സംഗീത് കാരക്കോട്
ഇമോജികൾ
വിരൽതുമ്പിന്റെ
വെപ്രാളങ്ങളായിരുന്നു
വികാരപ്രകടനങ്ങളുടെ
ഇമോജികൾ......!
കണ്ണുകളടച്ച്
നാവ് പുറത്തിട്ട
ചിരിയാഘോഷങ്ങൾ....!
കവിളിൽ
ഹൃദയം ചേർത്തുവച്ച,
ചുംബനങ്ങൾ....!
കണ്ണിൽ
ഹൃദയം വരച്ച
സ്നേഹപ്രകാശങ്ങൾ....!
കണ്ണട
വച്ച മാന്യൻ....!
കവിളു
ചുവപ്പിച്ച
കോപക്കാരൻ.....!
പ്രതികരണങ്ങൾക്കവ
ധാരാളമായിരുന്നു.
വാക്കുകൾ
കൊണ്ടുള്ള
പ്രതികരണത്തിന്റെ
ആവശ്യകത
വന്നപ്പോഴാണ്
അക്ഷരമാലകൾ
സ്വരങ്ങളായും,
വ്യഞ്ജനങ്ങളായും,
കൂട്ടക്ഷരങ്ങളായും,
ചില്ലക്ഷരങ്ങളായും
ചിട്ടയോടെ
അടുക്കി
വെച്ച
വാക്കു
പുസ്തകം
പരതിയത്.....!
അവിടം
ശൂന്യമായിരുന്നു.
വാക്കുകൾ
നിരോധിക്കപ്പെട്ടിരിക്കുന്നു...
സൂക്ഷിച്ച്
ഒന്നു കൂടി
തെരെഞ്ഞു,
ഒരക്ഷരം
മൂലയിൽ
അടി
കൊണ്ട് പുളഞ്ഞ്
ചുരുണ്ട്
കൂടി കിടപ്പുണ്ട്
അതിനെ
ശ് എന്ന് വായിക്കാം....!
പിന്നെയുമുണ്ട്
ഏതാനും
ചില അക്ഷരങ്ങൾ,
കൂട്ടിച്ചേർത്ത്
വച്ചപ്പോൾ
വായിച്ചെടുത്തതാണ്
അരുത്
എന്ന്....!
ഹതാശനായി
വീണ്ടും
ഇമോജികളിലേയ്ക്ക്....
കാവി
പുതച്ച ഇമോജികൾ
കൊഞ്ഞനം
കുത്തുന്നുണ്ട്.....
രണ്ടും
കൈയ്യു കൊണ്ടും
വാ
പൊത്തി ഒരു കുരങ്ങൻ മാത്രം
അവിടെയും
ബാക്കിയുണ്ട്.....
കൈയ്യിലെ
നടുവിരൽ
ഉയർത്തിയ
ഇമോജി കൊണ്ട്
ഞാൻ
എന്റെ പ്രതിക്ഷേധം രേഖപ്പെടുത്തി.....!
സംഗീത്
കാരക്കോട്

No comments:
Post a Comment