Saturday, 22 April 2017

അനുരാഗകരിക്കിൻ..!-രതീഷ് കെ.എസ്














രതീഷ് കെ.എസ്




അനുരാഗകരിക്കിൻ...! 

           ഈക്കിക്കിതമ്പലത്തിൽ (6-4), ടിക്കറ്റ് ശേഖരണത്തിൽ ( 11-6), തവളയേറിൽ (5-5)   ചങ്കും ചക്രേം (5 -4)  സ്വയംവര മത്സരങ്ങളിലെല്ലാം ദയനീയമായി പരാജയപ്പെട്ട സജാദ് ഉ പ്രഖ്യാപിച്ചു 
" ഇനി റസീന നിന്റെ പെണ്ണാ;നീ അവളെ നിക്കാഹ് കഴിക്കണം"  അവൻ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു.

പാർട്ടിയാഫീസിന്റെ മുന്നിൽ നിന്ന സഖാവ് ബാപ്പുട്ടിയെ ഞങ്ങൾ തടഞ്ഞുനിർത്തി....
   " എനിക്ക് റസീനയെ നിക്കാഹ് കയിപ്പിച്ച് തരണം"
ചരിത്രത്തിൽ ആദ്യമായി,
 കാമുകിയോട് പ്രണയം പറയുന്നതിനും മുന്നേ, വോട്ടവകാശം നേടാൻ ഇനിയും പത്തുവർഷം ബാക്കി നിൽക്കേ അവളുടെ ഉപ്പയോട് നിക്കാഹിനാവശ്യപ്പെട്ട കാമുകൻ എന്ന  ഖ്യാതി എന്റെ പേരിലായി.       ഭാവിമരുമകനെ എടുത്തുയർത്തി, കീഴ്പ്പോട്ടു പോയ നിക്കറിന്റെ അഭാവത്തിൽ പുല്ലിംഗം ദർശിക്കുകയും, അവന്റെ അടിവയറ്റിൽ ഉമ്മവച്ച് തോളിലിരുത്തി  അമ്മയെ ഏൽപിക്കുകയും ചെയ്ത അമ്മായിയപ്പൻ എന്ന ഖ്യാതി സഖാവ് ബാപ്പുട്ടിയും നേടി.

    അമ്മയോടൊപ്പം മീൻ വാങ്ങാനെത്തിയപ്പോൾ റസീനയുണ്ടായിരുന്നു..
 ഞാനും അമ്മയും വരുന്നത് കണ്ട് അവൾ തന്റെ ഇളയ കുഞ്ഞിനെയുമെടുത്ത് മാറിനിന്നു. വറുക്കാനും കറിവെക്കാനും ഫ്രിഡ്ജിലലങ്കരിക്കാനും അമ്മവാങ്ങി. രണ്ടായിരത്തിന്റെ ചില്ലറ ആ മീങ്കാരൻ താങ്ങാനായില്ല മടങ്ങിവരുവോളം കാത്തുനിന്നു...

" എന്നാ നാട്ടിലെത്തിയത് ?"
"രണ്ടീസായി"
"പുറത്തെങ്ങും ഇറങ്ങാറില്ലേ "
"യാത്രാ ക്ഷീണമായിരുന്നു "
"ഇപ്പ മലപ്പുറത്താണല്ലേ"

അതേന്ന്,പറഞ്ഞ് ഞാനവളെ നോക്കി, അരക്കെട്ടിൽ തിരുകിയിരുന്ന മാക്സി താഴേക്ക് വലിച്ചിട്ട് അടിവശം പിഞ്ഞി തുടങ്ങിയ കരിമ്പനടിച്ച പാവാട അവൾ മറച്ചു. 
 റസീന എന്നെ നോക്കി ചിരിച്ചു. ഇപ്പോഴും അവൾ ഭംഗിയായി ചിരിക്കാറുണ്ട്.

  ഈ ചിരി സ്വന്തമാക്കാൻ മൂന്ന് ബിയുടെ പുറകിൽ മൺകൂനയുണ്ടാക്കി ഈർക്കിൽ കുഞ്ഞായി ഒടിച്ച് ഒളിപ്പിച്ച് ഈക്കിക്കി തമ്പലം, സ്കൂൾ വിട്ട് വീട്ടിലേക്കുള്ള ഒന്നര കിലോമീറ്റർ നടത്തത്തിൽ ടിക്കറ്റ് ശേഖരണം, ആറ്റിൽ കുളിക്കുന്നതിനിടയിൽ പരന്ന കല്ലുകൊണ്ട് ആറ്റിലേക്കുള്ള തവളയേറ്, ചേച്ചിയുടെ സമ്പാദ്യത്തിൽ നിന്ന് കട്ടെടുത്ത ഇരുപത് പൈസ തുട്ട് പെരുവിരലിൽ വച്ച് ചങ്കും ചക്രേം ടോസിങ്ങ്..... 
ആ വലിയ വിജയങ്ങളുടെ പിന്നിലെല്ലാം ഇവളുടെ ഈ  ചിരിയായിരുന്നു...

നാലിലും അഞ്ചിലും റസീനയെ ഞാൻ പ്രേമിച്ചു...
 ബാപ്പുട്ടി സഖാവിന്റെ തോളിലിരുന്ന് കിട്ടിയ.. "അങ്ങനാകട്ടേ സഖാവേ നമുക്കത് ശരിയാക്കാം "  എന്ന ഉറപ്പ്...
എന്നെ അമ്മയെ ഏല്പിക്കുമ്പോൾ പറഞ്ഞവ.

" സഖാവേ ഇന്ന് പാർട്ടിയാഫീസിൽ കമ്മറ്റിയുണ്ട് നെയ്യാറിലെ മണൽ ലോബിമാത്രമല്ല ഗൗരവമായ ഒരു നിക്കാഹിന്റെ വിഷയവും കമ്മിറ്റിയിൽ തീരുമാനിക്കാനുണ്ട്..."
അന്നുതന്നെ പാർട്ടിക്കമ്മറ്റി ഞങ്ങളുടെ നിക്കാഹ് തീരുമാനിച്ചിരിക്കണം..

അന്ന് കട്ടനും കുടിച്ച് സഖാവിറങ്ങുമ്പോൾ എനിക്ക് ലാൽസലാം പറഞ്ഞും ഇന്നും ഈ പാർട്ടിയെ വിശ്വസിക്കുന്നതിന്റെയും സ്നേഹിക്കുന്നതിന്റെയും കാരണമിതാണ്...

 ഏഴാം തരത്തിലായിരുന്നു എന്റെ പ്രണയത്തിന്റെ എല്ലാ രംഗങ്ങളും. മയിൽപ്പീലികൾ പുസ്തകത്തിലിരുന്ന് വല്ലാതെ പ്രസവിക്കുന്ന കാലം..
 തങ്കമണി പളനിയിൽ പോയി വന്നപ്പോൾ റസീനയ്ക്ക്  നിറവയറുള്ള ഒരു മയിൽപീലി കൊടുത്തു... 
അതും ഒറ്റ കരാറിൽ ക്ലാസിൽ ആരെ കാണിച്ചാലും അവളുടെ മാങ്ങമോഷ്ടിച്ച എന്നെ മാത്രം കാണിക്കരുത്. തങ്കമണിയുടെ ബാഗിൽ നിന്നുയർന്ന  വെള്ളരിമാങ്ങയുടെ രൂക്ഷഗന്ധം എനിക്ക് സഹിക്കാനായില്ല...  റസീനയുടെ നിറവയറായി നിൽക്കുന്ന മയിൽ പീലി ഞാനൊഴികെ എല്ലാവരും കണ്ടു . ഉച്ചയ്ക്കുള്ള ഇടവേള സമയത്ത് അവഗണന സഹിക്കാനാവാതെ ഞാൻ കരഞ്ഞു...  ഒടുവിൽ സഖാവിന്റെ മകൾക്ക് കമ്മൂണിസ്റ്റും കാമുകനുമായ എന്റെ മുന്നിൽ പത്തിമടക്കേണ്ടി വന്നു. തങ്കമണിയ്ക്ക് മൂന്ന് വെള്ളരിമാങ്ങ പിഴയും...

കണക്കു പുസ്തകത്തിന്റെ സുരക്ഷിതത്തിൽ ഗർഭാലസ്യത്തിൽ മയങ്ങുന്ന  മയിൽപ്പീലി.  കാണാൻ അവസരം തന്നപ്പോൾ അതും എടുത്ത് ഞാൻ പുറത്തേക്കോടി, ബദാംമരത്തിന്റെ ഇടയിലൂടെ കാണുന്ന ആകാശത്തിന്റെ കീറുകണ്ട് മയിൽപ്പീലി പിടഞ്ഞു മരിച്ചു.
തങ്കമണി നിലത്തു വീണ് അലമുറയിട്ടു.
"എടാ പട്ടീ''ന്നുള്ള വിളി, എന്റെ തിരിഞ്ഞുനോട്ടം റസീനയുടെ കൈയിൽ നിന്നും പറന്നുവന്ന പറക്കലിന്റെ കൂർത്ത അഗ്രം, നെറ്റിയിലേറ്റ മുറിവ് ,ഇടതു കൈയിൽ മയിൽപ്പീലിയും, വലതു കൈയിൽ പൊട്ടിയ നെറ്റിയും..... 
 അദ്ധ്യാപകരുടെ ചോദ്യം ചെയ്യലിൽ ഞാൻ മതിലിനെ കുറ്റക്കാരനാക്കി...
റസീനയുടെ കൈകൾ ശുദ്ധമായി  ഗുണനപട്ടികയിൽ വട്ടപ്പൂജ്യം കിട്ടിയവന്റെ  നെറ്റിയിലെ വെളുത്ത  ഗുണചിഹ്നം കണ്ട് റസീന പ്രണയത്തോടെ  ചിരിച്ചു, ഞാനും.....

ആഗോളവത്കരണത്തിന്റെ ഭാഗമായി റെഡിമെയ്ഡുകൾ വ്യാപകമാകുമെന്നും, തുന്നൽ ജോലി ഈ നാട്ടിൽ ഇല്ലാതാകുമെന്നും എനിക്കറിയാം..
ആയതിനാൽ വ്യാഴാഴ്ച്ചത്തെ തുന്നൽ  ടീച്ചറിന്റെ പിരീഡ് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല പ്രതീക്ഷേധ സൂചകമായി..
സൂചിയോ മൂന്ന് രൂപയ്ക്ക് തന്ന വെളുത്ത തുണിയോ ഞാൻ കൊണ്ടു വന്നിരിന്നില്ല..

 "സത്യം മനസ്സിലാക്കുന്നവരെ പാർട്ടിയെപ്പോലെ ആ
 ടീച്ചറും പുറത്താക്കും". അന്ന് 
 പുറത്തേക്ക് പോന്നത് ഞാനും സജാദും പിന്നെ 
 ഇലക്ട്രിക് കമ്പി ആക്രിക്കടയിൽ വിറ്റതിന് പോലീസ് അറസ്റ്റു ചെയ്ത ഉത്തമൻ ചേട്ടന്റെ ഒറ്റ മോൻ ആദർശും. ഒഴിഞ്ഞുകിടക്കുന്ന സ്‌റ്റേജിനു പിന്നിലെ ചെന്തെങ്ങിൽ വിരൽ ചൂണ്ടി ആദർശ് പറഞ്ഞു
 "അതിന്റെ വെള്ളത്തിന് തേനിനേക്കാൾ രുചിയാണ്" കൂറ്റൻ അയനി മരത്തിൽ നെഞ്ചു യരാതെ കയറാനും ഇറങ്ങാനും എനിക്ക് അന്നേപ്രാപ്തിയുണ്ടായിരുന്നു പിന്നല്ലേ പത്തടി ഉയരത്തിലെ ഈ തെങ്ങ്. എനിക്കും സജാദിനും മഹാനായ ആദർശിനും ഒന്നു വീതം മൂന്നെണ്ണം ഞാനിട്ടു. തിരികെ യിറങ്ങാൻ തുടങ്ങുമ്പോൾ എന്റെ ചന്ദന നിറമുള്ള ഉടുപ്പും പിടിച്ച് തമിഴൻ പി.ടി മാഷും ഹെഡ് മാഷ് ഗോപാലപിള്ളയും.ആ പത്തടി തെങ്ങിന്റെ മുകളിലിരുന്ന് ഒരു  സത്യം ഞാൻ മനസ്സിലാക്കി.
ഉയരങ്ങളിലെത്തുമ്പോൾ നമ്മളെ ധാരാളം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങും മറ്റുചിലർ താഴത്തൂടെ രക്ഷപെടും...

  എന്റെ നേർക്ക് ആഞ്ഞുവീശിയ തമിഴന്റെ ചൂരലിനു നേരെ "വിശന്നിട്ടാണു മാഷേ" എന്ന സൈക്കോളജിക്കൽ മൂവ് വലിയൊരു ദുരന്തത്തിലേക്കാണ് എന്നെ വലിച്ചിട്ടത്. ഒന്നു മുതൽ ഏഴുവരെ പഠിക്കുന്ന ഇരുന്നൂറ്റി പത്ത് കുട്ടികളും, വീട്ടിലേക്ക് മാർച്ച് ചെയ്യാൻ ഒരുങ്ങി അധ്യാപകരും അസംബ്ലി ഗ്രൗണ്ടിലേക്ക്... മൈക്കിലൂടെയുള്ള അനൗൺസ്മെന്റ് കേട്ട് ആനയിക്കപ്പെട്ടു. എല്ലാവരുടെയും മുന്നിൽ ഞാനും മൂന്ന് കരിക്കും...  തമിഴൻ ഒന്നാം കരിക്കിന്റെ മൂക്ക് ചെത്തി ഒറ്റ വലിയ്ക്ക് ഞാൻ കുടിച്ചു തീർത്തു.
തമിഴൻ രണ്ടാം കരിക്കിന്റെ കണ്ണ് പൊട്ടിച്ചു, പകുതിയായപ്പോൾ ഉച്ചയ്ക്ക് തിന്ന കഞ്ഞിയും പയറും പ്രതിരോധിച്ചു. ശർദ്ധിയിലൂടെ ശരീരം പ്രതികരിച്ചു. തുടർന്ന് അരമണിക്കൂർ 'സത്യമേവ ജയതേ' എന്നവാക്യത്തിൽ ഹെഡ് മാഷ് ഉപസംഹരിച്ചു. ഞാൻ നിന്ന നിൽപ്പിൽ നന്നായിക്കളഞ്ഞു.മൂന്നാം കരിക്ക് വായപൊത്തി ചിരിച്ചു ഇരുനൂറ്റിപ്പത്ത് കുട്ടികളും...

 ക്ലാസിലേക്ക് മാർച്ച് ചെയ്യുന്നതിനിടയിൽ ടോയിലറ്റിൽ കരിക്കട്ട കൊണ്ട് " ഫാത്തിമ ടീച്ചറിന്റെ മൊല വലിയ ചന്തി " എന്നെഴുതിയ കപ്യാരുടെ മോൻ എന്നെ  നോക്കി  വിളിച്ചു "കരിക്ക്". എന്റെ പേര് എല്ലാരും മറന്നു കരിക്കെന്ന് അവർ ഓർക്കാൻ തുടങ്ങി....
ഉച്ചക്കഞ്ഞി കുടിച്ച് പാത്രം കഴുകാൻ നിൽക്കുന്നതിനിടയിൽ "എടാ കരിക്കേന്ന് "പരിചിതമായ ശബദത്തിലൊരു വിളി...
അവൾ, എന്റെ  ഭാവി വധു റസീന... എനിക്ക് നിയന്ത്രിക്കാനായില്ല. മുടിയിൽ ചുറ്റിപിടിച്ച് ഒരൊറ്റ തള്ള്.കഞ്ഞിപ്പാത്രവും അവളും ദൂരേക്ക് തെറിച്ചു..
 അവളുടെ നീണ്ട പാവാടയിൽ അറിയാതെ ചവിട്ടിപ്പിടിച്ചിരുന്നു.        സേഫ്റ്റി പിന്നിന്റെ ബലത്തിൽ അരയിലുറപ്പിച്ചിരുന്ന പാവാട എന്റെ കാൽചുവട്ടിൽ...
 കമഴ്ന്ന് കിടക്കുന്നു, അവൾ പെറ്റിക്കോട്ടിനു പകരം ഇട്ടിരുന്ന ഉപ്പയുടെ  മുറിക്കയ്യൻ  ബനിയൻ എല്ലാവരും കണ്ടു... 
വല്ലാത്ത നഗ്നത...
റസീന പൊട്ടിക്കരഞ്ഞു....
 ലേഖയും സംഘവും അവൾക്കു മനുഷ്യമതിൽ തീർത്തു...
,ആൺ കുട്ടികൾ  റൂമിലേക്ക് കൂക്കിവിളിച്ചു. തങ്കമണിയും സംഘവും എന്നെ തല്ലാനൊരുങ്ങുന്നു...
അന്ന് ഞാൻ ഹെഡ്മാഷിന് പാറാവുകാരനായി...


   ' FLAME 'ജ്യോതിഷവുമായി കപ്യാരുടെ മോൻ സെബാസ്റ്റ്യൻ.. എന്റെയും റസീനയുടെയും പേരുകൾ നിരത്തിയെഴുതി, പൊതുവായവ ഒഴിവാക്കി..ഒടുവിൽ M ബാക്കിയായി...
' ,എം എന്നാൽ മാര്യേജ്  ഞാൻ സഖാവ് ബാപ്പുട്ടിക്ക് മനസിൽ ഒരു ലാൽ സലാം തൊടുത്തുവിട്ടു.വസ്ത്രാക്ഷേപത്
ക്ലാസിലെ ചിത്രകാരൻ വിനീത് സി.പിയെ കൊണ്ട് ക്ലാസിലെ ബോഡിലും മതിലിലും, വരയിടാത്ത ബുക്കിലെ നടുക്ക് പേജിലും ലൗ ചിഹ്നവും തറച്ചു കേറിനിൽക്കുന്ന അമ്പും ചുവന്ന നിറത്തിൽ വരപ്പിച്ചു.... വരയിടാത്ത പേപ്പർ തങ്കമണിയിൽ നിന്ന് അവൾ പോലും മറച്ചു 
എന്നെ നോക്കി അതീവ രഹസ്യമായി ചിരിച്ചു.

 ഏലിയാമ്മ ജോൺ രാവിലെയും ഉച്ചയ്ക്കും അറ്റൻഡൻസ് വിളിക്കും, എഴുന്നേറ്റുനിന്ന് നെറ്റിയിൽ വിരൽ ചേർത്ത് സല്യൂട്ടിന്റെ രൂപത്തിൽ ആൺകുട്ടികൾ പ്രസന്റ് ടീച്ചർ എന്നു പറയണമെന്ന് അവർക്ക് വാശിയായിരുന്നു... പോലീസുകാരനായിരുന്നു അവരുടെ ഭർത്താവ്... 'ടൊന്റിസിക്സ്‌' എഴുന്നേറ്റ് നാട്ടിലെ വിദ്യാലയങ്ങളിലെല്ലാം ട്യൂൺ ചെയ്ത താളത്തിൽ 'പ്രസന്റ് ടീച്ചർ ' പറഞ്ഞു.ചടഞ്ഞിരുന്ന എന്റെ ചന്തിയിൽ കുറ്റി പെൻസിൽ തറഞ്ഞു കേറി.ഉത്തമന്റെ അധമസന്തതിയുടെ ഒളിപ്പോര് .കുത്തേറ്റ് മുറിഞ്ഞ ചന്തിയും പ്രതികാരാഗ്നിയുള്ള മനസുമായി ഞാൻ ഉച്ചയ്ക്ക് 'ഫോർ' എന്ന നമ്പർ ഏലിയാമ്മ ജോൺ വിളിക്കുന്നതു വരെ കാത്തിരുന്നു. ക്യാമലിന്റെ ജ്യോമട്രിപെട്ടിയിൽ രണ്ടു മുനയുള്ള കോമ്പസ് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. "ത്രീ'' വിളിച്ചപ്പോൾ തന്നെ കൈയ്ക്കുള്ളിൽ ഞാൻ അത് ഉറപ്പിച്ചു.' 'ഫോർ ' വിളിച്ചതും അവന്റെ ചന്തി ലക്ഷ്യം വച്ച് ബെഞ്ചിൽ ചേർത്തുവച്ചു. ഇതിനിടയിൽ റസീന എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ ഞാനെല്ലാം മറന്നു ആദർശിന്റെ കൂറ്റൻ നിലവിളി ,ഇരുമുനയുള്ള ആ ഉപകരണം ചന്തിയുടെ മാംസള ഭാഗത്ത് അപ്രത്യക്ഷമായി, ബഞ്ചിലും എന്റെ കയ്യിലും രക്തം,   സമാധാനത്തിന്റെ വെള്ളരിപ്പ്രാവായ  സുമതി ടീച്ചർപോലും...
 അന്ന് ജീവിതത്തിൽ ആദ്യമായും അവസാനമായും ചൂരലുപയോഗിച്ചു.
ഗോപാലൻ മാഷ് നിർബന്ധപൂർവ്വം എഴുതിത്തന്ന ടി സി യുമായി കൊല്ലത്തേക്ക്, മക്കളില്ലാത്ത പട്ടാളക്കാരൻ മാമന്റെ ക്യാമ്പിലേക്ക് വണ്ടി കേറുമ്പോൾ സഖാവ് ബാപ്പുട്ടിയുടെ സൈക്കിളിന്റെ പിന്നിലിരുന്ന് റസീന ചിരിക്കുന്നുണ്ടായിരുന്നു.

   പട്ടാളക്യാമ്പിൽ നിന്ന് ഒരിക്കലേ എനിക്ക് നാട്ടിലെത്താൻ കഴിഞ്ഞുള്ളൂ പി.ജി പഠനകാലത്ത്.അന്നറിഞ്ഞവയൊന്നും..

മണൽ മാഫിയയുടെ കള്ളക്കേസിൽ അറസ്റ്റിലായ സഖാവ് ബാപ്പുട്ടി ജയിലിൽ തൂങ്ങി മരിച്ചു.അമ്മയുൾപ്പെടെ പാർട്ടിയിൽ നിന്നും പുറത്തുപോയ നാലഞ്ച് മൂരാച്ചി സഖാക്കൾ നിരാഹാരം കിടന്നു. റസീനയെ കെട്ടിയ ജമാൽ ദുബായിലേക്കെന്നുപറഞ്ഞ് മലപ്പുറത്തെവിടെയോ മറ്റൊരു വിവാഹം കഴിച്ച് കഴിയുന്നു. അവൾക്ക് മൂന്ന് മക്കളാണ്.

 സജാദ് മീനുമായി മടങ്ങി വന്നു. ടാപ്പിംഗ് കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആദർശ് നിലത്ത് ഒറ്റക്കാലൂന്നി ലാൽസലാം പറഞ്ഞു. 
സജാദ് റസീനയ്ക്ക് മീൻ കടം കൊടുത്തൂ. 
അവൾ മാക്സി അരയിലേക്ക് തിരുകി അടിവശം പിന്നി തുടങ്ങിയ കരിമ്പൻ പിടിച്ച പാവാടയിലേക്ക് ഞാൻ നോക്കി.  എന്റെ വീടിന്റെ മുന്നിലെ ചെന്തെങ്ങിനെ ചൂണ്ടി   

" അയിന്റെ വെള്ളത്തിനിപ്പോഴും തേനിന്റെ രുചിയുണ്ടോ       "യെന്നവൾ ചോദിച്ചു... 

എന്റെ നെറ്റി പിളർന്ന് ഒരു  മയിൽപ്പീലി കാടു വളർന്നു.

രതീഷ് കെ.എസ്

(ഗുൽമോഹർ 009)

ഹരിത കേരളം-ഷിഫാ സക്തർ














ഷിഫാ സക്തർ




ഹരിത കേരളം
നിലമ്പൂരിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നായ സാന്റോസ് ക്ലബ്ബ് പഴയ ജൂപിറ്റർ സ്റ്റുഡിയോ ക്കടുത്തുള്ള സ്വന്തം കെട്ടിടത്തിൽ അന്ന്  നടത്തിയ മീറ്റിങ്ങ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു.
മാനവേദൻ സ്കൂളിലെ ഭൗതിക ശാസ്ത്രാദ്ധ്യാപിക പ്രിയ കടുങ്ങാങ്കുളത്തെ കുറിച്ച് എഫ് ബി യിലിട്ട പോസ്റ്റാണ് ക്ലബ്ബിനെ ഈ വിഷയം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത് .
ടീച്ചറുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
''നല്ലവരായ എന്റെ നാട്ടുകാരോട് ,
കടുങ്ങാങ്കളത്തിന്റെ അവസ്ഥ ശ്രദ്ധയിൽ പെടുത്താനാണീ കറിപ്പെഴുതുന്നത്. സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളായ അനന്തു , ബാദിൽ എന്നിവർ കുളത്തിലെ ജലം ശാസ്ത്രീയമായി പരിശോധിക്കുകയുണ്ടായി. പരിശോധനയിൽ കുളത്തിലെ ജലം മലിനമാക്കപെട്ടതായി കണ്ടെത്തി.മൂന്ന് വർഷം മുമ്പ് വരെ പ്രദേശവാസികൾ കുടിവെള്ളത്തിനായി കടുങ്ങാങ്കുളത്തെ ആശ്രയിച്ചിരുന്നു. കുളത്തിന്റെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ പോസ്റ്റ്.താഴെ പ്രിയ എസ് എന്നെഴുതിയിരിക്കുന്നു. കുളത്തിന്റെ ഒരു പിക്കും ആഡ് ചെയ്തിട്ടുണ്ട്.
     നാഷണൽ ഹൈവയോട് ചേർന്ന് കിടക്കുന്ന കടുങ്ങാങ്കുളത്തെ കുടിവെള്ളത്തിനായി നാട്ടുകാർ അടുത്ത കാലം വരെ ആശ്രയിച്ചിരുന്നു.അരുവാക്കോടിലെ
നിലമ്പൂരിലെ അറിയപെടുന്ന രണ്ട് പരിസ്ഥിതി പ്രവർത്തകരായ ചോലക്കൽ ഷൗക്കത്തിന്റെയും ജോമോൻ വടപുറത്തിന്റെയും നേതൃത്വത്തിലായിരുന്നു യോഗം. രണ്ട് പേരും അഞ്ചു മിനിട്ട് വീതം പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വാചാലരായി. ക്ലബ്ബ് മീറ്റിംഗിൽ രണ്ടാമത്തെ ഞായറാഴ്ച കുളം ശുചിയാക്കാൻ അംഗങ്ങൾ ഐക്യകണ്ഡേനെ തീരുമാനിച്ചു.ഒന്നാമത്തെ ഞായറാഴ്ച ഷൗക്കത്തിന്റെ വീട്ടുമുറ്റത്ത് സിമന്റ് കട്ട പതിക്കുന്നതിനാൽ അയാൾക്ക് വരാൻ കഴിയില്ല. വീട്ടിലെ 'പാഴ്മരങ്ങൾ' മുറിച്ചു മാറ്റുന്നതിനാൽ ജോമോനും പങ്കെടുക്കുക പ്രയാസമാണ്. രണ്ട് പേരുടെയും മേൽനോട്ടത്തിലേ കുളം വൃത്തിയാക്കാവൂ എന്നത് അംഗങ്ങളുടെ പൊതുവായ ആവശ്യമായിരുന്നു.
അംഗങ്ങൾ ഓരോരുത്തരായി വലിഞ്ഞത് കാരണം കുളം നന്നാക്കാൻ ഷൗക്കത്തും ജോമോന്നും കൂലിക്കൊരാളെ ഏർപ്പാടാക്കി.
            രണ്ടാമത്തെ ഞായറാഴ്ച ഷൗക്കത്ത് തന്റെ എക്കോ സ്പോട്ടിൽ കുളക്കരയിലെത്തിയപ്പോഴേക്കും രഘുറാം കുളത്തിലിറങ്ങി ജോലി ആരംഭിച്ചിരുന്നു.
'' അനക്ക് മലയാളറിയ്യോ?"
ഷൗക്കത്ത് ചോദിച്ചപ്പോൾ രഘുറാം 'അതെ' എന്ന് തലയാട്ടി.
'എവട്യാ അന്റെ നാട് '
'ഭായ് സാബ് മറാത്തയിലെ സോളാ പൂരിനടുത്ത് ലോത്തൽ .......'
''ഹൗ പണ്ട് ഭൂകമ്പണ്ടായ സെലം ''
''സാബ് നിങ്ങൾ കഥകളിൽ വായിച്ചിട്ടുള്ള ബുക്കാറാം ദാദാജിയുടെയും ബിട്ടുറാം വിത്തലിന്റെയും കില്ലാരിയിൽ നിന്ന് "
പതിഞ്ഞ ശബ്ദത്തിൽ രഘുറാം മറുപടി പറഞ്ഞു.
              കില്ലാരി ഇപ്പോൾ ശൂന്യമായിക്കാണും. അവസാനത്തെകർഷകനും നാടൊഴിഞ്ഞു പോയിട്ടുണ്ടാവും. മൂന്നു വർഷമായി മഴയില്ലാത്തതിനാൽ താൻപോരുമ്പോഴേ മറാഠാ വാഡ മരുഭൂമിയായിക്കഴിഞ്ഞിരുന്നു. കരിഞ്ഞുണങ്ങിയ മരങ്ങളും വിളകളും. മേഘങ്ങളില്ലാത്ത വിളറിയ ആകാശത്ത് ഒരു പക്ഷി ക്കുഞ്ഞു പോലും പറക്കാൻ ധൈര്യപ്പെടുന്നുണ്ടാകില്ല.വെള്
   "ബേട്ടാ കുറ്റവാളികളായി നമ്മുടെ ഗോത്രത്തെ  എന്നോ മുദ്ര കുത്തപ്പെട്ടു കഴിഞ്ഞു. ഈ നശിച്ച നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോണം നമുക്ക് .ഒന്ന് പ്രാർത്ഥിക്കാൻ മന്ദിറിൽ പോലും കയറാനാവാതെ ശവക്കച്ചകൾ കൊണ്ട് നാണം മറച്ച് ഈ ചുടുകാട്ടിൽ എത്ര കാലം..............."
             കുലത്തൊഴിലായ മോഷണത്തെ പിതാജി വെറുത്തിരുന്നു. ഒരു പക്ഷേ സ്വന്തം ഗ്രാമീണരെ ഒറ്റിക്കൊടുത്തു എന്ന കാരണത്താൽ ബിട്ടുവിന്റെ മുത്തഛൻ നാഥുറാമിനെ ഗ്രാമീണർ തല്ലിക്കൊന്ന ശേഷമാവാം പിതാജിക്ക് ഇങ്ങനെയൊരു മാറ്റമുണ്ടായത്. ഭൂമി കീഴ് മേൽ മറിഞ്ഞ ആ ഗണേശോത്സവത്തിന്റെ അന്ന് സോളാ പൂരിലായിരുന്നത് കൊണ്ട് മാത്രമാണ് പിതാജി ജീവനോടെ അവശേഷിച്ചത്.
അല്ലെങ്കിലൊരു പക്ഷേ ബിട്ടുവിന്റെ പിതാജിയെ പോലെ.............
          ദൗരിക്കും ബിട്ടുവിനുമൊപ്പം കില്ലാരിയിലെ പാടങ്ങളിൽ ഉഴുതു ജീവിക്കാം എന്നതായിരുന്നു തന്റെയും പ്രതീക്ഷ. പക്ഷേ പ്രകൃതി ചതിച്ചു. വർഷങ്ങളായി മഴചെയ്തിട്ട്. ഗ്രാമീണർ ഇപ്പോൾ കൃഷി ചെയ്യാറില്ല. എല്ലാവരും പതിയെ ഗ്രാമം വിടുകയാണ്. നാടോടി ജീവിതം അവസാനിപ്പിച്ച് കൃഷി ചെയ്ത് ജീവിച്ചിരുന്ന തന്റെ ഗോത്രക്കാർ വീണ്ടും നാടോടികളായിരിക്കുന്നു. സർപഞ്ചിന്റെ നേതൃത്വത്തിൽ അമ്പതടി താഴ്ചയുള്ള കിണറുകൾ നിർമ്മിക്കുന്നുണ്ട്. പക്ഷേ അത് കൊണ്ടെന്ത് പ്രയോജനം അഞ്ഞൂറടി താഴ്ത്തിയാൽ തന്നെ വെള്ളം കിട്ടുക പ്രയാസമാണ്.
              പിതാജി പോയതോടെ കില്ലാരി ഉപേക്ഷിക്കുകയായിരുന്നു ശൈലേന്ദ്ര ബാബുവിന്റെ വാച്ച് കട പ്രവർത്തിച്ചിരുന്ന ആ പഴയ കെട്ടിടത്തിനരികിലുള്ള കുടിവെള്ള വിതരണ കേന്ദ്രത്തിൽ വെച്ചുണ്ടായ സംഘർഷത്തിൽ പിതാജിക്ക് തലക്കടിയേറ്റു. പിതാജിയുടെ മരണത്തോടെ ലത്തൂരിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത്തരത്തിൽ കുടിവെള്ളത്തിന് വേണ്ടി ലത്തൂരിൽ കൊല്ലപ്പെടുന്ന ഒമ്പതാമത്തെ ആളാണ് പിതാജി.
     " രഘുരാമാ ചായകൊണ്ടരണോ?"
ഷൗക്കത്ത് മൊബൈലിൽ വിരൽ കൊണ്ടെഴുതുന്നതിനിടയിൽ ചോദിച്ചു.
"നഹീ സാബ് ''
അല്പനേരം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം ഷൗക്കത്ത് എക്കോ സ്പോട്ടിൽ കയറി എങ്ങോട്ടോ ഓടിച്ചു പോയി
രഘുറാം അപ്പോഴും ജോലിയിൽ വ്യാപൃതനായിരിക്കുകയായിരുന്നു. കുളത്തിലെ മാലിന്യങ്ങൾ അല്പം മാറ്റി അയാൾ കൂട്ടിയിട്ടു.മാലിന്യങ്ങൾ കുഴിച്ചുമൂടാനായി കുറച്ചകലെ ഒരു കുഴിയുമുണ്ടാക്കി. ഒരു നിമിഷം പോലും രഘു റാം വെറുതെ കളഞ്ഞില്ല. വൈകുന്നേരം ഷൗക്കത്ത് മടങ്ങി വന്നപ്പോൾ ജോമോനും കൂടെയുണ്ടായിരുന്നു. ദുർഗന്ധം കാരണം മൂക്കുപൊത്തിക്കൊണ്ടാണ് ഇരുവരും കാറിൽ നിന്നിറങ്ങിയത്.രഘു റാമപ്പോൾ തന്നേക്കാൾ പൊക്കത്തിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തെ അടർത്തി കുഴിയിലേക്കെടുക്കുകയായിരുന്നു. ജോമോന് അത്ഭുതം തോന്നി. ഈ ജോലി മുഴുവൻ ഇയാളൊറ്റയ്ക്കാണോ ചെയ്തത്.
ഒരഞ്ചുപേർക്കുള്ള പണി കാണും.
   ''ന്നാ   ദ് കുടിച്ചോേ ''

ജോമോൻ പാതി കുടിച്ച പെപ്സി ബോട്ടിൽ രഘു റാമിന് നേരെ നീട്ടി.
    '' നഹീ സാബ്‌ ''
ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോൾ ജോമോനും ഷൗക്കത്തും കുളത്തിന് ചുറ്റും ഒന്ന് വലം വെച്ചു.രഘു റാമിന്റെ ശുചീകരണ പ്രവർത്തനങ്ങൾ രണ്ട് പേർക്കും ബോധിച്ചു എന്ന് അവരുടെ മുഖങ്ങൾ വിളിച്ച് പറയുന്നുണ്ടായിരുന്നു.
    '' കൂലി നേരത്തെ പറയാഞ്ഞത് പൊട്ടത്തരായോ? തൊള്ളികൊള്ളാത്ത കായ് ചോയിക്കോ പഹയൻ ഒരായിരത്തിന്ള്ള പണിണ്ട് ഒരു മുന്നൂറ്ന് പുടിച്ചോക്ക''
ഷൗക്കത്തത് പറഞ്ഞപ്പോൾ തൊട്ടടുത്ത നീർചാലിൽ  രഘുറാം മേല് കഴുകുകയായിരുന്നു. കുളത്തിൽ തെളിഞ്ഞ ഉറവ ഊറിക്കൂടാൻ തുടങ്ങിയിരുന്നു.
അയാൾ കുളത്തിലിറങ്ങി ഒരു കുപ്പിവെള്ളമെടുത്ത് ആകാശത്തേക്കുയർത്തി.പ്രസന്നമായ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടർന്നു.
''ഭായ് ഇന്നാ മുന്നൂറു റുപ്യണ്ട് '''.
ഷൗക്കത്ത് മൂന്ന് നൂറു രൂപാ നോട്ടുകൾ രഘു റാമിന് നേരെ നീട്ടി
  ''നഹീ സാബ് ഇത് മതി കൂലിയായിട്ട് "

രഘുറാം വെള്ളം നിറച്ച കുപ്പി ഉയർത്തിക്കാട്ടിയ ശേഷം നെഞ്ചോട് ചേർത്ത് പിടിച്ചു.പിന്നെ ഹൈവേയിലെ വെളിച്ചത്തിലേക്ക് ഇറങ്ങി നടന്നു.

NB:സുഭാഷ് ചന്ദ്രന്റെ ഘടികാരങ്ങൾ നിലക്കുന്ന സമയം
ബെന്യാമിന്റെ ബുക്കാറാമിന്റെ മകൻ എന്നീ കഥകളിലെ കഥാപാത്രങ്ങളാണ് ബുക്കാറാമും ബിട്ടു റാം വിത്തലും ശൈലേന്ദ്രബാബുവും
ഷിഫാ സക്തർ

നിഴൽ-ഷരീഫ് പിലാപറമ്പിൽ
















ഷരീഫ് പിലാപറമ്പിൽ
മലപ്പുറം  വടക്കാങ്ങര സ്വദേശി 
അധ്യാപകൻ, ലൈബ്രേറിയൻ, ന്യൂസ് റിപ്പോർട്ടർ എന്നീ മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട്. 
ഇപ്പോൾ സൗദി അറേബ്യയിൽ ട്രാവൽസ് ജോലിയിൽ.
കഥ, കവിത , തിരക്കഥ എന്നിവ എഴുത്തുന്നു. ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്.


നിഴൽ 




സ്വർണ്ണക്കൊലുസ്‌...!!-സെലിൻ .കെ.സി














സെലിൻ .കെ.സി
മലപ്പുറം അരീക്കോട് സ്വദേശി
ബി.എഡ് വിദ്യാർത്ഥി,
കെ.എം.സി.ടി.ഇ. വലില്ലപ്പുഴ.





സ്വർണ്ണക്കൊലുസ്‌...!!
" ഉമ്മച്ചീ.... നിക്കൊരു കഥ പറഞ്ഞു തരോ... ? "
" ഉമ്മച്ചിക്ക് ഒഴിവില്ലടാ ചക്കരേ..... നീ പോയി കൊച്ചു ടി.വി കണ്ടോ ട്ടോ.... "
" ഈ ഉമ്മച്ചിന്റെ  ഒരു കാര്യം, ഉമ്മച്ചി വാച്ചപ്പിൽ കളിക്കല്ലേ..ന്റെ കൂടെ കളിക്കാനാരുല്ല ..... "
അതു കേട്ടപ്പോൾ അവൾക്ക് സങ്കടം ആയി, അവൾ വേഗം ഫോൺ ഓഫാക്കി, എന്നിട്ട് ഐഷൂന്റെ അടുത്തിരുന്നു.....
" ഏത് കഥയാ വേണ്ടത്,,,,,? "
" അമ്മൂന്റെം തുമ്പീ ന്റേം .... "
എന്നും അവൾക്ക് കേൾക്കാൻ ഇഷ്ടമുള്ള കഥയാ അത്....
" ഇന്ന് വേറെ കഥ പറയാം....... "
" നിക്ക് അമ്മൂന്റെ കഥ മതി ::.. "
" എന്നാ അമ്മൂന്റെ കഥ , പണ്ട് പണ്ട് ഒരു അമ്മു ഉണ്ടായിരുന്നു , അവളെ അച്ഛൻ എന്താ വിളിക്കാന്ന് അറിയോ...., അമ്മൂട്ടീന്ന് ......
അച്ഛൻ വിളിക്കുമ്പോൾ അവൾ ഓടി വരും, അവൾക്ക് കൊടുക്കാൻ അച്ഛന്റെ കയ്യിൽ ഒരു പൊതി ഉണ്ടാകും, അമ്മു ചോദിക്കും, എന്തൊക്കയാ അച്ഛൻ വാങ്ങിത്തന്നേന്ന്, ഇന്നും അവൾ ചോദിച്ചു, അപ്പോൾ അവൾക്ക് അച്ഛൻ ഒരു പൊതി കൊടുത്തു. ഒരു ജോടി സ്വർണ്ണക്കൊലുസ്,  മുത്തു മുത്തുള്ള ഒരു കൊലുസായിരുന്നു... അത് കണ്ടിട്ട് അവൾ തുള്ളിച്ചാടി, പിറ്റേന്ന് കിങ്ങിണിക്കും കണ്ണനും ആ കൊലുസു കാണിച്ചപ്പോൾ അവളുടെ സന്തോഷം കാണേണ്ടതായിരുന്നു...തുള്ളിച്ചാടി അവൾ അങ്ങനെ കളിച്ചു.
ന്റെ ഐഷൂ അമ്മൂട്ടിക്ക് ഒരു പാട് സന്തോഷായി ട്ടോ കൊലുസ് കിട്ടിയപ്പോ.....".
അപ്പോഴേക്കും ഐഷു അവളുടെ മാറത്ത് ഉറങ്ങിയിരുന്നു,  ഐഷുനെ കൊണ്ടു വന്ന് കിടത്തി , കെട്ടിപ്പിടിച്ച്  അവളു ഉറങ്ങിപ്പോയി,.
" ശാരദേ..... ഇതിപ്പോ ന്റെ മോൾ അറിയണ്ട, അവൾക്ക് വല്യ സങ്കടാവും ...... "ഒരു നനഞ്ഞ പൊതി കയ്യിൽ പിടിച്ച് അയാൾ ഉറങ്ങാൻ കിടന്നു, രാവിലെ കൊലുസില്ലാതെ പോകില്ലന്ന് വാശി പിടിച്ച അനൂനെ അമ്മ സക്കൂൾ ബസിൽ പറഞ്ഞ യച്ചു,  കരഞ്ഞ് നിലവിളിക്കുന്ന അമ്മൂനെ കണ്ടില്ലന്ന് നടിച്ച് തിരിച്ചു നടക്കാനേ ആ അമ്മക്കു കഴിഞ്ഞുള്ളൂ  , വീട്ടിൽ വന്നു  ക്കുറച്ചു കഴിഞ്ഞതും,  ഫോൺ ബെല്ലടിച്ചു, വാർത്ത കേട്ട ഉടനേ അവർ അലറി വിളിച്ചു...

" ഉമ്മാ................. "
" എന്താ മോളേ, എത്ര നേരായി, ഓഫീസിൽ പോകണ്ടേ....... "
" ഒന്നുല്ലുമ്മാ....... ഞാനൊരു സ്വപ്നം കണ്ടതാ,  " 
തൽക്കാലം ഉമ്മാനോട് പറയണ്ടാ, ദു സ്വപ്നല്ലേ..... ഐഷുനെ ഒന്നു തലോടി, നെറുകെയിൽ ഒരു ഉമ്മ കൊടുത്തൂ, ചായക്കപ്പുമായി പത്രം പരതിയപ്പോൾ കണ്ട കാഴ്ച്ച അവളെയൊകെ തളർത്തി.
" അച്ചന്റെ പൊന്നു മോൾക്ക്,  സ്വർണ്ണക്കൊലുസണിയിച്ച് അച്ഛൻ യാത്രയാക്കി..... "അവളുടെ കണ്ണ് നിറഞ്ഞത് കണ്ട് വന്നു ഐഷു,
"ന്തിനാ ഉമ്മച്ചി കരയണ്ത്........ "
" അമ്മൂട്ടി പോയി മോളൂ........... "
" സാരല്ല ട്ടോ, മ്മച്ചിയേ... അമ്മ്യൂട്ടി വൈന്നാരം വരും ട്ടോ.... അച്ഛൻ കൊണ്ടു വരുന്ന പൊതി വാങ്ങണ്ടേ  മ്മച്ചിയേ..... കരയണ്ടാ ട്ടോ "
സെലിൻ കെ.സി.

Thursday, 20 April 2017

നിർഭയം-എം.സങ്














എം.സങ്




നിർഭയം
രാത്രിയാണ് മേൽക്കൂര 
കടത്തിണ്ണക്കിടക്കയിൽ
ഭയമില്ലാതവർ
ഉറങ്ങുന്നു.
തെരുവുനായകൾ 
കാവൽ നിൽക്കുന്നു
അച്ഛനും അമ്മയ്ക്കുമിടയിൽ
ഒരു പെൺകുഞ്ഞ്
പൂക്കളെ സ്വപ്നം കണ്ട് കിടക്കുന്നു,
നക്ഷത്രങ്ങൾ
അവൾക്കു പൂക്കളാകുന്നു!
തെരുവിൽ
വിവസ്ത്രയായൊരുവൾ
ചവറുകൂനയ്ക്കു മുകളിൽ
നിലാവു തേടുന്നു,
ഒരു കാർമേഘം
അവൾക്കു വസ്ത്രമാകുന്നു.
ആൽത്തറയിൽ
ധനികനായിരുന്ന
ഒരു കിഴവൻ
ചുണ്ടുകൾ അനക്കി
നിവർന്നു കിടക്കുന്നു,
വേരുകളയാളെ
പുണരുന്നു!
തല നിറയെ 
മുല്ലപ്പൂവ് ചൂടിയ ഒരുവൾ
ബസ്റ്റാന്റിൽ
ചാരു കസേരയിൽ
ഇരുന്നുറങ്ങുന്നു.
ഇനിയും
കാണാത്ത
എത്രയെത്ര ഉറക്കങ്ങൾ.
ആരും കാണാത്ത
ആരും കേൾക്കാത്ത,
അവർക്കു കാവലായ്
എന്റെ വീടിന്റെ 
അടച്ചിട്ട മുറിയിലിരുന്ന്
കവിതയെഴുതുകയാണു ഞാൻ
ഉറങ്ങാതിരിക്കുവാൻ !
രാത്രി
ജനൽ വിടവിലൂടെ
എന്നെ നോക്കി
കൊഞ്ഞനം കുത്തുന്നു!
എം.സങ്

ആദ്യമഴ-നൂറ




നൂറ
മലപ്പുറം സ്വദേശി 
അധ്യാപിക
ജി.എൽ പി.എസ് പോത്തുകുണ്ട്


ആദ്യമഴ
ആദ്യമഴ,
ഭ്രൂണമായിരുന്നപ്പോൾ
ഉമ്മമേഘം തേങ്ങി
പെയ്തെന്നിൽ വീണതല്ല

കാറിത്തോൽപ്പിക്കുമ്പോൾ
പൊടുന്നനെ പെയ്യുന്ന
ഉപ്പുമണമുള്ള
ചുടുപാലുമല്ല

മരപ്പലകയിൽ
പാവാട നനച്ച്
ചുവന്നു പടർന്നിറങ്ങിയ
പെൺപെയ്ത്തുമല്ല

രാത്രിക്കൂത്തുകളിൽ
ക്ഷതമേറ്റു പിഞ്ഞിയ
പച്ച മാംസത്തിൽ നീറ്റിയ
ഷവർപെയ്ത്തുമല്ല

ചപ്പിക്കുടിച്ചൂറ്റി
പല്ലും നാക്കും മുളച്ച്
പുളിച്ചു തികട്ടിയ
മക്കൾ പെയ്ത്തുമല്ല

പൊരുതി നേടിയ
നീലാകാശക്കീറിലെ
കടൽ തിരകളോരോന്നായി
നെഞ്ചിലേക്കിറങ്ങി

ഭ്രഷ്ടിന്റെ പാലമരത്തിൽ
ആഴ്ന്നു തുരുമ്പിച്ചു കൂർത്ത
ആത്മാവിന്റെചരടറുത്ത്
വലിച്ചൂരിയെറിഞ്ഞ്

നഗ്നയാക്കി
വെയിലത്തു നിർത്തി
കരിങ്കണ്ണേറുപൊട്ടിച്ച്
തെളിഞ്ഞു ചിരിച്ച്

പ്രളയത്തിലൊരു
കുന്നുമാത്രം
ബാക്കിവച്ചതാണെന്റെ
ആദ്യമഴ.......
നൂറ