
നൂറ.വി
പെണ്ണടര്
കാറ്റിന്റെ താരാട്ടിൽ
ആകാശങ്ങളെ കേട്ട്
വെയിലിനെ ചുംബിച്ചാണാ
പൂവുണർന്നത്,
നറുമിഴിക്കാഴ്ചകളിൽ
വേരറ്റങ്ങൾ
കല്ലുംമണ്ണും താണ്ടി
കാളകൂടം വലിച്ചൂറ്റി
ചുരുണ്ടുറങ്ങി,
നീലിച്ചതണ്ടിൽ
അഴുകിയടർന്ന
തൊലിയിൽ
ഒറ്റവിരലൂന്നി
പ്രാണനെ ചേർത്തവൾ
സ്വപ്നങ്ങളിലേറി,
ഇലപ്പച്ചകൾ
കരിമ്പടമണിഞ്ഞ്
ചോരനാക്കു നീട്ടി
തീതുപ്പി
കൊടും കാടായി,
ഇരുളിൻ ചുഴിയിലേക്ക്
ദൈവനാമത്തിന്റെ
വെളിപാടറിയിച്ച്
കടിച്ചെറിഞ്ഞപ്പോഴാണ്
ഗതികേടിന്റെ
കീറപ്പായ
വരിഞ്ഞു കെട്ടി
ഒറ്റ വീർപ്പിലവളൊരു
ചുട്ടുപഴുത്ത
നദിയൊഴുക്കായതും
ഉളളു പൊട്ടി
സർവ്വം തകർത്ത്
പള്ളിവാളിൽ
അവന്റെ കാമതേറ്റ
വെട്ടിയരിഞ്ഞ്
അലറി വിളിച്ചതും ....
ഇനി ,
വാഴ്ത്തപ്പെട്ടവളെ
മഴയറിയിക്കാതെ
ചില്ലിട്ടു മാറ്റിനിർത്തി
കർപ്പൂരം പുകച്ച്
അടക്കം പറഞ്ഞ്
കൊല്ലാതെ കൊന്ന്
ഊഴമിട്ട്
തളിർക്കാം നമുക്ക്
കൊതി തീരാതെ.....
നൂറ.വി
നല്ല രചന... ആശംസകള്‍....
ReplyDeleteGood
ReplyDelete