Friday, 17 March 2017

ആ മഴയില്‍ നനഞ്ഞ കൗമാരഭാവങ്ങൾ-പി.എ നൃപൻ ദാസ്















പി.എ നൃപൻ ദാസ് 

തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടറിയറ്റിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ.ശാസ്താംകോട്ട സ്വദേശി കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് മുൻ ചെയർമാൻ.




ആ മഴയില്‍ നനഞ്ഞ കൗമാരഭാവങ്ങൾ


"ഞാന്‍ ഗന്ധർവ്വൻ. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും
പറവയാകാനും മാനാകാനും മനുഷ്യനാകാനും
നിന്റെ ചുണ്ടിലെ മുത്തമാകാനും
ഒരു നിമിഷാർദ്ധം പോലും
വേണ്ടാത്ത ഗഗനചാരി....."

പാലപ്പൂവിന്റെ മണം കാറ്റില്‍ പടരുന്നു.
ചുവരിലെ കലണ്ടറിൽ ജനുവരി 24.

സൂര്യ സ്പർശമുള്ള പകലുകളോടും ചന്ദ്ര സ്പർശമുള്ള രാത്രികളോടും യാത്ര പറഞ്ഞ് ,
മലയാള സിനിമയുടെ ഗന്ധർവ്വൻ യാത്രയായിട്ട് ഇരുപത്താറു സൂര്യവർഷങ്ങൾ.

പദ്മരാജന് മരണമില്ല. ഗന്ധർവ്വൻമാർ ഭൂമിയിലേക്ക് ശിക്ഷിക്കപ്പെടുകയാണ് . ദേവശാപത്തിന്റെ ശിക്ഷയൊടുക്കാൻ വിണ്ണിൽ നിന്നും ഭൂമിയിലേക്കെത്തിയ ഏതോ
ഗന്ധർവ്വ കുമാരനാകണം പത്മരാജൻ .

കലർപ്പില്ലാത്ത കാമനകളുടെ നിത്യോപാസകരും ഒപ്പം വിചിത്ര സ്വഭാവികളുമായ മനുഷ്യരെ സൃഷ്ടിച്ച എഴുത്തുകാരനെ ഒരു ജനത അനുധാവനം ചെയ്യുന്നുണ്ടിവിടെ, ഇപ്പോളും ...

പത്മരാജനോളം ആഘോഷിക്കപ്പെടുകയും , ഒരു ഭ്രാന്ത് പോലെ ആസ്വാദകനെ
മയക്കുകയും ചെയ്ത മറ്റൊരു ലഹരി മലയാള സിനിമ അതിന്റെ ചില്ലു പാത്രത്തില്‍
പകർന്നിട്ടില്ല , നാളിതുവരെ .

എത്ര എഴുതിയാലാണ്
പത്മരാജനെന്ന ജീനിയസിനെപ്പറ്റി
ഒന്ന് പറഞ്ഞ് തുടങ്ങാന്‍ കഴിയുന്നത് ..?

തൂവാനത്തുമ്പികളിൽ കടൽത്തീരത്തെ ഫ്രയിമുകളിൽ പുന്നൂസ് കോണ്‍ട്രാക്ടറും
ക്ളാരയും ...
വലിയ വലിയ ചിരികളുടെ പൊട്ടിച്ചിതറലിൽ സ്ക്രീനിലെ നിറങ്ങൾക്കൊപ്പം , പുന്നൂസ് കോണ്‍ട്രാക്ടർ ജയകൃഷ്ണന്‍ ആയി മാറുന്നു ...

ഒറ്റപ്പുതപ്പിനുള്ളിൽ "പവിഴം പോൽ പവിഴാധരം പോൽ ...." എന്ന് പാടുന്ന സോളമനും സോഫിയയ്ക്കും മുകളിലേക്ക് വന്നു പതിക്കുന്ന മുന്തിരികൾ...

തിര കവർന്നു കൊണ്ടു പോയ ചെറുമകന്റെ തിലോദകമായി കടലിന്റെ ആഴങ്ങളിലേക്ക്
പോയ മൂന്നാം പക്കത്തിലെ മുത്തശ്ശൻ ...

പാത്രക്കടയിലെ അദ്ഭുത ലോകത്തിനും അതിനു പുറത്തെ ആസക്ത
ജീവിതത്തിനുമിടയിൽ പകച്ചു പോയ കള്ളൻ പവിത്രൻ ...

മാളുവമ്മയുടെ വേശ്യപ്പുരയുടെ വിചിത്ര സമസ്യകളിൽ പതറുന്ന 'അരപ്പട്ട കെട്ടിയ
ഗ്രാമത്തിലെ' സക്കറിയയും ഗോപിയും ബിലാലും.

മായയുടെ വിടർന്ന കണ്ണുകളുടെ അടിത്തട്ടിൽ നിന്ന് താന്‍ മാഞ്ഞു പോയിരിക്കുന്നു
എന്നറികെ വിദൂരതയിലേക്ക് ഒറ്റയ്ക്ക് കാറോടിച്ചു മറയുന്ന 'ഇന്നലെ'യിലെ നരേന്ദ്രൻ.

തിര വന്നു മൂടുന്ന കോവളത്തെ വന്യമായ അധോലോകത്തിൽ ഉത്തരം കിട്ടാത്ത
ചോദ്യമായി 'സീസണി'ലെ അങ്കിള്‍ ജീവന്‍ ...

അങ്ങനെ എത്ര എത്ര ഒർമ്മകൾ...

പെരുവഴിയമ്പലവും തൂവാനത്തുമ്പികളും ദേശാടനക്കിളികളും ഇന്നലെയും അരപ്പട്ട
കെട്ടിയ ഗ്രാമത്തിലും ഫയല്‍വാനും സീസണും അപരനും കൂടെവിടെയും
നൊമ്പരത്തിപ്പൂവും നവംബറിന്റെ നഷ്ടവും തിങ്കളാഴ്ച നല്ല ദിവസവും ....

പേരുകള്‍ അവസാനിക്കുന്നില്ല ...

ക്ളാരയും രാധയും സോഫിയും അടക്കമുള്ള സ്ത്രീ കഥാപാത്രങ്ങൾ
പുരുഷന്റെ നിയമങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നവരായിരുന്നില്ല. അവര്‍
ഗോത്രത്തിന്റെ വിലക്കുകൾക്കു മേൽ സ്ത്രീ സ്വത്വത്തിന്റെ ഉഗ്ര ശക്തിയെ
കാട്ടിക്കൊടുത്തു. ദേശാടനക്കിളികളിൽ രണ്ടു കൂട്ടുകാരികള്‍ തെരുവിന്റെ സ്വാതന്ത്ര്യവഴികളിലേക്കാണ് ഒളിച്ചോടുന്നത്. തൂവാനത്തുമ്പികളിൽ ക്ളാരയുമതേ.
അവളുടെ വഴികൾ അവള്‍ നിശ്ചയിച്ചതാണ്. തന്നെ വഞ്ചിച്ച പുരുഷന്റെ ജീവന്‍ പ്രണയത്തിന്റെ ബലിത്തറയിൽ ഹോമിച്ച് നവംബറിന്റെ നഷ്ടത്തിലെ മീര വേറിട്ട പെണ്ണാകുന്നു. അഴകിലും മിഴിവിലും മാത്രമല്ല അകം നിറയുന്ന സ്വാതന്ത്ര്യേച്ഛയുടെ നുരകളിലും പത്മരാജന്റെ സ്ത്രീകള്‍ പുരുഷനെ മറികടക്കുന്നു.

സദാചാരത്തിന്റെ ശ്രീരാമ സങ്കൽപ്പങ്ങളെ പിന്നിലാക്കിക്കൊണ്ടാണ്, രണ്ടാനച്ഛനാൽ അപമാനിതയായ പെണ്ണിനെ "നിന്റെ ശരീരത്തെ മാത്രമേ അയാള്‍ക്ക് തൊടാൻ കഴിയൂ.. " എന്ന് പറഞ്ഞു കൊണ്ട് ടാങ്കർ ലോറിയിലേക്ക് വിളിച്ചു കയറ്റി ജീവിതത്തിന്റെ മുന്തിരിത്തോപ്പുകളിലേക്ക് ഓടിച്ചു പോകുന്നത്. പീഢിപ്പിക്കപ്പെട്ട പെണ്ണ് അടുത്ത സീനിൽ സ്വന്തം ജീവനൊടുക്കുന്ന സിനിമാ കാഴ്ചകളെ പത്മരാജൻ കീഴ്മേൽ മറിച്ചു. സീതയുടെ സദാചാരത്തിൽ സംശയാലുവായ പുരുഷ രാമന്‍മാരുടെ സദാചാര സംഹിതകൾക്കു മേലെ സോഫിയെ നെഞ്ചോട് ചേര്‍ത്തു പിടിച്ച സോളമന്റെ ടാങ്കർ ലോറി ചീറിപ്പാഞ്ഞു. മോഹന്‍ ലാൽ എന്ന താരശരീരം ഇന്ന് വരെ കാട്ടിയ ഏറ്റവും വലിയ ഹീറോയിസം അതായിരുന്നു.

രതിയും മൃതിയും ആയിരുന്നു പത്മരാജൻ സിനിമകളുടെ ശാരീരം
ഭ്രാന്തും അടങ്ങാത്ത സ്വാതന്ത്ര്യ ബോധവും കെട്ടഴിയുന്ന കഥാപാത്രങ്ങൾ ...
അവര്‍ മനുഷ്യൻ സൃഷ്ടിച്ച നിയമങ്ങളെ ചോദ്യം ചെയ്തു കൊണ്ടേയിരുന്നു ...
ആ മഴയില്‍ നനഞ്ഞ കൗമാര യൗവനങ്ങളും,
അവയുടെ അലയടങ്ങാത്ത സ്മൃതി ലഹരികളും പകർന്ന നിത്യ കാമുകാ ...

അനശ്വര സ്മരണകളുടെ ഈ ചെറു പാനപാത്രം സ്വീകരിച്ചീടുക ...

ചെവിയില്‍ മുഴങ്ങുന്ന ഒന്നു കൂടി മാത്രം പറഞ്ഞ് പൂര്‍ണമായും അപൂര്‍ണമായ ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കട്ടെ ...

"നമുക്ക് ഗ്രാമങ്ങളില് ചെന്ന് രാപ്പാർക്കാം , അതികാലത്ത് എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളില് പോയി മുന്തിരി വള്ളി തളിർത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന് നിനക്കെന്റെ പ്രേമം തരാം...."

പി.എ നൃപൻ ദാസ് 


2 comments:

  1. പത്മരാജനെക്കുറിച്ച് ആരെങ്കിലുമൊന്ന് ഓർത്താൽ മതി മഴ പെയ്യാൻ!
    ഓർമ്മകൾ പെയ്യാൻ കരുതിവച്ചതിന് നന്ദി!

    ReplyDelete