Thursday, 13 April 2017

ചങ്ങല-സംഗീത് കാരക്കോട്














സംഗീത് കാരക്കോട്





ചങ്ങല

കനം തൂങ്ങിയ മൗനത്താൽ
കരൾ വെന്തു നീറുമ്പോൾ...
ചില ചങ്ങലകിലുക്കങ്ങൾ
ഉന്മാദിയാക്കാറുണ്ട്.....
ഭയാനകമായ രാത്രികളിൽ 
കൊലുസുകൾ പോലും
ചങ്ങലകളായി പരകായപ്രവേശം 
ചെയ്യാറുണ്ട്....
ആൾക്കൂട്ടങ്ങളിൽ
അഭയം പ്രാപിക്കാൻ ശ്രമിക്കുമ്പോൾ
ചിലരുടെ കാൽ ചങ്ങലകൾ
ജാതിമത ചിന്തകൾ പുലമ്പാറുണ്ട്......
ദൈവങ്ങളെ അവർ
ബന്ധിതരാക്കിയിരിക്കുന്നു.
അവരുടെ കാൽ ചങ്ങലകൾ
ഉരഞ്ഞ് പൊട്ടിയ വ്രണങ്ങളിൽ നിന്നും
വമിക്കുന്ന മലിനഗന്ധം
അന്തരീക്ഷത്തിൽ ലയിച്ചിട്ടുണ്ട്,
തിരിച്ചറിയാനാവാത്ത വിധം....
പ്രണയത്തിന്റെ ചങ്ങല കണ്ണികൾ
വെള്ളി നൂലുപോൽ നേർത്തതാണ്.....
ചില സമയങ്ങളിൽ അവയുടെ
കിലുക്കം പോലും
കാതിൽ തീമഴ പെയ്യിക്കാറുണ്ട്.....
അതെ,
നമ്മൾ ചങ്ങലകളാൽ 
ബന്ധനസ്ഥരാണ്.....
സംഗീത് കാരക്കോട്

എന്റെ സുവിശേഷങ്ങൾ-ഷാലു ജോമോൻ















ഷാലു ജോമോൻ



എന്റെ സുവിശേഷങ്ങൾ

അദ്ധ്യായം 1
.......................

ഞാൻ വാതിലാകുന്നു.
നിനക്ക് ഓടിപ്പോകുവാൻ വേണ്ടി മാത്രം
തുറന്നിട്ട വാതിൽ!
ഞാൻ വഴിയാകുന്നു.
എന്നിലേക്ക് 
തിരികെ വരാൻ 
നീ മറന്നു പോയ വഴി!

അദ്ധ്യായം 2
.......................

ഇതാ നിന്റെ കാമുകി
രാജവീഥികളിൽ നടക്കുന്നു.
മുൾക്കിരീടമണിയും മുമ്പേ
നിന്റെ കൈ കൊണ്ട്
ഒരു കുരുത്തോല തരിക !

അദ്ധ്യായം 3
.......................

തളളിപറച്ചിലുകളിലും
നിന്നെ ഞാനേറ്റം സ്നേഹിച്ചിരുന്നു...
ഇതാ എന്റെ 
ഇളം ചിറകുകൾ...
പറക്കമുറ്റുവോളം
നീ സൂക്ഷിക്ക..!

അദ്ധ്യായം 4
......................

'പ്രണയത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്.
ഉണർത്തുകയുമരുത്.'
നിത്യമായ ഉറക്കത്തിൽ
എനിക്കെത്ര സൗന്ദര്യം ഉണ്ടായിരുന്നുവെന്ന്
നീ അറിയുവോളം തന്നെ...

അദ്ധ്യായം 5
......................

ആദ്യ പ്രണയം
അവസാന പ്രണയം എന്നൊന്നുമില്ല..
ഞാൻ നിന്നെ പ്രണയിച്ചുവെങ്കിൽ
അത് അനശ്വരമായിരിക്കും. എന്തുകൊണ്ടെന്നാൽ
ഞാൻ നിന്നെ പ്രണയിച്ചപ്പോഴൊക്കെ എന്റെ ജീവൻ നീ
ബലികഴിച്ചിരുന്നു!

അദ്ധ്യായം 6
.......................

നിന്റെ പ്രാണൻ
നിന്റെ ഉള്ളിൽ
ക്ഷീണിച്ചു പോകുമ്പോൾ
നീ എന്നെ ഓർക്കും.
ഓരോ മൂന്നാം നാളിലും
ഞാൻ നിനക്ക് വേണ്ടി കല്ലുരുട്ടി മാറ്റും...!
ഷാലു ജോമോൻ


കാർട്ടൂൺ23-മനോജ് മൂക്കൻതോട്ടം

വിഷു 

ഒരു ഓർമ്മപ്പെടുത്തൽ...- എം എ സലാം മീനടത്തൂർ














 എം എ സലാം മീനടത്തൂർ 
ഒരുപ്രവാസി 
റിയാദ്



ഒരു ഓർമ്മപ്പെടുത്തൽ...

  വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് കണ്ട് ചെറുമകനോട് മുത്തശ്ശൻ പറഞ്ഞു "തൊണ്ണൂറ്റഞ്ചിലും എന്റെ ആരോഗ്യം വിഷമില്ലാത്ത കപ്പയും നെല്ലും പയറും ഒക്കെ കഴിച്ചത് കൊണ്ടാ.."
"കൃഷി മുത്തശ്ശാ നഷ്ടമാണ് പണമുണ്ടെങ്കിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ പേടിക്കേണ്ട..."മറുപടിയും.പുഴയിൽ നിന്ന് വയലിലേക്ക് വെള്ളത്തിനായ് നിർമിച്ച ചെറിയ കനാൽ ഒഴിവാക്കി റോഡുണ്ടാക്കി വയൽ പൂർണ്ണമായും മണ്ണിട്ട് നികത്തി വലിയ കെട്ടിടങ്ങൾ ഉയർന്നു ആശുപത്രികളും പുതു ബിസിനസുകളും വന്നു ഗ്രാമീണസൗന്ദര്യം മാറി പട്ടണത്തിന്റെ പ്രൗഡി ഉയർന്നു വർഷങൾ നീങ്ങി മുത്തശ്ശൻ വിടപറഞ്ഞു മകൻ നാട്ടിൽസാമ്പത്തിക ഉന്നതി നേടിയ സന്തോഷത്തിൽ പ്രവാസം നിർത്തി അച്ഛൻ നാട്ടിലേക്ക് തിരിച്ചു. മകന്റെ വളർച്ച അദ്ദേഹത്തെ അദ്‌ഭുതപ്പെടുത്തിയെങ്കിലും  കുത്തരിചോറും കപ്പയും നാവിൻതുമ്പത്തെ രുചി മറക്കാനാവാത്ത ഓർമയായി. പുഴയിൽ നിന്ന് വയലിലേക്ക് വെള്ളം എത്തിച്ച കനാലുകൾ അടച്ചതിനാൽ ആ പരിസരങ്ങളിൽ മെല്ലെ മെല്ലെ ജലക്ഷാമം വന്നു. "മഴക്കാലങ്ങളിൽ വെള്ളം കെട്ടി നിന്ന വയലുകൾ പുഴയിൽ നിന്ന് ഒഴികിവന്നിരുന്നവ  ഒക്കെയും  നിശ്ചലമായതോടെയാണ് ജലക്ഷാമം എന്ന് ജനങ്ങൾ പറയുന്നുവെന്നു അച്ഛൻ മകനെ അറിയിച്ചു  ,മകന്റെ മറുപടി മരുഭൂമികളിലും ജനം ജീവിക്കുന്നത് വെള്ളമില്ലാതയല്ലെ കുറച്ച് നാളുകഴിയുമ്പോൾ എല്ലാം ശീലമാകും ഒരു ദിവസം അച്ഛൻ മുറ്റത്ത് കുഴഞ്ഞ് വീണു വേഗം വണ്ടിൽ കയറ്റി ഹോസ്പിറ്റലിലേക്ക് നീങ്ങി, വണ്ടി ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഗൈറ്റ് അടഞ്ഞു  കിടക്കുന്നു  .അവിടെ ഒരു ബോർഡുണ്ട്,"വെള്ളമില്ലാത്തതിനാൽ കുറഞ്ഞ കാലത്തേക്ക് അവധി !" വണ്ടി അടുത്ത ഹോസ്പിറ്റലിലേക്ക്  നീങ്ങവെ അച്ഛൻ വെള്ളം ചോദിച്ചു വഴി അരികിൽ കണ്ട ഒരു കടയിൽ വെള്ളത്തിനായ് നിർത്തിയപ്പോൾ "വെള്ളമില്ല സാർ കുപ്പിവെള്ളത്തിനുപോലും ഈ പരിസരങ്ങളിൽ നല്ല വിലയാ..., വലിയ വില കൊടുത്ത് കുപ്പിവെള്ള വാങ്ങി വന്നപ്പഴേക്ക് ആ ജീവനും വിട പറഞ്ഞു .മുത്തശ്ശനും അച്ഛനും ഒരു ഓർമപ്പെടുത്തലായ് അവന്റെ ജീവിതം നീങ്ങി...!!
 എം എ സലാം മീനടത്തൂർ (റിയാദ്)

Monday, 10 April 2017

ഫൈൻആർട്സ് -ബഷീർ കീഴിശ്ശേരി

ഫൈൻആർട്സ് 

ജലമരണം-രാജേശ്വരി അറക്കൽ














രാജേശ്വരി അറക്കൽ 
ആനുകാലികങ്ങളിൽ 
എഴുതുന്നു 
തൊഴിൽ ഫിനാൻഷ്യൽ അഡ്വൈസർ 
എസ്.ബി .ഐ ലൈഫ് 
എറണാകുളം സ്വദേശിനി.
‌


ജലമരണം 



ഏറെയുണ്ട് ജലമരണത്തെ നിനയ്ക്കുവാൻ ചരിത്രം പുഴകളുടെ ഫോസിൽ തിരഞ്ഞുകൊണ്ടേയിരിക്കും ഡിസ്പോസബിൾ ഉടുപ്പണിഞ്ഞ മനുഷ്യർ വിശപ്പിനും ദാഹത്തിനും ഗുളിക ഭക്ഷിച്ച് ടെക്നോളജിയെപ്പറ്റി വേവലാതിപ്പെടും. മരങ്ങളും ചെടികളും കാണാൻ വിദ്യാർത്ഥികൾ മ്യൂസിയങ്ങളിലേക്ക് വിനോദയാത്ര നടത്തും കഥകളിലെ തടാകവും, കുളവും,കാടുകളും വരച്ച് ചിത്രകാരന്മാർ ഖ്യാതി നേടും. രണ്ടായിരപ്പഴക്കം വീഞ്ഞുപോലെ റാക്കുകളിലെ ജലഭരണികൾ നോക്കി നാക്കുകൾ പുളകം കൊളളും. നീയും ഞാനും മത്സരിച്ചു കൊന്ന കടൽ പ്ളാസ്റ്റിക്ക് മലയുടെ സ്മാരകമാവും പെട്രോളിൽ നിന്ന് ജലമുണ്ടാക്കാൻ ശാസ്ത്രം തല പുകയ്ക്കും. കൊന്നുതിന്ന് ,തിന്നുകൊന്ന് മണ്ടനായ മനുഷ്യനെയോർത്ത് ദൈവം മാത്രം ചിരിച്ചുകൊണ്ടേയിരിക്കും.

രാജേശ്വരി

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി-പുസ്തക പരിചയം-ബി.വി.ശിവശങ്കർ













 

ബി.വി.ശിവശങ്കർ
മലയാളം അദ്ധ്യാപകൻ 
ജി.എച്ച്.എസ്സ് എസ്സ് ആതവനാട്
സ്വദേശം വളാഞ്ചേരി
തിരൂർ മലയാളം എന്ന
മലയാളം അദ്ധ്യാപക കൂട്ടായ്‌മയിൽ
വാരാന്ത്യഅവലോകകൻ.




സുഗന്ധി എന്ന ആണ്ടാൾ ദേവനായകി-പുസ്തക പരിചയം
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
നോവൽ
ടി.ഡി.രാമകൃഷ്ണൻ
ഡി.സി.ബുക്സ് കോട്ടയം


ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര തുടങ്ങിയ പ്രമുഖ നോവലുകളുടെ രചയിതാവായ ടി.ഡി. രാമകൃഷ്ണന്റെ ഗവേഷണാത്മക രചനയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ

ശ്രീലങ്കയുടെ സമീപകാല രാഷ്ട്രീയവും ഭൂതകാലമിത്തും സംഗമിക്കുന്ന ഈ സർഗ രചനയിൽ തമിഴ് സിംഹള കുടിപ്പകയും എൽ.ടി.ടി.ഇ യുടെ നേത്യത്വത്തിൽ നടന്ന രക്തരൂഷിത വിമോചന സമരവും നിറഞ്ഞു നിൽക്കുന്നു.
പാണ്ഡ്യ സിംഹള യുദ്ധവെറികൾ നിറയുന്ന ദേവനായകീ സങ്കൽപ്പത്തിന്റെ മായിക തീവ്രത തന്നെയാണ് നോവലിന്റെ കാതൽ


തമിഴ് ഈഴത്തിന്റെ മോചനത്തിനായി സായുധവിപ്ലവം തുടങ്ങിയ പുലികൾ എന്ന ഓമനപേരുള്ള എൽ.ടി.ടി.ഇ. കലാപകാരികളും രാജ്യത്തിന്റെ ' സമാധാനം ' കാത്തരുളാനായി പുലികളെ നേരിട്ട ശ്രീലങ്കൻ സർക്കാർ സൈനികരും സ്ത്രീകളോടും സാധാരണക്കാരോടും ചെയ്തു കൂട്ടിയ കൊടും ക്രൂരതകളുടെ കരളലിയിക്കുന്ന കഥകൾ നോവലിൽ അങ്ങോളമിങ്ങോളം നിറഞ്ഞു നിൽക്കുന്നു


എല്ലാ അന്താരാഷ്ട്ര പ്രശ്നങ്ങളിലും തലയിടുകയും നിലപാടെടുക്കുകയും ചെയ്യുന്ന മലയാളികൾ കേരളത്തിൽ നിന്നും ഒരു വിളിപ്പാടകലെ മാത്രം സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ദ്വീപ് രാഷ്ട്രത്തിൽ കാൽ നൂറ്റാണ്ടോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധവും കുട്ടക്കൊലയും കാണാതെ പോയി എന്ന പരിഭവത്തോടെയാണ് നോവലിസ്റ്റ് തുടങ്ങുന്നത് 

ഗൾഫ് പറുദീസ മാടിവിളിക്കും മുൻപ് മലയാളികളുടെ അഭയകേന്ദ്രം കൂടിയായിരുന്ന ഈ ദ്വീപിന്റെ ആഭ്യന്തര പ്രശ്നം നിസ്സംഗതയോടെ മാത്രമാണ് നമ്മൾ കണ്ടത് എന്ന കാര്യം പരമാർത്ഥവുമാണ്

ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ശ്രീലങ്കൻ മനുഷ്യാവകാശ പ്രവർത്തക ഡോ.             രജനി തിരണ ഗാമക്കാണ് ഈ നോവൽ സമർപ്പിക്കുന്നത്

ആഭ്യന്തര യുദ്ധാനന്തരം ശ്രീലങ്കൻ സർക്കാരിനു വേണ്ടി സൈന്യത്തിന്റെ പുലിവേട്ടയെ വെള്ളപൂശുന്ന തരത്തിൽ സിനിമയെടുക്കാനെത്തുന്ന ഹോളിവുഡ് സിനിമാ സംഘത്തിലെ സ്ക്രിപ്റ്റ് റൈറ്ററും മലയാളിയുമായ പീറ്റർ ജീവാനന്ദത്തിന്റെ കാഴ്ചപ്പാടിലാണ് കഥ പുരോഗമിക്കുന്നത്.
സ്ക്രിപ്റ്റിനായുള്ള അന്വേഷണത്തിൽ എൽ.ടി.ടി.ഇ.യിൽ നിന്നും ഓടിപ്പോയ സുഗന്ധി എന്ന പെൺപോരാളിയെ കുറിച്ച് വിവരം കിട്ടുന്നു.

സുഗന്ധിയെ അന്വേഷിച്ച പീറ്ററിന് പാരീസിൽ നിന്ന് ഇറങ്ങിയിരുന്ന കറുപ്പ് എന്ന വെബ് മാസികയെ കുറിച്ച് അറിയാൻ കഴിയുന്നു

കറുപ്പിൽ മീനാക്ഷി രാജരത്തിനം എഴുതിയ ദേവനായകിയിൻ കഥൈ പീറ്ററിന്റെ ശ്രദ്ധയിൽ പെടുന്നു

ആയിരം വർഷം മുൻപ് കുലശേഖര സാമ്രാജ്യത്തിന്റെ തെക്കേ അറ്റവും വൈജ്ഞാനിക കേന്ദ്രവുമായ കാന്തളൂർ ഭരിച്ചിരുന്ന മഹേന്ദ്രവർമ്മന്റെ സൈനിക മേധാവിയായ പെരിയ കോയിക്കന്റെ മകളാണ് അതിസുന്ദരിയായ ദേവനായ കി
ദേവനായകി യുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹാരാജാവ് തന്നെ അവളെ തന്റെ പട്ടമഹിഷിയാക്കുന്നു.
കാന്തളൂരിനെ ആക്രമിച്ച് തോൽപ്പിച്ച ചോളരാജാവ് രാജ രാജ ചോളൻ ദേവനായ കിയെ തന്റെ രാജ്ഞിയായി സ്വീകരിക്കുന്നു.
തുടർന്ന് രാജാധികാരം ഏറ്റെടുത്ത രാജേന്ദ്രചോളനും ദേവനായ കി പത്നിയാവുന്നു

തന്റെ പ്രിയപുത്രി കൂവേണിയുടെ ദാരുണ മരണത്തിന് കാരണക്കാരനായ സിംഹള രാജൻ മഹീന്ദനോട് പ്രതികാരം ചെയ്യാൻ ലങ്കയിലെത്തുന്ന ദേവനായകി മഹീന്ദന്റെ ഭാര്യാ പദവും അലങ്കരിക്കുന്നു.

ദേവനായകിയുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞ മഹീന്ദൻ അവളുടെ മുലകൾ ഛേദിച്ച് വിരൂപയാക്കുന്നു

തമിഴ് സിംഹള വൈരത്തിനടിസ്ഥാനമായ ഈ സംഭവത്തിന്റെ തുടർച്ചയായി രാജേന്ദ്ര ചോളൻ ശ്രീലങ്കയെ തകർക്കുന്നു.

ഈ കുടിപ്പകയുടെ തുടർച്ച തന്നെയാണ് ഇന്നും ശ്രീലങ്കയിലെ ആഭ്യന്തര സംഘർഷത്തിന് അടിസ്ഥാനമെന്ന് നോവലിസ്റ്റ് സമർത്ഥിക്കുന്നു.

സുസാന സുപിന എന്ന സിംഹള കൃതിയെ ആസ്പദമാക്കി ലഭിച്ച ദേവനായകീ സങ്കൽപം അറിയാനിടയായ പീറ്റർ ശ്രീലങ്കയിലെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിയുന്നു.
ഗായത്രി പെരേര, ജൂലിയറ്റ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന     എസ്സ്.എസ്സ്.എഫ്.     എന്ന സേവ് ശ്രീലങ്ക ഫ്രം ഫാസിസം എന്ന രഹസ്യ പ്രസ്ഥാനവുമായി പീറ്റർ അടുക്കുന്നു.
അവരിലൂടെ താൻ അന്വേഷിക്കുന്ന സുഗന്ധിയെ പീറ്റർ കണ്ടെത്തുന്നു.

പഴയ ദേവനായ കിയുടെ പുനർജൻമ മാ യി സമർപ്പിക്കുന്ന സുഗന്ധിയും കൂട്ടുകാരും ശ്രീലങ്കൻ ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ നീങ്ങുന്നു.

കൊളമ്പോയിൽ നടക്കുന്ന കോമൺവെൽത്ത് സമ്മേളനത്തിൽ പ്രസിഡന്റിനെ വധിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെടുന്നയിടത്ത് നോവൽ അവസാനിക്കുന്നു

സമകാലിക രാഷ്ട്രീയവും ഭൂതകാലമിത്തുകളും സംഗമിക്കുന്ന നോവൽ രൂക്ഷമായ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
തമിഴ് മോചനത്തിനിറങ്ങിയ എൽ.ടി.ടി.ഇ. പുലികളും അവരെ നേരിടാനിറങ്ങിയ ശ്രീലങ്കൻ സൈന്യവും സ്ത്രീത്വത്തെ പിച്ചിച്ചീന്തുകയായിരുന്നു. ഒരിക്കലെങ്കിലും റേപ് ചെയ്യപ്പെടാത്ത സ്ത്രീ ആക്ടിവിസ്റ്റുകൾ ശ്രീലങ്കയിലില്ല എന്നത് ഭയത്തോടെയും ലജ്ജയോടെയും കാണേണ്ട ഒന്നാണ്. യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെടുന്ന സ്ത്രീകളെ ഫസ്റ്റ് റേപ് ആൻഡ് ദെൻ ക്വസ്റ്റിൻ എന്നതായിരുന്നു പട്ടാള മേധാവികളുടെ ഉത്തരവ്.

പട്ടാള മേധാവികൾക്കു മുൻപിൽ അതിക്രൂരമായ ലൈംഗിക പീഡനങ്ങളാണ് ഇരകൾ ഏറ്റുവാങ്ങിയത്.
പീഡനത്തിനിരയാകുന്ന സ്ത്രീ പ്രസവിക്കും വരെ ക്രൂരമായ കസ്റ്റഡിയിൽ വക്കുകയെന്ന രീതി ഭയാനകമായ ഒന്നായി കാണാം.

സൗന്ദര്യത്തിന്റെയും രതികാമനകളുടെയും സങ്കൽപ്പമായ ദേവനായകി സ്ത്രീയുടെ രക്ഷക്കു വേണ്ടി , മനുഷ്യാവകാശങ്ങൾക്കായി പുനർജനിക്കുന്നു.        സുഗന്ധിയായും.. രജനിയായും.. ഗായത്രിയായും..

ഈ ദേവനായകീ പരമ്പര അവസാനിക്കുകയില്ല .. 
പല വ്യക്തികളിലൂടെ പെണ്ണിന്റെ മാനത്തിന്നും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും .. കാരണം ഫാസിസവും ഏകാധിപത്യവും ഏറ്റവും പ്രതികൂലമായി ബാധിക്കുക സ്ത്രീകളെയാണ് ...

ബി.വി.ശിവശങ്കർ