Sunday, 26 March 2017

കാവ്യസഞ്ചാരം-ഡോ:സുരേഷ് മൂക്കന്നൂർ















ഡോ: സുരേഷ് മൂക്കന്നൂർ




കാവ്യസഞ്ചാരം
ഉറങ്ങാൻ കിടക്കുമ്പോൾ 
ത്തുടങ്ങും സഞ്ചാരങ്ങൾ 
നടന്ന വഴി പിന്നോ 
ട്ടളന്നു മുന്നേറുന്നു 
നടക്കാൻ കൊത്തിച്ചേട-
ത്തൊക്കെയും ചെന്നെത്തുന്നു 
ആഴത്തിലാഴത്തിലായ്
കടലിന്നടിത്തട്ടിൽ
നിവർന്നു കിടക്കുന്നു
ശംഖിന്റെയുള്ളിൽക്കേറി 
മുഴക്കം പഠിക്കുന്നു 
അടുത്ത നിമിഷത്തിൽ 
ആകാശമേൽക്കൂരയും 
പ്പിളർന്ന് ശൂന്യാകാശ 
വീഥിയിൽപ്പറക്കുന്നു
പഞ്ഞിപോൽപൊഴിച്ചിട്ട 
തൂവൽപോൽ നനുന്നനെ 
 ഭൂഖണ്ഡമോരോന്നിലും 
കയറിയിറങ്ങുന്നു 
കാടുകൾ മണൽക്കാടും 
മേടുകൾ പുൽമേടുകൾ 
സഞ്ചാരം തുടരുന്നു ...
കോട്ടകൾ കൊട്ടാരങ്ങ 
ളോക്കെയും തുറന്നിട്ടു 
കാണുന്നു ചരിത്രത്തെ 
നിർമ്മിച്ച മനുഷ്യരെ 
സഹിച്ച ജനതയെ 
അദ്‌ഭുത സമസ്യകൾ 
വിവിധ സംസ്കാരങ്ങൾ 
തഴച്ച തടങ്ങളെ 
നിത്യനൂതന ദേശ -
സഞ്ചാരമതിനൊപ്പം 
 വായിച്ചു മഹാഗ്രന്ഥ 
സഞ്ചയമതി സൂക്ഷ്മം  
കാണുവാൻ മോഹിച്ചേട
ത്താനന്ദ ദേശാടനം 
കാണേണ്ട ദേശങ്ങളോ 
കണ്ണെത്താ ദൂരത്തോളം 
ഉടുപ്പും ചെരുപ്പെല്ലാ-
മുറങ്ങിക്കിടക്കുമ്പോൾ 
പുതപ്പിനുള്ളിൽ മഹാ-
ശുന്യതയുറങ്ങാതെ. 

ഡോ: സുരേഷ് മൂക്കന്നൂർ

Saturday, 25 March 2017

കാർട്ടൂൺ19-മനോജ് മൂക്കൻതോട്ടം

ജലം 


വണ്ടർലാ വിത്ത് ലെനോവ 7000-അസ്ഹർ താനാളൂർ

ഗ്രാമ പെണ്ണ്-ഫാത്തിമത്തുൽ വഹീദ എ .എം











ഫാത്തിമത്തുൽ  വഹീദ എ .എം 
ജി.എഫ് .എച്ച്.എസ്സ്‌ .എസ്സ് ചെറുവത്തൂരിലെ പ്ലസ്‌  ടു വിദ്യാർത്ഥിനി 
കാസർഗോഡ് സ്വദേശി  
ആനുകാലികങ്ങളിൽ എഴുതാറുണ്ടു.
"മഴ  ജീവിതം പോലെ" കവിത സമാഹാരം പ്രസിദ്ധീകരിച്ചു.



ഗ്രാമ പെണ്ണ്

നികത്തിയ വയലേല കടന്ന് 
മുറിച്ച മാറ്റിയ വൃക്ഷങ്ങൾ
നോക്കി ....
ആരോ കവർന്നെടുത്ത
മഴപുതപ്പ് തേടി 
കോൺഗ്രീറ് ചെയ്ത മുറ്റത്തു നിന്ന് 
ഹൈ ടെക് റോഡിലൂടെ നിലവിളിച്ചു 
 കൊണ്ട്‌ 
ഓടുന്നുണ്ടവൾ
ഗ്രാമ പെൺകൊടി...
ഫാത്തിമത്തുൽ  വഹീദ എ .എം 

Friday, 24 March 2017

യുദ്ധം-സാബു ചോലയിൽ














സാബു ചോലയിൽ 
തൃശൂർ മുളംകുന്നത്ത്കാവു സ്വദേശി  .
മെഡിക്കൽ റെപ്രെസെന്ററ്റീവ്  ആയി ജോലിനോക്കുന്നു .
 ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്,
"തീണ്ടിക്കൂടാത്തവന്റെ പെരുവിരൽ ".


യുദ്ധം
കർമ്മഫലങ്ങളുടെ നീക്കിയിരിപ്പുകൾ 
ലാവാപ്രവാഹങ്ങളായി...
ഭൂമിയുടെ നാഭീസ്തരങ്ങൾ തകർത്ത്
മണ്ണിരകളെപ്പോലെ
പുളഞ്ഞുമറയുന്നുണ്ട് .

ശ്രുതിഭംഗം വന്ന 
ഈണം മൂളി
ധരിണിയുടെ ശല്ക്കശൂന്യതകളിലൂടെ 
പ്രതീക്ഷയറ്റ മഴക്കിളികളുടെ 
വരിതെറ്റിയ സഞ്ചയങ്ങൾ 
നോവിന്റെ ഒറ്റച്ചിറകുകൾ പൊഴിച്ചുകളഞ്ഞു
പറന്നകലുന്നുണ്ട് .

വരണ്ട മാരുതന്റെ
ഗന്ധമകന്ന രാമച്ചവിശറിയൊടിച്ച് 
ഉണങ്ങിയ വൃക്ഷശിഖരങ്ങൾ 
ആത്മബലി നടത്തുന്നുണ്ട് .

പുഴയുടെ ഗർഭപാത്രത്തിൽ 
നീരിന്റെ ചാപിള്ളകൾ 
പൊക്കിൾക്കൊടി ചുറ്റിക്കിടക്കുന്നുണ്ട് .

ഉഷ്ണം നാറുന്ന
വനാന്തര
നിഗൂഢതയിൽനിന്ന്
പകയുടെ കൺ നോട്ടങ്ങൾ
പുറപ്പെട്ടുവരുന്നുണ്ട് .

നടന്നു  മടുത്ത 
മൺകുടങ്ങൾ
ആകാശക്കോണിൽ 
കരിമേഘങ്ങളെ കിനാവുകണ്ട്
എന്നോ മരിച്ച തോടിന്റെ 
തമോഗർത്തങ്ങളിൽ വീണടിയുന്നുണ്ട് .

ദാഹമൊരു വന്യവികാരമാകുമ്പോൾ 
മനുഷ്യൻ അപരന്റെ ഗളഞരമ്പുകൾ കടിച്ച്
രുധിരപാനം നടത്തുന്നുണ്ട് .

വരണ്ട തൊണ്ടകൾ ഭൂഖണ്ഡങ്ങൾ താണ്ടി 
യുദ്ധംചെയ്യാനിറങ്ങുന്നുണ്ട് .

ഉഴുമറിയ്ക്കപ്പെട്ട 
പ്രത്യാശയുടെ വിളനിലങ്ങളിലേയ്ക്ക്
ചെറുചാറലുകൾ കാത്ത്‌
ശാപഗ്രസ്തരായ
തലമുറകൾ ...!!
സാബു ചോലയിൽ 

അപ്പൂപ്പൻ താടികൾ-ജി.എൽ ലാജു












ജി.എൽ ലാജു
സ്വദേശം കോഴിക്കോട്
ഇപ്പോൾ ജോലി സൗദിയിൽ
ഭാര്യ    :അഞ്ജലി
മകൾ  :ചാരു നൈനിക
ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും എഴുതാറുണ്ട് 
സ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിൽ പല തവണ കവിതകൾക്കും കഥകൾക്കും സമ്മാനം നേടിയിട്ടുണ്ട്.1997 ലെ ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്ക്കാരം, 2001 ൽ കേരളത്തിന് പുറത്തുള്ള എഴുത്തുകാർക്ക് മലയാള മനോരമ ഏർപ്പെടുത്തിയ പുരസ്ക്കാരം എന്നിവ പ്രധാനപ്പെട്ടവ. 



അപ്പൂപ്പൻ താടികൾ
അഞ്ചരയ്ക്കു മുന്നേ
വീടെത്തിയില്ലെങ്കിൽ
'എവടാരുന്നെടീ ഇത്രേം നേരം,
അതിവിടെവിടോ
ഉണ്ടാരുന്നല്ലോ
ഇന്നു നീ  അടി മേടിക്കു'മെന്ന്
അലമാരയക്ക് മേലേം
കട്ടിലിന് കീഴേം തെരഞ്ഞ്
ഇന്ന് വരെ കാണാതിരുന്ന
ആ ചൂരല്,
ഇന്നമ്മ കണ്ടു പിടിച്ചു കാണും..
ഇത്രേം നേരായില്ലേ..

ചെന്നങ്ങു കേറുമ്പോ
തുട പൊളിക്കുമായിരിക്കും..

ഇത്രേം ഇരുട്ടിയില്ലേ
അപ്പാ കട പൂട്ടി വന്നു കാണും..
ഇന്ന് കൊണ്ടന്ന മിഠായി മുഴുവൻ
ആ കുറുമ്പിപ്പാറു
എനിക്കു തീരേ വെക്കാതെ
തിന്നു കാണും..

എന്നാലും
ഉറക്കം നടിച്ചു ഞാൻ കിടക്കുമ്പോ
"മോളെ വഴക്ക് പറയണത്
മോൾക്കൊന്നും പറ്റാതിരിക്കാനല്ലേ "  എന്ന്
കെട്ടിപ്പിടിച്ചുറങ്ങുന്നമ്മ
ഇന്ന് റാണി മോളെ കാണാതെ
എന്ത് ചെയ്യുന്നുണ്ടാവും ?

പോട്ടെടോ
നമ്മടെ മോള്
നല്ല കുട്ടിയായി
വല്യ ആളാവുംന്ന്
അമ്മയെ ആശ്വസിപ്പിക്കുന്ന അച്ഛൻ
ഇപ്പൊ
എന്തു പറയുന്നുണ്ടാവും?

നിയ്ക്ക്
കരച്ചിലു വരുന്നുണ്ട്..
ചത്തു പോണ പോലെ
വേദനയാ..

അപ്പൂപ്പൻ താടി
കാണിച്ചു തരണേന്
എന്തിനാ കുപ്പായം
വലിച്ചു കീറണേ?

എന്തിനാ ശ്വാസം മുട്ടിക്കുന്നേ..?
എന്തിനാ നിലത്ത് കിടത്തി
എന്നോടിങ്ങനെ?

റാണി മോൾക്ക്
എത്ര വേദനയായീന്നറിയോ
എന്റെ
ദേഹത്ത് കെടന്നപ്പോ ...

നാളെ,
ഈ പൊന്തക്കാട്ടില് നിന്ന്
എന്നെ എല്ലാരും കൂടി
ചുമന്നെടുത്ത്
കുഴിച്ചിടാൻ പോവുമ്പോ
സുകു മാമനും വന്ന് നോക്കി നിൽക്കോ?

മാമന്റെ തങ്കി മോളെയും
ഇങ്ങനാണോ,
മാമൻ
അപ്പൂപ്പൻ താടി
കാണിച്ചു കൊടുക്കാറുണ്ട്
എന്നു പറഞ്ഞേ ?

സ്വർഗ്ഗത്തീ വെച്ച് കാണുമ്പോ
ചോദിക്കും ഞാൻ
തങ്കിമോളോട്..
ഉറപ്പാ!
(ലാജു / പ്രൊമിത്യൂസ് 2004)

പാട്ടക്കരിമ്പിലേക്ക്-അനിൽ പരപ്പനങ്ങാടി



                                           



അനിൽ പരപ്പനങ്ങാടി

 പാട്ടക്കരിമ്പിലേക്ക്...

തിരുപ്പിറവി കാത്ത് കാത്ത്-പ്രേമരാജൻ.കെ.ആർ














പ്രേമരാജൻ.കെ.ആർ 


തിരുപ്പിറവി കാത്ത് കാത്ത്
ഭൂമിയിൽ കുഞ്ഞാടുകൾ ഇത്തിരി വറ്റിനും ദാഹജലത്തിനുമായി കേണു
ആട്ടിടയൻമാരുടെ രക്തം മണലിൽ ചുട്ടുപഴുത്തു
വയലേലകളിൽ വിയർപ്പു പുരണ്ട രക്തം ചാട്ടവാറുകൾ നക്കിത്തുടച്ചു
മഗ്ദലനമാരുടെ കരളുകൾ
 പാപികളുടെ കല്ലിനോട് കലഹിച്ചു മടുത്തു
നീതിമാന്റെ രക്തമാംസങ്ങൾ ചുങ്കക്കാർ അറുത്തുവിറ്റുകൊണ്ടിരുന്നു
ദേവാലയങ്ങളിൽ കച്ചവടക്കാർ തമ്പടിച്ചു
നീതിക്കായി തുറക്കാത്ത വാതിലുകളെ മടുത്ത
അമ്മമാർ പുൽക്കൂടുകളിലേക്ക് വലിച്ചെറിയപ്പെട്ടു
കണ്ടു മടുത്ത ആകാശ മേഘങ്ങൾക്കു നൊന്തു
ഒരു കണ്ണീർക്കണം ഭൂമിയിലേക്കു പെയ്തിറങ്ങി
മാലാഖമാരുടെ സഹതാപം മഞ്ഞായി പൊഴിഞ്ഞലിഞ്ഞു
പ്രതീക്ഷകളുടെ നക്ഷത്രങ്ങൾ തെളിച്ചു രാപ്പക്ഷികൾ കൂട്ടിരുന്നു
ആട്ടിയോടിക്കപ്പെട്ട ദൈവത്തിന്റെ കണ്ണീർക്കണം
പുൽത്തൊഴുത്തിലൊരു രക്തബിന്ദുവായി പിറന്നു വീണു
ഇടയവർഗ്ഗത്തിന്റെ ഒഴിഞ്ഞ വയറിന്റെ വേദന
നെഞ്ചിലെ തുടിപ്പാട്ടായി കൊട്ടിയുയർന്നു
ആഹ്ലാദത്തിരമാലകൾ കരോൾ ഗാനം പാടി പൂത്തുലഞ്ഞു
നക്ഷത്ര ലക്ഷണം കണ്ടറിഞ്ഞ പണ്ഡിതർ പറന്നു വന്നു
ക്രിസ്തുമസ് രാവുകൾ നല്ല വെള്ളിയാഴ്ചകൾ തിരഞ്ഞു പടർന്നു പന്തലിച്ചു
പുനർജ്ജനികളിൽ വീണ്ടും വിപ്ലവ നക്ഷത്രം ഉദിച്ചുയർന്നു -

ഒടുവിൽ എവിടെയാണത് സംഭവിച്ചത്
പുൽക്കൂട്ടിൽ നിന്നുമവൻ ചില്ലുമേടയിലേക്കും
കൊട്ടാരങ്ങളിലേക്കും താമസം മാറ്റിയത്
കുഞ്ഞാടുകളുടെ കിളുന്തു മാംസം വേവുന്ന ഗന്ധം
കുന്തിരിക്കപ്പുകകൾ മായ്ച്ചു കളഞ്ഞത്...
അതോ അവന്റെ തിരുരക്തം ഇപ്പോഴും അവശ ഹൃദയങ്ങളെത്തേടി
ഒരു പിറവിക്കായി കാത്തിരിക്കുന്നുവോ ...
തിരുപ്പിറവിക്കായി ഞാനും കാത്തിരിക്കട്ടെയോ ...
പ്രേമരാജൻ.കെ.ആർ