
ജ്വാലാമുഖി
അധ്യാപിക
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി
ജലകന്യക
പാർക്കിലെ ബെഞ്ചിൽ..
ഇപ്പോഴിതാ, ബസ്സിനുള്ളിൽ..
ചാട്ടുളി പോലുള്ള ഒരു നോട്ടം സമ്മാനിച്ച് ഏതോ സ്റ്റോപ്പിലെ ഇരുട്ടിലേക്ക് അവൾ മറയുന്നു.
നീലക്കടലിരമ്പുന്ന ആ മിഴികൾ...
അതെന്റെ ഉറക്കം കെടുത്തിയിട്ട് ദിവസങ്ങളായി.
'ഡാനി.. എന്തുപറ്റി നിനക്ക് ?' അമ്മ പതിവില്ലാത്ത എന്റെ പിരിമുറുക്കം കണ്ട് ഭയപ്പെടുകയാണ്.
കടലെടുത്ത നാവികൻ ഡേവിഡിന്റെ പുത്രൻ.. മിടുമിടുക്കനായ വിദ്യാർത്ഥി.. ഉപരി പഠനത്തിന് ലണ്ടനിലേക്ക് പോകാൻ തയ്യാറെടുക്കുന്നവൻ.. പക്ഷേ ആ കത്ത് വന്നതു മുതൽ മനസ്സ് മറ്റൊരു വഴിയേ ..
വർഷങ്ങൾക്കു മുൻപ് കടലിൽ കാണാതായ ക്യാപ്റ്റൻ ഡേവിഡിന്റെ മകന് ജോലി വാഗ്ദാനം ചെയ്ത് ഷിപ്പിങ് കമ്പനിയുടെ ക്ഷണം.
കുഞ്ഞിലേ മുതൽ കേട്ടു വളർന്ന കടൽകഥകൾ നെഞ്ചിൽ പെരുകി.
ജലകന്യക വശീകരിച്ച് കടലാഴങ്ങളിലേക്ക് കൊണ്ടുപോയ നാവികന്റെ കഥ പറഞ്ഞു തന്നത് മുത്തശ്ശിയാണ്. ആ നാവികൻ തന്റെ അച്ഛനായിരുന്നു എന്ന് മനസ്സിലാക്കാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു .
നീലക്കണ്ണുകളും ചുവന്ന ചുണ്ടും വടിവൊത്ത ഉടലും അരയ്ക്ക് കീഴ്പ്പോട്ട് മത്സ്യത്തിന്റെ വാലുമുള്ള അതി സുന്ദരിയായ ജലകന്യക..
മനുഷ്യരെ വശീകരിച്ച് മയക്കി കടലിനടിയിലേക്ക് കൊണ്ടു പോകുന്നവൾ..
എനിക്ക് ചിരി വന്നു . എന്തൊക്കെ കഥകളാണ് ആളുകൾ മെനഞ്ഞുണ്ടാക്കുന്നത്!
കടലും ലണ്ടനും തുലാസിലിട്ടു. കടൽ ആകാശത്തോളം പൊങ്ങി . ലണ്ടൻ കടലോളം താണ്പരന്നു കിടന്നു .
പോകാൻ തയാറെടുക്കുമ്പോഴാണ് ആദ്യമായ് അവളെ കണ്ടത്. വെളിച്ചത്തിൽ മുങ്ങിയ തെരുവിൽ വച്ച് .. ചന്ദ്രബിംബം പോലെ മുഖവും നീല മിഴികളും... ഒറ്റ നിമിഷം .ആ കാഴ്ചയിൽ എനിക്ക് എന്നെ നഷ്ടപ്പെട്ടു .
തൊട്ടടുത്ത ദിവസം മഞ്ഞുറഞ്ഞ തടാകക്കരയിൽ.. അവൾ മഞ്ഞു പോലെ വെളുത്ത കോട്ടിനുള്ളിൽ കൈകൾ തിരുകി ആരെയോ കാത്തു നിൽക്കുന്നു.
പിന്നെയും കണ്ടു , പാർക്കിൽ വച്ച് .
എനിക്കരികിൽ ഇരുണ്ട പച്ച നിറത്തിൽ ഷാൾ പുതച്ച് ആഴക്കടൽ പോലെ ..
അവസാനം കണ്ടത് ബസ്സിലാണ്.
കൊളുത്തി വലിക്കും പോലെ ആ നോട്ടം...!
എന്റെ ഹൃദയം ചൂണ്ടയിൽ കുടുങ്ങിയ മീൻ പോലെ ..
തൊട്ടടുത്ത ദിവസം ഞാൻ യാത്ര തിരിച്ചു :ലണ്ടനിലേക്കല്ല, കടലിലേക്ക്..
ഷിപ്പിങ് കമ്പനിയുടെ പ്രത്യേക ഇളവുകൾ..സൌജന്യങ്ങൾ.. മാസങ്ങളുടെ പരിശീലനം ..
ഒടുവില്‍ കപ്പലിലേക്ക്.. കടലിലേക്ക്..
ആഴക്കടലിന്റെ രൌദ്രതയൊളിപ്പിച്ച ശാന്തത.
കറുത്ത ആകാശം . നക്ഷത്രക്കൂട്ടം പെറ്റുകൂട്ടുന്ന പ്രകാശത്തിന്റെ പൊട്ടുകൾ..
കപ്പലിന്റെ തുഞ്ചത്ത് മലർന്ന് കിടക്കുമ്പോള്‍ അവളെ ഓർത്തു.
ഓരോ നക്ഷത്രത്തിലും അവൾ...
സാഫോയുടെ വരികൾ നാവിലെത്തി.
'ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്നതെന്താവാം?
ഞാൻ നിന്നെ..
ഞാൻ നിന്നെ..
നക്ഷത്രങ്ങളേ
പകൽസ്വപ്നങ്ങളിൽ നിന്നിറങ്ങി വന്നാലും ..
ഈ നഗ്നതയിൽ മയങ്ങിയാലും..
സിരകളിൽ
മിഴികളിൽ
കൊഴുത്ത നാവിൽ
ദന്തനിരകളിൽ
ചുംബിച്ചാലും.
ഞാൻ നിന്നെ(എന്നെപ്പോലെ) സ്പർശിക്കട്ടെ'
മഴയുടെ പുറപ്പാട്. കപ്പൽ ഉലയുന്നുണ്ട്. മുഖത്തേക്ക് വീഴുന്ന മഴത്തുള്ളികളുടെ വരവ് പെട്ടെന്ന് തടയപ്പെട്ടതു പോലെ .. കണ്ണുതുറന്ന് നോക്കിയത് അവളിലേക്ക്.. എന്റെ തല അവളുടെ മടിയിലാണ്.
മുഖത്തേക്ക് മുഖം താഴ്ത്തി എന്നിലേക്ക് ഉറ്റു നോക്കി അവൾ..
മിന്നലിൽ പിടഞ്ഞു വീഴുന്ന ചുംബനങ്ങൾ..
അവളുടെ ചുണ്ടമരുന്നിടത്തെല്ലാം ആ പെരുമഴയിലും എനിക്ക് പൊള്ളി.
അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് നിലത്തമർന്നു.കയ്യിൽ വഴുവഴുപ്പ്..
അവളുടെ നീളൻ ഉടുപ്പിനുതാഴെ മത്സ്യത്തിന്റെ വാലനക്കം...
എന്റെ പിടി മുറുകി. അസാധ്യമായ മെയ് വഴക്കത്തോടെ അവൾ എന്നിൽ നിന്ന് വേർപെട്ട് കടലിലേക്ക് ചാടി ..
കലി കൊണ്ട കടലിന് കറുപ്പ് നിറമാണെന്നെനിക്ക് തോന്നി ..
ജ്വാലാമുഖി
No comments:
Post a Comment