Wednesday, 19 April 2017

അമ്മ -അപർണ.എസ്സ്














അപർണ .എസ്സ്
കാസർകോഡ് സ്വദേശി
മൂന്നാം വർഷ ബി.എസ്സ്.സി ഒപ്‌റ്റോമെറ്ററി
വിദ്യാർത്ഥിനി ,
ഡോ:അഗർവാൾസ് ഐ ഹോസ്പിറ്റൽ,
ചെന്നൈ.




അമ്മ 

'നിങ്ങളോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് തള്ളേ എന്റെയും അഭിയുടെയും ഫ്രണ്ട്സ് വരുമ്പോൾ റൂമിൽ നിന്നും പുറത്തിറങ്ങരുതെന്ന്...... '

"മോളേ അത്.........  അമ്മച്ചിയുടെ മരുന്ന് എടുക്കാൻ...... " ആ അമ്മയുടെ വാക്കുകൾ മുറിഞ്ഞു. 

'ഓ അമ്മച്ചീടെ മരുന്ന്......  കൃത്യ സമയത്തു തന്നെ നിങ്ങൾക്ക് മരുന്നെടുക്കണം അല്ലേ ? ഇത് നിങ്ങള് കരുതിക്കൂട്ടി ചെയ്യുന്നതല്ലേ തള്ളേ ഞങ്ങളെ അപമാനിക്കാൻ..... ?'

മരുമകളുടെ ശകാരത്തിനൊടുവിൽ ആ അമ്മ മുറിയിലേക്ക് നടന്നു. ചുവരിൽ തൂക്കിയിരിക്കുന്ന ആ ചിത്രത്തെ നോക്കി ഒരു നീണ്ട  നെടുവീർപ്പിട്ടു സംസാരിച്ചു തുടങ്ങി,

"കേട്ടോ ഇച്ചായാ മോളികുട്ടിക്ക് ഞാനിപ്പോ ഒരു ബാധ്യതയാ...... 
 മരണകിടക്കയിലും ഇച്ചായനെന്നോട് ഒരു കാര്യമേ പറഞ്ഞുള്ളു അഭിമോനെ കഷ്ട്ടപെടുത്താതെ നല്ല രീതിയിൽ വളർത്തണംന്ന്. അത് ഞാൻ ഒരു കുറവും വരുത്താതെ നിറവേറ്റിയിട്ടുണ്ട്. അവനെ നന്നായി പഠിപ്പിച്ചു അവനിന്നു നല്ലൊരു ജോലിയുണ്ട്. കൂടെ ജോലി ചെയ്യുന്ന പെണ്ണിനെ തന്നെ കെട്ടണംന് പറഞ്ഞു. ആ കല്യാണവും ഒരു കുറവും വരുത്താണ്ട് നടത്തി കൊടുത്തു. 
പിന്നെ മോളികുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല അവളു വലിയ വീട്ടിലൊക്കെ ജനിച്ചു വളർന്ന കുട്ടിയല്ലയോ.....  അതോണ്ടാവും എന്റെ സ്വഭാവമൊന്നും അവൾക്ക് പിടിക്കാത്തത്.  അവളു പറയണത് അമ്മച്ചിക്ക് തീരെ വൃത്തിയില്ലെന്നാ..... അവക്കറിയത്തില്ലലോ ഇച്ചായാ നമ്മളീ ചേറിലും ചെളിയിലും കിടന്നുണ്ടാക്കിയതാ ഈ കാണുന്ന വീടും പറമ്പുമെല്ലാംന്ന്. 
എനിക്കിനി ഒരാഗ്രഹമേ ഉള്ളൂ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വസ്ഥമായി കണ്ണടയ്ക്കണം....."

'വല്യമ്മച്ചി കരയുവാ ' അപ്പോളാണ് കൊച്ചുമോൻ മുറിയിലേക്ക് കയറിവന്നത്. 

"ഏയ്.... "അവൻ കാണാതെ പുറത്തേക്കൊഴുകിയ കണ്ണുനീർ തുടച്ചു അമ്മച്ചി മറുപടി കൊടുത്തു,
"ഞാൻ നിന്റെ വല്യപ്പച്ചനോട് ഓരോന്ന് പറഞ്ഞോണ്ടിരിക്കുവായിരുന്നു "

'മമ്മിക്ക് എന്തേ വല്യമ്മച്ചിയെ ഇഷ്ട്ടല്ലാതെ? എന്തിനാ എപ്പോളും വല്യമ്മച്ചിയെ വഴക്ക് പറയുന്നേ..... ?'

"ഏയ് അത് മോന്റെ മമ്മി സ്നേഹം കൊണ്ട് ശകാരിക്കുന്നതല്ലയോ മോനെ..... അവൾക്ക്  വല്യമ്മച്ചിയോട് ഒരു ദേഷ്യവും ഇല്ല "

 മക്കളുടെ പ്രവൃത്തികൾ ഭാവിയിൽ കൊച്ചുമക്കളും അനുകരിക്കുമോ എന്ന ഭയം ആ അമ്മയുടെ മനസ്സിൽ നിഴലിച്ചിരുന്നു.

'ആണോ.  എന്നാ വാ വല്യമ്മച്ചി, ഇന്ന് പുതിയ കഥ പറഞ്ഞുതരാമെന്നു പറഞ്ഞതാ '

'ഡാ നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് വല്യമ്മച്ചീടെ മുറിയിൽ പോകരുത്തന്നു. ഇല്ലാത്ത അസുഖമൊന്നുമില്ല തള്ളയ്ക്ക്.  വല്ല അസുഖവും പകർന്നാൽ എനിക്ക് വയ്യ ലീവ് എടുത്തിരിക്കാൻ '
അത്രയും പറഞ്ഞു മരുമകൾ ആ കുട്ടിയെ മുറിയിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി.

മരുമകളുടെ വാക്കുകൾ ആ അമ്മയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. 
ചുവരിൽ തൂക്കിയ ആ ചിത്രം മാത്രം നെഞ്ചോട് ചേർത്ത് ആ വൃദ്ധ വീടിന്റെ പടിയിറങ്ങി....

എങ്ങോട്ട് പോകാനാണെന്നു അറിയില്ലായിരുന്നു.എങ്കിലും നീണ്ടുകിടക്കുന്ന വഴികളിലൂടെ നടന്നു. കാലുകൾ തളർന്നെങ്കിലും കുറച്ചു ദൂരം കൂടി നടന്നു. പെട്ടന്ന് കണ്ണുകളിൽ ഇരുട്ട് കയറും പോലെ തോന്നി.

                          ******************

കണ്ണ് തുറക്കുമ്പോൾ മുന്നിൽ പുഞ്ചിരി തൂകി ഒരു പെൺകുട്ടി. 

' പേടിക്കണ്ട അമ്മേ. ഒരു ചെറിയ തലകറക്കം അത്രേ ഉള്ളൂ. ഞാൻ കണ്ടതുകൊണ്ടു ഉടനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. ഇനിയെന്തായാലും ഇവിടെ കിടന്നിട്ടു ക്ഷീണമൊക്കെ മാറ്റി നാളെ പോയാൽ മതി.'

"അയ്യോ മോളേ...... ആശുപത്രിയിൽ അടക്കാനൊന്നും എന്റെ കയ്യിൽ പണമില്ല." ആ അമ്മ നിസ്സഹായയായി പറഞ്ഞു.

'അതൊന്നുമോർത്തു അമ്മ പേടിക്കണ്ട. എന്നെ പരിചയപെട്ടില്ലല്ലോ, എന്റെ പേര് ആൻ. ഈ ഹോസ്പിറ്റലിലെ ഡോക്ടർ ആണ്. പൈസ ഇല്ലാത്തതിന്റെ പേരിൽ അമ്മയ്ക്ക് ഇവിടുന്നു ചികിത്സ കിട്ടാതെ പോകേണ്ടി വരില്ല. '

അവളുടെ വാക്കുകൾ പകുതി ശ്രദ്ധിച്ചുകൊണ്ട് ആ അമ്മയുടെ കണ്ണുകൾ മറ്റെന്തോ തിരയുകയായിരുന്നു. 

'അമ്മയെന്താ അന്വേഷിക്കുന്നേ ?'

"അത്.......എന്റെ ഇച്ചായന്റെ ഫോട്ടോ ?"

അവൾ അടുത്തിരിക്കുന്ന ടേബിളിന്റെ മുകളിൽ നിന്നും ആ ഫോട്ടോ എടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു.  അമൂല്യമായതെന്തോ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു ആ മുഖത്തപ്പോൾ. 

'അമ്മയുടെ വീട്ടിലെ നമ്പർ പറയു. ഞാൻ വീട്ടിൽ വിവരം പറയാം.' 

"അതൊന്നും വേണ്ടമോളെ "

'അതെന്താ അമ്മേ ? അവരെ അറിയിക്കണ്ടേ അവർ അമ്മയെ അന്വേഷിക്കില്ലേ?'

"ഇല്ല മോളേ. മക്കൾക്കൊരു ബാധ്യത ആയതുകൊണ്ടാണ് വീട്ടീന്ന് ഇറങ്ങിയത്. ഞാൻ ഇറങ്ങുന്നത് അവരൊക്കെ കണ്ടിരുന്നെങ്കിലും ആരും തിരിച്ചു വിളിച്ചില്ല. മോളിപ്പോൾ അവരെ അറിയിച്ചാലും അവരാരും വരത്തില്ല ഇവിടേക്ക്" ചുളിവ് വീണ കവിൾത്തടത്തിലൂടെ ഒഴുകിയ കണ്ണീർ തുടച്ചു അമ്മ പറഞ്ഞു നിർത്തി.

'ഡോ കഴിഞ്ഞില്ലേ തന്റെ ഡ്യൂട്ടി ' 
ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി. 

"അമ്മേ ഇതെന്റെ ഭർത്താവാണ് റോഷൻ. ഇവിടെ തന്നെ ഡോക്ടർ ആണ്. " അകത്തേക്ക് കടന്നുവന്ന ആ യുവാവിനെ അവൾ പരിചയപ്പെടുത്തി.

"അമ്മ റസ്റ്റ് എടുക്കു നമ്മുക്ക് നാളെ സംസാരിക്കാം. എന്താവശ്യം ഉണ്ടെങ്കിലും ഡ്യൂട്ടി നഴ്‌സിനോട് പറഞ്ഞാൽ മതി. ഞാനും പറയാം അമ്മയെ ശ്രദ്ധിക്കാൻ.
 ശരി അമ്മേ ഞാൻ ഇറങ്ങട്ടെ അമ്മ ഉറങ്ങിക്കോളൂ......" അവൾ യാത്ര പറഞ്ഞിറങ്ങി. 

പിറ്റേന്ന് അവൾ പതിവിലും നേരത്തെ ഹോസ്പിറ്റലിൽ എത്തി.

'അമ്മേ ഇപ്പോ എങ്ങനെയുണ്ട് ? ബുദ്ധിമുട്ടെന്തേലും തോന്നുന്നുണ്ടോ ?' ചെന്ന ഉടനെ അവൾ അമ്മയുടെ മുറിയിൽ എത്തി ചോദിച്ചു.

"ഇല്ല മോളേ.  അപ്പോ ഇന്നെനിക്കിവിടുന്നു പോവാം അല്ല്യോ "

'ങും പോകാം '

"മോളെന്നെ വല്ല അഗതിമന്ദിരത്തിലേക്കും കൊണ്ടുവിടാമോ. ഈ വയസാം കാലത്തു ഞാൻ പിന്നെവിടെ പോകാനാ. ഇനി കുറച്ചുകാലം കൂടിയല്ലേ ഉള്ളൂ അത് അവിടെ ജീവിച്ചു തീർത്തോളാം.  വലിയ ആഗ്രഹങ്ങൾ ഒന്നും ബാക്കി ഇല്ല. വല്ലപ്പോളും മക്കളെയും കൊച്ചുമക്കളെയും ദൂരേന്നു കണ്ടാൽ മതി. "

'അമ്മ റെഡിയായിക്കോളൂ നമ്മുക്ക് പോകാം '.

ആ ഫോട്ടോയും നെഞ്ചോടു ചേർത്ത് അമ്മ അവളെ പിന്തുടർന്നു.  അവളുടെ ഭർത്താവു അമ്മയ്ക്ക് കാറിന്റെ ഡോർ തുറന്നു കൊടുത്തു അകത്തു കയറ്റി. ശേഷം അവരും കയറി യാത്ര തുടർന്നു. 

ഷാൻഗ്രില്ല എന്നെഴുതിയ വലിയ മതിൽ കടന്നു കാർ ഒരു വീടിനു മുന്നിൽ നിർത്തി.

'അമ്മേ ഇതാണ് ഞങ്ങളുടെ വീട്.' അവൾ പറഞ്ഞു. 

"മോളേ ഇവിടെ.........?"

'അമ്മേ, ഞാനും റോഷനും പഠിച്ചതും വളർന്നതും ഒരു ഓർഫനേജിൽ ആണ്. ഒരു അമ്മയുടെ സ്‌നേഹം കിട്ടാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. ക്ലാസ്സിലെ മറ്റുകുട്ടികൾ അമ്മയുടെ കൈയ്യും പിടിച്ചു സ്കൂളിൽ വരുമ്പോൾ ഒരുപാട് കരഞ്ഞിട്ടുണ്ട് കിട്ടാതെ പോയ ആ സൗഭാഗ്യത്തെ ഓർത്തു. വിധിയെ പഴിച്ചിട്ടുണ്ട് പലവട്ടം. 
പക്ഷേ ഇന്ന് ഞങ്ങളെ സ്നേഹിക്കാൻ ഒരുപാട് അമ്മമാർ ഉണ്ട് ഈ വീട്ടിൽ. പ്രസവിച്ചാൽ മാത്രമല്ല അമ്മയാവുക എന്ന് ഞങ്ങൾക്ക് മനസിലാക്കി തന്നവർ.......' അവൾ പറഞ്ഞു നിർത്തി.

'അതെ അമ്മേ ഇനി അവരോടൊപ്പം അമ്മയും വേണം ഞങ്ങളെ സ്നേഹിക്കാൻ. 
ഞങ്ങൾ എന്നും അമ്മയോടൊപ്പം ഉണ്ടാവും ഈ കൊച്ചു സ്വർഗത്തിൽ. ' അത്രയും പറഞ്ഞു റോഷൻ കാറിന്റെ ഡോർ തുറന്നു അമ്മയെ കൈപിടിച്ചിറക്കി. 

നിറഞ്ഞ മിഴികൾ തുടച്ചു, അവരുടെ കയ്യിൽ പിടിച്ചു ആ അമ്മ വീടിന്റെ പടികൾ കയറി.......

അപർണ.എസ്സ് 

അനുഭവം-യൂസഫ് വളയത്ത്




 



















യൂസഫ്
തൂലിക: യൂസഫ് വളയത്ത്
അഡ്രസ്സ് :
വളയത്ത് പുലാക്കൽ ( വീട് )
കിഴായൂർ .പി ഒ
പട്ടാമ്പി . വഴി
പാലക്കാട് - കേരള
ജോലി : ബിസിനസ്സ്



അനുഭവം

മരണക്കിണറിന് മുകളിലേക്ക് കയറി വരുന്ന ആ ഉമ്മയേയും മകനേയും കണ്ടപ്പോൾ ഞാൻ അത്ഭുതത്താൽ മിഴിച്ച് നിന്നു.......
75 വയസ്സുള്ള എന്റെ ഉമ്മയേക്കാൾ പ്രായക്കൂടുതലുണ്ട് ആ ഉമ്മക്ക്
ഏകദേശം ഇരുപതിൽ കൂടുതൽ പടികളുള്ള ആ കോണി കയറാൻ അവർ നന്നേ വിഷമിക്കുന്നുണ്ടങ്കിലും  യുവാവായ മകൻ അവരെ കഴിയുംവിധം സഹായിക്കുന്നുണ്ട്

ഷൊർണൂരിൽ നടക്കുന്ന ജ്വാല ഫെസ്റ്റിൽ ഇന്നലെ കുടുംബത്തോടൊപ്പം പങ്കെടുക്കേ മകൻ മരണക്കിണറിലെ അഭ്യാസം കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഞാനും അവനോടൊപ്പം കൂടി

ഉമ്മയും മകനും എന്റെ അടുത്താണ് നിന്നത്  വാർദ്ധക്യം ചുളിവീഴ്ത്തിയ കണ്ണുകൾ വിടർത്തി അവർ കിണറ്റിലേക്ക് നോക്കി

" ഉമ്മാ നോക്ക് ആ മൂന്ന് മോട്ടോർ സൈക്കിളും രണ്ട് കാറും  ഒന്നിച്ച്  ഇതിക്കൂടെ ചെരിഞ്ഞ് ഒന്നിച്ച്ഓടും......"

മകന്റെ വാക്കുകൾ കേട്ട് ഉമ്മ പേടിയോടെ.... അതിശയത്തോടെ  മകനെ നോക്കി.......

"അപ്പൊ  ഒറ്റീങ്ങള്  വീഴൂലേ മോനേ......"

"ഇല്ലമ്മാ അവര് അഭ്യാസം പഠിച്ചോരല്ലേ..?"
മകന്റെ മറുപടിയിൽ ഉമ്മ മൗനിയായി

ബൈക്കുകളും കാറുകളും  മരണം കൊണ്ട് അമ്മാനമാടാൻ തുടങ്ങിയപ്പോൾ ഞാൻ ഉമ്മയെ തന്നെ നോക്കി നിന്നു......

അവർ പേടിയോടെ മകനെ ഇറുകെ പുണർന്ന് ചേർന്ന് നിന്നു.....
മകൻ കൊച്ച് കുഞ്ഞിനെയെന്ന പോലെ ഉമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു
മരപ്പലകയിലൂടെ അഭ്യാസം ചീറിക്കറങ്ങുമ്പോൾ ഞങ്ങൾ നിൽക്കുന്ന ഫ്ലാറ്റ്ഫോം കുലുങ്ങി വിറച്ചു...
ഉമ്മ കാലിടറി മകന്റെ ദേഹത്ത് തൂങ്ങിനിൽക്കേ  ഒരു കൈ കൊണ്ട് ഞാനും ഉമ്മയെ താങ്ങി...

കളി കഴിഞ്ഞ് ആശ്വാസം കൊള്ളുന്ന ഉമ്മയെ നോക്കി ഞാൻ ചോദിച്ചു
"എങ്ങിനെയുണ്ടായിരുന്നുമ്മാ... നിങ്ങക്ക് ഇഷ്ടായോ..?"
മകന്റെ പിടിവിട്ട് എന്റെ കയ്യിൽ പിടിച്ച് ഇനിയും വിട്ട് മാറാത്ത ഭയം മറച്ച് ചിരിച്ച്  കൊണ്ടവർ പറഞ്ഞു...

*"ഇഷ്ടായി  മാനേ... പക്ഷേങ്കില്  കുഞ്ഞു മക്കൾക്ക് അരി വാങ്ങാനും വേണ്ടീട്ടല്ലേ  ഈ മക്കള് ആയുസ്സ് കളഞ്ഞ്  ഇമ്മാതിരി കാട്ടിക്കൂട്ടണത്...അതോർക്കുമ്പോ..."*

ഒന്ന് നിർത്തിയിട്ട് ആകാശത്തേക്ക് കണ്ണുയർത്തി നെഞ്ചത്ത് കൈ വെച്ച് അവർ തുടർന്നു...

*"പടച്ചോനെ ഒറ്റീങ്ങളെ  കുഞ്ഞുമക്കളെ നീയ്യ്  യത്തീമീങ്ങളാക്കല്ല*
*വീട്ടില് കാത്തിരിക്കണെ കുടുംബത്തില് കണ്ണീര് ചാടിക്കല്ലെ...

വാദ്യമേളങ്ങളും ആർപ്പുവിളികളും കൊണ്ട് നിറഞ്ഞ ആ പറമ്പിൽ  നെഞ്ച് പിടക്കുന്ന ഒരുമ്മയുടെ പ്രാർത്ഥന ആകാശത്തേക്കുയരുമ്പോൾ ഞാനോർത്തു

*ഏതോ നാട്ടിലെ  ദാരിദ്ര്യത്തിന്റെ  അടുക്കള പുറത്ത് മണ്ണ് വാരിക്കളിക്കുന്ന മനുഷ്യ മക്കളെ അവരുടെ ദേശവും, ഭാഷയും, വർണ്ണവും, വിശ്വാസവും നോക്കാതെ നെഞ്ചോട് ചേർത്ത് വെക്കാൻ  ഒരമ്മ മനസ്സിനേ കഴിയൂ........*
ഇത്തരം അമ്മ മനസ്സ് എല്ലാ മനുഷ്യരിലുമുണ്ടായിരുന്നെങ്കിൽ.
യൂസഫ് വളയത്ത്

പരിണാമം - ഇന്ദു വിനീഷ്













ഇന്ദു വിനീഷ് 
തൃശൂർ ജില്ലയിൽ കുന്നംകുളം സ്വദേശി.
ഭർത്താവ് :വിനീഷ് 
മകൻ:വൈഷ്ണവ് ഒരു സ്‌പൈർപാർട്സ് ഷോപ്പിൽ ജോലി ചെയ്യുന്നു.

ഒപ്പം സമഗ്ര വെൽനെസ്സ് എഡ്യൂക്കേഷൻ സൊസിറ്റിയോട്‌ ചേർന്ന് പ്രവർത്തിക്കുന്നു.

 
പരിണാമം

ഹേ മനുഷ്യ,
ഉയർത്തപ്പെട്ടിരിക്കുന്നു നിന്റെ സ്ഥാനം ... അഹങ്കരിക്കണ്ട ഭൂമിതൻ മടിത്തട്ടിൽ പിറവികൊണ്ടതിലേറ്റം നീചമായതെന്തോ ഇന്നതാണ് നീ ... പരിണാമപ്പെട്ടിരിക്കുന്നു എന്നതാവാം ശരി .. വാനരന്മാരിൽ നിന്നും ശ്രേഷ്ഠമായൊരു മാനവപരിണാമം അതു കാലഹരണപ്പെട്ടോ ?? നിന്റെ വിശിഷ്ടതകളെ നീ വലിച്ചെറിഞ്ഞല്ലോ , ഹേ മനുഷ്യ , എന്തായിരുന്നു നിന്റെ വിശിഷ്ടത ? പെറ്റമ്മയും കൂടപ്പിറപ്പോളും തന്നിണയെക്കൂടാതെ മറ്റുള്ളോരെല്ലാം സോദരതുല്യരായ് കാണും സംസ്കാരം .. എന്ന് നീ അവരെയും നിൻ കാമത്തിൻ മുൾമുനയിൽ കൊരുത്തുവോ അന്നു നീ മൃഗത്തേക്കാൾ മ്ലേച്ഛമായ് പരിണമിച്ചു . ഒരു മൃഗത്തെയും നിന്നോടുപമിച്ചു അവഹേളിക്കരുത് മാനവ നിന്നിലവരെക്കാൾ ശ്രേഷ്ട്ടമായതിനൊന്നുമില്ല പെറ്റിട്ടു പാൽമണം മാറാത്ത കുഞ്ഞിനോടും മൃതി കാത്തുകിടക്കുന്ന ദേഹത്തോടും കേവലമൊരു മൃഗത്തിൻ നീതിപോലും നിന്നിലില്ലെന്നിരിക്കെ പരിണാമ ജന്തുക്കളെ നിങ്ങളെ എന്തു പേരിട്ടുവിളിക്കണം ? ഇനിയും പരിണാമം ആർജിക്കാത്തവർക്കായി , നിന്നിലെ പരിണാമത്തിൻ വൈകൃതം വിളിച്ചോതിടാൻ ഒരു പേരു കൂടിയേ തീരൂ നിന്നെയും എന്നെയും മനുഷ്യനെന്ന് വിളിക്കുകിൽ ഞാനെന്നെ ഒരു മൃഗമെന്നു കേൾക്കുവാൻ ഇഷ്ട്ടപ്പെടുന്നു നീയാണ് മനുഷ്യനെങ്കിൽ മൃഗമായി അറിയപ്പെടുന്നതിലാണെനിക്കഭിമാനം ...


ഇന്ദു വിനീഷ്

ആനന്ദി-അനു പ്രദീപ്














അനു പ്രദീപ് w/o പ്രദീപ് വാമദേവൻ കോട്ടയം സ്വദേശി റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നു.
വായന, എഴുത്ത്, ഇവയാണ് ഹോബി .

ആനന്ദി

ഇരുട്ടിലേക്ക് മിഴി തുറന്ന് കിടന്നു ഞാൻ. ഗ്രിൽ തുറക്കുന്ന ശബ്ദം നിശബ്ദതയെ ഭേദിച്ചു കൊണ്ട് ചെവിയിൽ മുഴങ്ങി.പ്രകാശത്തിന്റെ ഒരു നേർരേഖ കടന്ന് വന്ന് ഒരു ദീർഘവൃത്തം സൃഷ്ടിച്ച് മുറിയിൽ നിറഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. വെളിച്ചത്തെ ഭയമാണെനിക്ക്. അടുത്ത് വരുന്ന കാൽപ്പെരുമാറ്റം എനിക്ക് കേൾക്കാമായിരുന്നു. പതുക്കെ കവിളിൽ ഒരു തണുത്ത കൈത്തലം പതിഞ്ഞു. "എന്തൊരുറക്കമാണിത്? നേരം വെളുത്തു. എണീക്കണ്ടേ?". ഞാൻ ബദ്ധപ്പെട്ട് മിഴികൾ തുറന്നു. ചുണ്ടിൽ പുഞ്ചിരിയുമായി അയാൾ . " പനി കുറവുണ്ടോ ?, രാത്രി നന്നായി ഉറങ്ങിയോ? 'ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു. എന്റെ മിഴികൾ അയാളുടെ പച്ചക്കണ്ണിൽ ഉടക്കി നിന്നു.ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന ഓർമ്മ പോലെ അയാളുടെ പച്ചക്കണ്ണുകൾ . " സഞ്ജയ്,ഞാൻ നിന്നെ കൊല്ലട്ടേ ? നിന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് കഴുത്ത് ഞെരിച്ച് .നിന്നെ കാണുമ്പഴൊക്കെ എന്റെ ചിന്ത ഇതാണ് സഞ്ജയ് എന്റെ കൈകളാൽ സ്വതന്ത്രമാക്കപ്പെടുന്ന നിന്റെ ആത്മാവ് " അയാൾ വീണ്ടും എന്റെ കവിളിൽ തട്ടി കൂടെ വന്ന സ്ത്രീയുടെ കൈയിൽ തന്റെ കയ്യിലിരുന്ന കടലാസ് കെട്ട് കൈമാറി തിരികെ നടന്നു. അപ്പോൾ മാത്രമായിരുന്നു ആ സ്ത്രീയെ ഞാൻ ശ്രദ്ധിച്ചത്. വാതിൽ അടയ്പ്പെടുകയും പ്രകാശം തിരികെ മടങ്ങുകയും ചെയ്തു. "നീയെന്തിനാണയാളെ സഞ്ജയ ്എന്ന് വിളിക്കുന്നത്? അത് നീ വായിച്ച കഥയിലെ നായകൻ അല്ല . ഡോക്ടർ ആണ്. ഡോക്ടർ അതുൽ " ശബ്ദം കേട്ട ഭാഗത്തേക്ക് മിഴികൾ പാഞ്ഞു ജാലകത്തോട് ചേർന്നൊരു സ്ത്രീരൂപം. എവിടെയോ കണ്ട് മറന്ന മുഖം. നീണ്ട മുടിയിഴകൾ ഒരു വശത്തേക്ക് മാടി അവൾ എന്റെ നേർക്ക് ചിരിച്ചു. "ആരാണ് നീ. എന്റെ അനുവാദമില്ലാതെ എന്തിനിവിടെ വന്നു " "എനിക്ക് നിന്റെ അനുവാദം ആവശ്യമില്ല. നീ എവിടെയുണ്ടോ അവിടെ ഞാനുമുണ്ട്'" അവൾ ശാന്തമായി പറഞ്ഞു. എന്നിൽ കോപം ഇരച്ച് കയറി അവളുടെ കഴുത്തിൽ കുത്തിപ്പിടിക്കാൻ ആഞ്ഞു .പക്ഷെ അവളെ തൊടാൻ എനിക്കായില്ല എന്റെ കൈകൾ വായുവിൽ ചലിച്ചു .എനിക്ക് സ്പർശിക്കാനാവാത്ത അവളുടെ ശരീരം ... ഉള്ളിൽ ഒരാന്തൽ.ഞാൻ വെട്ടി വിയർത്തു ഉള്ളിൽ പെറ്റുപെരുകിയ ഭയത്തിന്റെ അണുക്കൾ എന്നിലാകെ വ്യാപിച്ചു. " ആനന്ദി! എന്തിനാണ് നീ ഭയക്കുന്നത്? ഞാൻ നീ തന്നെയാണ്. നിന്നിലെ നീ.ഈ ജന്മത്തിലും മറുജന്മത്തിലും " "ആരാണ് ആനന്ദി" 'നീ എന്തിനാണ് സ്വയം മറന്നത്? നിനക്ക് നിന്റെ നാമം പോലും ഓർമ്മയില്ലേ ആനന്ദി" അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ആഴ്ന്നിറങ്ങുന്ന നോട്ടം .അഗാധമായ കയത്തിലേക്ക് മുങ്ങി താഴുന്ന പോലെ .എന്റെ കണ്ണുകൾ അടയുന്നു .. മെല്ലെ മെല്ല. കണ്ണ് തുറക്കുമ്പോൾ അവിനാശിന്റെ നെഞ്ചിൽ തല വെച്ച് കിടക്കുകയായിരുന്നു ഞാൻ. ചുറ്റിപ്പിടിച്ചിരുന്ന അവിയുടെ കൈകളെ സ്വതന്ത്രമാക്കി ഞാൻ പതിയെ എണീറ്റു. അലാറം ഓഫ് ചെയ്തുവെച്ച് അടുക്കളയിൽ എത്തി ചായ തിളപ്പിച്ചു. അവിയെ വിളിച്ച് എണീപ്പിച്ച് ചായയും പത്രവും കൊടുത്തു. രാവിലത്തെ പലഹാരവും ചോറും കറികളും തയാറാക്കി. ഈ വയറും വെച്ച് പണി ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്നാലും അവിക്ക് എന്റെ കൈ കൊണ്ടുള്ള ഭക്ഷണമാണ് ഇഷ്ടം .ഭക്ഷണം കൊടുത്ത് വിടുന്നതാണ് എനിക്കും സമാധാനം .വയറിൽ വാൽസല്യചുംബനവും നെറുകിലെ പതിവ് ഉമ്മയും തന്ന് അവി ആഫീസിലേക്ക് പോയി. ഇനി വൈകുന്നേരം വരെ തനിച്ചാണ് .പുസ്തകങ്ങളും ടി വി യും മാത്രമാണ് കൂട്ട് . വൈകുന്നേരം ചായയും പഴം പൊരിയും ഒക്കെ ഉണ്ടാക്കി കുളിയും തേവാരവും കഴിച്ചിരിക്കുമ്പോഴാണ് വയറിൽ വല്ലാത്ത ഒരു വേദന.ഭയം എന്നിലിരച്ച് കയറി ഇത് അഞ്ചാം തവണയാണ് ഈ പത്ത് വർഷത്തിനിടയിൽ .ഒരു കുഞ്ഞിക്കാലെന്ന സ്വപ്നം പാതിവഴിക്ക് പിരിഞ്ഞകന്നത് നാല് തവണയാണ്. മുൻ വശത്തെ വാതിൽ തുറക്കവേ തലയ്ക്കുള്ളിൽ ഇരുട്ടു വ്യാപിക്കുന്നതു പോലെ .വാതിൽ പടിയിൽ വയർ ഇടിച്ച് വീഴുമ്പോൾ വെളുത്ത തറയിലുടെ ഒഴുകിപ്പരക്കുന്ന രക്തം ഞാൻ കണ്ടു .. ബോധം വന്നപ്പോൾ ആശുപത്രി കിടക്കയിൽ ആയിരുന്നു .ദു:ഖം നിറഞ്ഞ അവിയുടെ കണ്ണുകൾ പറയതെ പലതും പറഞ്ഞു .ഞങ്ങളുടെ സ്വപ്നമായ ആ കുഞ്ഞ് ജീവൻ എന്നിൽ നിന്നും അറുത്ത് മാറ്റപ്പെട്ടിരിക്കുന്നു. എന്റെ ഓർമ്മത്താളുകൾ വീണ്ടും ശൂന്യമായി വിയർത്ത് കുളിച്ച് അലറി വിളിച്ച് ഞാൻ ഉണർന്നു.അവൾ ശാന്തമായി എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. "എന്റെ ഓർമ്മ പ്രവാഹം നിലച്ചിരിക്കുന്നു. പിന്നീട് എന്താ എനിക്ക് പറ്റിയത്?" പറയാം .കാരണം നീ തന്നെയാണ് ഞാൻ ആനന്ദി. അന്നും ഇന്നും ". " നിനക്ക് കുട്ടികൾ വാഴാത്തതിൽ അവിയുടെ കുടുംബത്തിന് നിരാശയുണ്ടായിരുന്നു. ആയിടയ്ക്കാണ് ഒരു അവധൂതൻ വീട്ടിലെത്തിയത്. മുൻ ജന്മപാപത്താലാണത്രേ നിനക്ക് കുട്ടികൾ വാഴാത്തത് .മുൻജന്മത്തിൽ നീ നിന്റെ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടുണ്ടത്രേ." "ഇല്ല എനിക്ക് അതിനാവുമോ ? 'ഞാൻ പറഞ്ഞില്ലേ ആനന്ദി ഞാൻ നിന്നോടൊപ്പമുണ്ടായിരുന്നു എന്ന് .നീ ഒന്ന് ഓർത്ത് നോക്കൂ .ആ കാലം .ഇരുണ്ട മുറികൾ ഉള്ള ആ തറവാട്ടിലെ നിന്റെ കൗമാരകാലം. ഓർക്കുന്നില്ലേ? കേൾക്കുന്നില്ലേ കുളപ്പടവിലെ ആ പൊട്ടിച്ചിരി .. ?" ഉണ്ട് കമല എന്ന് ആരോ എന്നെ വിളിക്കുന്നു ' "അതെ നീ തന്നെയാണ് കമല.നീ ഋതുമതിയായിരിക്കുന്നു. തിരണ്ടു കല്യാണ ചടങ്ങിനായി നിന്നെ മഞ്ഞളും വാകയും തേച്ച് കുളിപ്പിക്കുകയാണവിടെ. " "ഞാൻ കേൾക്കുന്നു .ആ കലമ്പൽ, പൊട്ടിച്ചിരികൾ, കുളത്തിലെ വെള്ളത്തിൽ എന്റെ പ്രതിബിംബം ഞാൻ കാണുന്നു. ആ പ്രതിബിംബത്തിന് നിന്റെ മുഖമാണല്ലോ ?." 'ഞാൻ പറഞ്ഞില്ലേ. ഞാൻ നീ തന്നെയാണ്. നിന്നിലെ നീ. ആനന്ദിയും കമലയും എല്ലാം നീ തന്നെ. ഞാനും .ഓർത്തുനോക്കു ,പിന്നെ എന്താണുണ്ടായതെന്ന് " ഞൻ ഓർമ്മയിൽ മുങ്ങിത്തപ്പി തുടങ്ങി. വീട്ടിലാരുമില്ലാത്ത ഒരു ദിനം .കോണിപ്പടി കയറി മുകളിലേക്ക് കയറാൻ വന്നതാണ് ഞാൻ. പിന്നിൽ നിന്ന് വായ പൊത്തി ആരോ ആ ഇരുട്ട് വീണ മുറിയിലേക്ക് കൊണ്ടുപോയി .കടുത്ത വേദനയിൽ പുളയുമ്പൊഴും ശബ്ദം പുറത്ത് വന്നില്ല. എങ്കിലും കണ്ടു ആ പച്ചക്കണ്ണുകൾ .പിന്നെ കൈയിലെ നാഗത്തലയുള്ള മോതിരം. കീറിയ പഴന്തുണി പോലെ നിലത്ത് ഉപേക്ഷിച്ച് അയാൾ പോയപ്പോൾ മരണത്തെ മാത്രം പ്രതീക്ഷിച്ച് ഞാൻ കിടന്നു. ആത്മഹത്യ ഭയമായിരുന്നു. അമ്മയുടെ പഴി പറച്ചിലിനും പ്രാക്കിനും ഇടയിലും വേദനയനുഭവിച്ച് ആ നികൃഷ്ട ബീജത്താൽ ഉരുവായ കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ നിസ്സംഗതയായിരുന്നു.

പക്ഷെ ആ കുഞ്ഞു മുഖത്തിന്റെ കാഴ്ച എന്നിൽ നിറച്ച മാതൃത്വത്തിന്റെ അനുഭൂതി അവർണ്ണനീയമായിരുന്നു. നെഞ്ചിലെ പാലാഴി ആ ചോരിവായിൽ പകർന്നു കൊടുക്കുമ്പോൾ ഞാനൊരു അമ്മ മാത്രമായി ഒതുങ്ങിപ്പോയിരുന്നു. ഒരു പുലർച്ചെ അവനെ അടുത്ത് കാണാഞ്ഞ് നിലവിളിച്ചപ്പോൾ കത്തുന്ന കണ്ണുകളോടെ അമ്മയും ഏടത്തിയും.അവിടെ മരിച്ചതാണ് കമല. വീട്ടുകാർ കണ്ടെത്തിയ വയസൻ മാഷിന്റെ പ്രസവിക്കാത്ത ഭാര്യയായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കമല. " പിന്തുടരുന്ന പാപങ്ങൾ " "ഇല്ല ആനന്ദി നീ നിന്നിലെ നിരാശയെ ഉപേക്ഷിക്കൂ .മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥമായ എത്ര ബാല്യങ്ങളുണ്ട്. അതിലൊന്നിനെ നിനക്ക് സ്വന്തമാക്കിക്കൂടെ ." ആനന്ദിയെന്ന എന്റെ സ്വത്വം ആണവൾ. ഞാൻ തിരിച്ചറിവിന്റെ പാതയിൽ ആയിരുന്നു മനസിൽ കട്ട പിടിച്ച ഇരുട്ടിനെ വകഞ്ഞു മാറ്റി പ്രകാശകിരണങ്ങൾ വ്യാപിക്കുന്നത് പോലെ .അവൾ എന്നിലേക്ക് വന്നു എന്നിൽ അലിഞ്ഞ് ഇല്ലാതായി. വൈകുന്നേരത്തെ പതിവ് സന്ദർശനത്തിന് ഡോക്ടർ എത്തി. അയാൾ എന്റെ കവിളിൽ പതുക്കെ തലോടി .അയാളുടെ കണ്ണുകളിൽ ഒഴുകുന്ന സ്നേഹത്തിന്റെ സാന്ത്വനത്തിന്റെ ധാര ഞാൻ കണ്ടു. അയാളുടെ കരം ഗ്രഹിച്ചു ഞാൻ ആ പച്ചക്കണ്ണുകളിലേക്ക് വാൽസല്യത്തോടെ നോക്കി . 'അതുൽ നിന്റെ നെറുകയിൽ എനിക്കൊരുമ്മ തരണം .ഒരമ്മയുടെ സ്നേഹ ചുംബനം." അവൻ സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ എന്നെ ചേർത്തു പിടിച്ചു. മുറിയുടെ വെളിയിൽ അവി എന്നെ പ്രതീക്ഷിച്ച് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പുതിയ തുടക്കത്തിലേക്ക് കൈകോർക്കാൻ.


അനുപ്രദീപ്


ബാക്ക് ടു നേച്വർ-അഫ്‌ലഹ് നൂർ



അഫ്‌ലഹ്  നൂർ 
ഒൻപതാം ക്ലാസ്സ് 
വിദ്യാർത്ഥി 
എം.ഇ.എസ്സ് സെൻട്രൽ സ്കൂൾ 
തിരൂർ  


















                                 ബാക്ക്  ടു നേച്വർ