Thursday, 8 September 2016

അപ്ഡേറ്റ്സ്-ശരണ്യ കൃഷ്ണകുമാർ









അപ്ഡേറ്റ്സ്

ഓഫീസിലെ തിരക്കും ടെൻഷനും തീർത്ത് ഒരു തരത്തിൽ വീട്ടിൽ എത്തുമ്പോൾ ഒന്ന് നടുനിവർന്ന് കിടക്കാനാ തോന്നാ .ഇന്നാണെങ്കിൽ വയറുവേദനയുടെ നല്ല ക്ഷീണവുമുണ്ട്. പക്ഷേവാഷ് ബെയ്സനിലെ പാത്രങ്ങളും, അയയിലെ തുണികളും വീർപ്പുമുട്ടിക്കുന്നുണ്ടായിരിക്കും. എണ്ണി തുട്ടി കിട്ടുന്ന ശമ്പളം കൊണ്ട് മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുമ്പോഴാ ഒരു വാഷിംഗ് മെഷീൻ വാങ്ങാനുള്ള അതിമോഹം. അത് മനസ്സിൽ മുളയിട്ടിട്ട് കുറേ നാളായി.. പെട്ടെന്നാണ് മോന്റെ പരാതി - "അമ്മേ, വിശന്നിട്ടു വയ്യ! എന്തെങ്കിലും ഉണ്ടാക്കി താ". " അമ്മ ഇപ്പോൾ വന്നല്ലേ ഉള്ളൂ, ഇപ്പൊ തന്നെ ഉണ്ടാക്കി തരാം ട്ടോ " അവൾ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
'അമ്മേ സ്വാതിക്കിന്റെ  അമ്മ ജോലിക്കു പോകുമ്പം അവിടുത്തെചേച്ചി എല്ലാ പലഹാരങ്ങളും ഉണ്ടാക്കുലോ', നമുക്കും അങ്ങനെ ഒരു ചേച്ചിയെ വേടിക്കാ' കാർട്ടൂൺ കാണുന്നതിനിടയ്ക്ക് രണ്ടാം ക്ലാസ്സുകാരന്റെ ആഗ്രഹം തലപൊങ്ങി.ആ ഇ നി അതിന്റെ ഒരു കുറവു മാത്രമേ ഉള്ളൂ.മകന്റെ ടിഫിൻ ബോക്സ് ബാഗിൽ നിന്നെടുക്കുമ്പോൾ അവൾ പിറുപിറുത്തു.
അപ്പോഴേക്കും അയാൾ വന്നു കയറി " ശോഭേചായ ' എന്നു പറഞ്ഞ് ബാഗ് വച്ച് നേരെ മുഖം കഴുകാൻ പോയി. നാളേയ്ക്ക് കുറേ ഹോം വർക്ക് ഉണ്ടെന്ന് മോന്റെ സങ്കടം പറച്ചിൽ 'ആ അമ്മയോട് പറഞ്ഞാൽ മതി എന്നു പറഞ്ഞ് അയാൾ മേശയ്ക്കരികിലെത്തി. ചായയ്ക്ക് കടിയായി ഫെയ്സ് ബുക്കും, വാട്സ്ആപ്പും.പല ഭാവങ്ങൾ അയാളുടെ മുഖത്ത് മിന്നി മറഞ്ഞു. ചായയുടെ ചൂട് പോലും അയാൾ അറിഞ്ഞില്ല പിന്നെ നേരെ പോയി ടി.വി ഓൺ ചെയ്തു.വാർത്താ ചാനലുകൾ ഓരോന്നായി മാറി മറിഞ്ഞു. അവൾ തൂത്തുവാരുന്നതിനിടയ്ക്ക് നാളെ വല്ല ഹർത്താലുമുണ്ടോ എന്ന് കാതോർത്തു:
'മരുന്നു കഴിച്ചിട്ടും വയറുവേദനയ്ക്ക് ഒരു കുറവുമില്ല. നല്ല ക്ഷീണവും ശനിയാഴ്ച വൈകീട്ട് നമുക്കൊന്ന് ഡോക്ടറെ കാണാം. ടെസ്റ്റ് റിസൾട്ട് ഞാൻ നാളെ പോയി വാങ്ങാം. ' അയാൾ കേൾക്കാനായി അവൾ പറഞ്ഞു.പെട്ടെന്നയാൾ ഞെട്ടിത്തെറിച്ചു.
ശനിയാഴ്ചയോ? അയ്യോ അന്നാണ് ഞങ്ങളുടെ അലുമിനി മീറ്റ്. പത്ത് - മുപ്പത് വർഷത്തിനു ശേഷം എല്ലാവരും ഒരിക്കൽ കൂടി...അത് ശരിയാവില്ല. നീ ഒറ്റയ്ക്ക് പൊയ്ക്കോ, ഫെയ്സ് ബുക്ക് ഉള്ളതുകൊണ്ടാ എല്ലാവരുടേയും കോൺടാക്റ്റ്സ് കിട്ടിയത് - ഞാനാപ്രോഗ്രാം ഓർഗനൈസ് ചെയ്യുന്നത് '. ഷർട്ട് ഊരി ടി. ഷർട്ട് ധരിച്ച് ബാഡ്‌മിൻറൺ കളിക്കാൻ പോകുന്ന തയ്യാറെടുപ്പിനിടയ്ക്ക് അയാൾ പറഞ്ഞു.
വീടെല്ലാം ഒതുക്കി, മകന്റെ ഗൃഹപാഠങ്ങളെല്ലാം ചെയ്തു തീർത്ത് കഴിഞ്ഞപ്പോഴാണ് നാളേയ്ക്ക് കറിക്കുള്ളതൊന്നും അരിഞ്ഞ് വച്ചില്ലല്ലോ എന്നവൾ ഓർത്തത്. അപ്പോൾ ക്ലോക്കിലെ കിളി 11 തവണ ചിരിച്ചു.ഇനി എല്ലാം നാളെയാകാം എന്ന് കരുതി അവൾ കിടക്കാൻ പോയി. അപ്പോഴും അയൾ തീൻമേശയ്ക്കരികിലിരുന്ന് തോണ്ടുകയായിരുന്നു.
അന്നയാൾ വളരെ തിരക്കിലായിരുന്നു. ഏറെ സന്തോഷവാനും. ഒരു പാട് വർഷങ്ങൾക്കു ശേഷം സുഹുത്തുക്കൾ തമ്മിൽ കണ്ടുമുട്ടിയതിന്റെ സന്തോഷത്തിൽ അയാൾ വീർപ്പുമുട്ടി. തുടിക്കുന്ന യുവത്വത്തിലെ മങ്ങാത്ത വഴികളിലൂടെ മനസ്സ് ഒരിക്കൽ കൂടി സഞ്ചരിച്ചു.
എല്ലാവരേയും ഒന്നിച്ച് കൂട്ടിയതിന്റെ ക്രെഡിറ്റ് മുഴുവൻ തനിക്കാണെന്ന് എല്ലാവരും അവകാശപ്പെട്ടപ്പോൾ അയാൾ ഏറെ പ്രസന്നനായി. എന്തായാലും എല്ലാം ശുഭമായിത്തന്നെ അവസാനിച്ചു.ഏറെ വൈകിയാണ് അയാൾ അന്ന് വീട്ടിലെത്തിയത്. നേരെ വന്ന് ടി.വി.ഓൺ ചെയ്തു.വാർത്തകൾ അപ്ഡേറ്റ് ചെയ്യാനായി അയാൾ ടി.വിയുടെ മുന്നിൽ ഇരുന്നു. ചാനലുകൾ മാറി മാറി മറിഞ്ഞു.മനസ്സ് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു '
മൊബൈൽ കൈയിലെടുത്ത് അലുമിനി മീറ്റിന്റെ ഫോട്ടോകൾ ഒരാവർത്തികൂടി നോക്കി
എല്ലാവർക്കും എത്രമാത്രം മാറ്റം! താനും ഒരു പാട് മാറിപ്പോയെന്ന് എല്ലാവരും പറഞ്ഞു. പിന്നീടയാൾ കിടക്കാൻ പോയി. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. ഫെയ്സ് ബുക്കിൽ ഇന്നു തന്നെ ഫോട്ടോകൾ അപ് ലോഡ് ചെയ്യാം എന്നയാൾ കരുതി. ഫോൺ എടുത്ത് ഡാറ്റാ ഓൺ ചെയ്തു.
പാസ്സ് വേഡുകളിൽ വിരലുകൾ പതിഞ്ഞു. ഫോട്ടോകൾ ഓരോന്നും ക്യാപ്ഷനോടുകൂടെ അപ് ലോഡ് ചെയ്തു.
'മനസ്സ് തൃപ്തിയായി.'
ബാക്ക് അടിച്ച് നോട്ടിഫിക്കേഷൻസ് നോക്കിക്ലോസ് ചെയ്യാം എന്നയാൾ കരുതി. പെട്ടെന്നാണ് ' ഫീലിംഗ് സാഡ് ' എന്ന കമന്റ് അയാളുടെ ശ്രദ്ധയിൽ പ്പെട്ടത്. എന്താണെന്ന് അറിയാൻ അലസമായി അയാൾ അതിലേക്ക് നോക്കി." മൈ ഡെയ്സ് ആർകൗണ്ട് ഡൗൺ. ടുഡേ ഐ ന്യൂ ദാറ്റ് ഐ ആം എ സി എ പേഷ്യന്റ്. "
ക്യാൻസർ വന്നാൽ പിന്നെ അയാളുടെ കാര്യം പോക്കാ. ആരാണെന്നറിയാൻ അയാൾ മൊബൈലിൽ ഡ്രാഗ് ചെയ്തു 'പെട്ടെന്നയാളുടെ തൊണ്ട വരണ്ടു.കണ്ണുകളിൽ രക്തം ഇരച്ചുകയറി.ഗദ്ഗദത്തോടെ അയാൾ അടുത്തു കിടന്നിരുന്ന ഭാര്യയെ നോക്കി.... "റിയലി ഫീലിംഗ് സാഡ് ".
                                                                          ശരണ്യ കൃഷ്ണകുമാർ