Sunday, 9 April 2017

വീപ്പിംഗ് വുഡ്സ്...!!-രതീഷ് കെ എസ്














രതീഷ് കെ എസ്






വീപ്പിംഗ് വുഡ്സ്...!!
പതഞ്ജലിൽ സ്റ്റോറിൽ യോഗാഷീറ്റിന് 499 രൂപ അഞ്ഞൂറിന് ബാക്കിയായി ഒരു പ്രകൃതി മിഠായിയും തന്നു..
കഴിഞ്ഞ ദിവസം മർമ്മപ്രധാനമായ രണ്ട് തീരുമാനങ്ങൾ ഞാനെടുത്തിരുന്നു...എന്റെയും അവളുടെയും പറമ്പിൽ റബറിനുപകരം ഇനി അൽപീസ് മരങ്ങൾ നട്ടുപിടിപ്പിക്കണം, എന്റെ മുൻകോപം കുറയ്ക്കാൻ ആർട്ട് ഓഫ് ലിവിംഗ് ക്ലാസിൽ കിട്ടിയ യോഗ ഇനി മുടങ്ങാതെ ചെയ്യണം...
എന്റെ എഴുത്തുമുറി അവൾ വൃത്തിയാക്കാതായിട്ട് മൂന്ന്കൊല്ലം തികയുന്നു. എന്റെ മുറിയിൽ നിന്ന് ആണും പെണ്ണും അസമയങ്ങളിൽ ഇറങ്ങിപ്പോകുന്നതും കേറിവരുന്നതും കണ്ടുട്ടുണ്ടത്രേ,      കരച്ചിലും ചിരിയും കേൾക്കുമത്രേ, ചുരുട്ടിയെറിഞ്ഞ പേപ്പറുകളിൽ വീണുകിട്ടിയ പല രഹസ്യങ്ങളും ദാമ്പത്യത്തിന് ദോഷകരമാണുപോലും. അതിനാൽ അവിടം ചൂലുകൊണ്ടുതൊടാൻ പോലും അവൾ തയാറല്ല...
അടുക്കളവാതിലിന്റെ കോണിൽ ചാരിവച്ചിട്ടുള്ള ചൂലു ഞാനെടുക്കുമ്പോൾ
അവൾ വജ്രാസനത്തിലിരുന്ന് വിരലിൽ ഒരോറഞ്ച് നിറമുള്ള റബറുറധരിച്ച് അഞ്ചാറ് അമരയ്ക്കകൾ ഒന്നിച്ച് കുനുകുനാ അരിയുന്നു. മൂർച്ചയുള്ള കത്തി വിരലിൽ പലതവണ തട്ടിയിട്ടും ആ ഉറ അവളെ മുറിയാതെ രക്ഷിക്കുന്നു...
...ന്റെ മാഷേ മുറി ഞാൻ വൃത്തിയാക്കിത്തരാം എന്റൊപ്പം അവിടെ ഒന്ന് നിന്നാൽ മതി. ഒറ്റയ്ക്ക് അവിടെ കയറാൻ പേടിയായിട്ടാ, ഇന്ന് വാങ്ങിക്കൊണ്ടുവന്ന ആ ഷീറ്റെന്തിനാ എനിക്ക് മുളക് ഉണക്കാനിടാൻ തരോ..."
എനിക്ക് ദേഷ്യം സഹിക്കാനായില്ല..
"അല്ലേലും നീയും നിന്റെ മക്കളും എന്റെ കഥകളിൽ വലിഞ്ഞുകേറിവരുന്നതായി ഒരാക്ഷേപമുണ്ട് ഇനി മേലിൽ ആ മുറിയുടെ പരിസരത്ത് വന്നേക്കരുത്..."
അവൾ കത്തി എന്റെ നേക്ക് ഉയർത്തി പിടിച്ചുപറഞ്ഞു...
"പ്രിയ എഴുത്തുകാരാൻ ഈ നിമിഷം എന്റെ ടെറിട്ടറിയിൽ നിന്ന് ഇറങ്ങിപ്പോകണം അല്ലെങ്കിൽ ഈ കഥയിപ്പോൾ കഴിയും."
ഞാൻ മിണ്ടാതെ തിരിച്ചുപോന്നു.അടക്കിപ്പിടിച്ച ചിരി പിന്നിൽ കേൾക്കാമായിരുന്നു...
പത്തോളം ഏക്കർ വരുന്ന സ്ഥലത്ത് അൽപ്പീസ് മരം നട്ട് കോടീശ്വരിയാകാനിരിക്കുന്നവളോട് റബറിന്റെ പേരിൽ തർക്കിച്ച് ഇന്നലേം ഞാൻ തോറ്റിരിന്നു...
ഏറ്റവുമൊടുവിൽ ഭ്രൂണഹത്യചെയ്യപ്പെട്ട 55 കാരിയുടെ ശവവും വഹിക്കുന്ന പേപ്പറുകഷ്ണങ്ങളും ഉപയോഗശൂന്യമായ പേനകളും വരിച്ചുവാരി ചവറ്റുകൂനയിലിട്ട് കൂട്ടശവദാഹം നടത്തി...
ജനാലകൾ തുറന്നിട്ടു, ഇളം പച്ച നിറത്തിലുള്ള യോഗാ ഷീറ്റ് വിരിച്ചു.    രണ്ടാം നൂറ്റാണ്ടിൽ പതഞ്ജലി മഹർഷി 195 സൂക്തങ്ങളാക്കിയ യോഗസൂത്രത്തിൽ യമം തുടങ്ങി സാമാധിവരെ വെറും ഗുളികരൂപത്തിൽ ഞാൻ ചെയ്യാൻ തുടങ്ങി. എല്ലാ കർമ്മങ്ങളും പ്രകൃതിയിൽ ലയിപ്പിക്കുന്ന ചിത്തവിരോധത്തിനായി ഞാൻ പത്മാസനത്തിലിരുന്നു. ഓർമ്മകളിലേക്ക് നയിക്കാൻ പത്മാസനം ഓർമ്മശക്തിക്ക് പത്മാസനം.അടുത്തുനിന്നും അകലേക്ക് ഓർമ്മകളുടെ കുത്തൊഴുക്ക് 499 രൂപയുടെ ഷീറ്റിൽ തുടങ്ങി...ഷാഹുൽ സായിപ്പിന്റെ സീറ്റുപുരയിൽ വലിച്ചു നീട്ടിയടിക്കുന്ന എന്റെ വീടിന്റെ വരുമാനമായിരുന്ന റബർ ഷീറ്റിലേക്ക് ..
ഷീറ്റൊന്നിന്
പരത്തണ യന്ത്രത്തിൽ
വീതി രണ്ട് തവണ നീളം ഒന്ന്
വരവീഴണതിൽ നീളം ഒന്ന്..
അമ്മ ഇത് ചെയ്തു തീരും വരെ ഞാൻ മെഷീൻ കറക്കിക്കൊടുക്കും വെയിലത്ത് പാറയിലും അടുപ്പിന്റെ മുകളിലെ കയറിലും ഇട്ട് ഷീറ്റ് വിൽക്കാൻ പരുവമാക്കും നാലെണ്ണവും ചേർത്താൻ രണ്ട് കിലോയ്ക്കുള്ളിലേ തൂക്കമുണ്ടാകൂ..
ഷീറ്റുകടക്കാരൻ ഷാനവാസിക്ക ഷീറ്റൊന്നിനിന് നൂറ് ഗ്രാം പച്ചകുറയ്ക്കും..
കിലോയ്ക്ക് എൺപത് വച്ചുകൂട്ടിയാലും ഒന്ന് അറുന്നൂറിന് നൂറ്റിയിരുപത്തിയെട്ട് രൂപ അന്ന് അതിലേക്കെത്താൻ ഞങ്ങൾ മൂന്നാളും എത്ര കഷ്ടപ്പെട്ടിരുന്നു..
ഇന്ന് പത്മാസനത്തിലിരിക്കുന്ന മുന്നൂറ് ഗ്രാം ഇല്ലാത്ത ഷീറ്റിന് നാന്നൂറ്റി തൊണ്ണുറ്റിയൊമ്പത് രൂപ...
ആറിന്റെ തീരത്ത് പട്ടയമില്ലാത്ത എഴുപത്തിരണ്ട് സെന്റ് സ്ഥലം കാടായിരുന്നു. അത് വെട്ടിത്തെളിച്ചത് വർക്കി മാപ്ലയാണ് എന്നിട്ട് റബർ നേഴ്സറി യാക്കി...
ആറുമാസത്തേക്ക് അറുനൂറ് രൂപ വാടകയും അൻപത് തൈകളും അത് അവിടെ നിർത്തി ബാക്കിയെല്ലാം മാപ്ല വിറ്റു...
പിന്നെ അതിന് പ്ലാറ്റ് ഫോം വെട്ടാനും വളമിടാനും കളവള്ളി പടർത്താനും ഞങ്ങൾപെട്ട പാട്..
ഞാൻ എട്ടാം ക്ലാസിലെത്തുമ്പോൾ ആ മരം ടാപ്പിംഗിന് റെഡിയായിരുന്നു. അനിയൻ നാട്ടിലെ പഠനത്തിനിടയിലും റബർ ടാപ്പിംഗ് നന്നായി പഠിച്ചു. ഞാൻ വെറും പുസ്തകം പഠിച്ചു...
നാലുമണിക്ക് അമ്മവിളിതുടങ്ങും. വലിയമ്മേടെ മോന് എൻ.സി. സി യിൽ നിന്ന് കിട്ടിയ കാക്കിയും ഷൂസുമിട്ട് അനിയൻ റെഡിയാകും, ടൈലിന്റെ കഷ്ണം കൊണ്ട് അവൻ കത്തി മൂർച്ചകൂട്ടും മണ്ണെണ്ണ വിളക്കുപിടിച്ച് വെട്ടാൻ വെളിച്ചം കാണിക്കലാണെന്റെ ജോലി. അകത്തെ തടിയിൽ തട്ടാതെ വള്ളിപ്പാലു വലിച്ച് ശൂ ശൂ എന്ന ശബ്ദത്തിൽ അവൻ ടാപ്പുചെയ്യണത് ഞാൻ അസൂയയോടെ നോക്കും..
വിളക്ക് കാണിക്കുന്നതിൽ എന്നെ ശാസിക്കും. കക്കൂസിന്റെ പ്രചാരത്തിന് ശേഷവും കാറ്റിന്റെ തണുപ്പേറ്റ് പ്ലാറ്റ് ഫോമിലിരുന്ന് തൂറാനായിരുന്നു നാട്ടിലെ എല്ലാവർക്കും ഇഷ്ടം അത് ചവിട്ടാതെ അടുത്തമരത്തിലേക്ക് പോകാനും ഈ വിളക്കുകാണിക്കൽ ചടങ്ങ് ഉപകരിച്ചിരുന്നു.
അഞ്ചരമണിക്ക് എഴുപത്തിരണ്ട് സെന്റ് കഴിഞ്ഞാൽ ചാക്കോസാറിന്റെ നൂറേക്കറിലേക്ക് മരമൊന്നിന് ഇരുപത് പൈസാ നിരക്കിൽ അവനെ കാത്ത് വെയിലും മഴയും ഏൽക്കാതെ ഷെയ്ഡ് ധരിച്ചു നിക്കുന്ന ആയിരം മരങ്ങളുടെ അടുത്തേക്ക് പോകും..ഞാൻ വീട്ടിലേക്ക് നടക്കും.
വീടിന്റെ റേഷൻ എത്തിപ്പിടിക്കാൻ ഈ തുക ആവശ്യമായിരുന്നു.ബി എസ് എ സൈക്കിൾ, ബ്ലാക്ക് ആന്റ് വൈറ്റ് ടിവി, പെങ്ങൾക്ക് വെൽ വെറ്റ് ചുരിദാർ, എനിക്ക് മഷിക്കുപ്പിയും പേനയും അവൻ ഗൃഹനാഥനാകുകയായിരുന്നു.
കക്കൂസിലും കിണറ്റിന്റെ കരയിലും വച്ചിട്ടുള്ള തൊട്ടികളുമായി ഞാനും അമ്മയും എട്ടരമുതൽ പാലെടുപ്പ് തുടങ്ങും വെട്ടിയിട്ട പട്ടയും വള്ളിക്കറയും ചിരട്ടയിലെ ഒട്ടുകറയും ഒരുതുള്ളിപ്പാലുപോലും ഒരു മരത്തിലും ശേഷിക്കില്ല...
പലതവണ അമ്മ വീണിട്ടും ഒരു തുള്ളിപ്പാലുപോലും നഷ്ടായിട്ടില്ല..
ചാക്കോസാറിന്റെ വീട്ടിൽ നിന്ന് വാങ്ങിയ വക്കുപൊട്ടിയ പഴനാലു ഡിഷുകളിൽ തോർത്തിൽ അരിച്ച് പാലൊഴിക്കും. ഉറയൊഴിക്കാനുള്ള ആസിഡ് പതിമൂന്ന് രൂപ ആയതിനാലും അടുത്ത വീട്ടിലെ ചേച്ചി ആസിഡ് കുടിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചതിനാലും അതിരിൽ നിൽക്കണപുളിമരത്തിനാൽ ദരിദ്രമില്ലാത്ത പുളിപിഴിഞ്ഞൊഴിച്ചാണ് ആസിഡിന്റെ കുറവുനികത്തുക..നിലത്ത് നല്ലലെവലുള്ളിടത്ത് നാലുഡിഷുകൾ അടുക്കിവയ്ക്കും ഉറയുന്നതും കാത്തിരിക്കും വിരലിട്ട് ഇടയ്ക്കിടെ കുത്തിനോക്കി ഞാൻ പരീക്ഷിക്കും...
പത്ത് പത്തരയ്ക്ക് അനിയൻ വന്ന് പഴങ്കഞ്ഞി കുടികഴിഞ്ഞാൽ ഞങ്ങളൊരുറക്കാണ്..
പിന്നെ ഷീറ്റടിക്കാൻ അമ്മ എന്നെ വിളിക്കും ഒരു ഡിഷിൽ ഉറഞ്ഞ ഷീറ്റുകൾ എടുത്തുവച്ച് അമ്മയും ഞാനും ആറുനീന്തി അക്കരെ സായിപ്പിന്റെ ഷീറ്റുപുരയിലേക്ക് പോലും നനഞ്ഞുകേറിവരണ ഞങ്ങളെ സായിപ്പ് രൂക്ഷായി നോക്കും...
അതൊന്നും വകവയ്ക്കാതെ ഷീറ്റടിച്ച് ഞങ്ങൾ തിരിയ്ക്കും. ഷീറ്റുപുരയുടെ വാടകയിനത്തിൽ മാസത്തിലൊരിക്കൽ ഒരു ദിവസത്തെ ഷീറ്റ് കൊടുക്കണം അതായിരുന്നു പതിവ്...
ആദിവസത്തെയും ഷാഹുൽ സായിപ്പിനേയും ഞങ്ങൾക്ക് പേടിയായിരുന്നു...
നീന്തി മറുകരയിലെത്തിയാൽ ഷീറ്റുകൾ കഴുകി പറപ്പുറത്ത് പൊള്ളുന്ന ചൂടത്ത് വിരിച്ചിടും. പിന്നെ വിസ്തരിച്ച് കുളി..
എന്നിട്ട് മാമനന്റെ പറമ്പിൽ മാഞ്ചിയത്തിന്റെ കായ പറക്കിക്കൊടുത്തുകഴിഞ്ഞാൽ കളിക്കാൻ പോകാം...അതുകത്തിച്ച് പുകച്ച് അമ്മ ഷീറ്റ് വില്പനരൂപത്തിലാക്കും..
മഴക്കാലത്തും 
ഇലപൊഴിയൽ കാലത്തും മരവെട്ടുനടക്കില്ല...
അക്കാലത്ത് അടുപ്പ് അത്ര പുകയ്ക്കേണ്ടതുമില്ലല്ലോ..
മഴകഴിഞ്ഞാൽ കീറിയ തുണികൾ കൊണ്ട് അമ്മ മരങ്ങളുടെ പട്ടകൾ തോർത്തിക്കൊടുക്കുന്നത് കാണാം..
വേനലിൽ ചുണ്ണാമ്പ് വാങ്ങി കലക്കി തൊണ്ട് ബ്രഷുപോലെ ചതച്ച് തേച്ചുകൊടുക്കും.ഞങ്ങളുടെ മരത്തിൽ വേഗം ഇലകളുണ്ടാകും...
ഒരിക്കൽ കളിക്കാൻ വിടാത്തതിന്റെ വാശിയിൽ ഞാൻ വലിയൊരു കല്ലെടുത്ത് മുഴുത്ത മരത്തിന്റെ പള്ളയ്ക്ക് എറിഞ്ഞു..കപ്പയിളക്കണതുടുപ്പുമായി എന്നെ ഓടിച്ചിട്ടടിച്ചു ഒടുവിൽ ആറ്റിൽ ചാടി ഞാൻ രക്ഷപെട്ടു...
തലയിൽ കൊള്ളാത്തവിധം അമ്മ നാലഞ്ച് കല്ലെടുത്തെറിഞ്ഞ് എന്റെ തന്തയ്ക്കും പറഞ്ഞിട്ട് പോയി. നാലരയ്ക്ക് ഞാൻ വരുമ്പോൾ മണ്ണും ചുണ്ണാമ്പും കുഴച്ച് ആ മരത്തിന്റെ മുറിവിൽ ഒപ്പിയിയിരിക്കുന്നു...
മരത്തിനെ തന്നെ നോക്കിയിരുന്ന അമ്മയുടെ മുന്നിൽ ഞാൻ ജീവശാസ്ത്രം പഠിപ്പിച്ച ടീച്ചർ പറഞ്ഞു തന്ന രഹസ്യം വിളമ്പി..
"അമ്മയ്ക്ക് വീപ്പിംഗ് വുഡ് ഏതാന്നറിയോ...?"
അമ്മ
ഇല്ലാന്ന് തലകുലുക്കി
മരത്തിന്റെ മുറിവിൽ തൊട്ട് പറഞ്ഞു
"റബ്ബർ റബ്ബർ..."
അമ്മയുടെ കണ്ണുകൾ നിറഞ്ഞു..
ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ മുന്നിലെ അമ്മ കുഞ്ഞിനുമുലകൊടുക്കുന്ന പ്രതിമയെ ഓർത്തെടുത്ത് അതിന്റെ ആസ്ഥനം ഉത്തരമെഴുതിയ പരീക്ഷയിലാണ് എനിക്ക് സർക്കാർ ജോലികിട്ടിയത്...
ഇളം പച്ചഷീറ്റിൽ ശവാസനത്തിൽ കിടന്ന എനിക്ക് വിയർപ്പും കണ്ണീരും കലർന്ന ഗന്ധമായിരുന്നു..
ഇപ്പൊഴും ആ എഴുപത്തിരണ്ട് സെന്റിൽ റബർ മരങ്ങളാണ് ടാപ്പിംഗ് പരുവമായിട്ടും അമ്മ അതിന് അനുവദിക്കുന്നില്ല...
വീട്ടുമുറ്റത്ത് അൽപ്പീസ് മരതൈകൾ അമ്മായിയപ്പൻ കൊണ്ടുവന്നവിവരം അവൾ വിളിച്ചുപറഞ്ഞു...
റബറിന്റെ വിലയിടിവ് ഇനി ഒരിക്കലും എന്നെ ബാധിക്കില്ലല്ലോ...!!
രതീഷ് കെ എസ്
(
ഗുൽമോഹർ 009)

Friday, 7 April 2017

അമ്മ നക്ഷത്രം -സുഭാഷ്.എം.കുഞ്ഞുകുഞ്ഞ്

















സുഭാഷ്.എം.കുഞ്ഞുകുഞ്ഞ്
വയനാട്  സ്വദേശി 
ഇണ :മായ 

മകൾ : റിതുരാധ





അമ്മ നക്ഷത്രം 
കൊതിമതി വരും മുൻപേ 
പാതിയിൽ മുറിഞ്ഞെന്നെ
ഊട്ടിയുറക്കിയ സ്വപ്നമേ 
തരുമോ ഇനിയൊരു ജന്മം ...
കണ്ടതിൽ  പാതിയും  സ്വപ്നം...
അനുഭവിച്ചത് തീരെ തുച്ഛം..
മോഹങ്ങൾ ഒരുപാട്
ബാക്കിയുണ്ടിപ്പോളും...
മടിയിൽ കിടന്നൊരു
താരാട്ടു കേൾക്കുവാൻ..
കരതലത്താലാ
തലോടലൊന്നേൽക്കുവാൻ..
കൈപിടിച്ചാക്കൂടെയൊന്നു
നടക്കുവാൻ...
കുസൃതി കാണിച്ചൊരു 
തല്ലു വാങ്ങിക്കുവാൻ...
ആ മുണ്ടിന്റെ കോന്തലയിൽ
മുഖമൊന്നു തുടയ്ക്കുവാൻ..
മോഹങ്ങൾ മാത്രമേ
ബാക്കിയുള്ളൂ...
നീയെനിക്കേകിയ
ഉരുളതന്നോർമയിൽ
ബലിച്ചോരുട്ടി തരാം ഞാൻ
ഒരു ബലിക്കാക്കയായെങ്കിലും
ചാരത്തു വന്നണഞ്ഞീ മകനെ
ഒരുമാത്ര നോക്കൂ...
അവ്യക്തമെങ്കിലും
നിന്മുഖമോർക്കാത്ത
നാളുകളില്ലയെൻ ജനനീ
ഓർമകളിൽ ഒരു താരാട്ടിനീണം.....

കണ്ണീരാലിനിയൊരു തർപ്പണം....

സുഭാഷ്.എം.കുഞ്ഞ് കുഞ്ഞ്(കുവ)

Wednesday, 5 April 2017

ഒരു പോക്സോ പൂച്ച-രതീഷ് കെ എസ്














രതീഷ് കെ എസ്



ഒരു പോക്സോ പൂച്ച...!!

"മക്കളേ 
ഇനിയെങ്കിലും നീ നിന്റെ  മണികണ്ടന്റെ കാര്യത്തിൽ ഒരു   തീരുമാനമെടുത്തില്ലെങ്കിൽ
 നിന്റെ പേരിൽ പോക്സ് ചുമത്തേണ്ടി വരൂന്നാ മെമ്പർ ഷൈനി പറയണറ്റ്.."
അമ്മപറഞ്ഞത് ചിരിയോടെയാണെങ്കിലും.         പോക്സോ നിയമത്തിന്റെ വാർത്തകളും വശങ്ങളും വായിച്ചറിഞ്ഞ എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല....

ഷാഹുൽ ഹമീദിന്റെ പേരക്കുട്ടികളെ സ്കൂളിൽ പോകുന്ന ഇടവഴിയിൽ മണികണ്ടൻ പീഡിപ്പിക്കാൻ ശ്രമിച്ചൂത്രേ.
ഖദീജയ്ക്ക് പതിനാറായില്ലേ ഭാഗ്യം അവൾ അല്ലേലും  പോക്സോയിൽ വരില്ലാല്ലോ.. ഞാൻ മനസുകൊണ്ടുറപ്പിച്ചു...
യാസിന്റെ വിഷയമാണ് പ്രശ്നം അവൻ എട്ടാം വയസിലേക്ക് കടക്കുന്നതേയുള്ളൂ....

പുലരി ക്ലബ്ബുമായിട്ടുള്ള ക്രിക്കറ്റ്മത്സരം കഴിഞ്ഞ് മഴനനഞ്ഞ് വരുമ്പോഴാണ് മണികണ്ടനെ ഞാൻ കാണുന്നത്. വഴിയ്ക്കരികിലെ കുറ്റിക്കാട്ടിൽ കവറിൽ പൊതിഞ്ഞ് എന്തോ അനങ്ങുന്നു...
കവർ വലിച്ചുകീറിയതും വാലിനറ്റത്തെ കറുത്ത പുള്ളിഉയർത്തിപ്പിടിച്ച് അവൻ നീട്ടിക്കരഞ്ഞു.
വീട്ടിലെ അടുപ്പിന്റെ വശത്തെ ചൂടത്ത് അമ്മ ഇരുത്തും വരെ അത് നിലവിളി തുടർന്നു...
അമ്മാമ്മ മണികണ്ടനെന്ന് പേരിടാൻ കാരണം പണ്ടെന്നോ നാടുവിട്ടുപോയ തന്റെ മൂത്തമകന്റെ ഓർമ്മയ്ക്കായിട്ടാണ്...

അവൻ വീട്ടിൽ കാലുകുത്തിയതിന്റെ പിറ്റേന്ന് അലക്കുകല്ലിന്റെ കീഴ് വശം തുരക്കുന്ന സ്ഥിരശല്യക്കാരനായ സുകുമാരക്കുറുപ്പെന്ന് അമ്മാമ്മ ഓമനപ്പേരിൽ വിളിക്കുന്ന പെരുന്തൻ പെരുച്ചാഴി ചത്തുമലച്ച് കിടന്നിരുന്നു...വിഷം തിന്നിതോ, അയൽപ്പക്കത്തെ പാസ്റ്ററിന്റെ റോക്കി കടിച്ചുകൊന്നതോ ആകാമെന്നിട്ടും അതിന്റെ ക്രഡിറ്റ് മണികണ്ടനിലാണ് അമ്മാമ്മ ചാർത്തിക്കൊടുത്തത്...
"ഐശ്വര്യമുള്ള മണികണ്ടൻ ധീരൻ..."

വീടിന്റെ അതിരിനപ്പുറമുള്ള തൂറൽ, പാറ്റ എലി എന്നിവയോടുള്ള കാർക്കശ്യമായ സമീപനം, ബന്ധുക്കളെ തിരിച്ചറിഞ്ഞുള്ള സ്നേഹപ്രകടനങ്ങൾ, വറ്റുപോലും ശേഷിപ്പിക്കാതെയുള്ള  ഭക്ഷണരീതി 
സർവ്വ തറവാടി  ലക്ഷണങ്ങളും ആ അലവലാതി അഭിനയിക്കുകയായിരുന്നു...
ഊണുമേശയ്ക്ക് താഴെ എന്റെ പാത്രത്തിലുള്ളതിലും മുഴുത്ത മീൻ കഷ്ണം കണ്ടപ്പോൾ വീട്ടിലെ പരിഗണനവിഷയം ഞാനല്ലാ എന്നെനിക്കുറപ്പായി....
വീട്ടിലെ സ്ഥിരവാസികളായാ
പല്ലിയും പാറ്റയും എന്റെ കട്ടിലിന്റെ കീഴിലേക്ക് അഭയം പ്രാപിച്ചു ശത്രുവിന്റെ ശത്രു മിത്രമാകുമല്ലോ...?
അഭയം തേടിയെത്തിയവർ എന്റെ അടിവസ്ത്രത്തിൽ പോലും ദ്വാരങ്ങൾ വിഴ്ത്താനും കാഷ്ടിക്കാനും തുടങ്ങിയപ്പോൾ മണികണ്ടന്റെ മുന്നിൽ എന്റെ വാതിലും തുറക്കപ്പെട്ടു...

കൈസർ എന്നൊക്കെ പേരിലേ വലിപ്പമുള്ളു. മണികണ്ടനെ കണ്ടാൽ നായവർഗത്തിനൊക്കെ ആപമാനമായി ആ സാധു തേങ്ങാപ്പുരയ്ക്ക് പിന്നിൽ പോയിരിക്കും...
കൈസർ തികഞ്ഞ ഗാന്ധിയനായി...

മീൻ കാരന്റെ മുന്നിലെ ഈ പന്നന്റെ അഭിനയം കണ്ടാൽ താങ്കൾ പോലും മുഴുത്ത രണ്ട് അയല കടം വാങ്ങി നൽകിപ്പോകും..
 ദയനീയമായ കരച്ചിലും, മുൻ കാലുകളിൽ തലപൂഴ്ത്തിയുള്ള നില്പും,  കാലിൽ പന്തം പോലുള്ള അതിന്റെ വാലിട്ടുള്ള ഉരസലും...
പാസ്റ്ററുടെ ഭാര്യ മീൻ കാരനെയും മണികണ്ടനെയും മാറിമാറി നോക്കും..
അയാൾ അഴുകിത്തുടങ്ങിയ മത്തിയിൽ ഒന്നോരണ്ടോഅവന്റെ മുന്നിലേക്കിടും പാസ്റ്ററും ഭാര്യയും അത്യുന്നതങ്ങളിലേക്ക് നോക്കി സ്തുതിപറയും...

കാര്യങ്ങൾ ഇപ്പോൾ അത്ര പന്തിയല്ല...
സുഹ്രത്താത്ത ഷെറീനയ്ക്ക് ജനിച്ച രണ്ടുമക്കളേം എടുത്ത് മതിലിലൂടെ എന്റെ മുറ്റത്തേക്കിട്ടു....
ഉമ്മറത്ത് ചാരുകസേരയിലിരുന്ന് പത്രവായിക്കുന്ന എന്നെയും കസേരയുടെ ചുവട്ടിൽ വിശ്രമിക്കുന്ന ആ നാറിയേയും മാറിമാറി നോക്കി നെടുവീർപ്പിട്ടു...
മക്കളില്ലാത്ത സുഹ്രതാത്ത ഷെറീനയെ മകളെപ്പോലെ വളർത്തിയതാ,            ഫൈസലിക്ക ഗൾഫിലായിരുന്ന കാലത്ത് താത്തയ്ക്ക് കൂട്ടുകിടക്കാൻ അമ്മ എന്നെ വിടുമായിരുന്നു...
താത്ത എന്നെ കെട്ടിപ്പിടിക്കും കൈകൾ അരുതാത്തിടങ്ങളിലേക്ക് കൊണ്ടുപോകും.       ഞാൻ വളർന്നു. കൂട്ടുകിടക്കാനും മടിയായി. ഫൈസലിക്ക വന്നിട്ടും സുഹ്രത്തായ്ക്ക് ഷെറീനയിൽ ആശ്വസിക്കേണ്ടിവന്നു...
മണികണ്ടന്റെ നിറം രണ്ടിനും വാലുകളിൽ തീപ്പന്തം പോലെ കറുത്ത പുള്ളിയും...
ഡി എൻ എ ടെസ്റ്റൊന്നും നടത്തേണ്ടതില്ല...
പിന്നെ കുറച്ചുകാലം ആ സമീപത്തെ വീടുകളിൽ ജനിച്ചതിനെല്ലാം നിറത്തിൽ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളു...
വാലിലെ തീപ്പന്തം പോലുള്ള മറുക് പൊതു അടയാളമായി    ...
ചിലരൊക്കെ എന്റെ വീടിന്റെ പരിസരങ്ങൾ വരെ അവരെ എത്തിച്ചു...
ചിലതിനെ തള്ളമാർ തന്നെ എടുത്തോണ്ട് പോന്നു...
അടുത്ത വാർഡിലും ജനനങ്ങൾ റിപ്പോട്ട് ചെയ്യപ്പെട്ടു.  പെണ്ണുങ്ങൾ മണികണ്ടനെപ്പറ്റി ആറ്റിലിരുന്ന് തമാശയായും കാര്യമായും പറഞ്ഞ കാര്യങ്ങൾ അമ്മയ്ക്ക് ഇഷ്ടായില്ല വീട്ടിൽ അംഗസംഖ്യകൂടുന്നു...
അടുത്ത പഞ്ചായത്തിലേക്കും ഈ അസത്ത് തന്റെ പ്രവർത്തന മേഖല വ്യാപിപ്പിച്ചതിന്റെ തെളിവായി ഇലക്ട്രീഷ്യൻ മന്മദൻ ബൈക്കിൽ എത്തിച്ച മൂന്നുമക്കൾ സാക്ഷി...

അടുത്തിടെയാണ് അപകടകരമായ കാര്യങ്ങൾ റിപ്പോട്ട് ചെയ്തത്....
കൈസർ പഞ്ചായത്ത് കുടിവെള്ള വിതരണ വണ്ടിക്കുമുന്നിൽ ചാടി ആത്മഹത്യചെയ്തു...
മീൻ വെട്ടുന്നതിനിടയിൽ കൈസറിനു നൽകിയ പങ്ക് ഈ ദ്രോഹി പിടിച്ചു വാങ്ങിയത് മാത്രമല്ല മുഖമടച്ച് തല്ലുകയും ചെയ്തു...
തേങ്ങാപുരയുടെ പിന്നിൽ ആ സാധും ഏറെ സമയം ദുഃഖിച്ചിരുന്നെന്ന്  അമ്മയുടെ മൊഴി..
മോഹനൻ ആശാരിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയ കുവൈറ്റുകാരന്റെ ടീവിയിൽ കാണിക്കുന്ന തരത്തിലുള്ള സുന്ദരന്റെ  തിരോധാനമായിരുന്നു അടുത്തത്.. തയ്യൽക്കാരി ലിസിയേടത്തിയുടെ മെറിനുമായി ആ വിദേശിക്കുണ്ടായ അടുപ്പത്തിനെ തുടർന്ന് ഈ നീചൻ വകവരുത്തിയതാകാമെന്നും, ഭയന്ന് നാടുവിട്ടതാകാമെന്നും          , കുവൈറ്റുകാരന്റെ ഭാര്യ സാക്ഷിപറഞ്ഞു..അടുത്തിടെ ദിവസം മെറിന്റെ പേരിൽ ഇവർ തമ്മിൽ വാക്കുതർക്കവും കയ്യേറ്റവും ഉണ്ടായത്രേ...
ഒടുവിൽ കുവൈറ്റുകാരനെ സമാധാനിപ്പിക്കാൻ മൂന്ന് മണിക്കൂറാണ് ഞാൻ ബിവറേജിന്റെ മുന്നിൽ ക്യൂ നിന്നത്....

ഇതിപ്പോൾ പ്രശ്നങ്ങൾ വല്ലാതെ കൈവിട്ടുപോയിരിക്കുന്നു...
ദിവസന്തോറും പറമ്പിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു...

"മണികണ്ടന്റെ മക്കൾക്ക് വാലിൽ തീപ്പന്തം പോലെ കറുപ്പുണ്ട്...
അവന്റെ യജമാനന്റെ മകന്റെ കവിളിലും കറുപ്പുണ്ട്"
ഇതെന്തുപമ ഞാൻ പലരോടും തർക്കിച്ചു...

"ഇവന്റെ അപ്പനും ഇതുപോലെ ആയിരുന്നു പോകുന്ന നാട്ടിലൊക്കെ ഓരോപെണ്ണുണ്ടായിരുന്നു..."
സ്വന്തം തള്ളയും ഞങ്ങളെ തള്ളിപ്പറഞ്ഞു...

  "ജീവിക്കുന്നെങ്കിൽ  മണികണ്ടനെപ്പോലെ ജീവിക്കണം"
 എന്ന ചൊല്ലുതന്നെ ആ പഞ്ചായത്തിലുണ്ടായി..
കൂട്ടുകാർ എന്നെ വല്ലാത്ത ഒരു രീതിയിൽ നോക്കാൻ തുടങ്ങി...
ഞങ്ങൾ ജോലികിട്ടി മലപ്പുറത്തേക്ക് വന്നതുമുതൽ പൂട്ടിയിട്ട എന്റെ മുറി അവന്റെ രഹസ്യകേന്ദ്രമായി, ആഴ്ച്ചയിലൊരിക്കലേ വീട്ടിലുണ്ടാകു.. വായുകടക്കാനുള്ള ദ്വാരത്തിലൂടെ അവൻ കയറും..
കട്ടിലിൽ നീണ്ട് നിവർന്ന് കിടക്കും...
അമ്മ ഇടയ്ക്ക് ഫോണിൽ വിളിച്ചു പറഞ്ഞു 

" എടാ മണികണ്ടനെ എനിക്കും പേടിയായിത്തുടങ്ങി 
മീൻ കാരന്റെ മുന്നിൽ ഇപ്പോൾ വല്ലാത്ത ശബ്ദത്തിലാ ഈ ജന്തു മീൻ ചോദിക്കുന്നത്...
എത്രയും പെട്ടെന്ന് നീ നാട്ടിലേക്കു വാ ഇല്ലെങ്കിൽ കൂട്ടുകാരെക്കൊണ്ട് ഇതിനെ നാടുകടത്ത്...
ഖദീജേടെ വിഷയത്തിൽ നീ ഷാഹുലിക്കേ ഒന്ന് കണ്ടില്ലെങ്കിൽ...
ആകെ പ്രശ്നാകും വാർഡ് മെമ്പർ ഷൈനിയാ പോക്സോന്നൊക്കെ പറഞ്ഞത്.          പഞ്ചായത്തിൽ വരെ ഈ വിഷയം ചർച്ചയായീത്രേ...വിദേശത്തെവിടെ

അതേ ചങ്ങാതീ ഈ പോക്സോ നിയമത്തിൽ പൂച്ചയുൾപ്പെടോ ?
അതോ ആ നിയമം ആദിവാസികൾക്ക് മാത്രമേ ബാധിക്കൂ...!!
രതീഷ് കെ എസ്
( ഗുൽമോഹർ 009)

എന്റെ അച്ഛൻ -ഷീബ. എം. ജോൺ














ഷീബ. എം. ജോൺ


എന്റെ അച്ഛൻ

ശാഖികൾ വിരിച്ചെന്നും തണലായ്‌ കരുതലായ് നെഞ്ചോരം ചേർക്കുമൊരു മരമായിരുന്നച്ഛൻ. ചിരിയായ് തലോടലായ് അലകൾ നെയ്യുന്നൊരു ആഴിതന്നാഴം തോൽക്കും സ്നേഹമായിരുന്നച്ഛൻ. ഇരുളും വെളിച്ചവും ഇഴകൾ കൊരുക്കുന്ന ജീവിതപ്പട്ടിൽ നിറ- ക്കൂട്ടു ചേർത്തിരുന്നച്ഛൻ. ആധികളൊരു ചെറു നിശ്വാസച്ചുരുളാക്കി ചെങ്കനൽ കുത്തും നെഞ്ച- മൊളിപ്പിച്ചിരുന്നച്ഛൻ. ആത്മ ധൈര്യത്തിൻ പട- ച്ചട്ടയൊന്നണിയിച്ചെൻ ആത്മാഭിമാനം കാക്കാൻ പഠിപ്പിച്ചതുമച്ഛൻ. ആർദ്രമായ് തെളിമയായ് സഹ ജീവികൾക്കെന്നും കൂട്ടായി മാറീടുവാൻ കാട്ടിത്തന്നതുമച്ഛൻ. നിഴലായ് , വഴികാട്ടി കൈത്തിരി വെളിച്ചമായ്, ഓർമ്മയിൽ നിറഞ്ഞിന്നും കൂടെയുണ്ടെനിക്കച്ഛൻ.

Tuesday, 4 April 2017

സ്വപ്ന മുറി-സംഗീത് കാരക്കോട്












സംഗീത് കാരക്കോട്



സ്വപ്ന മുറി

ഏകാന്തതയുടെ നിശാസ്വപ്നങ്ങളിൽ
ഏഴ് വർണ്ണങ്ങളും ചാലിച്ച
ഒരു നോട്ടം തിരയാറുണ്ട്.....

പടിവാതിൽ കടന്നെത്തുന്ന
കാറ്റിന് മാംസഭോജികളുടെ 
ഗന്ധമാണ്....

കടൽ കടന്നെത്തുന്ന
ഉയിരിന്റെ പാതിക്ക്
കരുതി വെയ്ക്കാനായ്
പരിഭവങ്ങളിൽ പൊതിഞ്ഞ
സ്നേഹചെപ്പും ഞാനും
മാത്രമിവിടെ.....
ജനാലകളില്ലാത്ത
മൗനം കാതിൽ 
പേമാരി പെയ്യുന്ന
ഈ ഒറ്റമുറിയിൽ.......!

സംഗീത് കാരക്കോട്