Sunday, 4 June 2017

മഴപ്പേച്ച്-ഷാലു ജോമോൻ














ഷാലു ജോമോൻ






      മഴപ്പേച്ച്


ഒരു നനവിന്റെ അറ്റത്ത് പ്രാണനെ
കോർത്തെടുക്കുന്നത്
നെഞ്ചോട് ചേർത്ത്
പിടിക്കാനാണ്...

ജീവനാരിന്റെ
ഇഴ പകുത്ത്
പ്രണയമുറപ്പിക്കുന്നത്
ഒരായുസിന്റെ വഴിയിൽ 
ഒന്നിച്ച് നടക്കാനാണ്

നിശ്വാസങ്ങൾ
അകന്നു പോവാത്തത്
നാലറകളിൽ 
നനഞ്ഞൊട്ടിയ
രണ്ടിതളുകളാവാനും
സിരകളിലൊഴുകി
പടരാനുമാണ്..!

പക്ഷെ..,
കണ്ണാഴങ്ങളിൽ
കാഴ്ചകൾ
നേർരൂപങ്ങളായി
നീറ്റലടക്കാൻ
പാട് പെടുമ്പോൾ
മഞ്ഞുതുള്ളിയുടെ
തണുപ്പാർന്ന
പുൽനാമ്പ്
കൺകോണിലൂടെ
ഉള്ളിലേക്കിഴയും..

മഴക്കാറിനെയെടുത്ത്
ഉടുത്തവൾക്ക്
മഴയായ് പെയ്തു നിറയാനല്ലേയാവൂ
എന്ന് ഒരു കടൽ ഉറക്കെ 
വിളിച്ചു പറയും..!!!
ഷാലു ജോമോൻ

1 comment:

  1. നല്ല എഴുത്ത്.... ഉള്ളിൽ എന്തോ കത്തുന്ന പോലെ...

    ReplyDelete