Friday, 24 March 2017

തിരുപ്പിറവി കാത്ത് കാത്ത്-പ്രേമരാജൻ.കെ.ആർ














പ്രേമരാജൻ.കെ.ആർ 


തിരുപ്പിറവി കാത്ത് കാത്ത്
ഭൂമിയിൽ കുഞ്ഞാടുകൾ ഇത്തിരി വറ്റിനും ദാഹജലത്തിനുമായി കേണു
ആട്ടിടയൻമാരുടെ രക്തം മണലിൽ ചുട്ടുപഴുത്തു
വയലേലകളിൽ വിയർപ്പു പുരണ്ട രക്തം ചാട്ടവാറുകൾ നക്കിത്തുടച്ചു
മഗ്ദലനമാരുടെ കരളുകൾ
 പാപികളുടെ കല്ലിനോട് കലഹിച്ചു മടുത്തു
നീതിമാന്റെ രക്തമാംസങ്ങൾ ചുങ്കക്കാർ അറുത്തുവിറ്റുകൊണ്ടിരുന്നു
ദേവാലയങ്ങളിൽ കച്ചവടക്കാർ തമ്പടിച്ചു
നീതിക്കായി തുറക്കാത്ത വാതിലുകളെ മടുത്ത
അമ്മമാർ പുൽക്കൂടുകളിലേക്ക് വലിച്ചെറിയപ്പെട്ടു
കണ്ടു മടുത്ത ആകാശ മേഘങ്ങൾക്കു നൊന്തു
ഒരു കണ്ണീർക്കണം ഭൂമിയിലേക്കു പെയ്തിറങ്ങി
മാലാഖമാരുടെ സഹതാപം മഞ്ഞായി പൊഴിഞ്ഞലിഞ്ഞു
പ്രതീക്ഷകളുടെ നക്ഷത്രങ്ങൾ തെളിച്ചു രാപ്പക്ഷികൾ കൂട്ടിരുന്നു
ആട്ടിയോടിക്കപ്പെട്ട ദൈവത്തിന്റെ കണ്ണീർക്കണം
പുൽത്തൊഴുത്തിലൊരു രക്തബിന്ദുവായി പിറന്നു വീണു
ഇടയവർഗ്ഗത്തിന്റെ ഒഴിഞ്ഞ വയറിന്റെ വേദന
നെഞ്ചിലെ തുടിപ്പാട്ടായി കൊട്ടിയുയർന്നു
ആഹ്ലാദത്തിരമാലകൾ കരോൾ ഗാനം പാടി പൂത്തുലഞ്ഞു
നക്ഷത്ര ലക്ഷണം കണ്ടറിഞ്ഞ പണ്ഡിതർ പറന്നു വന്നു
ക്രിസ്തുമസ് രാവുകൾ നല്ല വെള്ളിയാഴ്ചകൾ തിരഞ്ഞു പടർന്നു പന്തലിച്ചു
പുനർജ്ജനികളിൽ വീണ്ടും വിപ്ലവ നക്ഷത്രം ഉദിച്ചുയർന്നു -

ഒടുവിൽ എവിടെയാണത് സംഭവിച്ചത്
പുൽക്കൂട്ടിൽ നിന്നുമവൻ ചില്ലുമേടയിലേക്കും
കൊട്ടാരങ്ങളിലേക്കും താമസം മാറ്റിയത്
കുഞ്ഞാടുകളുടെ കിളുന്തു മാംസം വേവുന്ന ഗന്ധം
കുന്തിരിക്കപ്പുകകൾ മായ്ച്ചു കളഞ്ഞത്...
അതോ അവന്റെ തിരുരക്തം ഇപ്പോഴും അവശ ഹൃദയങ്ങളെത്തേടി
ഒരു പിറവിക്കായി കാത്തിരിക്കുന്നുവോ ...
തിരുപ്പിറവിക്കായി ഞാനും കാത്തിരിക്കട്ടെയോ ...
പ്രേമരാജൻ.കെ.ആർ 


No comments:

Post a Comment