ഷീബ. എം. ജോൺ
ഇനി ഞാനുറങ്ങട്ടെ
ജനലരികിലേതോ മഴപ്പക്ഷി പാടുന്നു കാറ്റിന്‍റെ കൈകോർത്തു മാടി വിളിക്കുന്നു, പൊലിയാതെ നിൽക്കുന്ന കനവിന്‍റെ നാളത്തിൻ തിരി താഴ്ത്തിയൊന്നു ഞാൻ മെല്ലെയുറങ്ങട്ടെ. കനൽ തിന്ന പാതയിൽ പാദങ്ങൾ വേവാതെ വേനൽ കനക്കുമീ ദേഹത്തെയോർക്കാതെ, മോഘമോഹങ്ങളെ നെഞ്ചോടു ചേർക്കാതെ ഉണരാത്ത പകലിനായ് ഞാനൊന്നുറങ്ങട്ടെ. സമ്മോഹനങ്ങളിൽ കണ്ണേറയയ്ക്കാതെ കാമകാണ്ഡങ്ങളിൽ മുറിവേറ്റു വീഴാതെ, ചാരിത ചിത്തത്താലാകെത്തളിർക്കാതെ സ്വപ്നങ്ങളില്ലാതെ ഞാനൊന്നുറങ്ങട്ടെ. ഇഴയടുപ്പം ചോർന്ന ബന്ധങ്ങളോർക്കാതെ ബധിര കർണ്ണങ്ങളിൽ പരിഭവം ചൊല്ലാതെ, തുലനപ്പെടുത്താതെ പരവേശമേശാതെ സുഗതങ്ങളോർക്കാതെ ഇനിയൊന്നുറങ്ങട്ടെ. ഇനിയില്ല മധുവൂറും പൂക്കളും ശലഭവും നിറകതിർച്ചന്തവും ഋതുഭേദ രാജിയും, ഇനിയില്ല പിഴകളിൽ കുതറുന്ന ഗണിതവും നിലതെറ്റിയോടുന്ന ഘടികാര സൂചിയും. ഉരിയാട്ടമില്ലാതെ ഉപചാരമില്ലാതെ, ഉണരാതെയുണരാതെ ഇനിയുറങ്ങീടവേ, മഷി മാഞ്ഞ ജീവിതപ്പുസ്തകത്താളുകൾ ചിതൽ തിന്നുമോർമ്മയായ്, മറവിയായ്ത്തീരട്ടെ

No comments:
Post a Comment