Wednesday, 5 April 2017

എന്റെ അച്ഛൻ -ഷീബ. എം. ജോൺ














ഷീബ. എം. ജോൺ


എന്റെ അച്ഛൻ

ശാഖികൾ വിരിച്ചെന്നും തണലായ്‌ കരുതലായ് നെഞ്ചോരം ചേർക്കുമൊരു മരമായിരുന്നച്ഛൻ. ചിരിയായ് തലോടലായ് അലകൾ നെയ്യുന്നൊരു ആഴിതന്നാഴം തോൽക്കും സ്നേഹമായിരുന്നച്ഛൻ. ഇരുളും വെളിച്ചവും ഇഴകൾ കൊരുക്കുന്ന ജീവിതപ്പട്ടിൽ നിറ- ക്കൂട്ടു ചേർത്തിരുന്നച്ഛൻ. ആധികളൊരു ചെറു നിശ്വാസച്ചുരുളാക്കി ചെങ്കനൽ കുത്തും നെഞ്ച- മൊളിപ്പിച്ചിരുന്നച്ഛൻ. ആത്മ ധൈര്യത്തിൻ പട- ച്ചട്ടയൊന്നണിയിച്ചെൻ ആത്മാഭിമാനം കാക്കാൻ പഠിപ്പിച്ചതുമച്ഛൻ. ആർദ്രമായ് തെളിമയായ് സഹ ജീവികൾക്കെന്നും കൂട്ടായി മാറീടുവാൻ കാട്ടിത്തന്നതുമച്ഛൻ. നിഴലായ് , വഴികാട്ടി കൈത്തിരി വെളിച്ചമായ്, ഓർമ്മയിൽ നിറഞ്ഞിന്നും കൂടെയുണ്ടെനിക്കച്ഛൻ.

No comments:

Post a Comment