ജലമരണം-രാജേശ്വരി അറക്കൽ
രാജേശ്വരി അറക്കൽ
ആനുകാലികങ്ങളിൽ
എഴുതുന്നു
തൊഴിൽ ഫിനാൻഷ്യൽ അഡ്വൈസർ
എസ്.ബി .ഐ ലൈഫ്
എറണാകുളം സ്വദേശിനി.
ജലമരണം
ഏറെയുണ്ട് ജലമരണത്തെ നിനയ്ക്കുവാൻ
ചരിത്രം പുഴകളുടെ ഫോസിൽ
തിരഞ്ഞുകൊണ്ടേയിരിക്കും
ഡിസ്പോസബിൾ ഉടുപ്പണിഞ്ഞ മനുഷ്യർ
വിശപ്പിനും ദാഹത്തിനും
ഗുളിക ഭക്ഷിച്ച്
ടെക്നോളജിയെപ്പറ്റി വേവലാതിപ്പെടും.
മരങ്ങളും ചെടികളും കാണാൻ
വിദ്യാർത്ഥികൾ മ്യൂസിയങ്ങളിലേക്ക്
വിനോദയാത്ര നടത്തും
കഥകളിലെ തടാകവും,
കുളവും,കാടുകളും വരച്ച്
ചിത്രകാരന്മാർ ഖ്യാതി നേടും.
രണ്ടായിരപ്പഴക്കം വീഞ്ഞുപോലെ
റാക്കുകളിലെ ജലഭരണികൾ നോക്കി
നാക്കുകൾ പുളകം കൊളളും.
നീയും ഞാനും മത്സരിച്ചു കൊന്ന കടൽ
പ്ളാസ്റ്റിക്ക് മലയുടെ സ്മാരകമാവും
പെട്രോളിൽ നിന്ന് ജലമുണ്ടാക്കാൻ
ശാസ്ത്രം തല പുകയ്ക്കും.
കൊന്നുതിന്ന് ,തിന്നുകൊന്ന്
മണ്ടനായ മനുഷ്യനെയോർത്ത്
ദൈവം മാത്രം ചിരിച്ചുകൊണ്ടേയിരിക്കും.
രാജേശ്വരി
No comments:
Post a Comment