Sunday, 4 June 2017

ഉടലില്ലാത്തവർ-സനു മാവടി

  












സനു  മാവടി
കണ്ണൂർ പേരാവൂർ സ്വദേശി 





ഉടലില്ലാത്തവർ 
അറുത്തെറിഞ്ഞൊരാ...
ശാഖിയിൽ നിന്നിറ്റുവീണ
തുള്ളികൾ
കണ്ണുനീരിനുസമം 
ധരയെപ്പുൽകിയൊടുങ്ങുന്നു..

കടയറുക്കപ്പെട്ടൊരാലിന്റെ -
തറയിന്നും  
ഗതികിട്ടാത്താത്മാവിനെപ്പോൽ
തണലിനെ കിനാവ് കാണുന്നു.. 

വെയിലുടുപ്പുകളഴിച്ചുവെച്ചവൻ
തണലൊന്നു പരതവേ
ഉടലറുത്ത മരത്തിന്റെ കാലുകൾ 
ഗർഭം ധരിച്ചൊരാ തളിരിലെ 
ഒറ്റയില നമ്രശിരസ്ക...

ഉടലറുക്കപ്പെട്ടവരുടെ ശാപം 
മഴ മറന്ന വഴികളേറെ.. 
വെയിലുനക്കിത്തോർത്തിയ 
വരണ്ട കുളങ്ങൾ 
വറുതിയുടെ കാൽപ്പാടുകൾ.. 

നാളെ....
മരമൊരു വര.. 
വെളുത്ത ക്യാൻവാസിൽ 
പച്ചനിറം ഒഴുകിപ്പടർന്ന 
ഓർമ്മവര..... 
(പരിസ്ഥിതി ദിനത്തിലേക്ക്...)
സനു മാവടി


No comments:

Post a Comment