സ്വപ്നാ റാണി
ചോദ്യങ്ങൾ
തലകീഴായ്
തൂങ്ങിക്കിടക്കുന്നവയാണ്
ചോദ്യങ്ങളോരോന്നും.
ഉത്തരങ്ങളെക്കുറിച്ചുള്ള
ആഗ്രഹങ്ങൾ,
ആകാംക്ഷകൾ,
ഒക്കെയാണ്
അവയുടെ
നിലനില്പ്.
ഇന്നലെകളുടെ
കനത്ത
ശബ്ദങ്ങളിൽ നിന്ന്
അവ
മൗനമായി
നാളെയെത്തേടിക്കൊണ്ടിരിക്കുന്നു
പകലുറക്കത്തിൽ
തിടം
വയ്ക്കുന്ന
ക്ഷണിക
സ്വപ്നം മാത്രമായി ഇന്ന്!
തല
തിരിഞ്ഞ കാഴ്ചകളിൽ നിന്ന്
ശരിയുത്തരങ്ങൾ
ആഗ്രഹിക്കുമ്പോൾമരക്കൊമ്പുകൾ
ചോദ്യങ്ങളെ
കുടഞ്ഞെറിയുന്നു.
ഉടലിന്നൊപ്പം
തെറിച്ചു
വീഴുന്ന
ആഗ്രഹങ്ങളുമായി
അവ
ശൂന്യതയിൽ
വിലയിക്കുമ്പോൾ
ഒറ്റയ്ക്കൊരാൾ
ഉത്തരങ്ങളുടെ
ഭാണ്ഡവുമായി
മരുഭൂവിലലയുന്നു.
സ്വപ്നാ
റാണി

No comments:
Post a Comment