർന്ന കപ്പലിലേക്കാണെങ്കിലും....
പോസ്റ്റാഫീസ് തുറന്ന് സ്റ്റാമ്പ് സീലിന്റെ തീയതി മാറ്റിക്കഴിഞ്ഞാൻ ഞാൻ എന്റെ കറുപ്പഴിക്കും. ഉള്ളിലെ നിറങ്ങളിലാകും എന്നെ പിന്നെ കാണാനാവുക. കറുപ്പുടുത്ത് പോകണമെന്നത് റഷീദിന്റെ ഉമ്മയുടെ വാശിയാ....
കറുപ്പിന്റെ ഉള്ളിൽ കുറേ നല്ല നിറങ്ങൾ മറച്ചുവച്ച് ഞാനും...

അതുകഴിഞ്ഞ് മെയിലുവരാൻ ഒരു കാത്തിരിപ്പാണ്... ഉപ്പ പറഞ്ഞതോർമ്മയുണ്ട് അരയിൽ കത്തിയും തിരുകി, പണപ്പെട്ടിയും തൂക്കി, കൈയിൽ മണിയുമായി നിൽക്കാതെ  ഓടുന്ന അഞ്ചലോട്ടക്കാരൻ.....
മഞ്ഞയും ചുവപ്പും കലർന്ന വണ്ടിയിൽ കാക്കിയുടുപ്പിന്റെ ആദ്യകുടുക്കുകൾ സ്വതന്ത്രമാക്കി നെഞ്ചിലെ രോമങ്ങൾ കാണിച്ച് ഇരു കൈകളിലും ചാക്കുകളുമായി  വരുന്ന അജയനെ ഞാൻ പഴയ അഞ്ചലോട്ടക്കാരനായി ഭാവന ചെയ്യാറുണ്ട്...

ഇതിനിടയിൽ സഹകരണബാങ്കിലെ നോട്ടീസ് അയയ്ക്കാൻ വരുന്ന പ്യൂൺ കട്ടിമീശയുള്ള സുധീർ,കെ എസ് എഫ് ഈ യിലെ വെളുത്ത് മെലിഞ്ഞ് ചന്ദനക്കുറിയിട്ട സുന്ദരൻ ചെക്കൻ, കഥകളൊക്കെ എഴുതി വാരികകളിൽ അയയ്ക്കുന്ന നിരാശനായ എഴുത്തുകാരൻ ഇവരൊക്കെയേ ഉണ്ടാകു...
ഡിപ്പാർട്ട് മെന്റ് നിക്ഷേപവും ഇൻഷ്വറൻസും തുടങ്ങിയതിൽ പിന്നെ പുതുതായി വന്ന രൂപേഷ്ക്കുമാറിന് എന്നെക്കുറിച്ച് പുകഴ്ത്താനേ സമയമുള്ളു...
എങ്ങനേലും ആൾക്ക് എന്നെ ഒന്ന് കിട്ടണം അതിന്റെ കഠിന ശ്രമത്തിലാണയ്യാൾ...

മെയിലുവന്നാൽ പിന്നെ സ്റ്റാമ്പുകളിൽ സീലുപതിക്കലാണെന്റെ ഇഷ്ടവിനോദം...ഗാന്ധിയുടെ ചിരിയും കണ്ണടയും എന്റെ നിക്കാഹ് നടത്തിയ ബ്രോക്കർ അലവിക്കുട്ടിയുടേതുപോലെയായിരുന്നു...ഒറ്റയിടിക്ക് അലവിക്കുട്ടിയുടെ മൂക്കിന്റെ പാലം ഞാൻ തകർക്കും...
പട്ടേലിന്റെ ആ നില്പും എന്റെ ഉപ്പാടെ ദയനീയമായ നില്പും തമ്മിൽ എനിക്ക് സാമ്യം തോന്നും..ഉരുക്കുമനുഷ്യന്റെ രൂപമേ ഉപ്പായ്ക്ക് ഉണ്ടായിരുന്നുള്ളൂ...ഉമ്മയും ആങ്ങളമാരെയും ഭയന്നുകഴിഞ്ഞിരുന്നാ ആ മുഖത്ത് സീലിന്റെ നിഴലേ പതിയൂ....
ഉസ്താദിന്റെ താടിയുള്ള നവറോജി, ഭഗത് സിംഗിന്റെ മീശയുള്ള കുഞ്ഞാപ്പാ. സരോജിനി നായിഡൂന്റെ സ്റ്റമ്പിൽ പതിയുന്ന സീലിന്റെ ശബ്ദം കേട്ട് രൂപേഷ് പോലും ഞെട്ടും ഉമ്മയുടെ മുഖാണ് അപ്പോൾ ഞാൻ ഓർക്കുക...
എന്റെ സീലടിക്ക് ഒരു വിചിത്ര താളമാണെന്ന് പോസ്റ്റ് മാസ്റ്ററും രൂപേഷും പറയും...
അലവിക്കുട്ടിയേയും ഗാന്ധിയേയും കൂട്ടിക്കെട്ടി പകപോക്കുന്ന വിചിത്രഭാവന അവർക്കെങ്ങനെ മനസിലാകാൻ...?

ജയേട്ടന്റെ മെയിലുപോയാൽ പിന്നെ. കത്തുകളുമായി ഞാൻ ഊരുചുറ്റും. മാധവൻ മാഷ് എട്ടാം ക്ലാസിൽ പഠിപ്പിച്ച തപാൽ ശിപായി എന്ന നാടകത്തിലെ ഡയലോഗ് ഓർക്കും...

ഞാനൊരു തപാൽ ശിപായിയായിരുന്നെങ്കിൽ എല്ലായിടത്തും പോകാമായിരുന്നു, എല്ലാവരെയും കാണാമായിരുന്നു, എല്ലാവരോടും സംസാരിക്കാമായിരുന്നു....

കത്തും പാഴ്സലും പെൻഷനും മണിയോഡറും ഒക്കെ ചേർത്താലും ഒരുമണിക്കൂറിൽ കൂടുതൽ ചുറ്റാനുണ്ടാകില്ല...
എന്നിട്ടും കൂട്ടുകാരുടെ വീടും പുഴക്കരയും സ്കൂളിന്റെ പരിസരോം..ഞാൻ വെറുതേ പോകും...അഞ്ചുമണിക്ക് എല്ലാം ഏല്പിച്ച് കറുപ്പുടുത്ത് സൂര്യനുദിക്കാത്ത സാമ്രാജ്യത്തിലേക്ക് പോകും...

സഹകരണബാങ്കിന്റെ കത്ത് കൊടുക്കാനായിട്ടാണ് അനന്തൻ, ശ്രീനിലയം , എന്ന വിലാസം തിരക്കിയിറങ്ങിയത്....
അത് അവനായിരുന്നു എന്റെ ആദ്യത്തേതും അവസാനത്തേതുമായ പ്രണയം...പൊളിഞ്ഞു വീഴാറായ ഓടിട്ട കൊച്ചുവീട്. നല്ല വെളുത്ത് മെലിഞ്ഞ ഒരു യുവതി കൈയിൽ ഒരു കുഞ്ഞുമായി ഇറങ്ങിവന്നു...
"അനന്തൻ..?"
" ചേട്ടൻ കിടപ്പിലാണ്.."
" ആരാ. എന്താ കാര്യം.."
അകത്തുനിന്നും വന്ന ശബ്ദം കാലം കുറച്ചായിട്ടും തിരിച്ചറിഞ്ഞു....

പത്താം ക്ലാസ് മുതൽ ഈ പൂച്ചക്കണ്ണൻ മിണ്ടാപ്രാണി എന്റെ  ക്ലാസിലായിരുന്നു...
ആൺകുട്ടികളുടെ ചെണ്ട, പെൺകുട്ടികളുടെ പാട്ടുപെട്ടി അധ്യാപകരുടെ നോട്ടപ്പുള്ളി.
നിത്യരോഗി..എന്നിട്ടും അനന്തൂനെ എനിക്കിഷ്ടായിരുന്നു...പന്ത്രണ്ടാം തരായപ്പോൾ അവൻ നീണ്ട് വളർന്ന് ഒരു സുന്ദരനായി എന്നിട്ടെന്താ ക്ലാസിലെ കൂരിക്കാസ് അജ്മലിനെ പോലും അവന് പേടിയായിരുന്നു...

ഫസ്ന പറയും
..... ദേ ആ മിണ്ടാപ്രാണിയ്ക്ക് കിട്ടിയ ജന്മം എനിക്കാർന്നെങ്കിൽ ഈ ക്ലാസിൽ തന്നെ മൂന്ന് പ്രസവം നടന്നേനേ. സിജുമോളേ നിന്നെ തന്നെ ഞാൻ രണ്ടുപ്രാവശ്യമെങ്കിലും...

നീട്ടിപ്പിടിച്ച കൈയുമായി അവളെന്റെ നെഞ്ചിനുനേരെ വരും
...എനിക്ക് അവനോട് പ്രണയമാണെന്ന് പറഞ്ഞപ്പോൾ സുധിയും ഫസ്നയും തലതല്ലി ചിരിച്ചു....

"ഒരു പ്രയോജനവും ഇല്ലമോളേ നീ കൊതിച്ച് കൊതിച്ച് കാത്തിരിക്കേയുള്ളൂ...."

മലയ്ക്ക് പോകാൻ മാലയിട്ട നാളിൽ അനന്തൂനെക്കാണാൻ എന്തു ഭംഗിയായിരുന്നു.. 
കുറിയിട്ട നെറ്റിയിൽ നിറയെ ഉമ്മവയ്ക്കാനും കുറ്റിത്താടിയിൽ വിരലോടിക്കാനും ആശിച്ചു...
പോയി വന്നിട്ടും ഷേവ് ചെയ്യരുതെന്ന് ഞാൻ പറഞ്ഞത് അവൻ കേട്ടു...
ലൈബ്രറിയിൽ വച്ച് താടിയിൽ വിരലോടിക്കാനും ഉമ്മ കൊടുക്കാനും ഫസ്ന അവസരം ഒപ്പിച്ചു തന്നു...

ഇതിനിടയിലാ അലവലാതി അലവിക്കുട്ടി അരിക്കടയും ചുമന്ന് വീട്ടിലേക്കുവന്നത്...പതിനെട്ട് വയസ്സും
നിക്കാഹും, പുരമാറ്റോം, 90% മാർക്കിലെ വിജയോം ഒക്കെ ഒരു സ്പീഡ് പോസ്റ്റിന്റെ വേഗത്തിൽ കടന്നുപോയി...

ഞാനെന്തെങ്കിലും പറയുമെന്ന് ഭയന്നാകാം അനന്തു നിർത്താതെ സംസാരിക്കുന്നു

 "..ഏട്ടന്റെ പെങ്ങളെ കെട്ടിക്കാനാ ഈ വീട് ബാങ്കിൽ വച്ചത്.
പെയിന്റ് പണിക്കിടയിൽ വീണതാ നട്ടെല്ലിന് പ്രശ്നോണ്ട്..  പതിനാലുമാസായി ഈ കിടപ്പ് കമ്പനിയിൽ നിന്ന് കിട്ടാറുള്ള കാശും നിലച്ചു...

ഞാൻ ലക്ഷ്മിയെ ചേർത്തു നിർത്തി..
പൂച്ചക്കണ്ണുള്ള മകന്റെ നെറ്റിയിൽ ഉമ്മ വച്ചു, ബാങ്കിന്റെ കത്ത് എന്റെ ബാഗിൽ സൂക്ഷിച്ചു വച്ചു....

കഴിഞ്ഞ തവണ റഷീദ് കൊണ്ടുവന്ന മൂന്ന് വളയും പോസ്റ്റാഫീസിലിട്ട കാശും ചേർത്ത് ലോണിന്റെ മുക്കാൽ ഭാഗവും അടച്ചു...
ബാക്കി തവണകളായി അടയ്ക്കാന്ന് ഞാൻ ഒപ്പിട്ടുകൊടുത്തു....
എല്ലാ മാസവും മണിയോഡർ മുടക്കില്ലെന്നും ഉറപ്പിച്ചു...

ഇതൊന്നുമല്ല കാര്യം ഈ സംഭങ്ങളെല്ലാം...
 ഒരു ഖദീജയുടെ പേരിൽ ഞാൻ നമ്മുടെ എഴുത്തുകാരന് അയച്ചുകൊടുത്തു...

...ദേ എട്ടുമണിക്ക് എന്നെ നോക്കി  ചിരിച്ച്... അയാളും പോസ്റ്റാഫീസ് തുറക്കാൻ കാത്തു നിൽക്കുന്നു...!!





ശിഷ്ടം- എം.സങ്
















എം.സങ്



ശിഷ്ടം



പകലിലേക്കൊരു തീവണ്ടി ഇരുട്ടിൻ ചുരം കടക്കുന്നു. കിതപ്പുകൾ നിശ്വാസങ്ങൾ മിടിപ്പുകൾ ഒക്കെയും ശാന്തമാകുന്നു . വെയിൽ തൊട്ട വിരൽത്തുമ്പിൽ പൊടിപിടിച്ചൊരു മഞ്ഞു തുള്ളി. ഇരുട്ടുകടന്നെത്തിയ കറുത്ത നായ കിതപ്പോടെ മുരളുന്നു. വഴിയരികിൽ മലിനത നിറഞ്ഞ പ്രഭാതത്തിൽ ഒരിക്കൽക്കൂടെ മൂക്കുതുളയ്ക്കുന്നത് ഏതു ഗന്ധമാണ്? നിഴൽ പിറന്നു വളരുന്നു . ചിരി മഴയിൽ നനഞ്ഞ രണ്ടു പെൺകുട്ടികൾ മിഴികൾ തുടയ്ക്കുന്നു . ചരൽ വഴിയേ വളഞ്ഞു പോകും കനവുകളെ ആരാകാം ദിശ തിരിച്ചത് ? ശ്മശാനത്തിൽ തീപ്പെട്ടു തീരാത്തൊരു ശരീരാവശിഷ്ടം. മുടിയഴുകിയ പൂവുകൾ മണമകന്ന് കരിയുന്നു. ശിഷ്ടമായ് എന്തെന്ന ചോദ്യം അവശിഷ്ടമാകുന്നു! നിറങ്ങൾ നഷ്ടപ്പെട്ട കാഴ്ചക്കാരാ നിന്റെ കണ്ണുകൾ വെളിച്ചമേകാൻ ഏതു പ്രഭാത സൂര്യന്റെ വിറച്ച വെളിച്ചത്തിനാണ് ആവുക!

Wednesday, 8 March 2017

കാർട്ടൂൺ15-മനോജ് മൂക്കൻതോട്ടം

വനിതാദിന ആശംസകൾ 

'പാറ്റേൺലോക്ക്' ഒരു വായന -സ്വപ്ന റാണി














സ്വപ്ന റാണി 
എച്ച്‌ .എസ്സ് .എ  മലയാളം
ഡി.ജി.എച്ച് .എസ്സ് താനൂർ

                        'പാറ്റേൺലോക്ക് ' ഒരു വായന




 നവ മാധ്യമങ്ങളിലൂടെ എഴുത്തിൽ സജീവമായ കഥാകാരനാണ് ശ്രീ. രതീഷ് കെ.എസ്.അദ്ദേഹത്തിന്റെ ആദ്യസമാഹാരമായ പാറ്റേൺലോക്കിൽ 23 കഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.നിലവിലുള്ള സമൂഹത്തിന്റെ വ്യവസ്ഥാപിത കാപട്യങ്ങളെ അൺലോക്ക് ചെയ്ത് നമ്മുടെ മുന്നിലെത്തിക്കുന്നു എഴുത്തുകാരൻ.
          ഒരു പ്രമുഖ വാട്സപ്പ് കൂട്ടായ്മയിൽ നിന്നും നേരത്തെ തന്നെ വായിക്കാനിടയായവയാണ് ഈ പുസ്തകത്തിലെ മിക്ക രചനകളും. എഴുത്തുകാരൻ എന്ന നിലയിൽ നിരന്തരം സർഗസൃഷ്ടി നടത്തിക്കൊണ്ടേയിരിക്കാനുള്ള രതീഷിന്റെ കഴിവിനെ അത്ഭുതാദരങ്ങളോടെ മാത്രമേ കാണാനാവൂ.
         വളരെ പരിചിതമായ ഇടങ്ങളിൽ നിന്ന് കണ്ടെത്തപ്പെടുന്ന കഥാതന്തുവിനെ തീക്ഷ്ണമായും ദുർഗ്രഹത ഇല്ലാതെയും അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിക്കുന്നു . കഥാനായകൻ എല്ലാ കഥയിലും 'ഞാൻ ' തന്നെ ആകുന്നതിനെ ഒരു കഥാപാത്രം കയറി വിമർശിക്കുന്നുണ്ട് കുഴിയാനക്കാലം എന്ന കഥയിൽ. സ്കൂളും ആശുപത്രിയും അനാഥാലയവും യാത്രയുമൊക്കെ കഥാപശ്ചാത്തലമാകുന്നു.
     '   മനുഷ്യ സ്നേഹത്തിന്റെ വിശാലമായ തലങ്ങൾ ബംഗാളി തീവണ്ടിയിലും രഘുപതിയമ്മാളിലും ദീപാലിയിലുമെല്ലാം ഇടം നേടുന്നു.എന്നാൽ അത്തരം സ്നേഹപ്രകടനങ്ങൾ പോലും സ്വയംപേരു കേൾപ്പിക്കുന്നതിന് ഉപാധിയാക്കി മാറ്റുന്നവരെയും മൂപ്പരുടെ നാമത്തിൽ എന്ന കഥയിലൂടെ അവതരിപ്പിക്കപ്പെടുന്നു.
      സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ച് നിലവിലുള്ള സങ്കല്പങ്ങളെ വെല്ലുവിളിക്കുക എന്ന ഒരു ദൗത്യവും കഥാകൃത്ത് ഏറ്റെടുത്തതായി തോന്നിയേക്കാം വായനക്കാർക്ക് .ചില കഥകളിലെങ്കിലും അത്തരം ഇടങ്ങൾ മനപ്പൂർവ്വം മെനഞ്ഞെടുക്കുന്നുണ്ടോ എന്ന ഒരു വിമർശനവും ഉയരുന്നു.

        പരിസ്ഥിതിയോടും സഹജീവികളോടും ഉള്ള ധനാത്മക നിലപാടുകൾ ,വ്യവസ്ഥാപിതത്വത്തോടുള്ള വെല്ലുവിളികൾ ,സ്വയം വിമർശനം, സ്വന്തം ഇടങ്ങളേയും മനുഷ്യാവസ്ഥകളേയും സൂക്ഷ്മനിരീക്ഷണം നടത്താനുള്ള ശേഷി, സാങ്കേതികത സൃഷ്ടിക്കുന്ന കാപട്യത്തിന്റെ പുതുവഴികൾ ഇങ്ങനെ ബഹുമുഖമായ ഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട് പാറ്റേൺലോക്ക് എന്ന സമാഹാരത്തിലെ കഥകൾ.

മുന്‍കരുതല്‍-കാർട്ടൂണിസ്റ്റ് ശ്രീ


മുന്‍കരുതല്‍

Tuesday, 7 March 2017

ഇനി ഞാനുറങ്ങട്ടെ-ഷീബ. എം. ജോൺ














ഷീബ. എം. ജോൺ

ഇനി ഞാനുറങ്ങട്ടെ
ജനലരികിലേതോ മഴപ്പക്ഷി പാടുന്നു കാറ്റിന്‍റെ കൈകോർത്തു മാടി വിളിക്കുന്നു, പൊലിയാതെ നിൽക്കുന്ന കനവിന്‍റെ നാളത്തിൻ തിരി താഴ്ത്തിയൊന്നു ഞാൻ മെല്ലെയുറങ്ങട്ടെ. കനൽ തിന്ന പാതയിൽ പാദങ്ങൾ വേവാതെ വേനൽ കനക്കുമീ ദേഹത്തെയോർക്കാതെ, മോഘമോഹങ്ങളെ നെഞ്ചോടു ചേർക്കാതെ ഉണരാത്ത പകലിനായ് ഞാനൊന്നുറങ്ങട്ടെ. സമ്മോഹനങ്ങളിൽ കണ്ണേറയയ്ക്കാതെ കാമകാണ്ഡങ്ങളിൽ മുറിവേറ്റു വീഴാതെ, ചാരിത ചിത്തത്താലാകെത്തളിർക്കാതെ സ്വപ്നങ്ങളില്ലാതെ ഞാനൊന്നുറങ്ങട്ടെ. ഇഴയടുപ്പം ചോർന്ന ബന്ധങ്ങളോർക്കാതെ ബധിര കർണ്ണങ്ങളിൽ പരിഭവം ചൊല്ലാതെ, തുലനപ്പെടുത്താതെ പരവേശമേശാതെ സുഗതങ്ങളോർക്കാതെ ഇനിയൊന്നുറങ്ങട്ടെ. ഇനിയില്ല മധുവൂറും പൂക്കളും ശലഭവും നിറകതിർച്ചന്തവും ഋതുഭേദ രാജിയും, ഇനിയില്ല പിഴകളിൽ കുതറുന്ന ഗണിതവും നിലതെറ്റിയോടുന്ന ഘടികാര സൂചിയും. ഉരിയാട്ടമില്ലാതെ ഉപചാരമില്ലാതെ, ഉണരാതെയുണരാതെ ഇനിയുറങ്ങീടവേ, മഷി മാഞ്ഞ ജീവിതപ്പുസ്തകത്താളുകൾ ചിതൽ തിന്നുമോർമ്മയായ്, മറവിയായ്ത്തീരട്ടെ

കാർട്ടൂൺ-ദിനേഷ് ഡാലി


സുരക്ഷിത