Thursday, 16 March 2017

ഒരിടത്തൊരു പോസ്റ്റുമാൻ-ഷിഫാസക്തർ














ഷിഫാസക്തർ 




ഒരിടത്തൊരു പോസ്റ്റുമാൻ

ഗ്രാമത്തിലെ ഒരൊഴിഞ്ഞ ലോഡ്ജിലെ കുടുസു മുറിയിലാണ് ഗബ്രിയേലിന്റെ താമസം. പോസ്റ്റോഫീസിൽ ജോലിയുള്ളതിനാൽ അഞ്ചൽക്കാരൻ എന്നും അയാളറിയപ്പെട്ടു. ഗ്രാമത്തിലെ ചിതലെടുത്ത ഏത് നിമിഷവും തകർന്ന് വീഴാവുന്ന, ആഒറ്റമുറിക്കെട്ടിടത്തിലാണ് പോസ്റ്റോഫീസ്. അയാളെ കൂടാതെ ലത്തീഫെന്നൊരു താൽക്കാലിക ജീവനക്കാരനും കൂടിയേ ആ ഓഫീസിൽഉണ്ടായിരുന്നുള്ളു.
എന്നുംഗ്രാമത്തിലെ ഊടുവഴികളിലൂടെ കത്തുകളുടെ ഭാണ്ഡവും പേറി ഒരു ശുഭസൂചന പോലെ ഗബ്രിയേൽ നടന്നു മറയാറുണ്ടായിരുന്നു' എല്ലാവർക്കും ഗബ്രിയേലിനെ  അറിയാം.ഓരോ വീട്ടിലേയും വിശേഷ സന്ദർഭങ്ങളിൽ അയാൾ ഒരു സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഗ്രാമത്തോടുള്ള വെറുപ്പു കാരണം ജോലിയിൽ നിന്നുള്ള ഒരു വിടുതൽ അയാളാഗ്രഹിച്ചു. മേലാപ്പീസിൽ നിന്നും ഔദ്യോഗികമായി അത് ലഭിക്കുന്നത് വരെ അയാൾ കാത്തിരുന്നു. അതിന് വേണ്ടി അയാൾ നിരന്തരം ശ്രമിച്ച് കൊണ്ടേയിരുന്നു. എന്നെങ്കിലുമൊരിക്കൽ തന്റെ രാജി മേലാപ്പീസർ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ അയാൾ സ്വപ്നങ്ങൾ നെയ്തു.

മെയിലു കൊണ്ട് പോകുന്ന ലത്തീഫിന്റെ നിർവ്വികാരമായ മുഖത്തോട് ഗബ്രിയേലിന് ഒരിക്കൽ പോലും ഇഷ്ടം തോന്നിയില്ല. എന്തിനും വിഢിച്ചിരി ചിരിക്കുന്നതൊഴിച്ചാൽ ഗബ്രിയേലിന് അവനെക്കൊണ്ട് ശല്ല്യമൊന്നുമില്ല. ദിവസവും കത്തുകൾ  സഞ്ചിയിലാക്കി ലത്തീഫ് പുറപ്പെടുമ്പോൾ ഗബ്രിയേൽ മേലാപ്പീസർക്കുള്ള തന്റെ രാജിക്കത്ത് അവനെ ഏൽപിക്കാൻ മറന്നില്ല
-ഇനിയും വിടുതൽ നൽകിയില്ലെങ്കിൽ ഞാനാത്മഹത്യ ചെയ്യും
ഗബ്രിയേൽ പിറുപിറുക്കുമ്പോലെ പറഞ്ഞു.

ലത്തീഫ് പാട കെട്ടിയ കണ്ണ് കൾ കൊണ്ട് ഒന്ന് നോക്കി ഒരു വിഢിച്ചിരി ചിരിച്ചു.
ഇത്ര ജോലിഭാരം മാത്രമുള്ള ഈ ഓഫീസിൽ നിന്നും എങ്ങോട്ടാണ് ഗബ്രിയേൽ പോകുന്നത്?.
എന്തായിരിക്കും അയാളെ അലട്ടുന്ന പ്രശ്നം.ലത്തീഫിനൊപ്പം ഗ്രാമീണരും ഈ ചോദ്യം ആവർത്തിച്ചു.
ഒരു ദിവസം ഗബ്രിയേലിന്റെ കത്ത് വിജനമായ ഒരിടത്ത് വെച്ച് ലത്തീഫ് പൊട്ടിച്ചു വായിച്ചു.
സർ,
എണ്ണമറ്റ കത്തുകൾ ഞാനെഴുതി.ഞാനീ ജോലിയാരംഭിച്ചിട്ട് മുപ്പതിലേറെ വർഷങ്ങൾ കടന്നു പോയി. സേവനങ്ങളുടെ നിരവധി വർഷങ്ങൾ എന്റെ ഭൂതകാലത്തെ കടം കൊണ്ടിരിക്കുന്നു. മനോഹരമായ ജീവിത സായാഹ്നങ്ങൾ ഇനിയും എനിക്ക് നഷ്ടപെട്ടു കൂടാ. പ്രേത ഭവനം പോലെയുള്ള ഈ ഓഫീസിൽ ലത്തീഫുണ്ടായിട്ട് പോലും ഞാൻ തനിച്ചാണ് .
 കത്തുകൾ അയക്കാൻ വരുന്നവർ എന്നോ മരിച്ചവരെപോലെയാണ്....

എഴുതി പൂർത്തിയാകാത്ത ആ കത്ത് ലത്തീഫ് കാറ്റിൽ പറത്തി.
                  കത്തുകളുമായി എന്നും യാത്ര ചെയ്തൊടുവിൽ ഗബ്രിയേൽ ഇരുണ്ട ആ കുന്നുകളിലാണെത്തുക. അവിടെ വരെ എത്തിയാൽ പിന്നെ അയാൾ മടങ്ങുകയാണ് പതിവ്.
ആ കുന്നുകൾക്കപ്പുറം ലോകമുണ്ടോ? .ഭയം തളം കെട്ടി നിൽക്കുന്ന ആ കുന്നിൻ ചെരിവുകളിൽ ആളുകൾ താമസിക്കുന്നുണ്ട് എന്നയാൾക്കറിയാം. അവിടെ താമസിക്കുന്നവർക്ക് ആരും കത്തുകളയക്കാത്തത് എന്ത് കൊണ്ടാവും?'ഗബ്രിയേലിനെ അലട്ടിയിരുന്ന ചോദ്യങ്ങളായിരുന്നു ഇതെല്ലാം
            വർഷങ്ങൾ പിന്നെയും കടന്നു പോയി.ഗ്രാമം മാറിയപ്പോൾ തപാലാപ്പീസും ഗബ്രിയേലും മാറ്റങ്ങളെ അതിജീവിച്ച് എല്ലാവരെയും അത്ഭുതപെടുത്തി. ഗബ്രിയേലിന്റെ രാജി ഇത് വരെയും മേലാപ്പീസർ സ്വീകരിച്ചിട്ടില്ല.

             ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം ഗബ്രിയേലിനെ സംബന്ധിച്ച് ഭയാനകരമായ ഒരു ദിവസമായിരുന്നു. കത്തുകളയക്കാനായി ആരും വരാത്ത ഒരു ദിനം.കാക്കിസഞ്ചിനാലാക്കി മടക്കിയാണ് അന്ന് ലത്തീഫ് മേലാപ്പീസിലേക്ക് പോയത്.

           ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസത്തെ മെയിലിൽ വെറുംആറു കത്തുകളുമായാണ് ലത്തീഫ് മേലാപ്പീസിൽ നിന്നും തിരിച്ചെത്തിയത്. ഒരു കത്തു പോലും വരാതിരിക്കുമോ എന്ന ഗബ്രിയേലിന്റെ ആശങ്കകളെ നെടുകെ ഛേദിച്ച് കൊണ്ട് മെയിൽ സഞ്ചി ലത്തീഫ് ഗബ്രിയേലിന് മുന്നിലേക്കെറിഞ്ഞു. വിശന്ന് വലഞ്ഞ നായ മുന്നിൽ വീണ എച്ചിൽ പൊതി കടിച്ച് കുടയും പോലെ ഗബ്രിയേൽ മെയിൽ സഞ്ചി ആർത്തിയോടെ കുടഞ്ഞിട്ടു. എന്തോ ഭാരിച്ച ജോലി ചെയ്ത പോലെ അയാൾ നിന്ന് കിതച്ചു.

ഗബ്രിയേൽ കത്തുകളെടുത്ത്  മേൽവിലാസം വായിച്ചു.അപ്പോഴാണ് അയാളാ സത്യം തിരിച്ചറിഞ്ഞത്. ആ ആറു കത്തുകളിലുമെഴുതിയിരിക്കുന്ന മേൽവിലാസങ്ങളിൽ ഒന്നു പോലും അയാൾക്ക് പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞ മുപ്പത് വർഷങ്ങൾക്കിടയിൽ ആ മേൽവിലാസങ്ങളിൽ കത്ത് വന്നിട്ടില്ല എന്നയാൾക്കുറപ്പായിരുന്നു.
മറ്റേതെങ്കിലും ആപ്പീസിലേക്കുള്ളത് മാറി വന്നതായിരിക്കുമോ?ലത്തീഫ് ചോദിച്ചു.
പെട്ടെന്ന് തന്നെ ആ സംശയം മാറിക്കിട്ടി. ഓരോ കത്തിലും പോസ്റ്റോഫീസിന്റെ പേര് വ്യക്തമായി എഴുതിയിരുന്നു.

ഒരു പാടാളുകളോട് ഗബ്രിയേലാ മേൽവിലാസത്തെ കുറിച്ചന്വേഷിച്ചു. ആർക്കും ആ വിലാസങ്ങൾ പരിചിതമായിരുന്നില്ല. സ്ഥിരം പോകാറുള്ള വഴികളിലൂടെ അന്നും ഗബ്രിയേൽ കത്തുകളുടെ ഭാണ്ഡവുമായി യാത്രയായി. പതിവുപോലെ ഇരുണ്ട ആ കന്നുകൾക്കരികിലെത്തിയപ്പോൾ അയാൾ തിരിച്ച് നടന്നില്ല. അനാഥമായ ആ ആറു കത്തുകളുമായി അയാൾ കുന്നിന് നേരെയുള്ള ഒറ്റയടിപ്പാതയിലൂടെ പ്രതീക്ഷയോടെ നടന്നു. കത്തുകളിലെ വിലാസക്കാർ ആ കുന്നിന്റെ ഓരങ്ങളിൽ താമസിക്കുന്നുണ്ടാവും. അയാൾ നടന്ന് നടന്ന് കുന്നിൻ മുകളിലെത്തി.നൂറ്റാണ്ടുകളുടെ പഴക്കമുള്ള വൃക്ഷങ്ങളുടെ ഓരം ചേർന്ന് പോകുന്ന വഴി. ഒരു മനുഷ്യജീവിയെ പോലും കാണുന്നില്ല. അയാൾ നടത്തം തുടർന്നു.ചരൽക്കല്ലുകൾ നിറഞ്ഞ അനന്തമായ ആ ഒറ്റയടിപ്പാതയിലൂടെ അനാഥമായ ആ കത്തുകളുടെ ഭാണ്ഡവും പേറി ഒരിക്കലും തിരിച്ച് വരാതിരിക്കാൻ അയാൾ ദൂരേക്ക് യാത്രയായി.
ഷിഫാ സക്തർ


1 comment: