Tuesday, 1 August 2017

പുത്തൻ കുരിശേന്തികൾക്ക്...!-കെ എസ് രതീഷ്














കെ എസ് രതീഷ്




പുത്തൻ കുരിശേന്തികൾക്ക്...!
( രക്ത സാക്ഷികൾക്കും ബലിദാനികൾക്കും)
ഓശനകഴിഞ്ഞ്
ആഴ്ച്ചവട്ടത്തിലൊന്നാം നാൾ
നിന്റെ ക്രൂശുമരണമുണ്ടാകും.
ഈ രക്തത്തിലെനിക്ക് പങ്കില്ലെന്നുപറഞ്ഞവനും                    *
ഹെരോദാവും കുഞ്ഞാടിന്റെ മാംസത്തിനൊപ്പം ഒരേ മേശയിലിരിക്കും.
അവർ എഴുത്താണികളെടുത്ത്  പഴയ    *പുതിയ            നിയമങ്ങളെഴുതിക്കും..
പഴയതിൽ അവരുടെ ചരിത്രവും, പുതിയതിൽ നിന്റെ ക്രൂശും വർണിക്കപ്പെടും...
നിനക്കുവേണ്ടി പാതനിരപ്പാക്കാൻ* താലത്തിൽ വച്ചൊരു തലയുയർത്തും...
പുൽക്കൂടൊരുക്കും,
അന്ധനും ബധിരനും മരിച്ചവനും നിന്റെ വിളിയിൽ ഉയർന്നെന്ന് കഥയുണ്ടാക്കും...
ഒടുവിൽ നിന്നെയവർ കുരുത്തോലവിരിച്ച് കഴുതപ്പുറത്തേറ്റി യെരുശലേമിലെത്തിക്കും..
മൂന്നുവട്ടം നിന്നെ രക്ഷിക്കാൻ നിന്റെ അമ്മ മറിയ വളർത്തിയ കോഴികൾ കൂകും...*
ഓശാനവിളിയിൽ മനം മയങ്ങിയ നീയതുകേൾക്കില്ല...
ഒപ്പം നിന്നവൻ മുപ്പതിന് നിന്നെ ചുംബിച്ചൊറ്റുകൊടുക്കും. 
നിന്റെ അപ്പം തിന്നവർ നിന്നെ ക്രൂശിക്കാനാർക്കും...
ഗദശമനയിൽ* വിലാപ്പുറത്തെ അവസാനതുള്ളിയും അവരൂറ്റിയെടുക്കും...
യെഹൂദന്മാർക്ക് രാജാവെന്നെഴുതിവയ്ക്കും.*
രക്തത്തിന് വലിയൊരു സാക്ഷ്യമുണ്ടല്ലോ...?
ഒറ്റുകൊടുത്തവന്റെ 
മുപ്പത് തട്ടിയെടുത്ത് നിനക്ക് രക്തനിലമൊരുക്കും..*
വലിയൊരുകല്ലുരിട്ടിവയ്ക്കും...
മൂന്നാം നാളിൽ നീയുയർത്തെന്നും അവർക്ക്പ്രത്യക്ഷരായെന്നും വിശ്വാസികളോട് പറയും...
നിന്റെ ശിഷ്യന്മാർ ക്രൂശെടുക്കാൻ തയാറാകും...
വിശ്വാസം വല്ലാതെ വളരുമ്പോൾ...
ജനനവും മരണവും ഉയിർപ്പും അവരാഘോഷിക്കുമ്പോൾ...

പഴയ പുൽക്കൂട്ടിൽ
തിരശീല രണ്ടായിക്കീറിയ* നിന്നെപ്പെറ്റൊരമ്മ...
ഒരു കുഞ്ഞാടിനെയോർത്ത് കരയും...
ഇനിയും കുരിശേന്തികളുണ്ടാകാതിരിക്കാൻ, 
അവർ ദിവ്യഗർഭങ്ങളോട് പതുക്കെപ്പറയും...!!

അടിക്കുറിപ്പുകൾ...
===========

* പീലാത്തോസും ഹെരോദാവും ക്രിസ്തുവിനെ ക്രൂശിച്ചതിലൂടെ ശത്രുത മറന്നു..

* പുതിയ പഴയനിയമങ്ങൾ അടങ്ങിയ ബൈബിൾ

* സ്നാപകയോഹന്നാന്റെ കഥ നർത്തകിയ്ക്കായി തലമുറിച്ചു. യേശുവിന്റെ വരവ് വിളിച്ചു പറഞ്ഞത് യോഹന്നാനായിരുന്നു...

* ക്രിസ്തുവിനെ ഒറ്റുകൊടുക്കും മുന്നേ മൂന്നുവട്ടം കോഴികൂകി

* ക്രിസ്തുവിനെ ക്രൂശിച്ച മല

*ക്രിസ്തുവിനെ അടക്കം ചെയ്ത നിലം, യൂദാസിന് കിട്ടിയ കാശുകൊടുത്ത് വാങ്ങിയത്...

* ക്രൂശിൽ ക്രിസ്തുമരിച്ചപ്പോൾ യെരുശലേമിലെ തിരശീല രണ്ടായിക്കീറി...
കെ എസ് രതീഷ്
( ഗുൽമോഹർ 009)


ഇനിയവൻ ജനിക്കാതിരിക്കട്ടെ- ശരീഫ മണ്ണി ശ്ശേരി.














ശരീഫ മണ്ണി ശ്ശേരി.





ഇനിയവൻ ജനിക്കാതിരിക്കട്ടെ

മനുഷ്യനെന്ന നാശം ഒടുങ്ങിയ സന്തോഷത്തിലാണ് ഞങ്ങൾ.ഇപ്പോഴിതാ പുഴകളൊക്കെ കള കളം പാടി ഒഴുകുന്നു.മരങ്ങളെല്ലാം പൂത്തു തളിർത്തിരിക്കുന്നു.എങ്ങും സ്വച്ഛമായ വായു പരിലസിക്കുന്നു. തെളിവെള്ളം കുളങ്ങളിലും അരുവികളിലും ഒഴുകുന്നു.ലോറികൾ കൊണ്ട് പോയ കുന്നുകളുടെ മുറിവടയാളങ്ങൾ പുതുമണ്ണിനാൽ മൂടിത്തുടങ്ങി.പൂമ്പാറ്റകളും തുമ്പികളും വണ്ടുകളും പാറിപ്പറക്കുന്നു. നശിച്ചു തുടങ്ങിയ പല ജീവികളും സമാധാനം തിരിച്ചെത്തിയ ഭൂമിയിലേക്കു മടങ്ങി വരുന്നുണ്ട്.തവളകളുടെ പേക്രോം ശബ്ദമാണ് അന്തരീക്ഷമാകെ.
ഞങ്ങളെന്തു മാത്രം സമാധാനപ്രിയരാണ്.പുലർച്ചക്ക് എല്ലാവരെയും വിളിച്ചുണർത്തുന്ന പൂവാൻകോഴികൾ.പരിസരമെല്ലാം വൃത്തിയാക്കുന്ന കാക്കകൾ.പാട്ടു പാടി ആനന്ദിപ്പിക്കുന്ന കുയിലുകൾ.ഇങ്ങനെ നിസ്വാർത്ഥം പ്രവർത്തിക്കൽ മനുഷ്യന് അസഹ്യമായിരുന്നു. എന്തൊരു പരാക്രമിയായിരുന്നു അവൻ.ഒടുക്കം അവന്റെ തീയുദ്ധങ്ങൾ തന്നെയാണ് അവനെ ഇല്ലാതാക്കിയത്.ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ഞങ്ങൾ ഇതര ജീവികൾ കുറച്ചെങ്കിലും ബാക്കിയായത്.
എന്തത്ഭുതമാണെന്നോ ഈ മനുഷ്യന്റെ കാര്യം.മരണം മുന്നിലെത്തിയാലും ആർത്തി തീരില്ല.കുന്നുകൂട്ടുന്നത് അവസാനിപ്പിക്കില്ല.പ്രകൃതിയെ നശിപ്പിക്കലായിരുന്നു അവന്റെ ഏറ്റവും വലിയ വിനോദം.അങ്ങനെയാണ് സ്ഫടികജലം മഞ്ഞയും ചുവപ്പുമൊക്കെ ആവാൻ തുടങ്ങിയത്.നദികളെല്ലാം വറ്റി വരണ്ടത്. ആർത്തിരമ്പുന്ന കടൽ വെറും വെസ്റ്റ് കുഴിയായത്.കൊതുകും ഈച്ചയും പെരുകി രോഗങ്ങൾ മന്ത് കാലിൽ നടക്കാൻ തുടങ്ങിയത്.ഇത്രയധികം മരുന്ന് കഴിക്കുന്ന മറ്റൊരു ജീവിയുണ്ടോ?ആനകളും പശുക്കളുമെല്ലാം ഇപ്പോൾ ആനന്ദത്തിലാണ്.ഇനി മനുഷ്യന്റെ ചങ്ങലയിൽ കിടക്കേണ്ടല്ലോ.
ഇനിയും ആ ജീവി പുനർജനിക്കാതിരിക്കട്ടെ, ഭൂമി മരിക്കാതിരിക്കട്ടെ

ഹർത്താൽ-യൂസഫ് വളയത്ത്














യൂസഫ് വളയത്ത്





ഹർത്താൽ
"ആ പന്നീടെ  ഇറച്ചീല്  പച്ചിരുമ്പ് ആഴ്ന്നിറങ്ങണേന്റെ  മുമ്പ്   " ഇത്ഞങ്ങടെ വാസൂട്ടൻറെ ചോരക്ക് പകരാൺടാ...." എന്ന് ഓന്റെ  ചെവീല് മുഴങ്ങണം.........
ചത്ത് മലക്കുമ്പൊ  ഓൻ ഒരു നിമിഷം  നമ്മടെ വാസൂട്ടനെ  ഓർക്കണം...... "

"വാസൂട്ടൻ  നമ്മടെ പാർട്ടിടെ കരുത്തായിരുന്നു........ ഞാൻ പറയാണ്ട് നിങ്ങക്കറിയാലോ വാസൂട്ടനെ........
ഭാസ്കരാ  ചെല്ല്........ ചെന്ന് തീർത്തട്ട് വാ...... തിളങ്ങുന്ന ആയുധംനീട്ടി  രാമേട്ടൻ മുരണ്ടു.......... "

ആളും ആരവങ്ങളുമൊഴിഞ്ഞപ്പോൾ  ഇരുട്ടിന്റെ മറപറ്റി  ബിനു വീട്ടിലേക്ക് നടന്നു.........
പുഴയുടെ തൂക്കുപാലത്തിനടുത്തെത്തിയപ്പോൾ ഇരുട്ടിലൊരു അനക്കം.........  അയാളുടെ ഉള്ളമൊന്നു പിടച്ചു...... ഭയം ഉള്ളിലൊതുക്കി
ഉറക്കെ അയാൾ ചോദിച്ചു
 "ആരാ............?"
ഇരുളി ലെ രൂപം നിലാവിന്റെ ഇത്തിരി വെട്ടത്തേക്ക് ഇറങ്ങി വന്നു
ഭാസ്കരൻ !!!!

അവന്റെ കയ്യിലെ തിളങ്ങുന്ന വാൾ തലപ്പി ലേക്ക് നോക്കിയപ്പോൾ
അയാൾ വനജയെ ഓർത്തു........ അവൾക്കരികിലിരിക്കുന്ന ചിന്നു മോളേയും.........

പിന്നെ അറവുമാടിനെപ്പോലെ തളർന്ന് നിലത്തിരുന്ന് പതിയെ പറഞ്ഞു.... "വാസൂന്റെ ചോര കയ്യീന്ന് കഴുകി കളയുമ്പോ ഞാൻ കരുതിയിരുന്നു....... ഇത് പോലൊരാൾ വരൂന്ന്........."

"സുഹൃത്തേ....... ഈ പൊഴേടെ അക്കരെചെന്ന ആദ്യം കാണ് ണ വീട്ടില് എന്റെ നാല് വയസ്സുള്ള മോള് എന്നേം കാത്ത് ഇരിക്കണ് ണ്ട്............. എൻടെ പെടച്ചല് തീർന്നാ......... കയ്യൂച്ചാ ഈ കടലപ്പൊതി എന്റെ.....ചിന്നൂന്....... ചോര പെനയാണ്ട് കൊടുക്കണം.................. രാവിലെ വീട്ടീന്ന് എറങ്ങുമ്പ  എൻറെ മോള്ക്ക് ഞൻ കൊടുത്ത  വാക്കാ..........

അയാളുടെ തേങ്ങലിൽ  ഭാസ്കരന്റെ പേശികളയഞ്ഞു........  പിന്നെ..........
പുഴയുടെ ആഴങ്ങളിലേക്ക്  ചോരമണ മേൽക്കാത്ത ഒരായുധം ആണ്ടു പോയി......

"രാമേട്ടാ ഞാൻ തോറ്റു രാമേട്ടാ........  എന്നോട് ക്ഷമിക്ക് രാമേട്ടാ .......
ഞാനീ പാർട്ടിക്ക് വേണ്ടി......... നമ്മുടെ വാസൂട്ടന് വേണ്ടി...............   കൊലയല്ലാത്ത തെന്തും............"

"സാരല്ല ഭാസ്ക്കരാ........
അല്ലേലും ഇച്ചിരി ധൃതി നമ്മക്ക്കൂടിപ്പോയോന്ന് മനസ്സില്തോന്നിയതാ......
മ്മടെ  വാസൂട്ടന്റെ ചോര ശരിക്കൊന്ന് ഒണങ്ങട്ടെ............
എന്നട്ട് മതി പകരം വീട്ടല്......
അത് വരെ   ആ പന്നി ജീവിക്കട്ടെ........"

"നിയ്യ് സ്നേഹള്ളോനാ   ഭാസ്ക്കരാ.......
വെട്ടാനും നുറുക്കാനും  നെന്നേക്കൊണ്ട് കയ്യൂലാ...........  സാരല്ല.......
നെന്നേം കൊണ്ട് നമ്മടെ പാർട്ടിക്ക് വേറെ ചിലത് ചെയ്യാന്ണ്ട്..........
ഇപ്പൊ  നീ  പോ........... പോയി നെൻറെ  രമണീനേം  മോനേം കളിപ്പിച്ച് രണ്ടൂസം കഴിഞ്ഞിട്ട് വാ........"
 അവനെ ചേർത്ത് പിടിച്ച് രാമേട്ടനത് പറയുമ്പോൾ അയാളുടെ കണ്ണുകൾ ഒന്ന് കൂടി ചുവന്നുവോ.......?

"എടോ മണിയാ........ ഭാസ്കരൻ ഒരു പച്ചപ്പാവാ...... ല്ലേ ...? "
നടന്നകലുന്ന ഭാസ്കരനെ നോക്കി രാമേട്ടനത് പറയുമ്പോൾ ആ മുഖത്തെ പു ഛവും അരിശവും മണിയൻ കണ്ടു..........

"സ്നേഹോം  സെന്റിമെൻസുമുള്ളോ നൊന്നും  പാർട്ടീല് പറ്റൂല........
അത്തരക്കാര് പാർട്ടിക്ക് വല്ലാത്ത ഭാരാ....."

"പാർട്ടിക്ക് രക്തസാക്ഷികടെ എണ്ണം കൂടുണത് നല്ല ഗുണേണ്ടാവൂ..... അല്ലേടോ   മണിയാ......."
മണിയിൽ നിന്നുള്ള ഉത്തരത്തിന് കാത്തുനിൽക്കാതെ അയാളുറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി.............
 ആ മുഖത്തെ ഭീകര ഭാവങ്ങൾ കണ്ട് മണിയൻ പകച്ച്നിന്നു.......

"മണിയാ........ മ്മടെ വാസൂട്ടന്റെ ദേഹത്ത് എത്ര വെട്ടായിരുന്നൂന്ന് ഓർമീണ്ടോ.....?"

 "പതിനാറെണ്ണണ്ടായിരുന്ന് രാമേട്ടാ........."

"ഉം......... പതിനാറ്.........     അവൻ.....
 ഭാസ്കരൻ......  ആ   പേടിതൊണ്ടനെ
ഇന്ന് ഓന്റെ രമണീന്റെ മുന്നില് വെള്ള
പൊതച്ച് കെടത്തുമ്പോ....... പതിനാറെണ്ണത്തീല്  ഒട്ടും കൊറയണ്ട......"

വന്യമായ അയാളുടെ മുരൾച്ചകൾ തുടരുമ്പോൾ........... ദൂരെ  രമണിയുടേയും കുഞ്ഞിൻറേയും കരള് പിളർക്കുന്ന നിലവിളിക്കുമേൽ ഒരു ഹർത്താൽ ആഹ്വാനത്തിന്റെ  ഫ്ലാഷ് ന്യൂസുകൾ മിന്നിമറഞ്ഞു....

Monday, 24 July 2017

കുഞ്ഞിപ്പൂവ്-മുഹമ്മദ് ഷഹൽ .ടി














മുഹമ്മദ് ഷഹൽ .ടി 
8 ബി
ജി എച്ച് എസ്സ് മീനടത്തൂർ







കുഞ്ഞിപ്പൂവ്

തേനൂറും പാൽ പുഞ്ചിരിയുമായി 
അങ്കണത്തട്ടിലതാ -
ഒരു കുഞ്ഞിപ്പൂ വിരിഞ്ഞു 

മുറ്റത്തിൻ മാറിടത്തിൽ 
ഐശ്വര്യ മേകിയതാ -
പല്ലിളിച്ചു കാട്ടിച്ചിരിക്കുന്നു 

വെയിലിന്റെ നാളമേറ്റു 
വാടാതെ നിൽക്കുമ്പോഴതാ -
വേദനിപ്പിക്കാൻ എത്തിയവർ 

ഒരു കുഞ്ഞികൈ വന്നെന്നെ -
വലിക്കുന്നതാ ......
പിഴുതെടുക്കുന്നെന്നെ 

വലിച്ചും അടിച്ചും പറിച്ചും 
അവരെന്നെയതാ.....
മരണത്തിലേക്ക് തള്ളിവിടുന്നു