Monday, 19 June 2017

പ്രളയത്തിലേക്കൊരു പുഴയകലം-ഷാലു ജോമോൻ














ഷാലു ജോമോൻ





പ്രളയത്തിലേക്കൊരു പുഴയകലം
പകലോർമ്മകളിൽ 
നീ എന്നാണിനി 
ഒരു സൂര്യനാവുക..?

ഉഷസ്സിന്റ കുളിരിൽ നിന്ന്
മഴക്കാലത്തിലേക്ക്
ഇറങ്ങി നടന്ന് ഞാൻ
നിന്റെ ആത്മാവിനെ ചേർത്ത് പിടിക്കുമ്പോൾ
ഏത് വഴിയരികിലാണ് ഞാൻ എന്നെ 
മറന്ന് വച്ചത്..

വരണ്ട് പോയ 
നിന്റെ രാത്രിയിലേക്കൊരു പുഴച്ചാലിട്ട്
ഞാനെന്റെ 
പകലിനെ 
കീറി മുറിക്കാം..

എന്റെ പ്രണയം കൊണ്ട് 
നിന്റെ ഭൂമിക
നിറഞ്ഞൊഴുകട്ടെ..!

ഉറവ് തേടിയെത്തുന്ന
നാട്ടു പെണ്ണിന്
ഒരു നീർകുടം
നീ മാറ്റി വയ്ക്കുമ്പോൾ
കടലിരമ്പങ്ങളിലേക്ക്
അവളൊന്ന് 
മുങ്ങി ഉയരും..!

പ്രണയാഴങ്ങളിൽ നിന്നെടുത്തൊരു
ചിപ്പി കോർത്ത്
തിരക്കൈകൾ 
എന്റെ
ആത്മാവിന്റെ
നെഞ്ചിലൊരു
താലിചാർത്തുമ്പോൾ
ഒരു പ്രളയകാലം
തുടങ്ങും...!
ഷാലു ജോമോൻ

1 comment: