Saturday, 11 March 2017

"എന്റെ വായന"-ഗിരീഷ് വള്ളിയാട്









ഗിരീഷ് വള്ളിയാട്       
 "എന്റെ വായന

പാറ്റേൺലോക്ക് -രതീഷ് .കെ.എസ്സ് 
പ്രസാധകൻ:യെസ് പ്രസ്  ബുക്ക്സ് ,പേജ് 94 
വില :100 രൂപ 


സമകാലീന ജീവിതതിന്റെ വിചിത്ര സഞ്ചാരപഥങ്ങളിലെ സങ്കീർണതകളെ "പാറ്റേൺലോക്കിട്ടൂ"പൂട്ടുകയാണ്  രതീഷ് .കെ.എസ്സ്  എന്ന യുവകഥാകാരൻ. അദ്ദേഹത്തിന്റെ പാറ്റേൺലോക്ക്  എന്നെങ്കിലും നിങ്ങൾ തുറക്കുകയാണെങ്കിൽ ,കാണുന്ന വിസ്തൃതമായ ഡിസ്‌പ്ലേയിൽ തെളിഞ്ഞു വരുന്നത് ,പരിഷ്‌കൃതരെന്നു സ്വയം അഭിമാനിക്കുന്ന നമ്മുടെ തന്നെ അഴിഞ്ഞു വീഴുന്ന മുഖ പടങ്ങളായിരിക്കും...നമ്മുടെ ചുറ്റുപാടുമുള്ള പരിച്ഛേദം ഓരോ വരിയിലും നമ്മെ വിചാരണ ചെയ്യും.

ആഴമേറിയ തീവ്രജീവിതാനുഭവങ്ങളെ നനുത്ത ലാഘവത്തോടെ കൂലംകുത്തി ഒഴുക്കുകയാണ് കഥാകാരൻ.ഉള്ളിലെ അസ്വസ്ഥതകൾക്ക്  ശമനം കിട്ടാൻ എഴുതിയേ തീരൂ.ജീവിതം കഥയുടെ വിഭവ കാലവറയാണല്ലോ!രതീഷിന്റെ എഴുത്ത് നന്നായി എന്ന് ഞാൻ പറഞ്ഞാൽ അതിനർത്ഥം ,ജീവിത യാഥാർഥ്യങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുന്നതിൽ  രതീഷ്  വിജയിച്ചു എന്നാണ്  നിങ്ങൾ അർത്ഥമാക്കേണ്ടത് -സദാചാരത്തെയും സാമൂഹിക പദവികളെയും അവഗണിച്ചു പച്ച മനുഷ്യനെ പുറത്തു കൊണ്ടുവരാൻ കഥാകൃത്തും കാണിക്കുന്ന ധീരത അഭിനന്ദനീയം തന്നേ.ഇനിയും ആ ധീരത തിരിച്ചറിയാതെ ,വർണ്ണ -നാദ-രസ 
ഗ്രന്ഥികളുടെ ഇന്ദ്രിയ സംവേദനങ്ങളാൽ വരേണ്യ പദങ്ങളുടെ അകമ്പടി ചലിച്ചു അതിവിദഗ്ദ്ധമായി സമഗ്രാപഗ്രഥനം നടത്തി ,രതീഷിന്റെ കഥാലോകം ഉന്നിദ്രവും  ഭാസുരവുമാണെന്ന പതിവ് പല്ലവി പറഞ്ഞാൽ അത് വായനക്കാർക്കും പരിഹരിക്കപെടാത്ത വ്യഥകൾ മൗനത്തിൽ കൊണ്ടുനടക്കുന്ന കഥാകാരനും ,സമൂഹത്തിനും മുൻപിൽ എന്റെ ആത്മനിഷ്ഠ പ്രകാശിതമാവില്ല -തീർച്ച.

അക്ഷരങ്ങളിലേക്കാവാഹിച്ച 23 കഥകളുടെ സമാഹാരമാണ് പാറ്റേൺലോക്ക്.മറ്റുള്ളവർ നിസ്സാരമായി വിടുന്ന ,കണ്ടില്ല എന്ന് നടിക്കുന്ന പല സംഭവങ്ങളും രതീഷിന്റെ കഥയിടങ്ങളിൽ നൂറുമേനി കൊയ്ത്തു.
'മുള്ളലിന്റെ മണം 'ഒന്നാമത്തെ കഥയാണ് ,ഒന്നാം തരവും.നിരാലംബരും പാർശ്വവത്കരിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളുടെ അതിജീവനത്തിന്റെയ്യും ചൂഷണത്തിന്റെയ്യും പിന്നമ്പുങ്ങളിലെ ദുർഗന്ധം കഥ മണമായി മാറുകയായിരുന്നു.ബസ്സ് സ്റ്റാന്റിലെ മൂത്രപ്പുരയിൽ മരിച്ചുകിടക്കുന്ന 'അമ്മ -അമ്മക്കൊപ്പം കിടന്ന മൂന്നുവയസ്സുകാരൻ ,എപ്പോഴോ അനാഥാലയത്തിന്റെ ചുമരുകൾക്കിടയിൽ എത്തപ്പെടുന്നു.ഇന്ദ്രിയങ്ങളുറക്കാത്ത പ്രായത്തിൽ ഓർമകളിൽ അവനു അച്ഛനും അമ്മയുമെല്ലാം മൂത്രം പോലെ ചില ഗന്ധമായിരുന്നു.ചിന്താശേഷിയില്ലാത്തവണ്ണം നിസ്സംഗത പരിശീലിക്കാൻ സാഹചര്യം ഒരുക്കുമ്പോൾ അനാഥത്വത്തിന്റെ മുകളിലെ ,ലൈംഗിക അതിക്രമങ്ങളും ,വേട്ടയാടലുകളും ,അവനെ സ്വത്വം തിരിച്ചറിയാൻ  വയ്യാത്ത വിധം നിരാശനാക്കുന്നു'മുള്ളലിന്റെ മണംമുകുന്ദന്റെ ചില കഥാസന്ദർഭങ്ങൾ പോലെ തീവ്രമാണ് .

"അരുവാക്കോട്ടെ കുംഭങ്ങൾ"- ജീവിക്കാൻ വേണ്ടി ശരീരം വിൽക്കേണ്ടിവരുന്ന പാവം പെണ്ണുങ്ങളുടെ ആർദ്ര മനസ്സ് കൊത്തിവലിയ്ക്കുന്ന കഥയാണ്.ഗ്രാമത്തിലെ പെണ്ണുങ്ങളുടെ ചന്തിക്കൊത്ത കുടങ്ങളും ,അരക്കെട്ടുപോലുള്ള കൂജകളും ,കൈപോലെ കയ്യിലുകളും -'വീണതൻ കുടം പോലാ നിതംബം വീണുരുമ്മും..."വൈലോപ്പിള്ളിയുടെ വരികലോർമ്മപ്പെടുത്തുന്നു-മണ്ണും പെണ്ണും
കുഴഞ്ഞനാടിന്റെ ഉല്പത്തിയും അവിടെ മദജലമൊഴുക്കാനെത്തുന്ന അന്യ നാട്ടുകാരുടെ ചവിട്ടി കുഴക്കലുകൾ...ശതകാലം പഴക്കമുള്ള
'മൺകുടം' പോലെയുള്ള കഥതന്നെയാണ്...അരക്കെട്ടുറപ്പുള്ള പെണ്ണിനെ കാണാൻ മഴപോലെ കൃഷ്ണൻ വന്നു പോയി .
നൂറ്റൊന്നു കുടത്തിനു മണ്ണ് കുഴക്കുന്ന കണ്ണീരിൽ അമ്മ കഥ പറഞ്ഞു നിർത്തിയപ്പോൾ വായനക്കാരനും മീൻകറിച്ചട്ടിയിൽ
പൊന്തിക്കിടന്നു.ജീവന്റെ തുടർച്ച ഉറപ്പുവരുത്താൻ ലൈംഗികതയിൽ സുഖം ഒളിപ്പിച്ചുവച്ചതിന്റെ രസതന്ത്രമറിയാത്ത അഭിനവ സദാചാര വാദികൾക്കുള്ള താക്കീതും ,സ്ത്രീയെ അമ്മയായും പെങ്ങളായും കൂട്ടുകാരിയേയും ചേർത്തുപിടിക്കുന്ന കളങ്കമില്ലാത്ത സ്നേഹത്തിന്റെ നിറകുടം കൂടിയാണ് "അരുവാക്കോട്ടെ കുംഭങ്ങൾ"എന്ന കഥ...

"ബംഗാളി തീവണ്ടി"-യാകട്ടെ ബംഗാളിലെ നവോഥാനത്തിന്റെ അലയൊലികളിൽ ആവേശം കൊണ്ട് വംഗനാട്ടിലേക്ക് കള്ളവണ്ടി കയറിയ മലയാളി മനസ്സിനേറ്റ അസ്വസ്ഥത അങ്കിടുന്നു.ജിഷയുടെ കൊലപാതകം പോലെയുള്ള ആനുകാലിക സംഭവങ്ങൾ ,അന്യസംസ്ഥാന തൊഴിലാളികളോടുള്ള മലയാളത്തിന്റെ സമീപനത്തിനേല്പിച്ച ആഘാതം സൂഷ്മമായി നിരീക്ഷിക്കുകയാണീ കഥയിൽ.ബംഗാൾ ഒഴുക്കിവിട്ട നവോഥാനത്തിന്റെ അലയൊലികൾ ബംഗാളികളെ കാണുമ്പോൾ നമ്മെ സംശയാലുക്കളാക്കുന്നു."രഘുപതിയമ്മാൾസർക്കാർ ആശുപത്രിയിലെ അവഗണയും ,നിരാലംബതയും കാട്ടിത്തരുന്നു."പെൺകൊതിയനിലെ"ദിൽജിത ടീച്ചർ -സദാചാരക്കാർ വേട്ടയാടപ്പെട്ട   സ്‌ത്രീകളുടെ പ്രതിനിധിയാണ് .
"ദീപാവലി"എന്ന കഥ തുടങ്ങുന്നത് തന്നെ -"കരഞ്ഞു പോകാതിരിക്കാനാണ് ഞാൻ കഥ പറയുന്നത് "-എന്ന വാക്കോടെയാണ് .
രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ട നാടോടി സ്ത്രീയുടെ ജീവിത മണം എത്ര സാമൂഹ്യ  സംബന്ധിയാണ്.

"ബയോ ടോയ്‍ലെറ്റുകൾ"പൊതു ഇടങ്ങളിൽ മലയാളിയുടെ പെരുമാറ്റ വൈകൃതം പകർത്തുന്നു."ബലിദാനി"മൂരിക്കുട്ടന്റെ ദൈന്യത മാത്രമല്ല ,മലയാളിയുടെ ചർച്ച മേശയിലെ വിഭവം കൂടിയാണ്.ഘുപതിയമ്മാളിന്റെ വയറിളക്കത്തിന്റെ മണവും ,ബംഗാളിയുടെ ഇളയ പെണ്ണ് തൂറിയിട്ട മണവും രാധയുടെ വായ് നാറ്റത്തിന്റെ  മണവും ,തീവണ്ടി ബോഗിയിലെ കുത്തിനിറച്ച മണവുമൊക്കെ ,വൃത്താലംങ്കാര  പ്രയോഗങ്ങളുടെ സുഗന്ധ വരേണ്യ ഭാഷ തളിച്ചാൽ പോവില്ല.വഴിമാറിനടക്കാതെ വിരിമാരുകെട്ടി സ്വീകരിക്കുന്ന കഥാകാരനാണദ്ദേഹം.

ജീവിതത്തെ മൂടുപടമില്ലാതെ നഗ്നമായി കാണാൻ ശ്രമിക്കയാണ് .കുട്ടികാലത്തെ കാണാൻ ശ്രമിക്കയാണ്.കുട്ടികാലത്തെ സങ്കട പെയ്തുകളുടെ മുകളിലൂടെ അക്ഷരഘോഷയാത്ര നടത്തുകയാണദ്ദേഹം.ഒരു തുടക്കകാരന്റെ കാലടിക്കു ചൂട് പകരുന്ന അനുഭൂതി മാത്രമായി  ചുരുക്കാൻ കഴിയില്ല രതീഷിന്റെ കഥ പറച്ചിൽ ...തെളിഞ്ഞ ഭാഷയിൽ പങ്കുവയ്ക്കാൻ ഇത്രയേ ഉള്ളു.

സ്വയം മാറാനും പുതിയ ലോകക്രമം വരവേൽക്കാനും പാറ്റേൺലോക്ക് തുറന്നെ പറ്റൂ.പദസംയോഗങ്ങളുടെ പാറ്റേർണുകൾ  സൃഷ്ഠിച്ചുള്ള വിനിമയത്തിൽ പരാങ് മുഖത്വം പുലർത്തരുത്.രതീഷ് പുറത്തെറിഞ്ഞ ഇമേജുകൾ നമ്മെ വീണ്ടും വീണ്ടും ഉദ്ഗ്രഥിതമാക്കും.സാമൂഹിക ജീവിത വിനിമയത്തിൽ നിന്നുണ്ടാകുന്ന ഭാഷ യാഥാർത്ഥ അനുഭഭവങ്ങളുടെ പുറംതോട് പൊട്ടിച്ചിട്ട് വളർന്നവയാണ്.വിപ്ലവബോധമേഘവിസ്പോടനങ്ങളും ഫാസിസ്റ്റു ദംഷ്ട്രകളും  രതീഷിന്റെ അന്തർവാഹിനികളാണ് .ഓർക്കുക പാറ്റേൺലോക്കിന്റ  പാസ്സ്‌വേർഡ് മറന്നാൽ ഇൻകറക്റ്റും ,റോങ്ങും  ,ഒടുക്കത്തെ നിസ്സഹായതയിൽ ...
നന്ദി നമസ്കാരം



ഗിരീഷ് വള്ളിയാട്(9847632426 )







1 comment:

  1. നല്ല നിരൂപണം. പുസ്തകം വായിച്ചിട്ടില്ല. Great

    ReplyDelete